(Sreehari Karthikapuram)
മുന്നിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിട്ടാണ് കണ്ണ് തുറന്നത്. കനത്ത മുഖഭാവത്തോടെ പവിത്രൻ മുന്നിൽ നിക്കുന്നത് അപ്പോഴാണ് കണ്ടത്.. അവന്റെ ആത്മാർത്ഥ സുഹൃത്ത്. ഏത് പ്രതിസന്ധിയിലും തനിക്കൊപ്പം കൂടെപ്പിറപ്പിനെപ്പോലെ നില്ക്കുന്നവൻ. ദാരിദ്രവും ദുരിതവും ഏറെയുണ്ടെങ്കിലും തന്റെ മകളെ പൊന്നു പോലെയാണ് താൻ വളർത്തിയത്.
അവൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി നൽകി. അവൾക്ക് ഒരു കുറവ് വരരുത് എന്ന് ചിന്തിച്ചത് ഒരു അച്ഛന്റെ തെറ്റല്ലല്ലോ. അങ്ങനെയാണ് ആ മൊബൈലും വാങ്ങി നൽകിയത്.. പിന്നെ...
പവിത്രൻ കൈയ്യിലുള്ള പത്രക്കെട്ട് ടേബിളിന് മുകളിലേക്ക് ഇട്ടിരിക്കുന്നു. മൂന്നു നാല് ദിവസത്തെ പേപ്പർ ഒന്നിച്ചുണ്ട്.
"എത്ര നേരമായ് ഫോൺ റിംഗ് ചെയ്യുന്നു. നിനക്ക് എടുത്താലെന്താണ്."
ഫോൺ.... ഇനി എന്തിന് ഞാനത് എടുക്കണം.. അതും... അതും കൂടിയങ്ങ് കത്തിച്ച് കളഞ്ഞേക്ക്.
ഉള്ളിൽ തികട്ടി വന്ന മറുപടിയൊന്നും പുറത്ത് വരാത്തതിനാലാവാം പവിത്രന്റെ ശബ്ദം വീണ്ടും ഉയർന്നു..
"ആരെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്നതാവും.."
"നീ ഒന്നെടുക്ക്." അങ്ങനെ പറഞ്ഞെങ്കിലും അത് അവനെയും ഒഴിവാക്കുന്നതിനായിരുന്നു.
പവിത്രൻ പണ്ടുമുതലേയുള്ള ഉറ്റ ചങ്ങാതിയാണ്. കാലിടറിയപ്പോഴൊക്കെ താങ്ങായും സന്തോഷത്തിൽ പങ്കുചേരാനും അവൻ എപ്പോഴുമുണ്ട്. ഇന്നും അതിന് മാറ്റം വന്നില്ല. വന്നത് എനിക്ക് മാത്രം.
വീടിന്റെ തെക്കേയറ്റത്ത് കത്തിയമർന്നു തീർന്ന ആ ഇത്തിരി ചാരത്തിലേക്കും ഉമ്മറത്ത് മാലയിട്ട് തൂക്കിയ ചിത്രത്തിലേക്കും നോക്കിയിരിക്കാൻ തുടങ്ങിയത് എപ്പഴാന്ന് അറിയില്ല..
അങ്ങനെയിരിക്കുമ്പോഴാണ് തെറ്റുകൾ ഏറ്റുപറയാൻ കഴിയുക. ആ ചിത്രത്തിൽ നോക്കി ഒന്ന് പൊട്ടിക്കരയാൻ കഴിയുക. ചോരയിറ്റുന്ന പിഞ്ചു കുഞ്ഞിനെ കൈയിലേല്പിച്ചു അവൾ ഈ ലോകത്തോട് വിട പറയുമ്പോൾ അവസാനമായ് ഒന്നേ പറഞ്ഞുള്ളു..
''പെൺകുഞ്ഞാണ്.. ഞാനില്ലാത്ത വിഷമം അവളെ അറിയിക്കരുത്.. പൊന്ന് പോലെ നോക്കണേ.." എന്ന്.
പൊന്ന് പോലെയല്ലെ ഞാനവളെ നോക്കിയത്...
അവൾക്ക് നല്ല ഡ്രസും കളിപ്പാട്ടങ്ങളും വാങ്ങി നൽകിയില്ലേ... നല്ല സ്കൂളിൽ ചേർത്തില്ലേ... കോളേജിൽ എത്തിയപ്പോൾ വാഹനവും... പിന്നെ... പിന്നെ അവൾക്ക് വേണ്ടതെല്ലാം വാങ്ങി നൽകിയില്ലേ... അവസാനം... അവസാനം മരണത്തെയും...
അന്നവൾ ഒരു മൊബൈൽ വേണമെന്ന് പറഞ്ഞപ്പോൾ മുന്തിയ ഇനം ഐഫോൺ തന്നെ വാങ്ങി നൽകിയത് അവൾക്ക് ഒരു കുറവും ഉണ്ടാവരുത് എന്ന് കരുതിയിട്ടാ...
അവൾക്കത് ഭയങ്കര സന്തോഷമായിരുന്നു..
പിന്നെ പിന്നെയവൾക്ക് അത് എല്ലാമായ്.. ഫോണില്ലെങ്കിൽ ഒന്നിനും പറ്റില്ലെന്ന അവസ്ഥ... ഒരു തരം ലഹരി...
എന്നോട് മിണ്ടാതെ, ഒരുമ്മ നൽകാതെ ഉറങ്ങാതിരുന്ന പിടിവാശിക്കാരിയെ പതിയെ പതിയെ എനിക്ക് ഓർമയായി.
"ദാ ഫോൺ പിടിക്ക്." പവിത്രന്റെ ശബ്ദം എന്നെ വീണ്ടും ഓർമകളിൽ നിന്നും തിരിച്ചെത്തിച്ചു.
''ഒറ്റയിരുപ്പിരിക്കാതെ ഒന്ന് പോയ് ഫ്രഷാവ്. ഞാനിപ്പം വരാം. എന്നിട്ട് നമുക്ക് ഒന്ന് പുറത്ത് പോവാം..."
മറുപടി പറയുന്നതിന് മുന്നേ പവിത്രൻ ഇറങ്ങി നടന്നിരുന്നു..
ഫോൺ അപ്പോഴും കൈയ്യിലിരുന്ന് എന്നെ നോക്കി വശ്യതയോടെ ചിരിക്കുന്നതായ് തോന്നി.
ഇതിലാണല്ലോ അവളും മയങ്ങിയത്. പതിനെട്ട് വയസ് വരെ ചോദിച്ചതെല്ലാം നൽകി കൊടുക്കാവുന്നതെല്ലാം കൊടുത്ത് വളർത്തിയ അച്ഛനെ ഉപേഷിച്ച് ഇതുവരെ നേരിൽ കാണാത്ത ഒരാളുടെ കൂടെ ഇറങ്ങി പോയതും ഇതേ വശ്യതയിൽ മയങ്ങിയല്ലേ!
അവന്റെ ചതിയിൽപെട്ട് ഒരു തുണ്ട് കയറിൽ മാനം തൂങ്ങിയപ്പോളും അവൾ അ മയക്കത്തിൽ നിന്ന് ഉണർന്നിരിക്കില്ല. ചുവരിലെ ചിത്രത്തിലേക്ക് നോക്കാൻ എനിക്ക് ഭയം തോന്നി. പൊന്ന് പോലെ നോക്കണം എന്ന് പറഞ്ഞ അവളുടെ അമ്മ. അവളോട് ഞാനെന്ത് പറയും...
അവൾക്ക് ഞാൻ അവസാനമായ് സമ്മാനിച്ചത് മരണത്തെയാണന്നോ...?
കൈകളിൽ ഫോൺ ഇരുന്ന് വിറച്ചു. അതിപ്പോഴും തന്നെ നോക്കി പരിഹസിച്ച് ചിരിക്കുകയാണ്.. തീർച്ച..