(Anvar KRP)
"സാർ.."
എല്ലുന്തിയ ശരീരം വീഴാതിരിക്കാൻ ഊന്നുവടിയിൽ താങ്ങി ആ വലിയ ടെറസ് കെട്ടിടത്തിന്റെ ഉമ്മറത്തു നിന്ന് വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി അയാൾ വിളിച്ചു. അനുഭവജ്ഞാനത്തിന്റെ സപ്ത സാഗരം കടന്ന ആ വൃദ്ധന്റെ കണ്ണുകൾ കുഴിയിലാണ്ടു പോയിരുന്നു. ഊന്ന് വടി പിടിച്ച കൈയിലെ സിരകൾ ഭൂമിയിലെ കാഴ്ചകൾ കാണാൻ പുറത്തിറങ്ങിയ പോലെ തോന്നിക്കുന്നു.
മൂന്ന് ദിവസമായി ഒഴിഞ്ഞുകിടക്കുന്ന വയറിൽ അയാൾ മെല്ലേ തലോടി. അടഞ്ഞുകിടക്കുന്ന വാതിലിൽ സാക്ഷയിളകുന്ന ശബ്ദം കേൾക്കാത്തതു കൊണ്ടാവും ഇടറിയിട്ടുണ്ടെങ്കിലും അയാൾ ഒന്നുകൂടെ ഉച്ചത്തിൽ വിളിച്ചു
"സാർ..."
അൽപം ശബ്ദം കൂടിയത് കൊണ്ടാവണം വാതിൽ തുറന്ന് പത്തു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി പുറത്തേക്കു വന്നു. അകത്തു നിന്നുള്ള വരവും കാത്ത് പുറത്ത് അക്ഷമനായിരിക്കുന്ന പടു കിഴവനെ അവൻ ഒന്നമർത്തി നോക്കി. മുഷിഞ്ഞ് കീറിയ കുപ്പായം, ജട കുത്തി പാറിപ്പറക്കുന്ന തലമുടി, കൈയിൽ ഊന്നുവടി, തോളിലൊരു സഞ്ചി... യാചകൻ! അവന്റെ മുഖത്ത് ഭയം നിഴലിക്കുന്നതായി തോന്നി. അവൻ അകത്തേക്കു തന്നെ തിരിഞ്ഞോടി. അൽപം കഴിഞ്ഞ് അവന്റെ അഛനെന്ന് തോന്നുന്ന ഒരാൾ വന്നു.
"എന്തു വേണം?"
ഒരാതിഥ്യമര്യാദയുമില്ലാതെ അയാൾ ചോദിച്ചു. അല്ലെങ്കിലും മുഷിഞ്ഞ് നീറി വലിഞ്ഞു വരുന്ന യാചകനോടെന്ത് ആതിത്യ മര്യാദ! അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഗാംഭീര്യവും മുഖത്തെ അവജ്ഞനിറഞ്ഞ ഭാവവും ആ വൃദ്ധന്റെ ധൈര്യം കെടുത്തി. അയാളുടെ ചുണ്ടുകൾ വിറച്ചു. മുട്ടു കാലുകൾ കൂട്ടിമുട്ടി. ഇപ്പോ വീഴുമെന്ന് അയാൾ കരുതി. പുറത്തെ ചവിട്ടുപടികളിൽ അയാൾ താങ്ങിപ്പിടിച്ചു. ഓർമയുടെ വർണ രഥം പൂർവകാല ജീവിതത്തിലേക്ക് ഉരുണ്ടുരുണ്ട് പോയി.
സാമാന്യം അല്ലലും അലട്ടലുമില്ലാത്ത കുടുംബത്തിന്റെ നാഥനാവുകയായിരുന്നു അസൈനാർക്ക. എണ്ണം പറഞ്ഞ രണ്ടാൺ മക്കളെയാണ് അവർക്ക് നാഥൻ കൊടുത്തത്. മേഡേൺ മാതാപിതാക്കളെപ്പോലെ അവരും ആഗ്രഹിച്ചത് മക്കൾ ഡോക്ടറും എഞ്ചിനീയർമാരുമൊക്കെയായി കാണാനാണ്. രണ്ടു മക്കളെയും കൂട്ടിപ്പിടിച്ച് അസൈനാർക്ക ഇടക്കിടെ പറയും.
''എടീ ആയിശോ, ഇത് മ്മടെ മക്കളാ വലിയ ഡോക്ടർമാരായിട്ട് നമ്മൾക്ക് വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കാം."
അപ്പോഴെല്ലാം പുഞ്ചിരിച്ചു കൊണ്ട് ആയിശു പറയും
"മ്മളെ നസീബ് "
അപ്പോൾ ആ മുഖത്ത് അമൂർത്തമായ ഒരു നിർവൃതി കാണാം. ഇരുമക്കളും പഠിച്ചു വലുതായപ്പോൾ അസൈനാർക്കക്ക് താങ്ങാതെ വന്നു. അങ്ങനെയാണ് അദ്ദേഹം പ്രവാസിയാകാൻ നിർബന്ധിതനാകുന്നത്. മരുഭൂമിയിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും ബെന്യാമിനും അസദും പറഞ്ഞു തന്ന ഗോപ്യമായ വിവരങ്ങളും വെയിലിൽ വെന്തെരിയുന്ന നൂറു നൂറ് കഥകളും അസൈനാർക്കക്കു മുമ്പിൽ ചോദ്യഛിന്നമായി വന്നു. എങ്കിലും രണ്ടാൺ മക്കളുടെ പഠനവും ഭാവി ജീവിതവും മാത്രം മാണ് അദ്ദേഹം മനസിൽ കണ്ടത്.
ദീർഘമായ ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ വാസത്തിനു ശേഷം അദ്ദേഹം നാട്ടിലെത്തുമ്പോൾ പ്രതീക്ഷയുടെ നൂറു സ്വപ്നങ്ങളായിരുന്നു മനസിൽ.
സാംസ്കാരിക-ആത്മീയ പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന അസൈനാർക്ക നാട്ടുകാർക്കും പ്രധാനിയായിരുന്നു. ജീവിതത്തിൽ കാർക്കശ്യം പുലർത്തിയിരുന്ന അദ്ദേഹത്തിന് രണ്ടു മക്കളും മത നിരാസ വാദികളായതിൽ അതിയായ ദുഖമുണ്ടായിരുന്നു. മൂത്തവൻ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും അമുസ് ലിം യുവതിയുമായി വീട്ടിലേക്ക് കയറിയപ്പോ ആ ഹൃദയം നൂറു നൂറ് കഷ്ണങ്ങളായി ചിതറിത്തെറിച്ചു. വിദ്വേഷത്തിന്റെ കാർമേഘങ്ങൾ കുടുംബത്തിൽ ഉരുണ്ടുകൂടി. അകൽച്ചയുടെ പുതു തുമ്പികൾ നാമ്പെടുക്കുകയായിരുന്നു. സ്നേഹനിധികളായ ഉപ്പക്കും ഉമ്മക്കും എങ്ങനെ വിദ്വേഷ മതികളാകാനാവും.
അവഗണിക്കാതെയും ഉൾകൊള്ളാതെയും ഇരു പ്രുവങ്ങളിലായി അവർ സഞ്ചരിച്ചു. അതിനിടെ നാട്ടിലെ റൗഡിയായിത്തീർന്ന ഇളയവൻ പലപ്പോഴും വീട്ടിലെത്തിയത് നാലുകാലിലായിരുന്നു. ഉള്ളം നീറിപ്പുകഞ്ഞ് പ്രതികരിക്കാനാതെ അദ്ദേഹം ദിനങ്ങളെണ്ണി. മരുഭൂമിയിൽ ഭ്രാന്തമായി പണിയെടുക്കുമ്പോൾ ഏകാശ്വാസമായിരുന്ന നാട്ടിലെ കൊച്ചു വർത്തമാനങ്ങളിൽ മുഴുകി ജീവിക്കാനെത്ര കൊതിച്ചിരുന്നു. ഇനിയൊരു വിസ തരപ്പെടുമെങ്കിൽ തിരിച്ചു വരാത്ത നാട്ടിലേക്ക് യാത്രയാകണമെന്ന് ആ ഹൃദയം കൊതിച്ചിരിക്കും.
എ.സി റൂമിലിരുന്നു പോലും വിയർത്തൊലിച്ചിരിന്ന അയാൾക്ക് ഇപ്പോ മരുഭൂമി പോലും കുളിരായി തോന്നി. സഹിക്കവയ്യാതായപ്പോൾ അയാൾ ഇറങ്ങി. അമ്പത്തിയഞ്ച് കൊല്ലം സ്വപ്നമായി കൊണ്ടു നടന്ന വീടും കുടുംബവും ഉപേക്ഷിച്ച് വഴിയോര മക്കളുടെ നാട്ടിലേക്ക്. പടികളിറങ്ങുമ്പോ ഒരു പിൻവിളിയും അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയൊരു മടക്കമുണ്ടാവരുതേ എന്നയാൾ മൗനമായി പ്രാർത്ഥിച്ചു.
"എന്താ വല്യുപ്പ നിങ്ങള് കരയുന്നത് "
ചോദ്യം കേട്ടയാൾ ചിന്തയിൽ നിന്നുണർന്നു. തൊണ്ട വറ്റിവരണ്ടിരുന്നു. കണ്ണുകൾ സജലങ്ങളായി.
"വെള്ളം "
അയാൾ കിതക്കുന്നുണ്ടായിരുന്നു. പാത്രം നിറയെ വെള്ളം അയാൾക്ക് നൽകുമ്പോൾ കൈ വിറക്കുന്നുണ്ടെന്ന് തോന്നി. ആർത്തിയോടെ അയാൾ മുഴുവൻ വലിച്ചു കുടിച്ചു . നന്ദിയോടെ പുഞ്ചിരിച്ചു. അയാൾ തിരിഞ്ഞു നടന്നു. വേച്ചു വേച്ച് തെരുവിൽ മറഞ്ഞു.
വാൽകഷ്ണം:
"ഈ പ്രദേശത്ത് ഭിക്ഷാടനവും വീടുകയറി യുള്ള കച്ചവടവും നിരോധിച്ചിരിക്കുന്നു"
കുന്നത്ത് വാട്സ് ആപ് കൂട്ടായ്മ.