(Abbas Edamaruku )
ടൗണിൽനിന്ന് വിട്ടൊഴിഞ്ഞ് ഇടവഴി തിരിയുന്നിടത്താണ് 'രാധിക'യുടെ തയ്യൽക്കട. കടയുടമയും അതിന്റെ നടത്തിപ്പുകാരിയുമെല്ലാം രാധിക തന്നെയാണ്. കടയുടെ തൊട്ടടുത്തുതന്നെ സ്‌കൂളും, ലേഡീസ് ഹോസ്റ്റലുമൊക്കെ ഉള്ളതുകൊണ്ട് കടയിൽ എപ്പോഴും നല്ല ജോലിയുണ്ടാവും. വെക്കേഷൻ കാലമായപ്പോൾ രാധികയുടെ കടയിൽ തയ്യൽ പഠിക്കാനായി ഒരു പെൺകുട്ടി കൂടി എത്തിച്ചേർന്നു.
'രാജി' നല്ല സൗന്ദര്യവും, കഴിവുമുള്ള പെൺകുട്ടി. അവളുടെ വരവ് രാധികയ്ക്കൊരു പുത്തനുണർവ് പകർന്നു. തൊഴിൽ പഠിക്കുന്നതിനോടുള്ള അവളുടെ ആത്മാർത്ഥതയും, ചുറുചുറുക്കുമെല്ലാം രാധികയ്ക്ക് അവളോടുള്ള ഇഷ്ടത്തിന്റെ അളവ് വർധിപ്പിച്ചുകൊണ്ടിരുന്നു.
രാജിയുടെ വീട്ടുകാരെ രാധികയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. ആ പരിചയത്തിൽ നിന്നാണ് രാജിയുടെ ശുപാർശ അവളെത്തേടിയെത്തിയതും കടയിൽ തന്റെ ശിഷ്യയായി തയ്യൽ പഠിക്കാൻ അവളെ കൂടെക്കൂട്ടിയതും. ഇതിനുമുൻപ് പലരും ഈ ആവശ്യം പറഞ്ഞുകൊണ്ട് രാധികയെ സമീപിച്ചിട്ടുണ്ടെങ്കിലും ജോലിത്തിരക്കുകൊണ്ട് അവരെയെല്ലാം സ്നേഹപൂർവ്വം മടക്കി അയയ്ക്കുകയാണ് അവൾ ചെയ്തത്.
സാമ്പത്തികമായി വളരെ താഴ്ന്നനിലയിലുള്ളതാണ് രാജിയുടെ കുടുംബം. പ്ലസ്‌ടുവോടെ പഠനം നിറുത്തി വീട്ടിൽ ഒതുങ്ങിക്കൂടിയിക്കുകയാണ് അവൾ. ഒന്നു സഹായിക്കണം ... മോളെക്കൂടി ഒന്ന് തയ്യൽ പഠിപ്പിക്കണമെന്ന് രാജിയുടെ വീട്ടുകാർ താണുപറഞ്ഞപ്പോൾ ആ അപേക്ഷ നിരസിക്കാൻ രാധികയ്ക്കായില്ല.
രാജിയുമായി അടുത്തിടപഴകാൻ തുടങ്ങിയപ്പോൾ... ഇത്രയും നല്ലൊരു പെൺകുട്ടിയെ തന്റെ ശിഷ്യയായി തന്നതിന് രാധിക അവളുടെ വീട്ടുകാർക്ക് മനസ്സുകൊണ്ട് നന്ദി പറഞ്ഞു .രാജിയുടെ സാന്നിധ്യവും, സഹകരണവും രാധികയ്ക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു.
രാധിക ...നല്ല സൗന്ദര്യമുള്ളവളാണ് .വെളുത്തനിറം ,കടഞ്ഞെടുത്തതുപോലുള്ള ശരീരം ,തുടുത്തകവിളുകൾ ,മന്ദഹസിക്കുമ്പോൾ ആ കവിളിൽ നുണക്കുഴികൾ വിടരും ,സമൃദ്ധമായ കാർകൂന്തൽ .വയസ്സ് ഇരുപത്തഞ്ചായെങ്കിലും ഇതുവരേയും വിവാഹം കഴിഞ്ഞിരുന്നില്ല .വീട്ടിലെ പ്രാരാബ്ധം തന്നെയായിരുന്നു അതിനു കാരണം .
സ്‌കൂൾപഠനകാലത്തും ,ശേഷവും അവളെത്തേടി പ്രണയാഭ്യർത്ഥനകൾ ഒരുപാട് എത്തിയെങ്കിലും അതൊന്നുംതന്നെ അവൾ കണ്ടില്ലെന്നു നടിച്ചു .വീട്ടിൽനിന്നു കടയിലേക്കുള്ള യാത്രാമധ്യേ ...വഴിയിലും , ബസ്സിലും മറ്റും വെച്ചുള്ള ചിലരുടെ നോട്ടങ്ങളും , ചേഷ്ടകളുമൊക്കെ അവളെ വേദനിപ്പിക്കാറുണ്ടെങ്കിലും അവൾ അതിനൊന്നും പ്രതികരിക്കാറില്ല .ഒരു നോട്ടം കൊണ്ടുപോലും അവരെ വെറുപ്പിക്കാൻ അവൾ ഭയന്നു .
കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ചെറുപ്പക്കാരിൽ പലരും തന്നെ കൊതിയോടെ നോക്കുന്നത് അവൾ കണ്ടിട്ടുണ്ട് .അവർ അവളെ നോക്കി പുഞ്ചിരിക്കുകയും, കൈവീശി കാണിക്കുകയുമൊക്കെ ചെയ്യുമെങ്കിലും... തിരിച്ചൊന്നു പുഞ്ചിരിതൂകാൻപോലും അവൾ ശ്രമിക്കാറില്ല .അവളുടെ മനസ്സുനിറച്ചും തന്റെ കുടുംബവും ജോലിയും മാത്രമായിരുന്നു .
കടയിലെത്തി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ രാജിയുടെ സ്വഭാവം പതുക്കെ മാറാൻ തുടങ്ങി .അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം രാധികയെ അത്ഭുതം കൊള്ളിച്ചു .ആദ്യകാലങ്ങളിലെ ചുറുചുറുക്കും ,ആത്മാർത്ഥതയുമൊന്നും അവൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ല .
പലപ്പോഴും അവളുടെ ശ്രദ്ധ റോഡിലും, റോഡിനപ്പുറമുള്ള കടയിലെ ചെറുപ്പക്കാരനിലുമായി മാറി .ആ ചെറുപ്പക്കാരനുമായി തക്കം കിട്ടുമ്പോഴൊക്കെ അവൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു .ആദ്യമൊക്കെ... രാധികയെ ഭയന്ന് അത് ഏതാനും വാക്കുകളിലും ആംഗ്യങ്ങളിലുമൊക്കെയായിരുന്നെങ്കിൽ... പിന്നീടത് ദീർഘനേര സംഭാഷണങ്ങളിലേക്ക് വഴിമാറി .രാജിയുടെ ഫോണിലേക്ക് മിക്കപ്പോഴും ആരുടെയോ വിളികൾ വന്നുകൊണ്ടിരുന്നു .
ഫോൺ ബെല്ലടിയ്ക്കുന്നത് കേൾക്കുമ്പോൾത്തന്നെ രാജിക്ക് വെപ്രാളം തുടങ്ങും. രാധികയെ നോക്കി പുഞ്ചിരിച്ചിട്ട്... അവൾ ഫോണുമായി കടയുടെ പിൻഭാഗത്തേക്ക് പോകും. പിന്നെ ദീർഘനേരത്തെ സ്വരം താഴ്ത്തിയുള്ള സംസാരം. എല്ലാംകഴിഞ്ഞ് രാധികയ്ക്കുമുന്നിൽ മടങ്ങിയെത്തുമ്പോൾ... അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തിരിക്കും. കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം.
രാജിയുടെ പോക്കുകണ്ട് രാധികയ്ക്ക് പേടിതോന്നി. ശിഷ്യയുടെ പ്രണയസല്ലാപങ്ങളും, ഫോൺ വിളികളും അധികരിച്ചുതുടങ്ങിയപ്പോൾ... അതിനനുസരിച്ച് രാധികയ്ക്ക് നെഞ്ചിടിപ്പിന് വേഗത കൂടിക്കൊണ്ടിരുന്നു. ഒടുവിൽ ക്ഷമ നശിച്ചപ്പോൾ ഒരുനാൾ... രാധിക അവളെ ഉപദേശിച്ചു .
"നിന്റെ പോക്ക് അത്ര ശരിയല്ല. ഇതൊക്കെ നിന്റെ വീട്ടിലറിഞ്ഞാൽ എന്താണുണ്ടാവുക എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?"
"ഒന്നും സംഭവിക്കില്ല. ആരും അറിയില്ല. ചേച്ചി ഇതൊന്നും ആരോടും പറയാതിരുന്നാൽ മതി."രാജി ...രാധികയ്ക്ക് മറുപടി നൽകി.
രാജിയുടെ ആ മറുപടി രാധികയ്ക്ക് ഇഷ്ടമായില്ലെങ്കിലും... അവൾ ഈ വിവരം രാജിയുടെ വീട്ടിൽ പറഞ്ഞില്ല. വെറുതേ പ്രശ്നങ്ങൾ സൃഷ്ടിക്കണ്ടല്ലോ എന്നുകരുതി അവൾ എല്ലാം മനസ്സിൽത്തന്നെ ഒതുക്കി വെച്ചു.
രാജിയെ കാണാൻ... റോഡിനപ്പുറത്തുള്ള കടയിലെ ചെറുപ്പക്കാരൻ... താനില്ലാത്ത സമയം നോക്കി കടയിൽ വരുന്നത് രാധിക കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു.
ഒരിക്കൽ ആ ചെറുപ്പക്കാരൻ വഴിയിൽ വെച്ച് രാജിക്ക് എന്തോ പൊതി സമ്മാനിക്കുന്നത് രാധിക കണ്ടു. അന്ന് അവൾ അതിനെപ്പറ്റി രാജിയോട് ചോദ്യംചെയ്തു.
രാജി തന്റെ കാമുകൻ തനിക്കു സമ്മാനിച്ച വളകളും, മാലകളുമൊക്കെ രാധികയ്ക്കു മുൻപിൽ അഭിമാനത്തോടെ തുറന്നുകാണിച്ചു .
"രാജി, ഇതൊന്നും നല്ലതല്ല .എല്ലാം അയാൾക്ക് തിരികെ കൊടുക്ക്. ഇല്ലെങ്കിൽ നീ അപകടത്തിൽ ചെന്ന് ചാടും. "രാധിക അവളെ ഉപദേശിച്ചു.
"ചേച്ചി ഭയക്കുന്നതുപോലെ ഒന്നുമില്ല. അയാൾക്ക് എന്നെ വലിയ ഇഷ്ടമാണ്. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. പിന്നെന്താ അയാൾ തരുന്ന സമ്മാനം വാങ്ങുന്നതിൽ തെറ്റ്?"
രാജിയുടെ മറുപടി രാധികയ്ക്ക് ഒട്ടും തന്നെ ആശ്വാസം പകർന്നില്ല. കല്യാണം കഴിക്കാമെന്നു പറഞ്ഞുപറ്റിച്ച് ... സമ്മാനങ്ങൾ വാങ്ങികൊടുത്തുകൊണ്ട് പെൺകുട്ടികളുടെ മനസ്സുകവരുകയും തുടർന്ന് അവൾക്ക് വിലപ്പെട്ടതെല്ലാം കവർന്നെടുത്ത ശേഷം അവളെ ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്യുന്ന നിരവധി കാമുകന്മാരെക്കുറിച്ച് രാധികയ്ക്ക് അറിയാമായിരുന്നു .അതുകൊണ്ടുതന്നെ രാജിയുടെ കാര്യത്തിൽ അവൾക്ക് ഒട്ടും മനസ്സമാദാനം തോന്നിയില്ല.
തന്റെ രാജിയെ അവളുടെ കാമുകൻ വഞ്ചിക്കുമോ? അവൾ ചതിയിൽപ്പെടുമോ? അങ്ങനെ സംഭവിക്കുന്നതിനെ കുറിച്ചോർക്കാൻ കൂടി ഭയമാകുന്നു. രാജിക്ക് എന്തെങ്കിലും സംവവിച്ചാൽ ... തന്നെ വിശ്വസിച്ച് അവളെ തന്റെ അടുക്കലേൽപ്പിച്ച അവളുടെ വീട്ടുകാരോട് താനെന്തു സമാദാനം പറയും .രാധികയുടെ മനസ്സിൽ ഭയം വർധിച്ചു. അവൾ വീണ്ടും രാജിയെ ഉപദേശിച്ചു .ബന്ധത്തിൽ നിന്നു പിന്മാറണമെന്ന് നിർബന്ധിച്ചു.
രാധികയുടെ ഉപദേശങ്ങൾ രാജിക്ക് ഇഷ്ടമായില്ല. അവളുടെ മുഖം ഇരുണ്ടു. അനിഷ്ടത്തോടെ അവൾ രാധികയെ നോക്കി.
"അയാൾ എന്നെ വഞ്ചിക്കുകയൊന്നുമില്ല. എന്നെ ജീവനാണ്. ചേച്ചി വെറുതേ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട. ഇനി എന്തൊക്കെ പറഞ്ഞാലും അയാളെ മറക്കാൻ എനിക്കാവില്ല."
പിന്നീടുള്ള ദിവസങ്ങളിൽ രാജി രാധികയോട് അധികം സംസാരിച്ചില്ല. അവളുടെ പ്രണയത്തെ എതിർത്തുപറഞ്ഞതിലുള്ള ദേഷ്യം അവൾ തന്റെ പെരുമാറ്റത്തിലുടനീളം രാധികയോട് പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
ഏതാനും ദിവസങ്ങൾക്കുശേഷം ഒരുദിവസം രാജി കടയിൽ ചെന്നില്ല. സാധാരണ ലീവെടുക്കുകയാണെങ്കിൽ തലേദിവസം തന്നെ ആ വിവരം രാധികയോട് പറയാറുള്ളതാണ്. പതിവായി കടയിലെത്തുന്ന സമയം കഴിഞ്ഞിട്ടും രാജിയെ കാണാതെ വന്നപ്പോൾ... രാധിക അവളുടെ മൊബൈലിൽ വിളിച്ചുനോക്കി. പക്ഷെ, സ്വിച്ചോഫ് എന്നായിരുന്നു മറുപടി. പലതവണ ശ്രമിച്ചിട്ടും രാജിയെ മൊബൈലിൽ കിട്ടാതെ വന്നപ്പോൾ... രാധിക അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അപ്പോൾ കടയിലേക്കെന്നും പറഞ്ഞ് രാജി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയെന്നുള്ള മറുപടികിട്ടി. രാധിക റോഡിനപ്പുറത്തുള്ള കടയിലേക്ക് നോക്കി. അതിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നത് കണ്ടതും... രാധികയിൽ എന്തൊക്കെയോ സംശയങ്ങൾ ജനിച്ചു.
അന്ന് ഉച്ചയോടടുത്തപ്പോൾ കടയ്ക്കുമുന്നിൽ ഒരു ബൈക്ക് വന്നുനിന്നു. ബൈക്കിന്റെ പിന്നിൽനിന്ന് രാജി ഇറങ്ങി. എന്നിട്ട് ബൈക്കിലിരുന്ന യുവാവിനുനേരെ കൈവീശി കാണിച്ചിട്ട് മെല്ലെ കടയിലേക്ക് കയറി.
രാധിക അവളെ സൂക്ഷിച്ചുനോക്കി. അവളുടെ കണ്ണുകൾ കൂമ്പിയിരിക്കുന്നു. മുഖത്തു ലജ്ജയുടെ വിവിധഭാവങ്ങൾ. അഴിഞ്ഞുലഞ്ഞതുപോലുള്ള കാർകൂന്തലുകൾ. ചുളിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ. കവിളിലും മറ്റും നഖംകൊണ്ട് പോറിയതുപോലുള്ള പാടുകൾ.
"രാജി ...നീ ഇതുവരെ എവിടായിരുന്നു? നിന്റെ വീട്ടിൽ വിളിച്ചപ്പോൾ നീ രാവിലെ ഇറങ്ങിയതാണെന്നാണല്ലോ പറഞ്ഞത്... സത്യംപറ ...നീയും ആ യുവാവുംകൂടി എവിടപോയതാ...?നിങ്ങൾ തമ്മിൽ അരുതാത്തതു വല്ലതും സംഭവിച്ചോ? എന്തുതന്നെയായാലും നിന്റെ ഈ പോക്ക് ഇത്തിരി കടന്നുപോയി. ഇന്നുതന്നെ ഞാൻ നിന്റെ വീട്ടുകാരോട് പറയുന്നുണ്ട് ഈ വിവരം."
"ഞങ്ങൾ തമ്മിൽ അരുതാത്ത പലതും സംഭവിച്ചു. അറിഞ്ഞിട്ടെന്തിനാ? ചേച്ചിക്ക് ഇതൊക്കെ കണ്ടിട്ട് അസൂയയാണ്." രാധികയെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് രാജി തന്റെ കസേരയിൽ ചെന്നിരുന്നു.
രാജിയുടെ വാക്കുകൾ രാധികയെ വല്ലാതെ മുറിവേൽപ്പിച്ചു. സഹോദരിയെപ്പോലെ കരുതി സ്നേഹിച്ചവളിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം ...സഹോദരിക്കൊരു ചതി പറ്റരുതെന്ന് ആഗ്രഹിച്ച തനിക്ക് കിട്ടിയ മറുപടി ...ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.
അന്ന് രാജി ,രാധികയോട് ഒന്നുംതന്നെ മിണ്ടിയില്ല .അങ്ങനൊരാൾ കടയിലുള്ളതായിപ്പോലും അവൾ ഭാവിച്ചില്ല. പിന്നീടുള്ള ഏതാനും ദിവസങ്ങളിലും അവളുടെ സമീപനം അതുതന്നെയായിരുന്നു .
എന്നാൽ ...ദിവസങ്ങൾ കടന്നുപോകവേ രാജിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. നടപ്പിലും എടുപ്പിലുമെല്ലാം ഒരുതരം തളർച്ച. എപ്പോഴും എന്തൊക്കെയോ ചിന്തകളിൽ മുഴുകി അങ്ങനെ ഇരിക്കും. എന്താണെന്നു ചോദിച്ചാൽ ഉന്നുമില്ലെന്ന മറുപടിയും ഒരു ധീർഘനിശ്വാസവും മാത്രം .സംസാരത്തിലും മറ്റും ഒരു ദയനീയ ഭാവം .
പഴയതുപോലെ രാജിയെത്തേടി ഫോൺകോളുകൾ വരുന്നില്ല. റോഡിനപ്പുറത്തുള്ള കടയിലെ ചെറുപ്പക്കാരൻ അവളെത്തേടി വരികയോ... അവനെ കാണാനായി അവൾ അങ്ങോട്ടുപോവുകയോ ചെയ്യുന്നില്ല. പലപ്പോഴും അവൾ ആ കടയുടേയും, ചെറുപ്പക്കാരന്റെയും നേരെ നോക്കി നെടുവീർപ്പുകൾ പൊഴിക്കുന്നത് രാധിക കണ്ടു. അപ്പോഴെല്ലാം അവളുടെ കണ്ണുകൾ നിറയുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
രാജിയുടെ പെരുമാറ്റത്തിൽ നിന്നും അവൾക്ക് അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് രാധികയ്ക്കു മനസ്സിലായി. അവൾ തെറ്റു ചെയ്തിരിക്കുന്നു. അവളുടെ കാമുകൻ അവളെ സമ്മാനങ്ങളും മോഹവാഗ്ദാനങ്ങളും നൽകി വിലപ്പെട്ടതെല്ലാം കവർന്നെടുത്തിരിക്കുന്നു. അവൾ പരാജിതയായിരിക്കുന്നു.
"രാജീ ..."രാധിക വാത്സല്യത്തോടെ വിളിച്ചു .
"നിനക്കെന്തുപറ്റി?എന്താണിത്ര നിരാശ?" ചോദിച്ചിട്ട് രാധിക അവളുടെ മിഴികളിലേക്ക് നോക്കി.
ഈ സമയം രാജിയുടെ കണ്ണുകൾ നിറഞ്ഞു. വല്ലാത്തൊരു തേങ്ങലോടെ അവൾ രാധികയെ കെട്ടിപിടിച്ചു. അവളുടെ ചുണ്ടുകൾ വിതുമ്പി.
"ചേച്ചി ...എന്നോട് ക്ഷമിക്കൂ... എനിക്ക് തെറ്റുപറ്റി. അയാൾ എന്നെ പറഞ്ഞുപറ്റിച്ചു .എന്റെ മാനം അയാൾ കവർന്നെടുത്തു. എന്നെയായിരുന്നില്ല അയാൾക്ക് വേണ്ടത്. എന്റെ ശരീരം മാത്രമായിരുന്നു. വിവാഹം കഴിക്കുമെന്നൊക്കെ പറഞ്ഞത് വെറുതെയാണ്. അയാൾ ഇതുപോലെ ഒരുപാട് പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ട് .ചേച്ചി പറഞ്ഞിട്ടും അനുസരിക്കാത്തതിനുള്ള ശിക്ഷയാണ് എനിക്ക് കിട്ടിയത്. എന്നിലെ അഹങ്കാരത്തിനും, അതിരുകടന്നുള്ള പ്രണയത്തിനും കിട്ടിയ ശിക്ഷ. എന്നോട് ക്ഷമിക്കൂ ചേച്ചി ."രാജി പൊട്ടിപ്പൊട്ടിക്കരഞ്ഞു .
അന്നുവൈകിട്ട് കടപൂട്ടി പോകാൻ നേരം രാജി പറഞ്ഞു.
"നാളെമുതൽ ഞാൻ വരുന്നില്ല. അയാളെ കാണുമ്പോൾ എനിക്ക് കഴിഞ്ഞതൊക്കെ ഓർമ്മവരും. ഞാൻ നിയന്ത്രണം വിട്ട് എന്തെങ്കിലുമൊക്കെ ചെയ്തുപോകുമോ എന്നുപോലും ഭയക്കുന്നു."
രാധിക ഒന്നും പറഞ്ഞില്ല. കുറച്ചുദിവസത്തേക്ക് രാജി അവധിയെടുത്തു വീട്ടിലിരിക്കുന്നത് നല്ലതാണെന്ന് രാധികയ്ക്കു തോന്നി. കഴിഞ്ഞതൊക്കെ മറക്കാൻ ചിലപ്പോൾ അതുകൊണ്ട് കഴിഞ്ഞേക്കുമെന്ന് അവൾക്ക് തോന്നി.
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു . ഒരുശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ സമയം. ജോലിയിൽ മുഴുകിയിരുന്ന രാധിക പെട്ടെന്നൊരു ചൂളമടി ശബ്ദംകേട്ട് മുഖമുയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന ആളെക്കണ്ടതും രാധികയ്ക്ക് ദേഷ്യവും വെറുപ്പും പകയുമെല്ലാം ഒരുമിച്ചുണ്ടായി.
കടയിലേക്ക് കയറിവന്നത് റോഡിനപ്പുറത്തുള്ള കടയിലെ യുവാവായിരുന്നു. രാജിയെ പറഞ്ഞുപറ്റിച്ചു ചതിച്ച കാമുകൻ. അവൻ തന്നെ കൊതിയോടെ നോക്കുന്നത് രാധിക കണ്ടു.
"ഉം ...എന്തുവേണം?" അവൾ ശബ്ദം കനപ്പിച്ച് അവനെ നോക്കി ചോദിച്ചു.
"രാജി?അവളിപ്പോൾ വരുന്നില്ലേ?"
"ഇല്ല ...കാരണം എന്തായിരിക്കുമെന്ന് താങ്കൾക്ക് അറിയാമല്ലോ? പിന്നെന്തിനു ചോദിക്കണം?" അവൾ പുച്ഛഭാവത്തോടെ അവനെ നോക്കി .
"അറിയാം ...എന്നാലും വെറുതേ ചോദിച്ചതാ. പാവം പെണ്ണ്. അവൾക്ക് വലിയ ഇഷ്ടമായിരുന്നു എന്നോട്. ഞാനവളെ വിവാഹം കഴിക്കണമത്രേ. എല്ലാം ഒരു തമാശയായി കണ്ടാൽ മതിയെന്ന് ഞാനവളോട് പറഞ്ഞതാ കേൾക്കണ്ടേ?" പറഞ്ഞിട്ട് അവൻ രാധികയെ നോക്കി വഷളത്തം നിറഞ്ഞ ചിരി ചിരിച്ചു.
ഒറ്റക്കുത്തിന് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി രാധികയ്ക്ക് . ഒരുപാവം പെണ്ണിനെ പറഞ്ഞുപറ്റിച്ച് അവൾക്കു വിലപ്പെട്ടതെല്ലാം കവർന്നെടുത്തിട്ട് യാതൊരു കൂസലുമില്ലാതെ വന്നുനിൽക്കുന്നു ദുഷ്ടൻ. എല്ലാം അവനൊരു നേരം പോക്കാണത്രെ ...
അവളുടെ മുഖത്തു കോപം ഇരച്ചുകയറി. കണ്ണുകൾ ചുവന്നു .തികട്ടിവന്ന ദേഷ്യത്തെ ഉള്ളിൽ കടിച്ചമർത്തികൊണ്ട് അവൾ തയ്യൽമിഷ്യനിൽ മുറുക്കെപ്പിടിച്ചു .
അവൻ രാധികയെ നോക്കി ചിരിക്കുകയും, കണ്ണിറുക്കി കാണിക്കുകയും ചെയ്തു . ഈ സമയം ദേഷ്യമെല്ലാം ഉള്ളിലൊതുക്കികൊണ്ട് രാധികയും അവനെനോക്കി പുഞ്ചിരിച്ചു .തന്റെ ഇഷ്ടത്തിനനുകൂലമായി രാധികയിൽ നിന്ന് പ്രതികരണമുണ്ടായപ്പോൾ... അവന് സന്തോഷമായി .അവൻ അവളെ നോക്കി വഷളത്തം നിറഞ്ഞ ചിരിയോടെ ചോദിച്ചു.
"പോരുന്നോ എന്റെകൂടെ .?നമുക്ക് പാർക്കിലും, ബീച്ചിലുമൊക്കെ ഒന്ന് ചുറ്റിയടിച്ചിട്ടുവരാം."
"ഇപ്പോഴോ? ആരെങ്കിലും കാണില്ലേ? പോരാത്തതിന് എനിക്ക് ഒരുപാട് ജോലി ചെയ്തുതീർക്കാനുമുണ്ട് ." പറഞ്ഞിട്ട് അവൾ അവനെ ഒളികണ്ണിട്ടു നോക്കി .
"ആരും കാണില്ലെന്നേ. നമുക്ക് പെട്ടെന്നുതന്നെ മടങ്ങിയെത്താം. ജോലിയൊക്കെ വന്നിട്ടുചെയ്യാം. എന്നുമിങ്ങനെ ജോലിയുമായി കഴിഞ്ഞമാതിയോ? ഇടക്കൊരു നേരമ്പോക്കൊക്കെ വേണ്ടേ.?" ആവേശത്തോടെ ചോദിച്ചിട്ട് കൊതിയോടെ അവൻ അവളെ നോക്കി.
"എന്നാലും പുറത്തേക്കൊന്നും ഞാനില്ല. ഇവിടെങ്ങും വെച്ച് നമുക്കൊരുമിച്ചാലും പോരെ.?" കൗശലപൂർവ്വം അവനെ നോക്കി ഒരു ചോദ്യമെറിഞ്ഞു അവൾ .
"ഇവിടെയോ? ഇവിടെവിടാ അതിനുള്ള സൗകര്യം?" അവന് ആവേശമായി .
"അതൊക്കെയുണ്ട് വരൂ ..."അവനെ നോക്കി പറഞ്ഞിട്ട് പുഞ്ചിരിച്ചുകൊണ്ട് അവൾ കടയുടെ പിന്നിലേക്ക് നടന്നു. ഒരുനിമിഷം അത്ഭുതത്തോടെ അവളെ നോക്കി നിന്നിട്ട് അവനും അവൾക്കു പിന്നാലെ അകത്തേയ്ക്ക് നടന്നു.
ഏതാനുംനിമിഷം കഴിഞ്ഞതും വല്ലാത്തൊരു അലർച്ചയോടെ അവൻ കടയിൽനിന്ന് ഇറങ്ങിയോടി. ആ സമയം അവന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു .ഓടിച്ചെന്നു ബൈക്കിൽ കയറിയ അവൻ അതിവേഗം ഓടിച്ചുപോയി .
ഈ സമയം പുഞ്ചിരിനിറഞ്ഞ മുഖവുമായി രാധിക കടയുടെ പിന്നിൽനിന്ന് ഇറങ്ങിവന്നു .അവളുടെ കൈയിൽ ആ സമയം തുണി മുറിക്കുന്ന കത്രിക ഉണ്ടായിരുന്നു. അതിൽ രക്തം പുരണ്ടിരുന്നു. കത്രികയിലെ രക്തം വെട്ടുതുണിയുടെ കഷണത്തിൽ തുടച്ചിട്ട്...അവൾ തന്റെ ജോലിതുടർന്നു .അപ്പോഴെല്ലാം അവളുടെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി നിറഞ്ഞുനിന്നു .
ദിവസങ്ങൾ കടന്നുപോയി .രാധിക തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു .അവൾക്ക് സഹായിയായി രാജിയും വന്നുതുടങ്ങി .അവളുടെ വീട്ടിൽച്ചെന്ന് സംസാരിച്ച് അവളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു രാധിക .എന്നാൽ റോഡിനപ്പുറത്തുള്ള കട പിന്നൊരിക്കലും തുടർന്നില്ല .ആ ചെറുപ്പക്കാരനെ രാധികയും രാജിയും പിന്നെ കണ്ടിട്ടുമില്ല .
ഇടയ്ക്കൊക്കെ അവസരം കിട്ടുമ്പോൾ... രാജി അവനെക്കുറിച്ചു രാധികയോട് ചോദിക്കും. എങ്ങനാണ് ചേച്ചി അവനെ ഇവിടുന്ന് ഓടിച്ചതെന്ന് തിരക്കും ...പക്ഷേ,രാധിക മറുപടിയൊന്നും പറയില്ല .അവൾ പുഞ്ചിരിക്കുക മാത്രം ചെയ്യും.