മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Molly George)

ആദിത്യയുടെ മനസു നിറയെ അയൽക്കാരി ശാന്തേച്ചി പറഞ്ഞ വാക്കുകളായിരുന്നു. "ആരുമല്ലാത്ത ആ സ്ത്രീയോടൊപ്പം ഇനി ഇവിടെ നിൽക്കേണ്ട. ഈ വാടക വീട്ടിൽ നിന്ന് അവർ ഏതു നിമിഷവും ഇറങ്ങി പോകും. ഏതായാലും സഞ്ചയനത്തിന് അമ്മാവൻ വരുമല്ലോ? അമ്മാവനോടൊപ്പം നിങ്ങൾ നാട്ടിലേയ്ക്കു പോകണം. അവിടാകുമ്പോൾ മുത്തശ്ശിയും സ്വന്തക്കാരുമൊക്കെയുണ്ടല്ലോ?"

പുലരും മുൻപു തന്നെ ആദിത്യ ഉണർന്നു. അലീനയെ വിളിച്ചുണർത്തി. ഉണരാൻ മടിച്ച് അവൾ പുതപ്പ് തലയിലേയ്ക്ക് വലിച്ചിട്ട് ഒന്നുകൂടി ചുരുണ്ടു കിടന്നു. അവളുടെ പുതപ്പ് വലിച്ചു മാറ്റി ആദിത്യ അവളെ വലിച്ചെഴുന്നേൽപ്പിച്ചു.

"മോളേ... എണീക്ക്, നേരം വെളുത്തു."

"ചേച്ചീ.. ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ."

"സാധനങ്ങൾ എല്ലാം പായ്ക്കു ചെയ്യേണ്ടെ, എണീക്കുമോളേ."

മനസില്ലാ മനസോടെ അലീന എണീറ്റ് ബാത്ത് റൂമിലേയ്ക്ക് പോയി. അലമാരയിൽ അടുക്കി വെച്ചിട്ടുള്ള വസ്ത്രങ്ങളും, നോട്ടുബുക്കുകളും എടുത്ത് ആദിത്യ വലിയ സ്യൂട്ട്കെയ്സിൽ നിറച്ചു. അലീന അവളുടെ സാധനങ്ങളെല്ലാം ഒരു എയർ ബാഗിലാക്കി.

"ഇനി എന്തേലും എടുക്കാനുണ്ടോ കുഞ്ഞാ? നിൻ്റെ പുസ്തകങ്ങളും, സർട്ടിഫിക്കേറ്റും ഒന്നും മറന്നിട്ടില്ലല്ലോ?" ആദിത്യ ചോദിച്ചു.

"ചേച്ചീ.. അച്ഛൻ്റെ മൊബൈലും, വാച്ചും അവരുടെ കൈയ്യിൽ നിന്നും വാങ്ങണം. അച്ഛൻ്റെ ഓർമ്മയ്ക്ക്.." പൂർത്തിയാക്കാനാവാതെ അലീന വിങ്ങിപ്പൊട്ടി.

"എല്ലാം അമ്മാവൻ വാങ്ങിത്തന്നോളും. മോൾ അതോർത്ത് വിഷമിക്കേണ്ട."

അഴയിൽ കിടന്ന തുണികൾ എടുത്ത് മടക്കി എയർ ബാഗിൽ വെച്ചു കൊണ്ട് ആദിത്യ പറഞ്ഞു.

"അവരുടെ കള്ളക്കരച്ചിൽ ഇന്നും കൂടി കാണണമല്ലോ എന്നോർക്കുമ്പോഴാണ് എനിക്ക് ദേഷ്യം."

"അവർക്കും സങ്കടം കാണും കുഞ്ഞാ .. നമ്മളെപ്പോലെ."

"നമ്മളെക്കാളും സങ്കടം അവർക്കാണത്രേ! ശാന്തേച്ചി പറഞ്ഞതാ. അവർ വല്ലാതെ അലറി വിളിച്ച് കരഞ്ഞു പോലും. ഇടയ്ക്ക് ബോധംകെട്ട് നിലത്ത് വീണു പോയെന്ന്. എല്ലാം അവരുടെ അഭിനയമാണ്."

"കുഞ്ഞാ പതുക്കെ പറ, അവര് കേൾക്കും."

"കേൾക്കട്ടെ, അവർ നമ്മുടെ വീട്ടിൽ കാലെടുത്ത് കുത്തി ഒരു വർഷം തികയും മുൻപ് അച്ഛൻ നമ്മെ വിട്ട് പോയില്ലേ? സീതചേച്ചി പറഞ്ഞ പോലെ അവരുടെ ദോഷം തന്നെ."
അലീന രോഷത്തോടെ പറഞ്ഞു.

അച്ഛൻ സോമശേഖരൻ അവരെ വിട്ടു പോയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഇന്ന് സഞ്ചയനമാണ്. ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന അമ്മാവനോടൊപ്പം നാട്ടിലേയ്ക്ക് പോകണമെന്നാണ് അയൽക്കാരായ ശാന്തേച്ചിയും സീതചേച്ചിയും പറഞ്ഞിരിക്കുന്നത്. കുട്ടികളുടെയും ആഗ്രഹം അതു തന്നെയാണ്. രക്തബന്ധമെന്ന് പറയാൻ ഇനി അമ്മാവൻ മാത്രമാണ് ഉള്ളത്. അച്ഛൻ്റെ കുടുംബത്തിൽ അകന്ന ചില ബന്ധുക്കളേ ഉള്ളൂ. അവരെയൊന്നും അത്ര പരിചയവുമില്ല.

ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോമശേഖരൻ. ഭാര്യ അശ്വതി അംഗനവാടി ടീച്ചർ. ഉറുമ്പ് അരി മണി ശേഖരിക്കുന്നതു പോലെ സൂക്ഷിച്ച അവരുടെ സമ്പാദ്യം കൊണ്ട് ടൗണിൽ തന്നെ ഒരു കൊച്ചു വീടും വാങ്ങി. രണ്ടുമക്കളോടൊത്ത് സന്തോഷകരമായ ജീവിതം. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ കടന്നു വന്ന രോഗം അവരുടെ സന്തോഷം തല്ലി കെടുത്തി. പല ആശുപത്രികൾ കയറിയിറങ്ങി. അവസാനം അശ്വതിയെ പിടികൂടിയ രോഗം തിരിച്ചറിഞ്ഞു.
ക്യാൻസർ !

അതോടെ അവരാകെ തകർന്നു പോയി. അശ്വതിയുടെ ചികിൽസയ്ക്കായി സമ്പാദ്യമെല്ലാം ചിലവാക്കി. അവസാനം താമസിച്ചിരുന്ന വീടും വിറ്റു. ഒരു കൊച്ചു വാടക വീട്ടിലേക്ക് താമസം മാറി.

പക്ഷേ.. പ്രാർത്ഥനകളും, പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് അശ്വതി യാത്രയായി. പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികൾ! സ്വന്തമായി ഒരു കിടപ്പാടം പോലുമില്ല. അച്ഛനും മക്കളും വല്ലാത്ത നൊമ്പരപ്പെട്ടു. അമ്മയുടെ വേർപാടിൻ്റെ വേദന അവർക്കു അസഹനീയമായിരുന്നു.

പേരക്കുട്ടികളോടുള്ള സ്നേഹം കൊണ്ട് അശ്വതിയുടെ അമ്മ കുറച്ചു നാൾ അവരോടൊത്ത് കഴിഞ്ഞു. പല വിധ രോഗങ്ങളുള്ള അവർക്ക് തീരെ വയ്യാതായതോടെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങി. വീണ്ടും സോമശേഖരനും മക്കളും വീട്ടിൽ തനിച്ചായി. ഓഫീസിലയാൾ പതിവായി വൈകി വന്നു. സൂപ്രണ്ട് രാജമ്മ മാഡമാണ് പോം വഴി നിർദ്ദേശിച്ചത്.

ഒരു പുനർവിവാഹം! അയാൾ അവരുടെ നിർദേശം പാടെ അവഗണിച്ചു. തന്നെയുമല്ല അത്തരമുപദേശവുമായി വരുന്നവരോട് പോലും അയാൾക്ക് വെറുപ്പു തോന്നി. 

ജോലി സംബന്ധമായ ചില യാത്രകൾ അനിവാര്യമാണ്. ചിലപ്പോഴത് രണ്ടും മൂന്നും ദിവസം വരെ നീളും. തൻ്റെ മക്കളെ തനിച്ചാക്കി എങ്ങനെ പോകും? പോവാതിരുന്നാൽ! അയാളാകെ അസ്വസ്ഥനായി. ജോലി രാജി വെച്ചാലോ എന്നു പോലും ചിന്തിച്ചു.

പുനർവിവാഹത്തെക്കുറിച്ച് ആരും പറയാതെ തന്നെ അയാൾ ചിന്തിച്ചു തുടങ്ങി. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന വിവാഹം! അതു കൊണ്ട് ഭാവിയിൽ ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആയാൽ? ഒരു തീരുമാനമെടുക്കാനാവാതെ അയാൾ വിഷമിച്ചു. സുഹൃത്ത് രാജസേനൻ്റെ സഹായത്തോടെ അയാൾ അന്വേഷണം തുടങ്ങി.
ഭർത്താവ് മരിച്ചവരും, ഡിവോഴ്സ് ആയവരുമായ സ്ത്രീകൾ. ചിലർക്കൊക്കെ മക്കൾ ഉണ്ട്. ആ കുട്ടികളേയും കൂടി നോക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താൽ ഭാവിയിൽ അത് ഒരു ബാധ്യതയാവും എന്നു കണ്ട അയാൾക്ക് വന്ന ആലോചനകൾ ഒന്നും തൃപ്തികരമായ് തോന്നിയില്ല.

സഹപ്രവർത്തക രാധിക വഴിയാണ് ശാലിനിയെക്കുറിച്ച് അറിഞ്ഞത്. ചെറുപ്പത്തിലെ തന്നെ ശാലിനിയുടെ അച്ഛൻ മരിച്ചു. ഏറെ കഷ്ടപ്പെട്ടാണ് അമ്മ അവളെ പഠിപ്പിച്ചത്.
സുന്ദരിയായ ശാലിനിയെ ഒരാൾ അവളെ വിവാഹം കഴിച്ചു. ആറു മാസത്തെ ദാമ്പത്യം മാത്രം. അയാൾ ഒരപകടത്തിൽ മരണമടഞ്ഞു. ഐ ടി കമ്പിനിയിൽ ജോലിയുള്ള ശാലിനിയും അമ്മയും നാട്ടിൻ പുറത്തെ കൊച്ചുവീട്ടിലായിരുന്നു താമസം. അമ്മയുടെ മരണശേഷം ഒരു ഹോസ്റ്റലിലാണ് ശാലിനിയുടെ താമസം. സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത ഒരു അനാഥയാണവർ.

സോമശേഖരൻ വിവാഹക്കാര്യം മക്കളോട് സംസാരിച്ചു. രണ്ടാൾക്കും അച്ഛൻ്റെ തീരുമാനത്തോട് യോജിപ്പില്ല. ഓഫീസിലെ ചില സുഹൃത്തുക്കളും അയൽക്കാരും കുട്ടികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. മനസില്ലാ മനസ്സോടെയാണവർ അച്ഛൻ്റെ വിവാഹത്തിന് സമ്മതിച്ചത്. 'ഒരിക്കലും അവർക്ക് ഞങ്ങൾ അമ്മയെന്ന സ്ഥാനം നൽകില്ല' എന്ന വ്യവസ്ഥയോടെ.

വിവാഹം കഴിഞ്ഞതോടെ കുട്ടികൾക്ക് ശാലിനിയോടുള്ള നീരസമൊക്കെ മാറി. ശാലിനിയുടെ നിഷ്കളങ്ക സ്വഭാവത്താൽ അവൾ തന്നെ കുട്ടികളെ മാറ്റി എടുത്തു എന്നു പറയുന്നതാവും ശരി.

പിന്നീട് ഒരിക്കലും വീട്ടുജോലിയുടെ ഭാരമോ, ജോലി സംബന്ധമായ യാത്രകളോ അയാളെ അലട്ടിയിട്ടില്ല. കുട്ടികളുടെ അമ്മയുണ്ടായിരുന്നപ്പോൾ നോക്കിയതുപോലെ തന്നെ ശാലിനിയും അവരെ നോക്കി പരിപാലിച്ചു. ഒരിക്കലും ഒരു രണ്ടാനമ്മ എന്ന തോന്നൽ കുട്ടികൾക്ക് അവരുണ്ടാക്കിയില്ല. കാർമേഘങ്ങൾ നീങ്ങിയ മാനത്ത് പൊൻപ്രഭ ചൊരിഞ്ഞ് ആദിത്യൻ ഉദിച്ചുയർന്നു.
ശാന്തമായി ഒഴുകുന്ന നദി പോലെ ജീവിതം മുന്നോട്ട് പോകവെ വീണ്ടും വിധിയുടെ വിളയാട്ടം. സോമശേഖരനെ തേടി ഹാർട്ടറ്റാക്കിൻ്റെ രൂപത്തിൽ മരണമെത്തി.

സോമശേഖരൻ്റെ അപ്രതീക്ഷിത വേർപാടിൽ കുഞ്ഞുങ്ങളും, ശാലിനിയും തളർന്നു. ചില അയൽക്കാരികൾ 'ശാലിനിയുടെ ദോഷം കൊണ്ടാണ് അച്ഛൻ്റെ മരണമെന്ന്' മക്കളുടെ കാതിലോതി.
അതോടെ മക്കൾക്ക് ശാലിനിയോട് അനിഷ്ടം തോന്നി തുടങ്ങി.

ചൊവ്വാദോഷത്തെക്കുറിച്ച് അവർ ഓരോ കഥകൾ പറഞ്ഞു കുട്ടികളെ ഭയപ്പെടുത്തുവാനും തുടങ്ങിയതോടെ കുട്ടികളാകെ അങ്കലാപ്പിലായി. അവരുടെ മനസിൽ അച്ഛൻ്റെ ഘാതകിയായി ശാലിനി മാറി. അതിനു വേണ്ട പൊടിപ്പും തൊങ്ങലും ചാർത്തിയ കഥകൾ അയൽക്കാർ പറഞ്ഞു കേൾപ്പിച്ചു. 

സഞ്ചയന കർമ്മങ്ങൾ എല്ലാം കഴിഞ്ഞു. സുഹൃത്തുക്കളും അകന്ന ബന്ധുക്കളുമൊക്കെ യാത്ര പറഞ്ഞിറങ്ങി. അയൽക്കാരും ചില ബന്ധുക്കളും മാത്രമാണ് ഇനി പോകാൻ ഉള്ളത്. 
അമ്മാവനും അമ്മായിയും മക്കളും വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കലും അമ്മാവൻ മാത്രമാണ് സഞ്ചയനത്തിനു വന്നത്. അമ്മാവനോടൊപ്പം ഇറങ്ങാനായി കാത്തിരിക്കുയാണ് ആദിത്യയും, അലീനയും. അപ്പോഴാണ് അമ്മാവൻ അവരുടെ അടുത്തേയ്ക്ക് വന്നത്.

"മക്കളേ അമ്മാവൻ ഇറങ്ങട്ടെ. നിങ്ങൾക്ക് എന്താവശ്യമുണ്ടേലും വിളിക്കണം കേട്ടോ. നിങ്ങളുടെ അമ്മാവൻ ഇവിടെ പറന്നെത്തും." അയാൾ പറഞ്ഞു.

"അമ്മാവാ .. ഞങ്ങൾ.. "
അലീന എന്തോ പറയാൻ തുടങ്ങിയപ്പോഴേയ്ക്കും അയാൾ പറഞ്ഞു.

"മോളൊന്നും പറയേണ്ട. അമ്മാവൻ അമ്മായിയേം കൂട്ടി അടുത്താഴ്ച വരാം." പറഞ്ഞതും അയാൾ നടന്നു കഴിഞ്ഞു. അമ്മാവൻ നടന്നകലുന്നതും നോക്കി കുട്ടികൾ ഹൃദയ നൊമ്പരത്തോടെ സ്തബ്ദരായി നിന്നു. നിറകണ്ണുകളോടെ അലീന ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകൾ. വിതുമ്പുന്ന അധരങ്ങൾ.

''കരയണ്ടാ കുഞ്ഞാ.. അമ്മാവൻ അടുത്താഴ്ച വരും."

"ഇല്ല ചേച്ചി.. ആരും വരില്ല. നമുക്ക് ആരും ഇല്ല. നമ്മളെ ആർക്കും വേണ്ട."
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ആദിത്യയെ കെട്ടിപ്പിച്ചു.

"കരയണ്ടാ കുഞ്ഞാ..അമ്മായിയ്ക്ക് നമ്മൾ ചെല്ലുന്നത് ഇഷ്ടമുണ്ടാവില്ല. അതാവാം അമ്മാവൻ പെട്ടന്ന് പോയത്."

"നമ്മൾ ഇനി എന്തു ചെയ്യും ചേച്ചീ?"

''കുഞ്ഞാ നീ കരയണ്ടാ, ഞാൻ എന്തേലും ജോലി ചെയ്ത് മോളെ പൊന്നുപോലെ നോക്കും."

"അപ്പോ ചേച്ചീടെ പഠിത്തമോ?" തേങ്ങലടക്കി അവൾ ചോദിച്ചു.

"ഞാനിനി പഠിക്കാൻ പോണില്ല കുഞ്ഞാ. നീ നന്നായി പഠിച്ചാൽ മതി. കുട്ടികളുടെ സംസാരം കേട്ടാണ് ശാലിനി അവിടേയ്ക്ക് വന്നത്. അപ്പോഴാണവർ കുട്ടികൾ പായ്ക്ക് ചെയ്തു വച്ചിരിക്കുന്ന ബാഗും മറ്റും കണ്ടത്.

"എന്താ മക്കളേ ഇത്!
എന്നെ ഒറ്റയ്ക്കാക്കി പോകാനാണോ നിങ്ങളുടെ പ്ലാൻ?"

ശാലിനിയുടെ ചോദ്യം കേട്ട കുട്ടികൾ മറുപടി പറയാനാവാതെ പരസ്പരം നോക്കി.

"അച്ഛൻ നിങ്ങളെ എൻ്റെ കൈയ്യിൽ ഏൽപ്പിച്ചിട്ടാ പോയത്. പ്രസവിച്ചില്ലെങ്കിലും, പാലൂട്ടിയില്ലെങ്കിലും നിങ്ങളുടെ അച്ഛൻ കെട്ടിയ താലിയിലൂടെ ഞാൻ നിങ്ങളുടെ അമ്മയായി. ഇന്നോളം ഞാൻ നിങ്ങളെ എൻ്റെ സ്വന്തം മക്കളായാണ് കണ്ടത്. എൻ്റെ മരണം വരെ അതിന് മാറ്റമുണ്ടാവില്ല."

ശാലിനി മക്കളുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"ആൻ്റീ അത്.. അത്.." അനന്യ വിക്കി വിക്കി പറഞ്ഞു.

"നിങ്ങൾക്ക് അമ്മാവൻ്റെ കൂടെ പോകണമെങ്കിൽ പോവാം. ഞാനൊരിക്കലും തടയില്ല. പക്ഷേ.."

"ആൻ്റീ.. അയലത്തെ ചേച്ചിമാരൊക്കെ പറഞ്ഞു. ആൻ്റി ഞങ്ങളെയുപേക്ഷിച്ച് പോവുംന്ന്. അതുകൊണ്ടാണ് ഞങ്ങൾ അമ്മാവൻ്റെ വീട്ടിലേയ്ക്ക് പോവാൻ ഒരുങ്ങിയത്.
പക്ഷേ.. ഞങ്ങളെ ആർക്കും വേണ്ട. ഞങ്ങടെ അമ്മാവനു പോലും. ഞങ്ങൾക്ക് ആരുമില്ലാതായി." അലീന തേങ്ങികരഞ്ഞുകൊണ്ട് പറഞ്ഞു. 

അവളെ വാരിപ്പുണർന്ന് നെറുകയിൽ ചുംബിച്ചു കൊണ്ട് ശാലിനി പറഞ്ഞു.

"എനിക്കല്ലേ മക്കളേ ആരുമില്ലാതായത്. നിങ്ങളും എന്നെ തനിച്ചാക്കി പോവാനല്ലേ നോക്കിയത്?"

"ആൻ്റീ.. " അനന്യയും ശാലിനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"അവരൊക്കെ ഓരോന്നു പറഞ്ഞപ്പോൾ ഞങ്ങളും.." അനന്യ തേങ്ങലോടെ പറഞ്ഞു.

"സാരമില്ല മക്കളേ.. പ്രസവിക്കാത്ത ഞാനെങ്ങനെ നിങ്ങളെ നോക്കും എന്ന ആധികൊണ്ടാവാം അവർ അങ്ങനെ പറഞ്ഞത്. നമുക്ക് അതെല്ലാം മറക്കാം. നാളെ മുതൽ നിങ്ങളുടെ പഠനവും, എൻ്റെ ജോലിയും ആരംഭിക്കുകയാണ്. രണ്ടാളും നന്നായി പഠിക്കുക. അച്ഛൻ്റെ ആഗ്രഹം നിങ്ങൾ പൂർത്തിയാക്കണം. അച്ഛൻ കണ്ട സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ എന്തു ത്യാഗം സഹിക്കാനും ഞാൻ ഒരുക്കമാണ്. പ്രസവിച്ചില്ലെങ്കിലും എൻ്റെ മക്കളാണ് നിങ്ങൾ. നിങ്ങളുടെ അച്ഛൻ എന്നെ ആദ്യം കാണാൻ വന്നപ്പോൾ പറഞ്ഞത്, 'എനിക്ക് രണ്ടു പെൺകുട്ടികളാണ് അവർക്കു വേണ്ടിയാണ് ഈ വിവാഹം. അവർക്ക് ഒരമ്മയാവാൻ തനിക്കു പറ്റുമോ ' എന്നാണ്. അന്ന് ഞാൻ അച്ഛന് വാക്കു കൊടുത്തതാണ്. എൻ്റെ മരണം വരെ ആ വാക്കു ഞാൻ പാലിക്കും."
പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

ദു:ഖത്തിൻ്റെയും, ഏകാന്തതയുടേയും കണ്ണുനീർ ആർത്തലച്ചു പെയ്തു. ഒടുവിൽ പെയ്തു തോർന്ന മാനം പോലെ, തിരമാലകൾ അടങ്ങിയ കടൽ പോലെ ശാന്തമായ തേങ്ങലുകൾ മാത്രം അവശേഷിച്ചു. 

പുതിയ തീരുമാനങ്ങളുമായി ആ അമ്മയും മക്കളും തങ്ങളുടെ ജീവിതനൗക തുഴഞ്ഞു തുടങ്ങി. കുട്ടികളെ സ്ക്കൂളിലാക്കിയ ശേഷമാണ് ശാലിനി പതിവായി ഓഫീസിലേയ്ക്ക് പോവുക. ഒരു ചൊവ്വാഴ്ച ഉച്ചയോടടുത്ത നേരം. ശാലിനിയുടെ ഫോണിലേയ്ക്ക് അലീനയുടെ ക്ലാസ് ടീച്ചറുടെ കാൾ വന്നു.

"അലീനയ്ക്ക് വയറുവേദനയാണ്, ഉടൻ വരിക."
വിവരം കേട്ടതേ ശാലിനി ഹാഫ് ഡേ ലീവെടുത്ത് ഓഫീസിൽ നിന്ന് ഇറങ്ങി. വയറുവേദനയാൽ പുളയുന്ന അലീനയെ അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചു. ചെറിയ വേദന മണിക്കൂറുകൾക്കുള്ളിൽ വയറിന്റെ താഴെ വലതുവശത്തായി കഠിനമായ വേദനയായി മാറി, ഛർദ്ദിയും ചെറിയ പനിയും തുടങ്ങി.

"അപ്പൻഡിസൈറ്റിസ് ആണ്. എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം."
ഡോക്ടറുടെ വാക്കുകൾ കേട്ട ശാലിനിക്ക് എന്തു ചെയ്യണമെന്നറിയാതായി.

"ഈ അവയവം അണുബാധയുണ്ടാവുകയോ, വീക്കം വന്ന് പൊട്ടിപ്പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ ശസ്ത്രക്രിയ വഴി അത് നീക്കം ചെയ്യണം. ഒട്ടും വൈകാൻ പാടില്ല."
ഡോക്ടർ വിശദമാക്കി.

ഓപ്പറേഷന് വേണ്ടി കുറേ പണം വേണ്ടിവരുമല്ലോ? ഒരു സഹായത്തിനാരുമില്ലല്ലോ എന്നോർത്ത ശാലിനിയുടെ മിഴികൾ നിറഞ്ഞൊഴുകി.

"ആൻ്റീ.. അമ്മാവനോട് വിവരം പറയാം. അമ്മാവൻ പണവുമായി വരും."
അനന്യയ്ക്ക് നല്ല വിശ്വാസമുള്ളതു പോലെ തോന്നി. അവൾ അമ്മാവനെ ഫോണിൽ വിളിച്ചു. വിവരങ്ങളെല്ലാം വിശദമായി പറഞ്ഞു. എത്രയും പെട്ടന്ന് പണവുമായി വരണമെന്ന് ഓർമ്മപ്പെടുത്തി.

അര മണിക്കൂർ കഴിഞ്ഞ് അയാൾ തിരിച്ചുവിളിച്ചു. 

"മക്കളേ അമ്മാവന് ഇന്ന് വരാൻ പറ്റാത്ത സാഹചര്യമാണ്. നാളെയോ മറ്റന്നാളോ ഞാൻ വരാം."

അയാളുടെ വാക്കുകൾ കേട്ട അനന്യ പൊട്ടിക്കരഞ്ഞു.

"മോളു വിഷമിക്കണ്ട, നമുക്ക് എന്തേലും വഴി നോക്കാം."
ശാലിനി ഉള്ളിലെ നൊമ്പരം പുറത്തു കാട്ടാതെ അനന്യയോട് പറഞ്ഞു. പണത്തിനായി ശാലിനി ഓഫീസിലെ ഒരു കൂട്ടുകാരിയെ വിളിച്ചു. കുറച്ചു പണം അവളുടെ കൈയ്യിൽ നിന്നും കിട്ടി. അതു തികയില്ലെന്നു കണ്ട ശാലിനി തൻ്റെ കൈയ്യിൽ കിടന്ന രണ്ടു വളകളും ഊരി വിറ്റു. ഓപ്പറേഷൻ കഴിഞ്ഞു ശാലിനിയും മക്കളും വീട്ടിലെത്തി. രണ്ടാഴ്ച ലീവെടുത്ത് ശാലിനി അലീനയെ പരിപാലിച്ചു.

ആൻ്റിയുടെ സ്നേഹത്തണലിൽ കഴിയവേ അവരറിഞ്ഞു. ഇട്ടെറിഞ്ഞു പോയ രക്തബന്ധത്തേക്കാൾ ആഴമേറിയ ആത്മബന്ധം. തളർച്ചയിൽ ആശ്വാസമായും, വേദനയിൽ സാന്ത്വനമായും മാറിയ ശാലിനി പ്രസവിച്ചിലെങ്കിലും അമ്മയായണെന്ന ബോധ്യം അവരിൽ നിറഞ്ഞു. രക്തബന്ധത്തേക്കോൾ ആഴത്തിൽ
വേരുറച്ച ഹൃദയബന്ധം.

കാലചക്രം തിരിയവെ സ്നേഹവും, കരുതലുമായി ശാലിനി അവരുടെ പ്രിയങ്കരിയായ അമ്മയായി.

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച അനന്യയുടെ ആഗ്രഹം നേഴ്സിംഗിനു പോകാനാണ്. അതിനു നല്ല പണച്ചിലവുള്ളതിനാൽ അവളാമോഹം ഉള്ളിലടക്കി. ആൻ്റിയുടെ വരുമാനത്തിനുള്ളിൽ കഴിയുന്ന ഒരു കോഴ്സ് മതി എന്നവൾ തീരുമാനിച്ചു. അവളുടെ ആഗ്രഹം മനസിലാക്കിയ ശാലിനി അവൾക്കായി പണം കണ്ടെത്താനുള്ള ശ്രമമായി. ശാലിനിയുടെ അമ്മയുടെ പേരിൽ നാട്ടിൽ ഉണ്ടായിരുന്ന സ്ഥലം വിറ്റും, ലോൺ എടുത്തും, അനന്യയെ നേഴ്സിംഗിന് ചേർത്തു.

മൂന്നു വർഷത്തിനു ശേഷം അലീനയും പ്ലസ്ടു കഴിഞ്ഞു. ആൻ്റിയമ്മയെ തനിച്ചാക്കി ദൂരെയെങ്ങും പോയി പഠിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ വീടിനടുത്തു തന്നെയുള്ള കോളേജിൽ അലീന ചേർന്നു.

അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് കോഴ്സാണ് എടുത്തത്. അനന്യയുടെ പഠനം പൂർത്തിയായ ഉടൻ തന്നെ അവൾക്ക് ഡൽഹിയിൽ ജോലി കിട്ടി. രണ്ടു വർഷത്തിനുള്ളിൽ അവൾ കാനഡ യിലെത്തി. നഷ്ടപ്പെട്ടതൊന്നൊന്നായ് അവൾ തിരിച്ചുപിടിച്ചു. ഒരു മനോഹരമായ വീടും, സ്ഥലവും അവൾ ആൻ്റിയമ്മയുടെ പേരിൽ വാങ്ങി.

അലീനയുടെ പഠനവും കഴിഞ്ഞു. മക്കൾക്ക് രണ്ടാൾക്കും ജോലിയായതോടെ ശാലിനിയുടെ ഉൽക്കണ്ഠ അവരുടെ വിവാഹത്തെ കുറിച്ചായി. വിവാഹാലോചനകൾ ധാരാളം വന്നു തുടങ്ങി.

"രണ്ടാളുടേം വിവാഹം ഒരേ പന്തലിൽ വെച്ച് നടത്തണം."
ശാലിനി പറഞ്ഞു.

"ആദ്യം ചേച്ചിയുടെ കല്യാണം കഴിയട്ടെ. രണ്ടു വർഷം കഴിഞ്ഞേ ഞാൻ കല്യാണം കഴിക്കൂ. അതുവരെ എനിക്ക് എൻ്റെ ആൻ്റിയമ്മയുടെ പുന്നാരമോളായി ജീവിക്കണം. എനിക്ക് അമ്മയും അമ്മയ്ക്കു ഞാനും മാത്രം..അല്ലേ അമ്മേ?" ശാലിനിയുടെ തോളിൽ കൈയ്യിട്ട് കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട്
അലീന പറഞ്ഞു.

"പെണ്ണിൻ്റെ ഒരു കൊഞ്ചലുകണ്ടില്ലേ? കുഞ്ഞാ നീ വല്യ പെണ്ണായി." അനന്യ പരിഭവത്തോടെ പറഞ്ഞു.

"ചേച്ചിക്കു കുശുമ്പാ.. "

ഇരുവരേയും തൻ്റെ നെഞ്ചോടു ചേർത്തു പിടിച്ചു ശാലിനി. അമ്മയുടെ ഹൃദയസ്പന്ദനങ്ങൾ അവരുടെ കാതിൽ മൃദുതാളമായി പതിഞ്ഞു.

പുതിയ വീടിൻ്റെ മതിനപ്പുറത്തു നിന്ന് ഇതെല്ലാം നോക്കിക്കണ്ട അയൽക്കാരികൾ പറഞ്ഞു.

'' അവൾ പ്രസവിച്ച മക്കളല്ലന്നല്ലേ പറഞ്ഞത് ?"

"അമ്മയാവാൻ പ്രസവിക്കണമെന്നില്ല. പ്രസവിച്ചവരെല്ലാവരും അമ്മയാകുന്നുമില്ല."

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ