മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Jinesh Malayath)

കുഞ്ഞിരാമൻ അന്ന് പതിവിലും നേരത്തേ എണീറ്റു. ഇന്നാണ് ജോത്സ്യരെ കാണാൻ പോകേണ്ടത്. അപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
"കുഞ്ഞിരാമാ...നിന്റെ ജാതകത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ കാണുന്നുണ്ട്.

നിനക്ക് സംഭവിച്ചതെല്ലാം വെച്ചുനോക്കുമ്പോൾ ഒരു രക്തരക്ഷസിന്റെ ഉപദ്രവം  സംശയിക്കേണ്ടിയിരിക്കുന്നു. എനിക്ക് നിന്റെ ജാതകം ഒന്ന് വിശദമായി പഠിക്കണം. എന്തായാലും അടുത്ത ചൊവ്വാഴ്ച വരൂ."

ഇന്നാണ് ആ ചൊവ്വാഴ്ച്ച. സമയമടുക്കുന്തോറും അവൻ വിയർക്കാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഉറക്കമില്ലാത്തതിന്റെ പരവേശം ആ മുഖത്ത് കാണാമായിരുന്നു.
'എന്തായിരിക്കും ജ്യോത്സ്യൻ തന്നോട് പറയുക? എന്തായാലും നല്ലതൊന്നുമുണ്ടാവില്ല. കുറച്ചുകാലമായി താൻ അനുഭവിച്ചത് വെച്ചു നോക്കുമ്പോൾ എന്തുപറഞ്ഞാലും അത് അധികമാവില്ല.'
പണിസ്ഥലത്തെ ആ അപകടമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതുവരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബം യാതനയുടെ കയത്തിലേക്ക് കാൽവഴുതി വീണ ആദ്യ നിമിഷം! അതു കഴിഞ്ഞപ്പോഴേക്കും മകന്റെ ആകസ്മിക മരണം! ഒരു പനിയിൽ തുടങ്ങി മഞ്ഞപ്പിത്തത്തിന്റെ രൂപത്തിൽ മരണം അവനെ കൊണ്ടുപോയപ്പോൾ ആ പാവം നിർവ്വികാരനായിരുന്നു. അപ്പോഴേക്കും കിടപ്പാടം പോലും പണയത്തിലായവന്റെ നെഞ്ചിലേറ്റ അടുത്ത ആണിയായിരുന്നു ഭാര്യയുടെ മാനസികവിഭ്രാന്തി. അന്ന് തീരുമാനിച്ചതാണ് ഇതിന് ഒരു അവസാനം കാണാൻ.

കുഞ്ഞിരാമൻ ഭാര്യയെ വിളിച്ചുണർത്തി. കുളിച്ചു വന്നപ്പോഴേക്കും പ്രാതൽ തയ്യാറായിരുന്നു. പോകാൻ സമയം അവളെ ചേർത്ത് നിർത്തി അവൻ പറഞ്ഞു."നമ്മൾ എല്ലാം അവസാനിപ്പിക്കാൻ പോവുകയാണ്. എനിക്കുറപ്പുണ്ട് അദ്ദേഹത്തിന് നമ്മളെ ഇതിൽ നിന്നും കര കയറ്റാനാവുമെന്ന്. അവളുടെ കണ്ണിൽ പ്രത്യാശയുടെ ഒരു തിരിവെട്ടം അവൻ കണ്ടു. അത് പകർന്ന ആത്മവിശ്വാസത്തോടെ അവൻ ഇറങ്ങി നടന്നു.

ജോത്സ്യരുടെ ആശ്രമത്തിൽ അന്ന് പതിവിലേറെ തിരക്കുണ്ടായിരുന്നു. തന്റെ ഊഴം കാത്ത് അവൻ മാറിയിരുന്നു. അവിടെ കൂടിയിരുന്നവരുടെ മുഖത്തേക്ക് അവൻ വെറുതേ നോക്കിക്കൊണ്ടിരുന്നു. എല്ലാം ദൈന്യതയാർന്ന മുഖങ്ങൾ. സത്യത്തിൽ അവന് ആശ്വാസമാണ് തോന്നിയത്. ഈ ലോകത്തിൽ താനൊറ്റക്കല്ലല്ലോ! ഒടുവിൽ അവന്റെ ഊഴമെത്തി. ജോത്സ്യരുടെ മുൻപിൽ ഇരിക്കുമ്പോൾ തന്റെ മനസിലെ തിരമാലകളെ അടക്കിനിർത്താൻ അവൻ ആവുന്നത് ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ചു നേരത്തെ ധ്യാനത്തിന് ശേഷം ജ്യോത്സ്യർ പറയാനാരംഭിച്ചു.
"കുഞ്ഞിരാമാ...കഴിഞ്ഞ ഒരാഴ്ചയായി ഞാൻ നിന്റെ ജാതകത്തിന്റെ പിന്നാലെ തന്നെയായിരുന്നു. ഒരുപാട് ഗണിച്ചു നോക്കി, ഗുരുക്കന്മാരോട് ചർച്ച ചെയ്തു, ഇപ്പോ എനിക്കറിയാം എന്തു ചെയ്യണമെന്ന്!"

കുഞ്ഞിരാമൻ ദയനീയമായി അദ്ദേഹത്തെ നോക്കി.
"ഞാൻ അന്ന് സംശയിച്ചത് പോലെ തന്നെ ഒരു രക്തരക്ഷസിന്റെ കയ്യിലാണ് നിന്റെ കുടുംബം. ഇതിനെ ഇങ്ങനെ അഴിച്ചുവിട്ടാൽ നിന്റെ ജീവനും കൊണ്ടേ അത് പോവൂ. അതിനു മുൻപ് നമുക്കതിനെ പിടിച്ചു കെട്ടണം. പക്ഷെ അത് എന്നെക്കൊണ്ട് മാത്രം നടക്കില്ല. ഒരു മന്ത്രവാദിയുടെ സഹായത്തോടെ നമുക്ക് എല്ലാം ശരിയാക്കാം".

കുഞ്ഞിരാമന്റെ മനസ്സിൽ പ്രത്യാശയുടെ ഒരു നാമ്പ് മുളച്ചു. ഞാനും ഇതാ ഒരു മനുഷ്യനെപ്പോലെ ജീവിക്കാൻ പോകുന്നു. ജ്യോത്സ്യരുടെ കാൽക്കൽ സാഷ്ടാംഗം വീഴാൻ അവൻ കൊതിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ അവനെ ഉണർത്തി.
"നമുക്ക് അധികം സമയമില്ല. നാളെത്തന്നെ പൂജാരിയെ പോയി കാണണം. പേടിക്കേണ്ട ഞാനും കൂടെ വരുന്നുണ്ട്‌. എന്റെ കാറിൽ നമുക്ക് പോവാം." കുഞ്ഞിരാമന് വിശ്വസിക്കാനായില്ല!ഇത്രയും തിരക്കുള്ള ഒരു വ്യക്തി തനിക്കു വേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത്‌.
അവന്റെ മനസ് വായിച്ചപോലെ ജ്യോത്സ്യർ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ അകപ്പെട്ടിരിക്കുന്ന വിപത്തിന്റെ ആഴം മറ്റാരേക്കാളും അറിയുന്നവനാണ് ഞാൻ. ഒരു മനുഷ്യൻ തന്റെ സഹജീവിയോട് ചെയ്യേണ്ട കടമ എന്തോ അതേ ഞാൻ ചെയ്യുന്നുള്ളൂ."

അവന് പിടിച്ചുനിൽക്കാനായില്ല!അദ്ദേഹത്തിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു ഒരു കുട്ടിയെപ്പോലെ വാവിട്ടു കരഞ്ഞു.
തിരിച്ചുപോരുമ്പോൾ അവന്റെ മനസ്സ് ശാന്തമായിരുന്നു. തന്റെ യാതനകൾ മുഴുവൻ ആ കാൽക്കീഴിൽ ഒഴുക്കികളഞ്ഞപ്പോലെ അവന് തോന്നി. ഭാര്യയുടെ മുഖത്തെ സ്നേഹവും വിശ്വാസവും അവന്റെ പ്രതീക്ഷകളെ വാനോളമുയർത്തി. കുറെ നാളുകൾക്കു ശേഷം അവർ സമാധാനത്തോടെ ഉറങ്ങി.

പൂജാരിയുടെ മുമ്പിലും ആൾക്കൂട്ടമുണ്ടായിരുന്നെങ്കിലും ജ്യോത്സ്യരുടെ വ്യക്തിപ്രഭാവത്താൽ ഒരു നിമിഷം പോലും കാത്തുനിൽക്കാതെ അവർ അകത്തേക്ക് ആനയിക്കപ്പെട്ടു. അവരുടെ ചർച്ചകളിൽ ഒന്നും മനസ്സിലായില്ലെങ്കിലും അവനും പൂർണ പങ്കാളിയായി.
ഒടുവിൽ തീരുമാനിക്കപ്പെട്ടു!ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പൂജകൾ, അതിന് വേണ്ട സാമഗ്രികൾ, എല്ലാം വലിയ ഒരു ചാർത്തായി അവന്റെ മുമ്പിലെത്തി. ഒപ്പം പൂജ അതീവ രഹസ്യമായി വെക്കാനുള്ള കർശന നിർദ്ദേശവും!

തിരിച്ച് വീട്ടിലെത്തി അവനും ഭാര്യയും ഒരുക്കങ്ങൾ ആരംഭിച്ചു. അതിന് വേണ്ട ഭീമമായ ചെലവുകൾക്ക് അവർക്ക് വേവലാതിയില്ലായിരുന്നു. ജ്യോത്സ്യരുടെ പ്രത്യേക താത്പര്യപ്രകാരം പൂജാരി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്‌തുകൊടുത്തിട്ടുണ്ട്. ബാക്കിയുള്ള ചെലവുകൾക്കായി അവർ വീടും പുരയിടവും വിറ്റ്‌ ആറു മാസത്തെ സാവകാശവും വാങ്ങി. അവനുറപ്പായിരുന്നു ഈ പ്രശ്നങ്ങൾ അവസാനിച്ചാൽ ഇതിലും വലിയ നേട്ടങ്ങൾ ഉണ്ടാവുമെന്ന്.ആ ഒരുറപ്പ് ജ്യോത്സ്യരും പൂജാരിയും അവന് നൽകിയിരുന്നു. അങ്ങനെ പൂജ തുടങ്ങി. മാറ്റങ്ങൾ കണ്ടു തുടങ്ങി.കുഞ്ഞിരാമന് പഴയ ആത്മവിശ്വാസം കൈവന്നു. ഭാര്യയിലും പ്രകടമായ മാറ്റങ്ങൾ!കുറച്ചു ദിവസമായി വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പോലും അവൾ പ്രകടിപ്പിക്കാറില്ല.
കുഞ്ഞിരാമന്റെ ജോലിത്തിരക്കു കാരണം പ്രധാന പൂജകൾക്ക് മാത്രമേ അവൻ കൂടാറുള്ളൂ. അനുബന്ധപൂജകളെല്ലാം അവന്റെ അസാന്നിധ്യത്തിലും മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്നു. വീട്ടിൽ താനില്ലാത്ത സമയത്ത് അപരിചിതർ വന്നുപോകുന്ന കാര്യം അടുപ്പക്കാർ സൂചിപ്പിച്ചപ്പോഴൊക്കെ അവൻ ഉള്ളിൽ ചിരിച്ചു. ആരോടും പറയാൻ പാടില്ലല്ലൊ?

അന്ന് പതിവുപോലെ പണിസ്ഥലത്തെത്തിയപ്പോഴാണ് വീട്ടുകാർക്ക് എന്തോ അസൗകര്യം നിമിത്തം പുറത്തുപോകേണ്ടി വന്നത്‌. അന്നത്തെ പണി മുടങ്ങിയെങ്കിലും അവന് ഉള്ളിൽ സന്തോഷമായിരുന്നു. കാരണം വീട്ടിൽ ഇന്ന് പൂജയൊന്നുമില്ലാത്ത ദിവസമാണ്. ചന്തയിൽ നിന്നും കുറച്ച് ചിക്കനും വാങ്ങി അവൻ നേരെ വീട്ടിലെത്തി. മുറ്റത്ത് ആരുടേയോ ചെരുപ്പുകൾ!ഇന്ന് പൂജയൊന്നുമില്ലല്ലോ? അവൻ അഴികൾ കൊണ്ടുളള വാതിൽ തുറന്ന് അകത്തുകയറി. സപ്തനാഡികളും തളർന്നുപോകുന്ന കാഴ്ചയാണ് അവൻ അവിടെ കണ്ടത്. വസ്ത്രങ്ങൾ വാരിയുടുക്കുന്ന ഭാര്യയിലുണ്ടായ നടുക്കം. പക്ഷെ അവൻ പൂജാരിയിൽ കണ്ടില്ല. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. തന്റെ ജീവിതം നശിപ്പിച്ച രക്തരക്ഷസിനെ അവൻ നേരിൽ കാണുകയായിരുന്നു! കയ്യിലുള്ള കവർ വലിച്ചെറിഞ്ഞ്, ഭാര്യയുടെ എണ്ണിപ്പെരുക്കിയുള്ള ക്ഷമാപണങ്ങളെ അവഗണിച്ച് രക്തരക്ഷസിൽ നിന്നും രക്ഷപ്പെടാണെന്നോണം അവൻ ഇറങ്ങി നടന്നു, എങ്ങോട്ടെന്നില്ലാതെ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ