(Molly George)
''പ്രിയേ.. "
ഉറക്കെ ഒരു വിളിയോടെയാണ് ഞാൻ ഞെട്ടി ഉണർന്നത്.
ഉറങ്ങിയിരുന്നോ?
ഇല്ല!
നാളുകളായി ഉറക്കമില്ലാത്ത രാത്രികളാണ്.
ഉറങ്ങിയിട്ടു വേണ്ടേ ഉണരാൻ!
ക്ഷീണം കൊണ്ട് മയങ്ങിപ്പോകുമ്പോഴാണ് ഒരു സ്വപ്നമായ് അവൾ!
തൻ്റെ കൈ തട്ടിത്തെറിപ്പിച്ച് ഒരു അപരിചിതനോടൊപ്പം ഇണക്കുരുവികളെപ്പോലെ എൻ്റെ കൺമുമ്പിലൂടെ നീ നടന്നകന്നപ്പോൾ, പ്രിയേ.. നീ എൻ്റെ മനസു കണ്ടില്ല.
വിങ്ങുന്ന എൻ്റെ ഹൃദയതാളം കേട്ടില്ല. അനാഥരായി തീർന്ന നമ്മുടെ മക്കളെ ഓർത്തില്ല.
കൃഷ്ണപ്രിയ!
അതായിരുന്നു അവളുടെ പേര്. വീട്ടുകാരെല്ലാം പ്രിയ എന്ന ഓമനപ്പേരിട്ട് വിളിച്ച എൻ്റെ പെണ്ണ്. ഒരു കൂട്ടുകാരൻ മുഖാന്തരം ഞാൻ പെണ്ണുകാണാൻ ചെല്ലുമ്പോൾ അവൾ പ്ലെസ് ടുവിന് പഠിക്കുകയായിരുന്നു. ഇരുനിറമുള്ള, നീണ്ട മുടിയുള്ള ഒരു നാട്ടിൻ പുറത്തുകാരി സുന്ദരിക്കുട്ടി. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടം തോന്നുന്ന ഓമനത്വമുള്ള മുഖം. പെണ്ണുകാണൽ കഴിഞ്ഞു. ആദ്യ ദർശനത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. ഇരു വീട്ടുകാർക്കും ഇഷ്ടമായ സ്ഥിതിയ്ക്ക് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ ഒരു ദിവസം കൃഷ്ണപ്രിയ എന്നെ കാണാൻ വന്നു.
"ഏട്ടൻ ക്ഷമിക്കണം. എനിക്ക് ഒരാളോട് ഇഷ്ടമുണ്ട്. ഞാനയാളെ മാത്രമേ കല്യാണം കഴിക്കൂ."
അവളുടെ വാക്കുകൾ കേട്ട ഞാൻ ഞെട്ടിപ്പോയി. എങ്കിലും ഞാൻ അവളുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എന്നാശംസിച്ച് തിരിച്ചു പോന്നു.
പക്ഷേ. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവളും, അവളുടെ വീട്ടുകാരും വന്ന് അത് അവൾ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു. വീണ്ടും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഏറ്റവുമടുത്ത ശുഭമുഹൂർത്തത്തിൽ കൃഷ്ണപ്രിയ എൻ്റെ നല്ല പാതിയായി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നത് മനസിലാക്കാനേ സാധിച്ചിരുന്നില്ല.
സന്തോഷകരമായ ജീവിതം. അനശ്വര പ്രണയത്തിന്റെ പ്രതീകമായി രണ്ടു കുഞ്ഞു മാലാഖമാർ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. ഞാനവളെ എൻ്റെ പ്രാണനായി പ്രണയിക്കുകയായിരുന്നു.
തീവ്രമായ സ്നേഹമായിരുന്നു എനിക്ക് അവളോട് . അത് കൊണ്ട് തന്നെ ഒരു നിമിഷം കാണാതിരുന്നാല്‍, കുറച്ചു നേരം സംസാരിക്കാതിരുന്നാല്‍, എനിക്കത് വലിയ വിഷമമായിരുന്നു . അവൾക്കും അങ്ങനെ തന്നെയായിരുന്നു.
അങ്ങിനെ നീണ്ട ഏഴു വർഷങ്ങൾ!
അതിനൊടുക്കം.. അവള്‍ക്കെന്തായിരിക്കും സംഭവിച്ചു കാണുക?
എന്തിനാണവൾ വ്യക്തമായ ഒരു കാരണം പറയാതെ എങ്ങോ പോയി മറഞ്ഞിട്ടുണ്ടാകുക?
അവളെന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടുണ്ടായിരുന്നില്ലേ? ഞാന്‍ എന്നോട് തന്നെ പല കുറി ചോദിച്ചു.
ഒന്നിനും ഒരു വ്യക്തമായ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് ഞാന്‍ പതിയെ മാറിക്കഴിഞ്ഞിരുന്നു. ഊണില്ല. ഉറക്കമില്ല. ഭക്ഷണം കഴിക്കാതെ എന്‍റെ ആരോഗ്യ സ്ഥിതി മോശമായി തുടങ്ങിയിരുന്നു.
എന്‍റെ അവസ്ഥ കണ്ട പലരും പലതും ഉപദേശിച്ചു. പക്ഷെ, അപ്പോഴും അവളോടുള്ള ഭ്രാന്തമായ സ്നേഹം എന്നില്‍ കത്തി ജ്വലിച്ചു കൊണ്ടേയിരുന്നു. അതിനെ കെട്ടണയ്ക്കാന്‍ എനിക്ക് സാധിക്കുന്നില്ല. പക്ഷെ ഇതെല്ലാം അവളുണ്ടോ അറിയുന്നു? അങ്ങിനെയുള്ള ഒരു പെണ്ണിനെയാണോ ഞാന്‍ എന്‍റെ ജീവനേക്കാള്‍ സ്നേഹിച്ചത് എന്നാലോചിക്കുക്കുമ്പോേ എൻ്റെ മനസ്സില്‍ കുറ്റബോധവും തോന്നാതിരുന്നില്ല.
മുറിയിലെ, ഇരുട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടുന്ന മാനസിക സുഖം ഞാന്‍ പതിയെ ആസ്വദിക്കാൻ തുടങ്ങി. ആള്‍ക്കൂട്ടത്തില്‍ ചെല്ലാന്‍ മടി, ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കാന്‍ പേടി, ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ സംശയം, അങ്ങിനെ എന്തൊക്കെയോ മനസ്സില്‍ തോന്നിക്കൊണ്ടെയിരിക്കുന്നു. മനസ്സ് എന്‍റെ കൈ വിട്ടു പോയിരിക്കുന്നു എന്ന സത്യം ഞാൻ മനസിലാക്കി.
രാത്രികളിൽ പലപ്പോഴും ഞാന്‍ ഞെട്ടി ഉണരുന്നു. എന്‍റെ ഹൃദയ മിടിപ്പുകള്‍ കൂടി കൊണ്ടേയിരിക്കുന്നു. അവള്‍ പോയതിനു ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല. ഒന്ന് സുഖമായി ഉറങ്ങണം എന്ന ആഗ്രഹത്തിനാണ് ഞാന്‍ ഇപ്പോള്‍ എന്തിനേക്കാളും മുന്‍തൂക്കം കൊടുക്കുന്നത്. അതിനെനിക്കു സാധിക്കുമോ ഇനിയെന്നെങ്കിലും ?
അവൾക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയതും അവൾ ഉപയോഗിച്ചതുമായ ഒരുപാട് വസ്ത്രങ്ങൾ അലമാരയിൽ ഉണ്ട്. എന്തിനേറെ പൊട്ടിച്ച ഉപയോഗിച്ച് ഇനിയും പകുതിയായുള്ള സൗന്ദര്യവർധകവസ്തുക്കൾ വരെ അവിടെത്തന്നെയുണ്ട്. അവൾ അവസാനം പതിപ്പിച്ച പൊട്ട് അലമാരയിലെ കണ്ണാടിയിൽ അങ്ങനെതന്നെ ഉണ്ട്.
'പ്രിയേ..നിനക്ക് മൊബൈൽ ഫോൺ വാങ്ങിത്തതാണോ ഞാൻ ചെയ്ത തെറ്റ്? '
നിൻ്റെ ഏതാഗ്രഹവും സാധിച്ചു തന്നിരുന്ന ഞാൻ നിനക്കായി വാങ്ങിയ മൊബൈൽ നമ്മുടെ കുടുംബം തകർക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വാങ്ങി തന്നപ്പോൾ അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചെല്ലാം ഞാൻ നിന്നോട് പറഞ്ഞിരുന്നു.
മുഖപുസ്തക സൗഹൃദം നല്ലതുതന്നെ. പക്ഷേ... ചില സൗഹൃദങ്ങളിൽ നീ കൂടുതൽ ആഴത്തിൽ അടുക്കുന്നതു പോലെ തോന്നിയിരുന്നു. എൻ്റെ ചോദ്യങ്ങൾക്കെല്ലാം നീ സൗഹൃദം എന്ന വാക്കാണ് ഉപയോഗിച്ചത്. പക്ഷേ സൗഹൃദം..
അതിനപ്പുറം ഒരു പുരുഷനോട് സംസാരിക്കാന്‍ മാത്രം എന്തു ബന്ധമാണുള്ളത്?
മണിക്കൂറുകളോളം ഒരന്യനോട് ചാറ്റു ചെയ്യാൻ എന്തു കാര്യമാണ് ഉള്ളത്?
അപരിചിതനോടുള്ള ചാറ്റിംഗ് തുടങ്ങിതാണ് നീ ഒടുവില്‍ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അന്യനോടൊപ്പം ഇറങ്ങിപ്പോകുവാൻ ഇടയായി തീർന്നത്.
പക്ഷേ സ്വന്തം ജീവിതപങ്കാളിയോടുള്ള തിനേക്കാൾ എന്തു സ്നേഹമാണ് നിനക്ക് അയാളോട് തോന്നിയത്? അവിടെ നീ എൻ്റെ മനസ്സും, സ്നേഹവും, വിശ്വാസവും കണ്ടില്ല.
പ്രിയേ...
സ്വന്തം കുടുംബത്തെക്കാൾ വലിയ സ്വര്‍ഗ്ഗം മറ്റൊന്നുമില്ല.
ഇത് ഏറ്റവും കൂടുതല്‍ മനസ്സിലാക്കേണ്ടത് സ്ത്രീകളാണ്. പ്രിയേ.. അതു നീ എന്തേ മറന്നോ ?
സ്ത്രീ! അവള്‍ എന്നും വിളക്കുതന്നെയാണ്. വീടിന് ഐശ്വര്യമാകാനും, വീടിനെ നരകമാക്കാനും അവള്‍ക്കു കഴിയും.
പ്രിയേ..മറ്റുള്ളവരുടെ ഭാര്യമാരെ ചാക്കിട്ടു പിടിക്കാനും സ്വന്തമാക്കാനും കപടവേഷധാരികൾ ധാരളമുണ്ട്. ഓൺലൈൻ മാധ്യമമാണ് ഇവരുടെ വിഹാര രംഗം. അതിൽ വീണ് അവരുടെ ഇരയാകുന്നതും കുടുംബിനികളായ സ്ത്രീകളാണ്. എന്നും നഷ്ടങ്ങള്‍ സംഭവിക്കുന്നതും കുഞ്ഞുങ്ങള്‍ക്കാണ്. നാണക്കേടുണ്ടാകുന്നതും, അവളുടെ കുടുംബത്തിനും, മക്കൾക്കും മാത്രമാണ് .
പ്രിയേ... നീ പോയ ശേഷം നമ്മുടെ മക്കൾക്ക് കളിയില്ല, ചിരിയില്ല. അവർക്ക് ഭക്ഷണം പോലും വേണ്ടാതായി. എന്തു പറഞ്ഞ് ഞാനെൻ്റെ മക്കളെ സമാധാനിപ്പിക്കും. അവർ വളർന്നു വരുമ്പോൾ നാട്ടുകാർ അവരെ എത്രമാത്രം ദുഷിച്ച കണ്ണുകളോടെയാവും നോക്കുക. നീ അതോർത്തു നോക്കിയോ ? ഭർത്താവിനേയും, മക്കളേം ഉപേക്ഷിച്ച് കാമുകനൊപ്പം പോയവളുടെ മക്കൾ എന്ന പേര് എന്നെങ്കിലും മാറുമോ ?
നിൻ്റെ സൗന്ദര്യവും ആരോഗ്യവും ക്ഷയിക്കുമ്പോൾ ചതിയിലൂടെ സ്വന്തമാക്കിയവൻ നിന്നെ തള്ളിക്കളയും. നാളെ അവൻ പുതിയ മേച്ചിൽപുറങ്ങൾ തേടി നടക്കും. മക്കളേയും, ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന എല്ലാവരുടേയും ഗതി ഇതൊക്കെ തന്നെയാണ്. എത്രയോ ഭാര്യമാരാണ് നിന്നെപ്പോലെ എല്ലാം ഉപേക്ഷിച്ച് അക്കരെപ്പച്ച തേടി പോകുന്നത്. ഇങ്ങനെ പോയ പലരുടേയും അവസ്ഥ നമ്മുടെ കൺമുമ്പിലുണ്ടല്ലോ ? എത്രയോ പേർ അവസാനം ആത്മഹത്യയിൽ അഭയം തേടുന്നു. പ്രിയേ.. നീ ഒരിക്കലും നമ്മുടെ മക്കളെ മറക്കരുത്. നിൻ്റെ തിരിച്ചുവരവിനായ് കാത്തിരിക്കുന്ന ഞാൻ നമ്മുടെ വീടിൻ്റെ വാതിലുകൾ ഞാൻ അടയ്ക്കാറില്ല.
നമ്മുടെ മക്കൾക്ക് എന്നെങ്കിലും അവരുടെ അമ്മയെ തിരികെ കിട്ടുമോ? പ്രിയേ.. നിൻ്റെ തെറ്റുകൾ എല്ലാം പൊറുക്കാനും മറക്കാനും ഞാൻ തയ്യാറാണ്. നമ്മുടെ മക്കളെ ഓർത്ത് നീ തിരിച്ചു വരില്ലേ? നീ വരുന്നതും കാത്ത് ഞാനും നമ്മുടെ പുന്നാര മക്കളും കാത്തിരിക്കുന്നു. ആലംബം നഷ്ടമായ ഞങ്ങൾ വഴിക്കണ്ണുമായ് ...