മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Pearke Chenam

നീണ്ട ബെല്‍ അടിച്ചു. കയ്യിലെ വാച്ചില്‍ അറിയാതെ നോക്കി. പതിനൊന്ന് മണി. ബെഞ്ച് കയറാനുള്ള കൃത്യം സമയം. മേശപ്പുറത്ത് നിറഞ്ഞു കവിഞ്ഞു കിടന്ന ഫയലുകള്‍ ഒന്നുകൂടി ഒതുക്കി വെച്ച് ജോലി തുടര്‍ന്നു. സമന്‍സുകളും വാറണ്ടുകളും നോട്ടീസുകളും ഫയല്‍പേടുകളില്‍ നിറഞ്ഞു. അറ്റന്റര്‍മാരുടെ രാവിലത്തെ തപാല്‍ സീല്‍ വെക്കുന്ന തിരക്കുകഴിയുമ്പോള്‍ ഈ പേടുകളെല്ലാം അവര്‍ എടുത്തുകൊണ്ടുപോകും.

എല്ലാ വാറണ്ടുകളിലും സീല് വെച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വെക്കും. സമന്‍സുകള്‍ ജെഎസിനടുത്ത് കൊണ്ടുവെക്കും. തപാല്‍ നോക്കി കഴിഞ്ഞാല്‍ ജെ എസ് അതെല്ലാം ഒപ്പിട്ട് നല്‍കും. ബെഞ്ചിറങ്ങിയാല്‍ മജിസ്‌ട്രേറ്റും വാറണ്ടുകള്‍ ഒപ്പിട്ട് തിരിച്ചുതരും. പിന്നെ അതെല്ലാം രജിസ്റ്ററില്‍ ചേര്‍ത്ത് തപാല്‍ സെക്ഷനില്‍ ഡെസ്പാച്ച് ചെയ്യാനായി കൊടുക്കും. ജോലിക്ക് കയറിയ അന്നുമുതല്‍ ഇതുതുടരുന്നു. നിത്യവും എത്ര എടുത്താലും തീരാത്ത അത്രയും ജോലികള്‍ കുമിഞ്ഞുകൂടുന്നു. കടലിലെ തിരകളെപ്പോലെ ഒന്നിനുപുറകി ലൊന്നായി അലയടിച്ചെത്തുന്ന ഫയലുകള്‍. അതില്‍ കുമിഞ്ഞു കൂടുന്ന ഒഫന്‍സുകള്‍ നോക്കാതിരിക്കുകയാണ് നല്ലത്. കൊലപാതകങ്ങള്‍, മാരകമായ ആക്രമണങ്ങള്‍, അടിപിടി കേസുകള്‍, സ്ത്രീപീഡനക്കേസുകള്‍, ഗാര്‍ഹികപീഡനകേസുകള്‍, വിവാഹത്തട്ടിപ്പുകേസുകള്‍, പിന്നെ പോലീസ് സുമോട്ടോ ചാര്‍ജ്ജ് ചെയ്തുവരുന്ന ഒട്ടനവധി പെറ്റിക്കേസുകളും പോലീസ് ആക്റ്റ് അനുസരിച്ചുള്ള ഫസ്റ്റ് ക്ലാസ് ഓഫന്‍സുകള്‍ വരുന്ന കേസുകളും. എല്ലാം കൂടി കോടതിയിലെ ഓരോ സ്റ്റാഫിനേയും വെള്ളം കുടിപ്പിക്കാനുള്ള വകയുണ്ട്.

വയസ്സ് നാല്പത് തികയാന്‍ മാസങ്ങളുള്ളപ്പോഴാണ് ജോലിയ്ക്ക് വിളിക്കുന്നത്. മുപ്പത്തിരണ്ടു വയസ്സുള്ളപ്പോള്‍ അപേക്ഷ വിളിച്ചതാണ്. രണ്ടു വര്‍ഷം കഴിഞ്ഞാണ് പരീക്ഷയ്ക്കു വിളിക്കുന്നത്. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞു റിസള്‍ട്ട് വരുന്നതിന്. റാങ്ക് ലിസ്റ്റ് വന്ന് കുറച്ചുപേരെയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നിയമിച്ചു കഴിഞ്ഞപ്പോഴേയ്ക്കും മന്ത്രിസഭ മാറി പുതിയ മന്ത്രിസഭ വന്നു. അവര്‍ ട്രഷറികള്‍ കാലിയാണെന്ന് അലറി വിളിച്ചു. നിയന്ത്രണങ്ങള്‍ വേണമെന്ന് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി. നിയമനങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ആദ്യംത്തന്നെ ഹിഡ്ഡന്‍ ഓര്‍ഡറിറക്കി. അതോടെ ആരേയും പുതിയതായി നിയമിക്കാതായി. ഒരോഫിസും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതായി. ഉദ്യോഗാര്‍ത്ഥികളെ സമാധാനിപ്പിക്കാനായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി നിലവിലുള്ള ജീവനക്കാരോട് വിളിച്ചു പറഞ്ഞു. ശമ്പളം കൊടുക്കാന്‍ ട്രഷറിയില്‍ ചില്ലികാശില്ല. ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ഡി എ ഗഡുക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തത്ക്കാലം ഡി എ കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. തുടക്കക്കാര്‍ക്ക് ബേസിക് പേ മാത്രം. മറ്റു ആനുകൂല്യങ്ങളെല്ലാം അവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തീരുമാനിക്കും. മുണ്ടു മുറുക്കിയുടുക്കാന്‍ അദ്ദേഹം ജീവനക്കാരോട് ആജ്ഞാപിച്ചുകൊണ്ട് ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ചുകൊണ്ടിരുന്നു. ശമ്പളപരിഷ്‌കരണം നടത്തിയിട്ട് കാലങ്ങളായി. ഇപ്പോള്‍ സമയാസമയം ഡി എ യും കിട്ടാനില്ല. ലീവ് സറണ്ടര്‍ എടുത്തു കളഞ്ഞു. വേണമെങ്കില്‍ എല്ലാവരും ലീവെടുത്തോളൂ. സറണ്ടര്‍ ചെയ്ത് ക്യാഷ് ആക്കുന്നത് ഇനി നടക്കില്ല. സര്‍ക്കാര്‍ കട്ടായമായി പറഞ്ഞു. സഹിക്കെട്ട് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചു. ഓഫീസുകള്‍ അടഞ്ഞു കിടന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു. പത്രങ്ങള്‍ ആ വാര്‍ത്ത ഫ്രണ്ട് പേജില്‍ ആഘോഷമാക്കി.

സമരക്കാര്‍ക്കെതിരെ കേസെടുത്തും അറസ്റ്റുചെയ്ത് ജയിലിലടച്ചും പിരിച്ചുവിട്ടും സര്‍ക്കാര്‍ പ്രതികാരം ചെയ്തു. അവസാനം തിരഞ്ഞെടുപ്പില്‍ ഇതെല്ലാം വിഷയങ്ങളായി. നിലവിലെ മുഖ്യമന്ത്രിയുടെ ഭരണം കൂടെയുള്ള സഹനേതാക്കന്മാര്‍ പാര വെച്ച് കുളമാക്കി. അദ്ദേഹം രാജി വെച്ച് സ്ഥലം വിട്ട് കേന്ദ്രകമ്മിറ്റിയിലേക്ക് ചേക്കേറി. മുഖ്യമന്ത്രി മാറി. പുതിയ മന്ത്രിമാര്‍. അവരും കുറേ മാന്തിയെടുക്കാന്‍ ശ്രമിച്ചു. അവസാനം അതും ശമിച്ചു. പുതിയ ഇലക്ഷന്‍ വന്നു. പ്രതിപക്ഷക്കാര്‍ ഇലക്ഷനില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. അതോടെ പുതിയ സര്‍ക്കാര്‍ വന്നു. എല്ലാ പ്രശ്‌നങ്ങളും ഒതുങ്ങി. ഡി എ യെല്ലാം പുനഃസ്ഥാപിച്ചു. നഷ്ടപ്പെടുത്തിയ ഓരോന്ന് വീണ്ടും തിരിച്ചു വന്നു. പുതിയ ആളുകളെ നിയമിക്കുവാന്‍ തുടങ്ങി. അങ്ങനെ സര്‍വ്വീസ് നേടാനുള്ള അവസാനലാപ്പില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലിക്കുകയറി. ഭരിക്കുന്നവരുടെ പിടിപ്പുക്കേട് എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയെടുത്തത്. അവര്‍ ഉടായിപ്പുകളുടെ ഒരു മാതൃക ജീവനക്കാര്‍ക്ക് കാണിച്ചുതന്നു. നിയമനം വീണ്ടും പുനഃസ്ഥാപിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് ജോലിക്കു കയറാനായത്. അതുവരെ ത്രിശങ്കുവിലായിരുന്നു. ഇത്തവണ ജോലി കിട്ടിയില്ലെങ്കില്‍ ഇനിയൊരിക്കലും സര്‍ക്കാര്‍ ജോലി കിട്ടില്ല. അത്തരത്തില്‍ അതിന്റെ മാക്‌സിമത്തില്‍ നിന്നാണ് ഒരു ജോലി എന്നെ കൈമാടി വിളിച്ച് അടുത്തു വന്നത്. അപ്പോഴേയ്ക്കും നാല്പത് വയസ്സ് പൂര്‍ത്തിയായിരുന്നു. മുടിയെല്ലാം അവിടവിടെ നര കയറാന്‍ തുടങ്ങിയിരുന്നു. വൈകിയാണെങ്കിലും കിട്ടിയല്ലോ... അതു സന്തോഷമുണ്ടാക്കി.
കോടതിയിലേയ്ക്കാണ് നിയമനഉത്തരവ് എന്നറിഞ്ഞപ്പോള്‍ ഉള്ളൊന്ന് ഭയത്താല്‍ പിടച്ചു. പോലീസും കോടതിയും ആദ്യമേത്തന്നെ പേടിയുള്ള സ്ഥലങ്ങളായിരുന്നു. പിന്നീട് അതൊരു അഭിമാനമായി തോന്നി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോയി ഉത്തരവ് വാങ്ങി. കീഴ്‌ക്കോടതിയില്‍ ചേരാനായി പോകുമ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നു. ഉത്തരവിന്റെ കോപ്പി നല്‍കിക്കൊണ്ട് എസ്റ്റാബ്ലിഷ്‌മെന്റ് ക്ലര്‍ക്ക് പറഞ്ഞു.
''നഗരത്തിലുള്ള കോടതികളിലൊന്നും വാക്കന്‍സിയില്ല. കുറച്ചുകാലം പുറത്തുള്ള കോടതിയില്‍ ജോലി ചെയ്യു. പിന്നെ അപേക്ഷ വെച്ചോളൂ. അവസരം വരുമ്പോല്‍ ഇങ്ങോട്ട് സ്ഥലംമാറ്റം തരാന്‍ നോക്കാം.''

ആ വാക്കുകള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടാക്കി. അഭിമാനത്തോടെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റു കോടതിയില്‍ പോയി ജോലിയ്ക്കു ചേര്‍ന്നു. ആദ്യദിവസം അതൊരു ഉത്സവമായിരുന്നു. രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാത്രിയില്‍ ഏഴുമണിയോടെ വീട്ടില്‍ തിരിച്ചെത്തും. പിന്നെപ്പിന്നെ യാത്ര ഒരു പ്രശ്‌നമാകാന്‍ തുടങ്ങി. നിത്യവും മുന്നു മണിക്കൂറെങ്കിലും യാത്രയ്ക്കായി ചിലവഴിക്കണം. ബസ്സിലിരുന്ന് ക്ഷീണം തോന്നാന്‍ തുടങ്ങി. ജെഎസ്സാണ് നിര്‍ദ്ദേശിച്ചത്. പാസഞ്ചറില്‍ സീസണ്‍ ടിക്കറ്റെടുത്താല്‍ കാശിന് കുറവുണ്ടാവും. യാത്രാക്ഷീണവും തോന്നില്ല. അങ്ങനെയാണ് ട്രെയിനില്‍ സ്ഥിരയാത്ര തുടങ്ങുന്നത്. മുപ്പതു രൂപ ബസ്സില്‍ വേണ്ടി വരുന്നിടത്ത് ട്രെയിനില്‍ മൂന്നു രൂപയേ ചിലവുവന്നിരുന്നുള്ളൂ അത് ആശ്വാസമായി. ട്രെയിനിറങ്ങിയാല്‍ കോടതിയിലേയ്ക്ക് രണ്ടു കിലോമീറ്റര്‍ പിന്നേയും പോകണം. അതിനായി ബസ് കാത്തുനില്‍ക്കില്ല. ട്രെയിനിറങ്ങി പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കിഴക്കേനട വഴി അമ്പലത്തിന്റെ പ്രവേശനകവാടത്തിലെത്തും. തെക്കുവശത്തെ റിങ്ങ് റോഡ് വഴി പടിഞ്ഞാറേ നടയിലേയ്ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന്റെ മാസ്മരികതയില്‍ ലയിച്ച് നടക്കും. അമ്പലത്തിലെ പാട്ടുകളും കീര്‍ത്തനങ്ങളും കേട്ടുനടക്കുമ്പോള്‍ മനസ്സിന് നല്ലൊരു സുഖം കിട്ടുന്നതായി തോന്നിയിരുന്നു. പടിഞ്ഞാറേ നടയില്‍ നിന്ന് കോടതി ലക്ഷ്യമാക്കി നടക്കും. അറിയാവുന്ന ഷോട്ട്കട്ടുകളെല്ലാം ഉപയോഗിച്ച് എന്നും എട്ടരയാവുമ്പോഴേയ്ക്കും കോടതിയിലെത്തും. അവിടെ സ്വീപ്പര്‍ മാത്രമേ ആ നേരത്ത് എത്തിയിട്ടുണ്ടാവുകയുള്ളൂ. കുറച്ചുനേരം അദ്ദേഹവുമായി സംസാരിച്ചുനില്‍ക്കും. പിന്നെ ജോലിയിലേയ്ക്ക് പ്രവേശിക്കും. ഓഫീസില്‍ മറ്റു സ്റ്റാഫുകള്‍ എത്തുമ്പോഴേയ്ക്കും ഞാന്‍ ഒരു ദിവസത്തെ ഫയലുകള്‍ എഴുതിത്തീര്‍ത്തിട്ടുണ്ടാവും. രണ്ടും മുന്നും മാസത്തേയ്ക്കുള്ള ഫയലുകള്‍ പ്രോസസ്സിനായി എന്നെ കാത്ത് എനിക്കു ചുറ്റിലുമായി നിലകൊള്ളുന്നുണ്ടായിരുന്നു. അതിനാല്‍ എത്ര നേരത്തെ വന്ന് ജോലി ചെയ്താലും തീരാത്ത ജോലികളാണ് എന്നെ എപ്പോഴും പൊതിഞ്ഞു നിന്നിരുന്നത്. എന്നാലും ജോലി ചെയ്യുന്നതില്‍ ഉത്സാഹിയായതിനാല്‍ അതൊന്നും പ്രശ്‌നമായി തോന്നിയില്ല. ഒരു വിധം പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ കൊണ്ടുപോകുന്നതിന് സാധിച്ചു.

കോടതിബെല്ല് മുഴങ്ങിയതിനുപുറകെ കോര്‍ട്ട് ഹാളില്‍ നിന്നും കേസ് നമ്പറുകളുടേയും പരാതിക്കാരന്റേയും പ്രതികളുടേയും സാക്ഷികളുടേയും പേരുകള്‍ ഉച്ചത്തില്‍ പുറത്തു വരാന്‍തുടങ്ങി. ആദ്യം ബെഞ്ച് ക്ലര്‍ക്ക് ആഞ്ഞു വിളിക്കും. അത് പ്യൂണ്‍ ഏറ്റുവിളിക്കും. തിക്കിലും തിരക്കിലും കേള്‍ക്കാതെ പോകാതിരിക്കാനായി കോര്‍ട്ടുഡ്യൂട്ടിക്കാരായ പോലീസുകാരും പുറത്തുനിന്ന് അതേറ്റു വിളിക്കും. അങ്ങനെ വിളികളുടെ ഘോഷയാത്രകള്‍ തുടങ്ങുകയായി. റോള്‍കോള്‍ തീരുവോളം ആ പ്രക്രിയ അങ്ങനെ നീളും. അവിടത്തെ ബഹളങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് പ്രോസസ്സ് എഴുതികൊണ്ടിരിക്കേ ഓഫീസ് അറ്റന്റര്‍ ഉമൈബാന്‍ ഓടി വന്നു. ആദ്യം ഒന്നു ചിരിച്ചു. പിന്നെ മുഖത്ത് അല്പം ദൈന്യത പരത്തി പറഞ്ഞു.
''ബെഞ്ച് ഇറങ്ങുമ്പോള്‍ സാറ് മജിസ്‌ട്രേറ്റിനെ ഒന്നു കാണണമെന്ന് പറഞ്ഞീട്ടുണ്ട്.''
''എന്താ കാര്യം.''
''ആാ... കാര്യം ഒന്നും പറഞ്ഞില്ല.'' ഉമൈബാന്റെ മുഖഭാവത്തില്‍ നിന്ന് ശുഭകരമല്ലാത്ത കാര്യത്തിനാണ് മജിസ്‌ട്രേറ്റ് വിളിച്ചതെന്ന് മനസ്സിലായി. അതല്പം പിരിമുറുക്കമുണ്ടാക്കി. അതോടെ അന്നത്തെ എഴുത്തുകള്‍ അല്പം മന്ദഗതിയിലായി. പിന്നെ ഓരോരോ സംശയങ്ങള്‍ തലപൊക്കി. എന്തിനായിരിക്കും അദ്ദേഹം കാണണമെന്ന് പറഞ്ഞിട്ടുണ്ടാകുക. ജീവിതത്തില്‍ ആദ്യമായാണ് ഒരു മജിസ്‌ട്രേറ്റുമായി അടുത്തിടപഴകുന്നത്. ജോലിയില്‍ കയറിയതിനുശേഷം ഒന്നു രണ്ടു പ്രാവശ്യമേ അദ്ദേഹത്തിന്റെ ചേംബറില്‍ പോയിട്ടുള്ളൂ. ആദ്യമായി പോയത് സര്‍വ്വീസില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദിവസമായിരുന്നു. ജോയിനിങ്ങ് റിപ്പോര്‍ട്ടുമായി ജെഎസ് കൂടെയുണ്ടായിരുന്നു. എഴുതി കയ്യില്‍ പിടിച്ചിരുന്ന ഓത്ത് അദ്ദേഹത്തിനുമുന്നില്‍ വായിച്ചു. അതില്‍ ഒപ്പു വെച്ചുകൊടുത്തു. അതിനുതാഴെ അദ്ദേഹവും ഒപ്പുവെച്ചു. അതിനുശേഷം മുഖമുയര്‍ത്തി പറഞ്ഞു.
''നന്നായി പ്രയന്തിക്കണം. അരിയര്‍ വര്‍ക്കുകളെല്ലാം നന്നായി പഠിച്ച് ചെയ്തു തീര്‍ക്കണം.''
പറഞ്ഞത് എന്താണെന്ന് ഒന്നും തിരിഞ്ഞില്ലെങ്കിലും ഞൊടിയിടയില്‍ മറുപടി നല്‍കി.
''ശരി, സാര്‍.''
''ഉം. ശരി.'' അദ്ദേഹം അദ്ദേഹത്തിന്റെ ജോലികളില്‍ വ്യാപൃതമാകാന്‍ തുടങ്ങി. ഞങ്ങള്‍ പതുക്കെ അവിടെ നിന്നും പുറത്തിറങ്ങി. ആദ്യമായി ഒരു മജിസ്‌ട്രേറ്റിനു മുന്നില്‍ നിന്നപ്പോള്‍ ഭയവും ഭക്തിയും ബഹുമാനവും എന്നില്‍ നിന്നും വഴിഞ്ഞൊഴുകി. പിന്നെ എപ്പഴോ ഒരിക്കല്‍ കൂടി ഒരു ഫയലുമായി അദ്ദേഹത്തിനടുത്തേക്ക് പോകേണ്ടി വന്നതൊഴിച്ചാല്‍ പരമാവധി അങ്ങോട്ടു പോകാതെ ഒഴിഞ്ഞു മാറും. എഴുതിയ വാറണ്ടുകളും മറ്റും അറ്റന്റര്‍മാര്‍ കൊണ്ടു പോയി ഒപ്പു വേടിച്ചുതരും. സീറ്റിലിരുന്ന് നേരെയുള്ള തുറന്നിട്ട ജനലിലൂടെ നോക്കിയാല്‍ മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സ് കാണാം. നേരത്തേ ഓഫീസിലെത്തുന്നതിനാല്‍ രാവിലെ ഒമ്പതരയാകുമ്പോള്‍ അദ്ദേഹം വീട്ടില്‍ നിന്നും വരുന്നതുകാണാം. ഉച്ചയ്ക്ക് ബെഞ്ചിറങ്ങിക്കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതുംഅതുകഴിഞ്ഞ് തിരിച്ചുവരുന്നതും കാണാം. അതു കാണുമ്പോഴെല്ലാം ഓഫീസിലിലേക്ക് വാചകമടിക്കാന്‍ ഇറങ്ങി വരാറുള്ള സ്റ്റെനോ 'ദാ, സാറ് വരുന്നെന്നും പറഞ്ഞ്, ചേംബറിനടുത്തുള്ള സ്റ്റെനോയുടെ കാബിനിലേക്ക് ഓടിപ്പോകുന്നതും കാണാം.

നിത്യവും ദൂരെ നിന്നും കാണുമെന്നല്ലാതെ അദ്ദേഹത്തിനെ അടുത്തുചെന്ന് കാണുന്നതിന് മനസ്സില്‍ സ്വയമൊരുക്കിയ ഒരു വിലക്കുണ്ടായിരുന്നു. പരമാവധി അദ്ദേഹത്തിന്റെ അടുത്ത് പോകാതിരിക്കുകയെന്നതായിരുന്ന എന്റെ ഒരു പോളിസി. മറ്റുള്ളവര്‍ ഓരോ ചെറിയ കാര്യത്തിനുപോലും അദ്ദേഹത്തെ കാണാന്‍ പോകുന്നതുകാണുമ്പോള്‍ അത്ഭുതം തോന്നും. അവര്‍ക്കൊന്നും അദ്ദേഹത്തെ ഭയമില്ലെന്നറിയുമ്പോള്‍ ജിജ്ഞാശ തോന്നും. തനിക്ക് ചേംബറില്‍ പോകാനും അദ്ദേഹത്തെ കാണാനും മടിയാണെന്ന് മനസ്സിലാക്കിയ ജെഎസ് ചില നേരങ്ങളില്‍ പറയും.

''ഇടയ്‌ക്കെല്ലാം അദ്ദേഹത്തിനടുത്ത് പോയി മുഖം കാണിക്കുന്നത് നല്ലതാണ് ട്ടോ. അല്ലെങ്കില്‍ വലിയ അഹങ്കാരിയാണെന്ന് അദ്ദേഹം കരുതും.''
''ചെയ്താല്‍ തീരാത്ത പണിയുണ്ട് അതിനിടക്ക് അവിടെ ചെന്നുനിന്ന് നേരം കളയണോ...''
''അതൊക്കെ നമ്മള്‍ ഇവിടെ അകത്ത് ജോലി ചെയ്യുന്നവര്‍ക്കല്ലേ അറിയൂ. അദ്ദേഹത്തിന് അതേക്കുറിച്ചൊന്നും അറിയില്ലല്ലോ. അതിനാല്‍ ഓരോ സംശയങ്ങളും മറ്റുമായി ഇടയ്ക്ക് അദ്ദേഹത്തിനടുത്ത് ചെന്ന് സംസാരിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ അവരുടെ അടുത്തുചെല്ലുന്നതും സംശയങ്ങള്‍ ചോദിക്കുന്നതും അവര്‍ക്കും ഇഷ്ടമാണ്.'' ജെഎസ് അങ്ങനെയെല്ലാം പറഞ്ഞാലും താനൊരിക്കലും മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ പോകാറില്ല. അത് അദ്ദേഹത്തോടുള്ള വെറുപ്പുകൊണ്ടോ അംഗികാരിക്കാന്‍ മടിയുള്ളതുകൊണ്ടോ അല്ല. ഒരു ഭയം. വളരെ ഉത്തരവാദപ്പെട്ട അദ്ദേഹത്തിന്റെ കര്‍ത്തവ്യങ്ങള്‍ക്കിടയില്‍ അവിടെ കയറിച്ചെന്ന് ശല്യമാകരുതെന്ന ചിന്ത. രാവിലെ വന്ന് ഫയലുകളുമായി ഇരുന്നാല്‍ പലപ്പോഴും തലയുയര്‍ത്തുക ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ എല്ലാവരും എണീക്കുമ്പോഴാണ്. ചില സമയങ്ങളില്‍ അടുത്ത സീറ്റിലിരിക്കുന്ന ജയലക്ഷ്മി പറയും.
''എപ്പോഴും ഇങ്ങനെ തലകുമ്പിട്ടിരുന്ന് എഴുതിയാല്‍ മുതുക് കുനിഞ്ഞു പോകും കുട്ടീ. ഇടയ്‌ക്കൊക്കെ ഒന്നെണീറ്റ് നടക്ക്... ഒന്ന് നടു നിവരട്ടെ.''
അതെല്ലാം തമാശയായേ എടുക്കാറുള്ളൂ, അവര്‍ അതെല്ലാം ഗൗരവത്തോടെ പറയുന്നതാണെങ്കിലും. അവര്‍ സീറ്റില്‍ ഉറച്ചിരുന്ന് പണിയെടുക്കുന്നത് കാണാറില്ല. പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും അവരുടെ ചെറിയ മുടന്തുള്ള കാലും വലിച്ച് ഉലാത്തിക്കൊണ്ടിരിക്കും.

മജിസ്‌ട്രേറ്റ് കാണണമെന്നു പറഞ്ഞപ്പോള്‍ മുതല്‍ പ്രോസസ്സ് എഴുത്ത് താളം തെറ്റി. ഒരൊറ്റ ഇരുപ്പില്‍ എത്ര പേര്‍ക്കാണ് വാറണ്ടും സമന്‍സും നോട്ടീസും പ്രൊക്ലമേഷനും മറ്റും എഴുതാറ്. ഇന്ന് എല്ലാം കുഴഞ്ഞുമറിഞ്ഞു. ജെഎസ്സിന്റെ അടുത്തുപോയി പറഞ്ഞു.
''സാറ് കാണണംന്ന് പറഞ്ഞിരിക്കുന്നു. എന്തിനായിരിക്കും.''
''അതാ ഞാന്‍ പറഞ്ഞേ, ഇടയ്‌ക്കെല്ലാം ഓരോ കാര്യങ്ങളുണ്ടാക്കി സാറിനെ ചെന്നു കാണണംന്ന്. നിങ്ങള് അങ്ങോട്ട് കടന്നുചെല്ലാറുണ്ടോ... അദ്ദേഹത്തിനെന്തെങ്കിലും പറയാനുണ്ടാകും. ബെഞ്ചിറങ്ങുമ്പോള്‍ ചെന്നോളൂ.''

ജെഎസ് എപ്പോഴും പറയാറുണ്ട്. മജിസ്‌ട്രേറ്റ് ഒരു മാന്യനായ വ്യക്തിയാണ്. ആരേയും ശല്യം ചെയ്യാറില്ല. എന്തിനും കൂട്ടായി ഒപ്പമുണ്ടാകും. ഇതിനുമുമ്പത്തെ മജിസ്‌ട്രേറ്റ് ഒരു മൂശേട്ടയായിരുന്നു. #െത്രയാ അങ്ങേര് ഞങ്ങളെ ദ്രോഹിച്ചതെന്ന് അറിയോ... അങ്ങേരുടെ പീഡനത്തിന്റെ കഥകളറിയാന്‍ അരവിന്ദനോട് ചോദിച്ചാല്‍ മതി. അത്രയും മോശമായിരുന്നു. അദ്ദേഹവുമായി തട്ടിച്ചുനോക്കിയാല്‍ ഇദ്ദേഹം എത്ര മാന്യനാണ്. ആര്‍ക്കും ഒരു ശല്യോം ഇല്ല.

ഉച്ചയായപ്പോള്‍ സീറ്റില്‍ നിന്ന് എണീറ്റ് കോടതിഹാളിനു പുറത്ത് ചെന്നു നിന്നു. കോടതിക്കകത്ത് നല്ല ഉശിരാര്‍ന്ന വാദം നടക്കുകയാണ്. എഡിസണ്‍ വക്കീലിന്റെ മുഴക്കമാര്‍ന്ന ശബ്ദം ഉയര്‍ന്നു കോള്‍ക്കാം. ബെഞ്ച് ഇറങ്ങാന്‍ നേരവും കാത്ത് അവിടെ കുറച്ചു നേരം നിന്നു. പിന്നെ ഭക്ഷണം കഴിക്കാന്‍ പോന്നു. ആ നേരത്തെപ്പഴോ ബെഞ്ചിറങ്ങി മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി. വീണ്ടും ഒരു കാത്തിരുപ്പ്. ഇന്നത്തെ പണി വളരെ കുറഞ്ഞുപോയെന്ന് വാറണ്ടുകള്‍ കെട്ടി വെച്ച പേഡ് നോക്കിയപ്പോള്‍ തോന്നി. ഈ നേരമാകുമ്പോഴേക്കും രണ്ടുപേഡില്‍ നിറയെ സമന്‍സുകളും വാറണ്ടുകളും എഴുതിവെയ്ക്കാറുണ്ട്. ഇന്ന് വളരെ മോശം. കാണണമെന്ന് ഉമൈബാന്‍ വന്നു പറഞ്ഞതുമുതല്‍ പണിയൊന്നും നടക്കാതായി. ശരീരമാകെ ഒരു വിറയല്‍. എന്തിനായിരിക്കും വിളിക്കുന്നതെന്നറിയാത്തതില്‍ ഉത്കണ്ഠ.

ഭക്ഷണം കഴിച്ച് വീണ്ടും ക്വാര്‍ട്ടേഴ്‌സിലേക്കുനോക്കിയിരുന്നു. അവിടെനിന്നും ഇറങ്ങുമ്പോള്‍ സീറ്റിലിരുന്നാല്‍ കാണാം. ഒരു പണിയും ചെയ്യാന്‍ തോന്നിയില്ല. എന്തിനായിരിക്കും കാണണമെന്ന് പറഞ്ഞത്? എന്തെങ്കിലും ഉപദേശം തരാനായിരിക്കുമോ? എങ്കില്‍ അതെന്തായിരിക്കും? ഒരുപാടു സംശയങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍? അസ്വസ്ഥമായ മനസ്സുമായി കാത്തിരുന്നു.

മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങിയതും സീറ്റില്‍ ഇരിപ്പുറക്കാതായി. ചേംബറിനു പുറത്ത് കാത്തു നിന്നു. അദ്ദേഹം പുറത്തെ വാതില്‍ വഴി ചേംബറില്‍ കയറിയതും ബെല്ലടിച്ചു. ഉടനെ ഉമൈബാന്‍ ചേംബറിലേക്ക് ഓടിച്ചെന്നു. അതുപോലെ തിരിച്ചിറങ്ങി. എന്നെ കണ്ടതും പറഞ്ഞു.
''സാറിനെ വിളിക്കുന്നു.''
ഒരു നിമിഷം ശങ്കിച്ചു നില്‍ക്കാതെ ഞാന്‍ അകത്തു കയറി. ഒന്നു വണങ്ങിക്കൊണ്ട് ചേംബറില്‍ കയറി നിന്നു. അദ്ദേഹം തലയുയര്‍ത്തി ഗൗരവത്തില്‍ ഒന്നു നോക്കി. പിന്നെ ഗൗരവം വിടാതെത്തന്നെ പറഞ്ഞു.

''എന്താ കളിയ്ക്ക്യാണോ... എന്താ ചെയ്യേണ്ടതെന്ന് അറിയാണ്ടല്ല. അധികം കളിച്ചാല്‍ പണി ഞാന്‍ പഠിപ്പിച്ചുതരും. വിളച്ചിലെടുക്കാന്‍ നോക്ക്യാലുണ്ടല്ലോ...'' അദ്ദേഹം പരുഷമായി എന്നെ നോക്കിക്കൊണ്ടാണ് ഇതെല്ലാം പറഞ്ഞത്. എനിക്ക് വലിയ വിഷമമായി. കൂടുതല്‍ സമയം വന്നിരുന്ന് പണിയെടുത്തതാണോ താന്‍ ചെയ്ത തെറ്റ്.

പറഞ്ഞതെന്താണെന്നോ, എന്താണ് ഉദ്ദേശിച്ചതെന്നോ ഒന്നും മനസ്സിലായില്ല. ഞാന്‍ നിന്നുരുകി. എന്താണ് ഇങ്ങനെ പറഞ്ഞത്? ഞാന്‍ എന്തുതെറ്റാണ് ചെയ്തത്? ചോദിക്കണമെന്നുണ്ടായിരുന്നു. അങ്ങോട്ടെന്തെങ്കിലും പറഞ്ഞാല്‍ അത് പ്രശ്‌നമാകുമോ എന്ന ഭയത്താല്‍ ഒന്നും മിണ്ടിയില്ല. ഭയം ഉള്ളിലൊതുക്കി ഒതുങ്ങിനിന്നു. ചുണ്ടുകള്‍ പതുക്കെ വിറകൊണ്ടിരുന്നു. അത് പുറത്തുകാണാതിരിക്കാന്‍ ശ്രമിച്ചു. മിഴികളില്‍ അലയടിക്കുന്ന സമുദ്രം നിറഞ്ഞു തുളുമ്പുന്നതും ഹൃദയം പെരുമ്പറ പോലെ പിടക്കുന്നതും അനുഭവപ്പെട്ടു. താന്‍ ജോലിക്കു ചേര്‍ന്നിട്ട് മൂന്നു മാസമേ അകുന്നുള്ളൂ. ട്രെയിന്റെ സമയം കൃത്യം അഞ്ചേകാല്‍ ആയതിനാല്‍ അഞ്ചുമണിക്ക് ഓഫീസില്‍ നിന്നിറങ്ങും. എന്നാല്‍ എട്ടരയ്ക്ക് ഓഫീസിലെത്തി ജോലി തുടങ്ങാറുണ്ട്. എല്ലാവരും ഓഫീസില്‍ എത്തുന്നതിനും രണ്ടു മണിക്കൂര്‍ മുന്നേ എന്നും ജോലി തുടങ്ങും. ഓരൊറ്റ കാര്യത്തിലും ഉപേക്ഷ കാണിച്ചിട്ടില്ല, പിന്നെ എന്താണ് ഇങ്ങനെ പറഞ്ഞത്? ഒന്നും തിരിയാതെ കുറച്ചു സമയം അന്ധാളിച്ചു നിന്നു. 'ഇറങ്ങിപ്പൊയ്‌ക്കോ മുന്നീന്ന്' എന്ന വെറുപ്പു നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഴങ്ങിയതും ആ നിമിഷം ചേംബറില്‍ നിന്നും പുറത്തുകടന്നു. കരഞ്ഞില്ലെന്നേ ഉള്ളൂ. മനസ്സ് അത്രയും കലുഷമായിരുന്നു. നേരെ സീറ്റില്‍ ചെന്നിരുന്നു. ഉമൈബാന്‍ കൂടെ വന്നു.
''എന്താ സാറേ വിഷയം?''

്യൂഞാന്‍ കൈമലര്‍ത്തി. ഒന്നും മനസ്സിലായില്ല എന്ന് മറുപടി പറഞ്ഞു. തന്നെ ചീത്ത വിളിച്ചതെല്ലാം അവര്‍ ചേംബറിനുപുറത്ത് നിന്ന് കേട്ടിരുന്നു. സ്റ്റെനോയും അവിടെ ചെവി വട്ടം പിടിച്ചിരുന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അപ്പോഴും ചോദിച്ചുകൊണ്ടിരുന്നു. എന്തിന്? അതുമാത്രം എനിക്കും മനസ്സിലായില്ല. മനസ്സില്‍ വിഷമങ്ങള്‍ അലയടിച്ചുയരാന്‍ തുടങ്ങിയപ്പോള്‍ ജെഎസിന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു. അതുകേട്ട് ജെഎസ് ചിരിച്ചു.

''ഇതവന്റെ പണിയാ... ബെഞ്ച് ക്ലര്‍ക്കിന്റെ... പുതിയ ആളല്ലേ... അതുകൊണ്ട് ഒരു പണി നിങ്ങടെ തലയിലേക്കിട്ടു. സൂക്ഷിച്ചു നിന്നോ ഇനിയും ഇങ്ങനെ ഓരോന്ന് വരും.'' എനിക്കൊന്നും മനസ്സിലായില്ല. ജെഎസ് തുടര്‍ന്നു. ''ഇന്നലെ ഒരു പ്രമാദമായ കേസ് വിസ്തരിക്കാനുണ്ടായിരുന്നു. അതില് സമന്‍സും വാറണ്ടും പോയിട്ടില്ല. അതു പോകാതിരിക്കാനായി ആ ഫയല്‍ അയാള്‍ മാറ്റിവെച്ചിട്ടുണ്ടാവാം. എന്നിട്ട് നിങ്ങള് അയച്ചില്ലെന്ന് പറഞ്ഞുകാണും. അല്ലാതെന്താ... ഇതില് പേടിക്കൊന്നും വേണ്ട ഞാന്‍ സാറിനോട് പറഞ്ഞോളാം.'' ജെഎസ് വളരെ കൂളായി പറഞ്ഞപ്പോള്‍ തന്നെ എന്തിനാണ് ചീത്ത പറഞ്ഞതെന്ന് മനസ്സിലായി.

''അയാള്‍ ഫയലുകള്‍ മൊത്തത്തില്‍ വില്‍ക്കുന്നവനാ... അതില് ചിലര് ഇരയാകാറുണ്ട്. ഇപ്രാവശ്യം അത് പ്രോസസ്സ് ക്ലര്‍ക്കായെന്നു മാത്രം.''
ബെഞ്ച് ക്ലര്‍ക്ക് അനധികൃത സമ്പാദ്യം നേടാനുള്ള വ്യഗ്രതയില്‍ തന്നെ കരുവാക്കിയതായിരുന്നു പ്രശ്‌നം എന്നു മനസ്സിലായപ്പോള്‍ സമാധാനമായി. തന്നെ തെറ്റിദ്ധരിച്ചതാണ്. അല്ലാതെ താന്‍ ചെയ്ത തെറ്റിനായിരുന്നില്ല ശാസന. അത് വീണ്ടും ഊര്‍ജ്ജം നിറച്ചു. ഫയലുകള്‍ നിരത്തി വെച്ച് എഴുത്ത് തുടര്‍ന്നു. അപ്പോള്‍ ചുണ്ടുകളില്‍ ഒരു ശ്ലോകം മുഴങ്ങാന്‍ തുടങ്ങി.
'നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ'

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ