സമയം നാലരയായപ്പോൾ വിവേകിന്റെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നു. പതിവുപോലെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കുവാൻ വേണ്ടിയാവുമെന്നു കരുതി അവൻ കോളെടുത്തു.
"മോനേ, അവൾ ബാത്ത്റൂമിൽ പോയപ്പോൾ രണ്ട് തുള്ളി രക്തം കണ്ടുവെന്ന് പറഞ്ഞു. എത്രയും വേഗം അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം."
ആ വാർത്ത കേട്ടപ്പോൾ വിവേകിന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടി.
"അവൾക്ക് ഫോൺ കൊടുക്കൂ."
വിവേക് പരിഭ്രമത്തോടെ അമ്മയോട് പറഞ്ഞു.
"ഏട്ടാ..."
വിവേക്: "എന്തുണ്ടായി?"
മന്യ: "ടെൻഷനടിക്കണ്ട, രണ്ട് ഡ്രോപ്പ് ബ്ളഡ് ഞാൻ കണ്ടു!"
വിവേക്: "സമയം വൈകണ്ട, ഇപ്പോൾത്തന്നെ പുറപ്പെട്ടോളൂ. ഞാൻ ഓഫീസിൽ നിന്നും നേരിട്ട് ഡോക്ടറുടെ വീട്ടിലേക്ക് വന്നോളാം. പോരുമ്പോൾ ആവശ്യത്തിനുള്ള ഡ്രസ്സും കൈപിടിച്ചോളൂ. ബ്ളീഡിങ്ങ് ഉള്ള സ്ഥിതിക്ക് ആശുപത്രിയിൽ അഡ്മിറ്റാവാനേ ഡോക്ടർ പറയൂ. കഴിഞ്ഞ തവണയും അങ്ങനെയായിരുന്നില്ലേ? പൈസ എടുക്കാൻ മറക്കരുത്."
ആശങ്കകളാൽ വിവേകിന്റെ മനമാകെ മൂടിയിരുന്നു. വർഷങ്ങൾക്കു ശേഷം തങ്ങൾക്കു കിട്ടിയ സൗഭാഗ്യം നഷ്ടപ്പെടുമോയെന്നുള്ള ഭീതി അവനിൽ ഉടലെടുത്തിരുന്നു.
ബസിലിരുന്നുകൊണ്ട് വിവേക്, മന്യയെ വീണ്ടും ഫോണിൽ വിളിച്ചു. അവളും അമ്മയും വീട്ടിൽ നിന്നും ഇറങ്ങിയെന്ന വസ്തുത അവൻ മനസ്സിലാക്കി.
മന്യയും അമ്മയും എത്തിച്ചേരുന്നതിനു മുൻപേ, വിവേക് ഡോക്ടറുടെ വീട്ടിലെത്തിയിരുന്നു. ഡോക്ടറേയും കാത്ത് നിരവധിപേർ അവിടെ ഇരിപ്പുണ്ടായിരുന്നു. ഓരോരുത്തരും അക്ഷമരാണെന്ന കാര്യം വിവേക്, അവരുടെ മുഖത്തുനിന്നും വായിച്ചറിഞ്ഞു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മന്യയും അമ്മയും അവിടെയെത്തിച്ചേർന്നു. അവളെ കണ്ട മാത്രയിൽ അവന്റെയുള്ളിലെ ദു:ഖം ഇരട്ടിച്ചു.
"അടുത്തത് ഞങ്ങൾ കേറിക്കോട്ടെ? ബ്ളീഡിങ്ങായി വന്നതാണ്."
വിവേക് അവിടെ ഇരിക്കുന്നവരോട് വിഷമത്തോടെ ചോദിച്ചു.
ചിലരുടെ മുഖത്ത് നീരസം അവൻ കണ്ടു. ചിലർ സൗമ്യമായി പുഞ്ചിരിച്ചു. വിഷമത്തോടെയുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോൾ, അടുത്തതായി ഊഴം കാത്തുനിൽക്കുന്ന സ്ത്രീ അവന് സമ്മതം നൽകി. പരിഭ്രമത്തോടെ മന്യയും വിവേകും ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു!
"നിങ്ങൾ ഇന്നലെ വന്നുപോയതല്ലേ? എന്തു പറ്റി?"
അവരെ കണ്ടപ്പോൾ ഡോക്ടർ ചോദിച്ചു.
"കുറച്ചു മുൻപ് രണ്ടു ഡ്രോപ്പ് ബ്ളഡ് വന്നിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ, ഇവിടേക്ക് വരണമെന്ന് സാർ പറഞ്ഞിരുന്നു."
വിവേക് മറുപടി പറഞ്ഞു.
"സ്കാൻ ചെയ്ത് നോക്കാം. അപ്പോഴേ അവസ്ഥയെന്തെന്ന് അറിയുവാൻ കഴിയൂ. മോൾ അപ്പുറത്തെ മുറിയിലേക്ക് വരൂ."
മന്യ സ്കാനിങ് റൂമിലേക്ക് ഡോക്ടറുടെ പിറകെ ചെന്നു. വിവേകാവട്ടെ മനസ്സിൽ പ്രാർഥനയുടെ തിരി തെളിയിച്ചു!
സ്കാനിങ് മെഷീന്റെ മോണിറ്ററിലൂടെ, മന്യ തന്റെ ഉദരത്തിലുള്ള ആ കുഞ്ഞു ജീവന്റെ തുടിപ്പ് കണ്ടു!
"പോയിട്ടൊന്നുമില്ല, ഇന്നലെത്തേക്കാൾ മിടിപ്പും ആയിട്ടുണ്ട്. പക്ഷേ, ബ്ളീഡിങ്ങ് വന്ന സ്ഥിതിക്ക് അഡ്മിറ്റാവുന്നതാണ് നല്ലത്. എട്ട് മണിക്കൂർ ഇടവിട്ട് ചെയ്യുവാനുള്ള ഒരു ഇഞ്ചക്ഷൻ എഴുതിയിട്ടുണ്ട്. ചെന്ന വശം ഇതിൽ കുറിച്ചിട്ടുള്ള ഡ്രിപ്പ് കയറ്റണം. ഇപ്പോൾ കഴിക്കുന്ന ഗുളികകൾ അതുപോലെതന്നെ തുടരുക."
ആ വാക്കുകൾ അവരുടെ ഉള്ളിൽ സമാധാനത്തിന്റെ വിത്ത് മുളപ്പിച്ചു. അവരവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു.
ഒരിക്കൽ ആ ആശുപത്രിയിൽനിന്നും അവർക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതാണ്. ഇനിയൊന്നുകൂടി ഉണ്ടാവരുതേയെന്ന പ്രാർഥനയോടെ അവർ ആശുപത്രിയിലേക്ക് കാലെടുത്തുവച്ചു. നൂറ്റിയിരുപത്തൊന്നാമത്തെ വാർഡാണ് അവർക്ക് കിട്ടിയത്. അതിൽ മൊത്തം മൂന്ന് ബെഡാണ് ഉണ്ടായിരുന്നത്. വേറെ പേഷ്യന്റ്സാരും അവിടെ ഉണ്ടായിരുന്നില്ല.
അവിടെയെത്തിയപ്പോൾ സമയം ഏകദേശം രാത്രി ഏഴുമണിയായിരുന്നു. വിവേക്, ഡോക്ടർ കുറിച്ചിട്ടുള്ള ഇഞ്ചക്ഷനും ഡ്രിപ്പും സമയം കളയാതെ വാങ്ങിച്ചുവന്ന് നേഴ്സിനെയേൽപ്പിച്ചു. അതിനുശേഷം അവൻ, അവർക്ക് കഴിക്കുവാനുള്ള ഭക്ഷണം വാങ്ങിച്ചുവന്നു. ഭക്ഷണം ചൂടാറിയതായിരുന്നു. കയ്യിൽ ഡ്രിപ്പിട്ടിരുന്നതുകൊണ്ട് മന്യയ്ക്ക് ഭക്ഷണം വാരിക്കഴിക്കുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
"എന്താ നോക്കിയിരിക്കുന്നത്? ഭക്ഷണം വാരിത്തരുവാൻ ഇനി പ്രത്യേകം പറയണോ?"
മന്യ വിവേകിനോട് ചോദിച്ചു.
"വാരിത്തരുവാൻ ഒരു മടിയുമില്ല."
അവൻ മറുപടി പറഞ്ഞു.
ഒരു കുഞ്ഞിനെയൂട്ടുന്നതുപോലെ അവൻ മന്യയ്ക്ക് ഭക്ഷണം വാരിക്കൊടുത്തു. അവൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വിവേകിന്റെ അമ്മ, അവരുടെ സുന്ദരനിമിഷത്തിനൊരു തടസ്സമാവാതിരിക്കുവാൻ തൊട്ടടുത്ത കട്ടിലിലേക്ക് മാറിയിരുന്നു. വാർഡിന് വെളിയിലൂടെ പോകുന്ന ഒരു സ്ത്രീ, ആ ദൃശ്യം കണ്ട് അവരെത്തന്നെ നോക്കിനിന്നു.
"അവരുടെ ഭർത്താവിൽനിന്നും ഇങ്ങനെയൊരു ഭാഗ്യമുണ്ടായിട്ടില്ലല്ലോ എന്നായിരിക്കും അവരിപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക."
വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു. അത് മന്യയ്ക്കും ഇഷ്ടപ്പെട്ടു.
ഭക്ഷണം കഴിച്ച്, വിശ്രമിക്കുന്ന നേരത്ത്, ഇഞ്ചക്ഷന്റെ ആദ്യഡോസെടുക്കുവാനായി നഴ്സ് വാർഡിലേക്ക് വന്നു. അധികം വേദനിപ്പിക്കാതെ ഇഞ്ചക്ഷനെടുത്ത് അവർ മടങ്ങുകയും ചെയ്തു. അടുത്ത ഡോസ് എട്ട് മണിക്കൂർ കഴിഞ്ഞാണ് എടുക്കേണ്ടത്. അതിനായി വിവേക് അടുത്ത ഡോസിന്റെ സമയം മൊബൈലിൽ അലാറമായി സെറ്റ് ചെയ്തു. മൂവരും പതിയെ മയക്കത്തിലേക്ക് തെന്നിവീണു. നാളെ രാവിലെ വീട്ടിലേക്ക് പോകുവാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചിട്ടാണ് മൂവരും കിടന്നത്.
വിവേക് ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ സമയം നോക്കി ഉറപ്പ് വരുത്തിയിരുന്നു. ബാത്ത്റൂമിൽ പോകണമെന്ന ചിന്ത മന്യയുടെ ഉറക്കം കെടുത്തി. അവൾ എഴുന്നേൽക്കുവാൻ ശ്രമിക്കുന്നത് വിവേക് തിരിച്ചറിഞ്ഞു. കയ്യിൽ ഡ്രിപ്പിട്ടിരിക്കുന്നതുകൊണ്ട് ബാത്ത്റൂമിൽ പോകുവാൻ സാധ്യമല്ലായിരുന്നു. വിവേക് നേഴ്സുമാരുടെ മുറിയിൽ ചെന്ന്, മന്യയുടെ കയ്യിലെ ഡ്രിപ്പ് ഊരിത്തരുവാൻ ആവശ്യപ്പെട്ടു. ഡ്രിപ്പ് അന്നേരം പകുതിയേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവൻ ആവശ്യപ്പെട്ടതുപോലെ നേഴ്സ് പ്രവർത്തിച്ചു. ബാത്ത്റൂമിൽ പോയി തിരികെ വന്നതിനു ശേഷം അവരെ അറിയിക്കുവാൻ പറയുകയും ചെയ്തു.
ബാത്ത്റൂമിൽ പോയ മന്യ ബ്ളീഡിങ്ങ് നിലച്ചിട്ടില്ലയെന്ന സത്യം മനസ്സിലാക്കി. ഇഞ്ചക്ഷൻ തുടങ്ങിയിട്ടല്ലേയുള്ളൂ, നേരം വെളുത്താൽ എല്ലാം ശരിയായിക്കോളുമെന്ന വിശ്വാസം അവർ ഉള്ളിൽ നിറച്ചു. ഓരോ തവണയും അവളെഴുന്നേൽക്കുമ്പോൾ, 'എങ്ങനെയുണ്ടെന്ന്' അമ്മയും വിവേകും മാറി മാറി ചോദിക്കുമായിരുന്നു.
രാവിലെ പത്തരയായപ്പോൾ മൂന്നാമത്തെ ഇഞ്ചക്ഷനും അവളെടുത്തു. പക്ഷേ, എന്നിട്ടും അവസ്ഥയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
"ആറ് ഇഞ്ചക്ഷൻ കഴിഞ്ഞാലേ ബ്ളീഡിങ്ങ് സാധാരണ മാറാറുള്ളൂ."
ചോദിച്ചയുടനെ നേഴ്സ് മറുപടി നൽകി.
മന്യയുടെ അവസ്ഥ ഡോക്ടറെ ബോധിപ്പിച്ചപ്പോൾ, അവരോട് ഡോക്ടറെ വന്നുകാണുവാൻ നിർദേശിച്ചു. അതുപ്രകാരം അവർ ഡോക്ടറുടെ വീട്ടിലേക്ക് ചെന്നു.
വന്നപാടെ അവളോട് സ്കാനിങിന് വിധേയമാകുവാൻ ഡോക്ടർ നിർദേശിച്ചു. സ്കാനിങ് റിപ്പോർട്ടിൽ ഇത്തവണയും അശുഭകരമായി ഒന്നും കണ്ടില്ല. ഡോക്ടർ പുതിയ ഒരു ഇഞ്ചക്ഷൻകൂടി അവൾക്ക് നിർദേശിച്ചു. രണ്ടുദിവസംകൂടി അവരോട് ആശുപത്രിയിൽ തങ്ങുവാൻ ഡോക്ടർ ഉപദേശിച്ചു. ഒന്നും സംഭവിച്ചില്ലല്ലോയെന്ന ആശ്വാസത്താൽ അവർ ആശുപത്രിയിലേക്ക് തിരിച്ചുപോയി.
സമയമനുസരിച്ച് അവൾ ഇഞ്ചക്ഷനെടുത്തുകൊണ്ടിരുന്നു. ഡോക്ടർ പുതുതായി എഴുതിത്തന്ന ഇഞ്ചക്ഷനെടുത്തിട്ടും ബ്ളീഡിങ്ങിന് മാറ്റമുണ്ടായില്ല. വിവേകിന്റെ മനസ്സിൽ നിന്നും സമാധാനം പതിയെ പടിയിറങ്ങി! വിവേകിന്റെ അമ്മയും ടെൻഷൻ മൂലം പിറുപിറുക്കാൻ തുടങ്ങി. മന്യ അതൊന്നും ശ്രദ്ധിക്കാതെ മനസ്സിനെ മറ്റൊരിടത്തേക്ക് അഴിച്ച് വിട്ടു.
അന്ന് സന്ധ്യയിൽ മേഘങ്ങൾ വിഷാദം ചൊരിഞ്ഞു! അശുഭകരമായ ഏതോ വാർത്തയ്ക്കു മുന്നോടിയായുള്ള ഒരു സൂചനയായി അത് വിവേകിന്റെ മനസ്സിൽ പതിഞ്ഞു!
എത്ര ശ്രമിച്ചിട്ടും അവർക്ക് അന്ന് രാത്രി ഉറങ്ങുവാൻ കഴിഞ്ഞില്ല.
ശാന്തമായ്ത്തന്നെ അടുത്ത ദിവസം പിറന്നു. എന്നാൽ, പകലിന്റെ മധ്യത്തിൽ, ആ ശാന്തതയെല്ലാം രക്തപ്രവാഹത്തിൽ ഇല്ലാതെയായി! തന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഒരു അധ്യായം കൂടി കൂട്ടിച്ചേർത്തുകൊണ്ട് വിവേകും മന്യയും അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു.