അങ്ങനെ കൊറോണക്കാലവും പ്രളയവും പ്രകമ്പനവും ഒക്കെ കഴിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് ആശ്വസത്തോടെ വരികയാണ് മാധവേട്ടൻ. വയസ്സ് ഇപ്പോൾ 60 ആയി 18 വയസ്സിൽ മീശയും വരപ്പിച്ച് പാസ്പോട്ടിൽ ഫോട്ടോ പതിപ്പിച്ചു പോയതാണ് അദ്ദേഹം.
മാധവേട്ടന് പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്രയും ചെറുപ്പത്തിലെ നാടുവിടേണ്ടി വന്നത്. നാല് പെങ്ങമ്മാരെ വിവാഹം ചെയ്തു അയച്ചു. ഒരു വീടു വെച്ചു. ഇതിനിടക്കുള്ള വരവിൽ വിവാഹവും കഴിച്ചു. മക്കൾ മൂന്നായി.രണ്ടാണും ഒരു പെണ്ണും അവരുടെ വിദ്യാഭ്യാസവും കല്യാണവും ഒക്കെയായി പിന്നെയും കടബാധ്യതകൾ വന്നപ്പോൾ ജോലിയിൽ പിടിച്ചുനിന്നു. കൊറോണ വന്നപ്പോൾ കയറിപ്പോരാൻ തോന്നിയതാണ് പക്ഷേ ഗതികേട് കൊണ്ട് പിടിച്ചുനിന്നു പോയതാണ്. ഇതിപ്പോൾ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്ന വരവാണ്. എല്ലാ പ്രാരാബ്ദവും തീർന്നപ്പോഴേക്കും പ്രായവുമായി. കുടുംബത്തോടൊപ്പം കഴിയേണ്ട നല്ലൊരു ഭാഗം ജീവിതവും മണലാരണ്യത്തിൽ കഴിഞ്ഞു പോവുകയും ചെയ്തു. കയ്യിൽ കിട്ടിയ കാശുമായി നാട്ടിലേക്കുള്ള വരവാണ് ഇപ്പോൾ.
ഭാര്യ പറഞ്ഞു എന്നാപ്പിന്നെ മതിയാക്കി ഇങ്ങുപോരു. ആധൈര്യത്തിലാണ് മാധവേട്ടൻ നാട്ടിലേക്ക് പോന്നത്. കിട്ടുന്ന കാശുകൊണ്ട് വല്ല ചായക്കടയും ഇട്ട് കഴിയാമെന്ന് കരുതി വന്നതാണ് പാവം മാധവേട്ടൻ. അതും ബസ്സിന്. മക്കളെ അറിയിച്ചാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് എല്ലാം വാങ്ങി വരുമ്പോഴേക്കും കയ്യിലുള്ള കാശ് തീരും വീണ്ടും മരണംവരെ അവിടെത്തന്നെ കഴിയേണ്ടി വരും. അതുകൊണ്ടാണ് അവരെ ഒന്നും വിവരം അറിയിക്കാഞ്ഞത്. ഭാര്യയോട് പറഞ്ഞു ആരോടും പറയരുതെന്ന്. അവൾ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. ബസ്സിൽനിന്ന് സുഖമായി ഉറക്കവും കഴിഞ്ഞ് നാട് എത്താറായോ എന്ന് നോക്കിയതാണ് അപ്പോൾ റോഡിൻെറ അവസ്ഥകൾ കണ്ടു ഒന്നും മനസ്സിലാവുന്നില്ല. സ്റ്റോപ്പ് എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു സാറേ സ്റ്റോപ്പ് എത്തിയിട്ടോ.
ങ്ങേ ..... ആണോ? വേഗം ബാഗും എടുത്ത് സന്തോഷത്തോടെ മാധവേട്ടൻ ചാടി ഇറങ്ങി. ബസ് പോയതും മാധവേട്ടൻ ചുറ്റും നോക്കി ഇതേത് സ്ഥലം ഇനി ബസ് കണ്ടക്ടർക്ക് സ്റ്റോപ്പ് മാറിയതായിരിക്കോ? ഈസ്ഥലം എനിക്ക് പരിചയമില്ലല്ലോ മാധവേട്ടൻ ചുറ്റും നോക്കി. റോഡ് വികസനത്തിന്റെ പേരിൽ മലമലയായി മണ്ണുകൾ കൂട്ടി ഇട്ടിരിക്കുന്നു. എങ്ങും വലിയ ട്രെയിനുകളും ജെസിബിയും റോഡ് പണിക്കാർ ഒക്കെ അയാൾ നോക്കി നിന്നു
ഈശ്വാരാ .....ഇവിടെ എവിടെയാണാവോ എൻ്റെ വീട്ടിലേക്കുള്ള വഴി ഒന്നും മനസ്സിലാവുന്നില്ലല്ലോ മാധവേട്ടൻ താടിക്കും കൈയും കൊടുത്തു നിന്നുപോയി. ഒന്ന് വിളിക്കാം എന്ന് വെച്ചാൽ ഫോണും ഇല്ല. അപ്പോഴാണ് എതിരെ ബൈക്കിൽ മോന്റെ കൂട്ടുകാരൻ വരുന്നത് മാധവേട്ടൻ കണ്ടത്. അയാളെ കണ്ടതും നവീൻ വണ്ടി നിർത്തി അടുത്തേക്ക് വന്നു.
എന്തുപറ്റി അച്ഛാ? എന്താ ഇവിടെ നിൽക്കുന്നത് എപ്പോഴാ ഗൾഫിൽ നിന്ന് വന്നത് കയ്യിലുള്ള ബാഗ് നോക്കി അവൻ ചോദിച്ചു.
എങ്ങനെ പറയും എൻ്റെ വീട്ടിലേക്കുള്ള വഴി അറിയാതെ നിൽക്കുകയാണെന്ന്. കേട്ടാൽ നാണക്കേട് അല്ലേ സ്വന്തം വീട്ടിലേക്കുള്ള വഴി അറിയാത്ത ഞാൻ പൊട്ടനാണെന്ന് കരുതില്ലേ അയാൾമനസ്സിൽ ചിന്തിച്ചു.
ഒടുവിൽ കിട്ടിയ ബഡായി അങ്ങ് വച്ച് കാച്ചി.
ആ മോനെ ഞാനേ ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ. ബസ് കാത്തു നിന്നതാ. ഫോൺ എടുക്കാൻ മറന്നു പോയി. ഇനിയിപ്പോ തിരിച്ചു നടക്കാൻ വയ്യ മടിയായിട്ട് നിൽക്കാ. പറഞ്ഞ നുണ ഏറ്റൊ എന്ന് അയാൾ മനസ്സിൽ ചിന്തിച്ച് നവീനെ നോക്കി.
നവീൻ ആണെങ്കിൽ മാധവേട്ടനെ തുറിച്ചു നോക്കി. ഇയാൾ എന്താ ഈ പറയുന്നത് രണ്ടടി നടന്നാൽ വീട് ആയി. ഇവിടെ നിന്ന് വിളിച്ചാൽ തന്നെ ആരെങ്കിലും കേൾക്കുകയും ചെയ്യും ഇത്രക്ക് മടിയൻ ആണോ? ദർശിന്റെ അച്ഛൻ അവൻ ചിന്തിച്ചു.
മോന്റെ കയ്യിൽ ഫോൺ ഉണ്ടോ? സുമതിക്ക് ഒന്ന് വിളിച്ച് ഫോൺ എടുത്തു വരാൻ പറയാനാ. മാധവേട്ടൻ വീണ്ടും ബഡായി കാച്ചി.
അതിനെന്താ അച്ഛാ ഇതാ ....ഫോൺ എടുത്ത് നവീൻ അയാൾക്ക് നേരെ നീട്ടി.
മധുവേട്ടൻ വേഗം ഫോണിൽ ഭാര്യയുടെ നമ്പർ കുത്തി. കുറച്ചു മാറി നിന്നു ഫോൺ റിംഗ് കേട്ട് മറുതലക്കൽ സുമതി ഫോൺ എടുത്തു.
ഹലോ നവീനേ എന്താടാ എന്ന് ചോദിച്ചതും ...
എടീ ഇത് ഞാനാ നിന്റെ മധുവേട്ടൻ
ങ്ങേ ....നിങ്ങളോ? ഇതെന്താ മനുഷ്യാ നിങ്ങൾ എവിടെയാണ് നവീനെ എവിടുന്ന് കിട്ടി.ഭാര്യയുടെ വായിൽ നിന്നും സംശയങ്ങൾ വരാൻ തുടങ്ങി.
എടി ...ഒക്കെ പറയാം ഞാൻ ഇവിടെ ബസ്റ്റോപ്പിൽ ഉണ്ട്.
ബസ്റ്റോപ്പിൽ ഉണ്ടായിട്ട് എന്തോന്നാ മനുഷ്യ ഇങ്ങോട്ട് വരാത്തത് അവർ വീണ്ടും ചോദിച്ചു.
ഒക്കെ പറയാം എന്ന് പറഞ്ഞില്ലേ നീ ഒന്ന് ഇങ്ങോട്ട് വാ എന്ന ഗൗരവത്തോടെ പറഞ്ഞ് മാധവേട്ടൻ ഫോൺ കട്ട് ചെയ്തു.
അയാളെ തന്നെ നോക്കിനിൽക്കുന്ന നവീന്ഫോൺ കൊടുത്തു. താങ്ക്യൂ മോനെ അമ്മ വരാന്ന് പറഞ്ഞു മോൻ പൊയ്ക്കോ.
ഓ എന്നാ ശരി അച്ഛാ പിന്നെ കാണാം അവൻ ബൈക്കിൽ കയറി പാഞ്ഞു.
ഹാവൂ... കാര്യവും നടന്നു മാനവും പോകാതെ രക്ഷപ്പെട്ടു. അയാൾ വിളറിയ ചിരിയോടെ പറഞ്ഞു.
അപ്പോഴേക്കും സുമതി അങ്ങോട്ട് വന്നു
അല്ല മധുവേട്ടാ, എന്താ ഉണ്ടായത്.
അപ്പോഴാണ് അയാൾ വിവരങ്ങളെല്ലാം ഭാര്യയോട് പറഞ്ഞത് എല്ലാം കേട്ട് ഭാര്യ പൊട്ടിച്ചിരിച്ചു.
എന്നാലും എൻ്റെ മധുവേട്ടാ ...റോഡ് എത്ര മാറിയാലും വീട് മാറിയിട്ടില്ല ദാ ആ കാണുന്നതാ നമ്മുടെ വീട്
മാധവേട്ടൻ ഒന്ന് ചെരിഞ്ഞു നോക്കി പിന്നെ ഭാര്യയെ ലജ്ജയോടെ നോക്കി ചിരിയോടെ
വല്ലതും മനസ്സിലാവണ്ടേ ... എൻ്റെ പൊന്നു മോളെ. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്ന ഒരുപ്രവാസിയെ ഞാൻ. വരുമ്പോൾ ഈ കുന്നോളം മണ്ണിട്ട് ഉയർത്തിയ റോഡ് കണ്ടാൽ വല്ലതും മനസ്സിലാകുമോ .ഇവിടെ രണ്ട് സൈഡിലും നിറയെ മാവുകൾ ഉണ്ടായിരുന്നു.പിന്നെ ബാലേട്ടന്റെ ചായക്കട ഇപ്പോ അതൊന്നും കാണുന്നില്ല വിഷമത്തോടെ അയാൾ പറഞ്ഞു.
അതൊക്കെ പോയില്ലേ മാധവേട്ടാ ....റോഡ് വികസനം വന്നേ പിന്നെ കുറെ പേരുടെ അന്നംമുട്ടി എന്ന് തന്നെ പറയാം.
ഉം ...പണ്ടൊക്കെ എന്ത് രസമായിരുന്നു ഇവിടെയെല്ലാം .എനിക്ക് ഓർമ്മയ്ക്കുമ്പോഴേ അച്ഛൻറെ കയ്യും പിടിച്ച് ബാലേട്ടന്റെ വെള്ളച്ചായ കുടിക്കാൻ വരാറുണ്ട് അതുമാത്രമോ ?നാരങ്ങ മിട്ടായി ,പഴംപൊരി, വട ,ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു മാധവേട്ടൻ വിഷമത്തോടെ പറഞ്ഞു. ഹാ .....എല്ലാം ഇനി ഓർമ്മകൾ മാത്രം.
എന്നാലും എൻ്റെ വീട്ടിലേക്കുള്ള വഴി എന്താ എനിക്ക് മനസ്സിലാവാതിരുന്നത് മാധവേട്ടൻ ചോദിച്ചതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
വികസനം കൂട്ടിക്കൂട്ടി ആളുകൾക്ക് നടക്കാൻ വഴിയില്ലാതെയായി. വികസനങ്ങൾ നല്ലത് തന്നെ എന്നാലും പണ്ടത്തെ വഴികളും , കടകളും , ഗ്രാമ പ്രദേശങ്ങളും എന്നും എപ്പോഴും എല്ലാവരുടെ മനസ്സിലും പ്രിയമുള്ളത് തന്നെയാണ്..........