ulsavam

madhavan K

രഘുമാരാരും സംഘവും തികഞ്ഞ സംതൃപ്തിയോടെ പരസ്പരം നോക്കി ചിരിച്ചു, മേളത്തിൻ്റെ വീരസ്യത്തിൽ സ്വർണ്ണക്കുമിളകളും ചന്ദ്രക്കലകളും അണിഞ്ഞ നെറ്റിപ്പട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയായിരുന്ന കാളിദാസനാകട്ടെ, ചുറ്റിലും നിൽക്കുന്ന തൻ്റെ ആരാധകവൃന്ദത്തെ ഗൗനിക്കാതെ ചെവിയാട്ടൽ തുടർന്നു. 

അവൻ്റെ ഓരോചലനങ്ങളും നിരീക്ഷിച്ച്, ഒരു കൈകൊണ്ട് തിടമ്പും മറുകൈ കൊണ്ട് വടവും പിടിച്ച് ദേവീസ്തുതികൾ നിരന്തരം ചൊല്ലിക്കൊണ്ടിരിക്കുകയാണ് ആനപ്പുറമേന്തിയ ഭദ്രൻ പോറ്റി. "ഞാനിറങ്ങുവോളം ഇതിന് ഓടാനൊന്നും തോന്നിക്കാതെ കാത്തോളണേ ദേവ്യേ..." ഇടവേളകളിൽ പോറ്റി ദേവിയോട് ആവശ്യപ്പെട്ടു. 

ശേഖരൻ എല്ലായിടത്തും തെരഞ്ഞു അവളെ, ഒരിടത്തും കാണുന്നില്ല. ഇനി, പൂരത്തിന് വന്നില്ലെന്നാണോ? അതോ ചെല്ലുന്നിടത്തെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്ന ഈ കരിവീരനെ ഭയന്ന്... ഏയ്, അങ്ങനെയാകാൻ സാധ്യതയില്ല. 

കാളിദാസനും കത്തുന്ന തീപ്പന്തത്തിനും സമീപം കുത്തുവിളക്കേന്തിയ കൃഷ്ണവാര്യർ കരിവീരൻ്റെ ആട്ടം നോക്കി നിന്നു, അതു നോക്കി ശേഖരനും. മേളം പിന്നെയും പെരുകുകയാണ്, ശേഖരൻ്റെ നെഞ്ചിടിപ്പു പോലെ.  

ഒരു പത്തുമിനിറ്റ് കൂടെ.. നിൻ്റെ ഹൃദയത്തിലേക്ക് കൊടി പറത്തി വന്നവൾ എത്തുക തന്നെ ചെയ്യും." കൊടിമരത്തിൽ ആടിക്കളിക്കുന്ന കൊടിക്കൂറ അവനോട് പറഞ്ഞു. അവൻ പിന്നെയും കാഴ്ചകൾ കണ്ടു നിന്നു. മേലെ തെളിഞ്ഞ ആകാശമുണ്ട്, പുഞ്ചിരിയോടെ നിൽക്കുന്ന ചന്ദ്രനുണ്ട്. അങ്ങനെയങ്ങനെ... 

"അല്ലാ, നീയെന്നു വന്നു?" ചന്ദ്രൻ ചോദിച്ചു.  

"രണ്ടീസായി." അവൻ പറഞ്ഞു.  

"നീയവളെ കണ്ടോ?" 

"ഇല്ല." 

"എന്തേ?" 

"സമയം കിട്ടിയില്ല." 

"ഇപ്പം കിട്ടിയോ?" 

"ങും." 

"ഇപ്പോ തന്നെ, വല്ലാതെ വൈകി." 

"ന്തെ?" 

"ഒന്നൂല്യ, ഇനിയെങ്കിലും ഒന്നു തുറന്നു പറ." ചന്ദ്രൻ പറഞ്ഞു. 

"ഇന്നെന്തായാലും പറയും, അതിനാ വന്നിരിക്കണെ." 

"എനിക്കത്ര വിശ്വാസല്യ. കഴിഞ്ഞ തവണയും നീ ഇതു തന്നെയാ പറഞ്ഞേ..." 

"ഇല്ല, ഇതങ്ങനേയല്ല."  

"പറയുംന്നുറപ്പാണോ?" 

"ഉറപ്പാണ്." 

"പറയുമ്പം നീ പരിഭ്രമിക്കാതിരുന്നാൽ മതി." 

"ഇല്ല, പരിഭ്രമിക്കില്ല." ചന്ദ്രനെ മഴമേഘങ്ങൾ പൊതിയുന്നത് അവൻ കണ്ടു. ഒരു തണുത്ത കാറ്റ് അവനെയും പൊതിഞ്ഞു. അവൻ്റെ കാഴ്ചകൾ അവസാനിച്ചിരുന്നില്ല. 

മേളം അഴഞ്ഞപ്പോൾ തീച്ചൂടിൽ വലഞ്ഞ മണിയണ്ണൻ തോളത്തെ തോർത്തെടുത്തു പിടിച്ച് കൈയിലുള്ള പന്തത്തെ ബക്കറ്റിലേക്ക് താഴ്ത്തിക്കൊടുത്തു. കത്തിപ്പരന്ന അഗ്നിനാളങ്ങൾക്ക് മേൽ കമ്മറ്റിക്കാരനായ സച്ചുട്ടൻ ആശ്വാസം കോരിയൊഴിച്ചു. മൂന്ന് വലിയ നാളങ്ങൾ! ആദ്യം അവയൊന്ന് പകച്ചു. പിന്നെ പുഞ്ചിരിച്ച് ഒരു പൊട്ടോളം ചെറുതായി. പതിയെ പതിയെ ഉണർന്നു, കൂടുതൽ ജീവൻ വച്ചു. മണിയണ്ണൻ മേലോട്ട് ഉയർത്തിയപ്പോൾ അഭിമാനത്തോടെ പിന്നെയും കത്താൻ തുടങ്ങി. 

മേളം വീണ്ടും മുറുകുകയാണ്. അനിയൻ ചെക്കൻ്റെയും കൂട്ടാളികളുടേയും കൈകൾ ആകാശത്ത് സംഘനൃത്തം ചുഴറ്റുകയാണ്. അപ്പോഴാണ് ശേഖരൻ തൻ്റെ ഹൃദയസഖിയെ കണ്ടത്. 

"ഇവിടത്തെ തിക്കിലും തിരക്കിലും ശ്വാസം മുട്ടുന്നു രാധികാ, വരൂ, നമുക്കൽപ്പം മാറി നിന്നു സംസാരിക്കാം.." അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ അവൻ പറഞ്ഞു. എന്നാൽ, അവളവനെ കണ്ട ഭാവമില്ല! കേട്ട ഭാവമില്ല! 'പൂരക്കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ടു പോയോ? തന്നെ കണ്ടില്ലെന്നാണോ? അതോ കേട്ടില്ലെന്നാണോ?' അവൻ ചിന്തിച്ചു. ഇല്ലെങ്കിൽ വേണ്ട, ഇനിയൊരിക്കലാകട്ടെ.. ശേഖരൻ മുന്നോട്ട് നടന്നു. 

മേളങ്ങളും വിളക്കുകളും വായ്ത്താരികളുമൊക്കെ അകന്നകന്നു പോയി. പടിഞ്ഞാറെ നടയിൽ ഇരുട്ടിൻ്റെ ഒരു മൂലയിൽ എത്തിയപ്പോൾ അവൻ നിന്നു. ഒരു നനുത്ത മഴച്ചാറ്റൽ സംഗീതം പോലെ വന്നു, വീണുകിടക്കുന്ന കരിയിലകളോട് എന്തോ കുശുകുശുത്ത് വന്നതുപോലെ തിരിച്ചു പോവുകയും ചെയ്തു. പാലപ്പൂവിൻ്റെ മണം അരിച്ചെത്തി. ദേവസ്വം പറമ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന കൂറ്റൻ യക്ഷിപ്പന അങ്ങോട്ട് ചെല്ലാൻ അവനെ ക്ഷണിച്ചു.  

"ചൂടിന് ഒരു നേരിയ ശമനം വന്നുവോ?" ഞെട്ടലോടെ ശേഖരൻ തിരിഞ്ഞു നോക്കി, പുറകിൽ ചാറ്റൽ മഴ നനഞ്ഞ അവൾ! അവൻ്റെ രാധിക! 

"ങും." അവൻ മൂളി. പിന്നെ, എന്തുപറയണമെന്നറിയാതെ ഒത്തിരി സമയം നിന്നു. അതിനിടയിൽ എങ്ങുനിന്നോ വന്ന ഒരു പരിഭ്രമം. 

"പൂരം അത്ര പോരാ അല്ലെ?" നെഞ്ചിടിപ്പ് കുറയ്ക്കാനായി അവൻ ചോദിച്ചു. 

"ആണോ?" 

"ങും." 

"ഇതു പറയാനാണോ എന്നെ വിളിച്ചത്?" അവൾ ചിരിച്ചു. 

"അല്ല."  

"പിന്നെ?" 

"ചുമ്മാ വിളിച്ചതാ..." 

"ചുമ്മാ ആരെങ്കിലും വിളിക്കുമോ ശേഖരേട്ടാ?" അവളുടെ ചോദ്യം. 

"അല്ല രാധികാ, അതങ്ങനെയല്ല. രാധികയോട് ഒരു കാര്യം ചോദിക്കണമെന്നുണ്ട്..." 

"ചോദിച്ചോളൂ.." 

"അത്... പിന്നെ... അത്... പിന്നെ..." 

"എന്തിനാ പരിഭ്രമിക്കണെ? ചോദിച്ചോളൂ.." 

"പരിഭ്രമമൊന്നുമില്ല.." 

"എങ്കിൽ ധൈര്യായിട്ട് ചോദിച്ചോളൂ..." 

"അത് പിന്നെ.. ഞാൻ.. ഇയാൾക്ക്.." 

"എന്തേ, കഴിഞ്ഞവരവിന് എൻ്റെ കൈയിൽ നിന്നും ശേഖരേട്ടൻ വല്ലതും കടം വാങ്ങിയിരുന്നോ?" 

"ഹേയ്, ഇല്ല.." 

"പിന്നെന്താ?" 

"ഒന്നൂല്യ." 

"ഇത് പറയാനാണോ എന്നെ വിളിച്ചത്?" 

"അല്ല." 

"പിന്നെ?" 

ശേഖരന് മിണ്ടാട്ടം മുട്ടി. 

"ഇതിപ്പം എത്രാമത്തെ പ്രാവശ്യമാ ശേഖരേട്ടൻ എന്നെ വിളിക്കുന്നെ?" 

"അത് പിന്നെ..." 

"അത് പിന്നെയല്ല, അഞ്ചാമത്തെ പ്രാവശ്യം." അവൾ കൃത്യമായ കണക്ക് പറഞ്ഞു. 

"അഞ്ചായോ?" 

"ങും, ഇന്നത്തോടെ അതായി." 

"എങ്കിൽ പറയാം." എവിടന്നു തുടങ്ങണം എന്നറിയാതെ അവൻ ആകാശത്തേക്കു നോക്കി. അവിടെ അവനെ നോക്കി പുഞ്ചിരിക്കുന്ന ചന്ദ്രനെ കണ്ടു. ചന്ദ്രനെ മറയ്ക്കാൻ മാറി നിൽക്കുന്ന കാർമേഘക്കൂട്ടത്തെ കണ്ടു.  

"രാധികാ.." അവൻ വിളിച്ചു. 

"ങും?" അവൾ വിളി കേട്ടു. 

"ദാ, നീ നോക്ക്.." അവൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് അവൾ നോക്കി. 

"ങും. കണ്ടു, കണ്ടു. ചന്ദ്രനല്ലെ?" അവൾ ചോദിച്ചു.  

"അതെ." 

"മുമ്പ് നാല് പ്രാവശ്യോം, ശേഖരേട്ടൻ പറഞ്ഞിട്ട് ഞാനതിനെ നോക്കീതാ..." അവൾ പറഞ്ഞു. അവൻ പിന്നെ ഒന്നും മിണ്ടിയില്ല.  

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ശത്രുവിനുനേരെ വെടിയുതിർക്കും പോലെ അവൻ പറഞ്ഞു.
"രാധികേ, നിന്നെ എനിക്ക് ഇഷ്ടാണ്." അവൻ്റെ ഭാവപ്രകടനം കണ്ട് അവൾ ഭയന്നു പോയി. 

"ആരെ?" 

"രാധികയെ.." മടിച്ചു മടിച്ച് അവൻ പറഞ്ഞു. 

"ഇപ്പോഴെങ്കിലും കേട്ടല്ലൊ, മതി." അവൾ പറഞ്ഞു. 

"ശേഖരേട്ടൻ എന്നാ നാട്ടിൽ വന്നേ?" അവൾ ചോദിച്ചു. 

"കഴിഞ്ഞ ബുധനാഴ്ച.." 

"എത്രദിവസത്തെ ലീവ് കാണും." 

"രണ്ട് മാസം." 

"പട്ടാളജീവിതമൊക്കെ എങ്ങനെ പോകുന്നു?" 

"കുഴപ്പമില്ല, അല്ലാ, നീ ഇതുവരെ ഒന്നും പറഞ്ഞില്ല." അവൻ ആകാംക്ഷപ്പെട്ടു. 

"ഞാനെന്തു പറയാനാണ്?" അവൾ ചിരിച്ചു. ചിരിക്കുമ്പോൾ ആ കണ്ണു നിറയുന്നത് അവൻ ശ്രദ്ധിച്ചു. 

"ശേഖരേട്ടന് എന്നേക്കാൾ മികച്ചതൊന്നിനെ വിധിച്ചിട്ടുണ്ട്. അതാ കാര്യം." അവൻ്റെ മുഖം മങ്ങി. 

"പട്ടാളത്തിലിരിക്കുമ്പോൾ നാട്ടിൽ നടക്കുന്ന വിശേഷമൊന്നും ശേഖരേട്ടൻ അറിയുന്നില്ലല്ലെ?" അവൾ ചോദിച്ചു. 

"എന്തു വിശേഷം?" അവന് ഒന്നും മനസ്സിലായില്ല. 

"അപ്പോൾ, അമ്മ ഒന്നും പറഞ്ഞില്ലെ?" 

"ഇല്ല." 

"എൻ്റെ വിവാഹം നിശ്ചയിച്ചു.." 

ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി അവന്.  

"വിരോധല്യ." അൽപ്പം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. ആകാശത്ത്, പ്രതീക്ഷയുടെ ചന്ദ്രനെ കാർമേഘക്കൂട്ടം അപ്പാടെ വിഴുങ്ങുന്നത് വേദനയോടെ അവൻ നോക്കി നിന്നു. 

"ഇത്തരം ആഗ്രഹം വല്ലതും ഉണ്ടെങ്കിൽ, നേരത്തെ പറയാമായിരുന്നില്ലെ ശേഖരേട്ടാ?" അവൾ ചോദിച്ചു. 

ആ ചോദ്യം ഒരു വലിയ ഗുഹയുടെ അങ്ങേ തലയ്ക്കൽ നിന്നാണ് വരുന്നത് എന്നവന് തോന്നി.  

എന്തേ കുട്ടി, നീയെന്നെ മറന്നു കളഞ്ഞത്? എന്നവൻ ചോദിച്ചില്ല, എന്തേ ഇതുവരെ എന്നെ അറിയാതെപ്പോയത് എന്നും.. 

അവൻ തിരിഞ്ഞു നടന്നു. യുദ്ധത്തിൽ തോറ്റു പോയ പടയാളിയെപ്പോലെ അവൻ! ഒരു നിഴൽപോലെ അവൾ പിന്നാലെയും. 

മേളവും വിളക്കുകളും വായ്ത്താരികളും അവനെത്തേടി അടുത്തേക്ക് വന്നു. ആളുകൾക്കിടയിൽ നഗ്നനാക്കപ്പെട്ടതുപോലെയും പരിഹസിക്കപ്പെടുന്നതുപോലെയും അവനു തോന്നി.  

തെക്കേ ഗേറ്റും കഴിഞ്ഞ് കുളപ്പടവിലെത്തിയപ്പോൾ, സ്വയം സൃഷ്ടിച്ചെടുത്ത ഇരുട്ടിൽ അറിയാതെ നിന്നു. താഴോട്ടിറങ്ങി നനഞ്ഞ കൽപ്പടവുകളിലൊന്നിൽ ഒട്ടിയിരുന്നു. ഒരു നനുത്തമഴ സംഗീതം പൊഴിച്ച് പിന്നെയും വന്നു. തുപ്പലം കൊത്തികളുടെ ആഹ്ലാദാരവം താഴെ അവൻ കണ്ടു. 

"തുപ്പലം കൊത്തികളെ, നിങ്ങളിൽ പരസ്പരം പ്രണയിച്ച് കഴിയുന്നവരുണ്ടോ?" അവൻ അവരോട് ആരാഞ്ഞു. 

"പ്രണയം എങ്ങനേയാണ് മറ്റുള്ളവരോട് പറയേണ്ടതെന്ന് എനിക്കൊന്നു പറഞ്ഞു തരാമോ?" അവൻ ചോദിച്ചു. 

ചാറ്റൽ മഴ വകവയ്ക്കാതെ, അവയവനെ നോക്കി.  

"അല്ലെങ്കിൽ വേണ്ട, ഇനിയതിൻ്റെ കാര്യമില്ല." അവൻ അവരോട് പറഞ്ഞു.  

"തുപ്പലം കൊത്തികളെ, ഞാൻ കരയുകയല്ല; എൻ്റെ കണ്ണിൽ മഴ പെയ്യുകയാണ്." അവൻ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി. 

രാത്രിമേളത്തിൻ്റെ ചലനങ്ങൾ അകന്നകന്നു പോയി. രാത്രി അകന്നുപോയി. ഉറക്കത്തിനും ഉണർവ്വിനും ആശയ്ക്കും നിരാശയ്ക്കും ജീവിതത്തിനും മരണത്തിനും ഇടയിൽ സാധാരണയായി കാണപ്പെടാറുള്ള ഒരു ദ്വീപിൽ അവനും പെട്ടുപോയി. 

"നീയിവിടെ ഒറ്റയ്ക്കിരിക്കുവാണോ?" ഇരുട്ടിൽ അമ്മയുടെ ശബ്ദം..  

"പൂരം കഴിഞ്ഞു. വാ, വീട്ടിൽ പോകാം." അവൻ അമ്മയോടൊപ്പം നടന്നു. 

"എന്താടാ മുഖം വല്ലാതെ?" 

"തലവേദന." 

"ഇതുവരേം മാറിയില്ലെ?" 

"മാറിയതാണ്, ഇപ്പോളെന്തോ..." 

"ങും. വീട്ടിൽ എനിക്ക്,‌ ഇനിയും ഒറ്റയ്ക്ക് വയ്യ ശേഖരാ." അവൻ അമ്മയെ കേട്ടതായി ഭാവിച്ചില്ല. മണിയണ്ണനും മണിയണ്ണൻ്റെ കൈയിലിരിക്കുന്ന കെട്ടുപോയ ഒരു തീപ്പന്തവുമായിരുന്നു അവൻ്റെ മനസ്സിൽ. 

"ഒട്ടും വയ്യാഞ്ഞിട്ടാ മോനെ, നീയെന്താ ഒന്നും മിണ്ടാത്തെ?" അവർ ചോദിച്ചു. അവൻ മിണ്ടിയില്ല. 

"ഞാൻ പറഞ്ഞത് ഇഷ്ടായില്ലാന്നു ണ്ടോ?" അവർ ആശങ്കപ്പെട്ടു. 

"അങ്ങനെയൊന്നുമില്ലമ്മേ." 

"നിൻ്റെ മനസ്സിൽ ആരെങ്കിലും കേറിക്കൂടീട്ടുണ്ടെങ്കിൽ പറഞ്ഞോ, ജാതീം മതോം ഒന്നും നോക്കണ്ട. അവർക്കിഷ്ടാണെങ്കിൽ നമുക്ക് അതങ്ങ് നടത്താം." 

"ഏയ്." 

"പിന്നെ?" അവൻ മിണ്ടിയില്ല. 

"എങ്കിൽ, എൻ്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. അതൊന്നാലോചിച്ചാലോ?" 

"എല്ലാം അമ്മയുടെ താൽപ്പര്യംപോലെ..." 

"അതാവുമ്പം നമ്മുടെ കൂട്ടരാ, പരസ്പരം അറിയേം ചെയ്യാം." അമ്മ പറഞ്ഞു. 

അതാരാണ് എന്നവൻ ചോദിച്ചില്ല, ആരായാലെന്ത്? ഇനിയിപ്പം അത് ചോദിച്ചിട്ടെന്ത്? ചോദിച്ചില്ലെങ്കിലെന്ത്? 

"ഇപ്പഴും കൂടെ അവളെ കണ്ട് സംസാരിച്ചേ ള്ളൂ. പോരാൻ നേരം അവളാ പറഞ്ഞത്, അമ്മേടെ മോൻ മയക്കുവെടി കൊണ്ട പിടി സെവനെപ്പോലെ ആ കുളക്കടവിലിരിപ്പുണ്ടെന്ന്." 

"ആരാ അങ്ങനെ പറഞ്ഞെ?" അവൻ ചോദിച്ചു. 

"കിഴക്കേടത്തെ ദേവൂൻ്റെ മോള്... അല്ലാതാര്? നീയെന്നു വച്ചാൽ ജീവനാ അവൾക്ക്.... അൽപ്പം കുസൃതിത്തരം കൂടുതലാന്നേയുള്ളൂ." അമ്മ പറഞ്ഞു. 

"അവളുടെ കല്യാണം നിശ്ചയിച്ചതാ അമ്മേ?" അവൻ പറഞ്ഞു. 

"ആര് പറഞ്ഞു നിന്നോട്?" 

"അത്, പിന്നെ..." 

"അവൾ പറഞ്ഞോ?" 

"ഏയ്, പറയുന്നത് കേട്ടു." 

"അവളതല്ല, അതിനപ്പുറം പറയും." അമ്മ ചിരിച്ചു. 

ആവേശത്തോടെ ജ്വലിച്ച് അണയാൻ നിൽക്കുന്ന അഗ്നിനാളങ്ങൾക്ക്, ആശ്വാസത്തിൻ്റെ എണ്ണ കോരിയൊഴിച്ച അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി ശേഖരന്. 

"ഇത്തവണ നീ വന്നിട്ട് കാണാൻ ചെല്ലാഞ്ഞതിൻ്റെ പരിഭവം തീർത്തതാടാ അവള്... അത് തീർക്കുമെന്ന്, നേരത്തെ പറഞ്ഞിരുന്നു." അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മ പറഞ്ഞു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ