മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

couple in beach

Ruksana Ashraf

തലേന്ന് രാത്രി നല്ല മഴ പെയ്തിരുന്നു. അതുകൊണ്ടുതന്നെ കടപ്പുറത്തെ മണലിന് നല്ല നനവ് ഉണ്ടായിരുന്നു. 'സൂസന്ന' ചുറ്റുപാടും ഒന്ന് നോക്കി. അന്തരീക്ഷമാകെ ഇരുട്ടിൽ ആണ്ടിരുന്നു.

വിശാലമായി പരന്നുകിടക്കുന്ന കടലിലേക്ക് അവൾ മിഴികൾ പായിച്ചു. ഇപ്പോൾ തന്റെ മനസ്സും കടലും ഒരുപോലെയാണ്. ചില സായന്തനങ്ങളിലെ ഓർമകൾ ഓരോന്നും അലയടിക്കുമ്പോൾ മനസ് ഒരു കടലുപോലെ പ്രക്ഷുബ്ധമാവുന്നു. അറ്റം കാണാത്ത കടലുംപോലെ, തന്റെ താളം തെറ്റിയ ജീവിതത്തിനും ഒരറ്റം ഇല്ലേ... അവൾ വേപഥു പൂണ്ടു.

"കടല കടല കടല..." ഒരു കൊച്ചു പയ്യൻ അങ്ങോട്ട് വന്നു.ആ വിളറിയ മുഖത്തെ രണ്ട് കണ്ണുകളിൽ 'സൂസന്ന' കണ്ടു, തന്നെ നോക്കിനിൽക്കുന്ന ആ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം. സാധാരണ ഈ പയ്യൻ അല്ലല്ലോ കടല വിൽക്കാൻ വരാറുള്ളത്, അവനെയിന്ന് കണ്ടില്ലല്ലോ? സൂസന്ന ചിന്തിച്ചു. "ചേച്ചി, ഒരു കടല വാങ്ങുമോ? നല്ല ചുടു കടലയാണ്." "വാങ്ങാലോ, കടലയെനിക്ക് ഇഷ്ടമാണ്. രണ്ടെണ്ണം തന്നേക്കൂ..." "കുട്ടിയുടെ പേര് എന്താണ്." പൈസയെടുത്ത് കൊടുത്ത് കടല വാങ്ങുമ്പോൾ അവൾ ചോദിച്ചു. "പേരോ?" അവൻ സ്വയം പരിഹസിച്ചെന്നവണ്ണം ചിരിച്ചു, എന്നിട്ട് പറഞ്ഞു. അധികമാളും എന്നെ ചെക്കനെന്നാണ് വിളിക്കാറ്. കൂടുതലൊന്നും സൂസന്നക്ക് ചോദിക്കാൻ തോന്നിയില്ല. അവന്റെ എല്ലുന്തിയ ശരീരവും ക്ഷീണിച്ച മുഖവും കണ്ടപ്പോൾ അവൾ ഓർത്തു. അധികമൊന്നും സ്വപ്നം കാണാൻ അറിയാത്ത ആ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം അവന്റെ കയ്യിലുള്ള കടല മുഴുവൻ വിറ്റു പോകണമെന്നല്ലേ... പാവം വിശപ്പിന്റെ വിളിയാണ് ഏറ്റവും വലിയ വികാരം. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവനെ കുറച്ചുനേരം നോക്കി നിന്നു. അപ്പോഴേക്കും അവൻ നടന്നു നീങ്ങിയിരുന്നു. മനസ്സിനൊരു സ്വസ്ഥതയും കിട്ടുന്നില്ലയെന്ന് തോന്നിയപ്പോൾ അവൾ നനഞ്ഞയിടം വകവെക്കാതെ ആ പൂഴിയിലേക്ക് അമർന്നിരുന്നു. തിരിഞ്ഞു പോലും നോക്കാതെ പോകുന്ന പയ്യനിലേക്ക് വീണ്ടും കണ്ണുകളുടക്കി. തലേന്നത്തെ സംഭവം അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

"അന്നാ നീ വന്നിട്ട് ഒരുപാട് നേരമായോ...?" രണ്ട് കടല പൊതിയുമായ് ഡേവിഡിനെ കാത്തിരിക്കുകയായിരുന്നു അവൾ. അയാളുടെ ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി.അയാൾ വരുമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. വീട് എവിടെയാണെന്നറിയില്ല; ഫോൺ നമ്പർ അറിയില്ല. എന്നും ഈ കടപുറത്ത് വന്ന് രണ്ട് കടല പൊതിയുമായി അവൾ കാത്തിരിക്കും, അയാൾക്കുവേണ്ടി. ഇടത്തെ സൈഡിലേക്ക് സൂസന്ന നോക്കുമ്പോൾ, നിറഞ്ഞ ചിരിയോടെയാണ് അയാൾ. അയാളെ അങ്ങിനെ കണ്ടപ്പോൾ ഓടി ചെന്ന് ആ നെഞ്ചിലേക്ക് വീണ് പരിഭവം പറയണമെന്ന് അവൾക്ക് തോന്നി. അയാളെ കാണാതെ വിരഹം പേറി അവൾക്ക് ഭ്രാന്തെടുത്തിരുന്നു. ആദ്യ കൂടി കാഴ്ച ഇവിടെ വെച്ചു തന്നെയായിരുന്നു. ഒറ്റകാഴ്ചയിൽ തന്നെ രണ്ട് പേർക്കും ആത്മീയമായി എന്തോ ഒരു അടുപ്പമുള്ളത് പൊലെ, തന്റെയാരെക്കെയോ ആണെന്ന തോന്നൽ.

"വരൂ... അയാൾ കൈനീട്ടി പതിവുപോലെ അവളുടെ കൈപിടിച്ചു എഴുന്നേൽപിച്ചു. കടപ്പുറത്തെ മണലിൽകൂടി അയാളെ തൊട്ടുരുമ്മി നടക്കുമ്പോൾ, അവളിൽ വീണ്ടും അസ്വസ്ഥത വർദ്ധിച്ചു.ആ നെഞ്ചിലെ ഇളം ചൂടിലേക്കൊന്ന് കുറുകി പിടയാൻ വേണ്ടി നെഞ്ചകം വല്ലാതെ തരിച്ചു. എങ്കിലും അവൾ എല്ലാം വിഴുങ്ങികൊണ്ട് പറഞ്ഞു.

"ഡേവിഡ്, നമുക്ക് ആ കൽതിണ്ണയിൽ ഇരുന്നാലൊ. നിന്റെ തോളിൽ തല ചായ്ച്ച് എനിക്ക് അസ്തമയം കാണണം."

അയാൾ വേറോതോ ലോകത്തായിരുന്നു. അയാളുടെ ഭാവം എന്താണെന്ന് കണ്ടുപിടിക്കാൻ അവൾ ഒരു പാഴ്ശ്രമം നടത്തി. എന്തൊക്കെയോ അസ്വസ്ഥതകൾ മിന്നി മാഞ്ഞു പോകുന്നതുപോലെ അവൾക്ക് തോന്നി.

"എന്തുപറ്റി ഡേവിഡ്, നിനക്കെന്തോവിഷമം ഉണ്ടല്ലോ..?" 

"നമുക്ക് യാത്രപറയാൻ സമയമായിരിക്കുന്നുവെന്ന് തോന്നുന്നു."അവളുടെ മുഖത്തേക്ക് നോക്കാൻ ശേഷിയില്ലാതെ അയാൾ പറഞ്ഞു. സൂസൻ അത് കേട്ട് ഒന്ന് ഞെട്ടിപ്പിടഞ്ഞു. അവൾക്കതൊരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു. തനിക്കും അത് വല്ലാത്തത്തൊരു ഹൃദയ വ്യഥയാണെന്ന് തിരിച്ചറിയുമ്പോൾ അയാളുടെ ഉള്ളകം പിടയുമെന്ന തിരിച്ചറിവുള്ളതുകൊണ്ട് ഹൃദയം കീറിമുറിയുന്നത് വകവയ്ക്കാതെ, അവൾ ചിരിയോടെ പറഞ്ഞു. "എനിക്കറിയാമായിരുന്നു, ഇന്നെന്നെ കാണാൻ വരും എന്ന്!" "എനിക്കും അറിയാമായിരുന്നു നീ എന്നെ കാത്തിരിക്കും എന്ന്!.

അയാൾ തണുത്ത സ്വരത്തിൽ പറഞ്ഞു." "കുട്ടീ.. ഇവിടെ വന്നു നിന്നോടൊത്ത് ഇങ്ങനെ നടക്കുമ്പോൾ, എന്റെ മനസ്സ്.." പിന്നെ അയാൾ ബാക്കി പറയാതെ,കുറച്ച് നേരം മൗനം തൂകി നിന്നു. "എന്താണ് പറയുക എന്ന് എനിക്കറിയില്ല, നൂല് വിട്ട പട്ടംപോലെ, സ്വയം നിയന്ത്രിക്കാൻ കഴിയാതെ, ഞാനങ്ങനെ അപ്പൂപ്പൻ താടിയെ പോലെയായിരിക്കുന്നു."

"അന്നാ... നീ എന്താണ് ഒന്നും മിണ്ടാത്തത്."

തനിക്ക് പറയാൻ എന്തൊക്കെയോ ഉണ്ടായിട്ടും, ഒന്നുമില്ലായിരുന്നുവല്ലോ... ഇയാളെ ഒരുപാട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നുപറയാൻ തനിക്ക് എന്താണ് അവകാശം. ഇയാളെ കുറിച്ച് ഓർത്ത് തന്റെ ദിനരാത്രങ്ങളോരോന്നും വിടരാൻ കഴിയാതെ കൊഴിഞ്ഞു പോവുകയാണെന്ന് എങ്ങനെ പറയും. 'എന്റെ ഡേവിഡ് എനിക്ക് നീയില്ലാതെ പറ്റില്ല! നിന്നെ കണ്ടുമുട്ടി അന്നുമുതൽ ഞാൻ നിന്നിൽ വളരെ അനുരക്തയായിരിക്കുന്നു.' ഇതൊക്കെ അയാളോട് പറയണമെന്നുണ്ടായിരുന്നു. എന്നാൽ പതിവുപോലെ വാക്കുകൾ വിഴുങ്ങിക്കൊണ്ടു നിന്നു.

"കുട്ടീ... നമ്മുടെ മുന്നിലുള്ള ഏക ഒരു സായാഹ്നമാണിത്. ഇനി നമ്മൾ തമ്മിൽ കണ്ടുമുട്ടുകപോലുമില്ല." "അതെന്താണ് എന്ന് " ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അത് ചോദിച്ചു തന്റെ മനസ്സിലേക്ക് ഈ സായാഹ്നത്തെ കീറിമുറിക്കാൻ ഇഷ്ടപ്പെട്ടില്ല. ഒരു ദീർഘശ്വാസമെടുത്ത് മുഖത്തു പുഞ്ചിരി വരുത്തി ഡേവിഡിന്റെ കൂടെ അങ്ങനെ നടക്കുമ്പോൾ, ആ നിമിഷം ജീവിതം ഒന്ന് നിശ്ചലമായെങ്കിൽ എന്ന് തോന്നിപ്പോയി.

"അന്നാ...എനിക്കറിയില്ല, നിന്നെ കണ്ടുമുട്ടിയത് മുതൽ എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത് എന്ന്. നിന്നെ എനിക്ക് നഷ്ടപ്പെടുന്നത് ആലോചിക്കുമ്പോൾ, എന്റെ ആത്മാവ് അകാരണമായി തേങ്ങുന്നു. ഈ കണ്ടുമുട്ടലുകൾ ഇന്നത്തോടുകൂടി അവസാനിക്കുകയാണ്. ഹൃദയം കീറിമുറിക്കുന്ന വേദന ഉണ്ടായിട്ടും, ആ വേദനയുടെ നീറ്റലിൽ ഞാൻ ജീവിച്ചു കൊള്ളും, അതും വല്ലാത്തൊരു സുഖമാണ്. ഈ അവസാന നിമിഷത്തിലെങ്കിലും നിനക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞുകൂടെ. നീയും എന്നെ സ്നേഹിച്ചിരുന്നു, എന്നൊക്കെ. നിനക്കായി തീർത്ത ഹൃദയത്തിന്റെ താളിലേക്ക്, ഈ വചനങ്ങൾ ഞാൻ കോറിയിടാം." സൂസന്ന പൊട്ടി പൊട്ടി ചിരിച്ചു. ഒരു ഭ്രാന്തിയെ പോലെ. ചിരിയുടെ ഒടുക്കം, ആ കണ്ണുകളിൽ ചുവപ്പു രാശി പടർന്നു, എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും അണപൊട്ടിയത് പോലെ, നീർത്തുള്ളികൾ താഴേക്ക് പതിച്ചു കൊണ്ടിരുന്നു. ഡേവിഡ് സൂസന്നയെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. എന്നിട്ട് ആ നെറ്റിയിൽ പതുക്കെ തന്റെ ചുണ്ടുകൾ കുറച്ചുനേരം ചേർത്തുവച്ചുകൊണ്ട് അയാൾ ശ്വാസം ആഞ്ഞുവലിച്ചു.

"കുട്ടീ... അയാൾ വിളിച്ചപ്പോൾ അവൾ ഒന്ന് കുറുകി പിടഞ്ഞു. ആ നെഞ്ചിലെ ചൂടിന്റെ പൊള്ളലിൽ അവൾ വാടി പോയിരുന്നു. അയാൾ വീണ്ടും വിളിച്ചപ്പോൾ അവളൊന്ന് ഞെട്ടി. "പോവാൻ നേരമായി. നിനക്കെന്നോട് എന്തെങ്കിലുമൊന്ന് ചോദിച്ചൂടെ." "ഈ കടപ്പുറത്തിലൂടെ നടന്ന് നമ്മൾ നനഞ്ഞ മഴയും, വെയിലും, എനിക്ക് കൂമ്പി അടയാനായ് ഈ നെഞ്ചിലെ ചൂടും, നീയെനിക്കായ് സമ്മാനിച്ച ഓരോ സായന്തനവും, എനിക്കൊന്നുകൂടെ പൂത്തുലയുവാൻ വേണ്ടി ഒന്ന് പുറകോട്ട് നടക്കണം. ഇവിടെ നിന്നെ കാത്ത് ഞാനെപ്പോഴും ഉണ്ടാവും. സുസന്ന, അയാളുടെ ചെവിയോരമായ് മൊഴിഞ്ഞു. അവളുടെ ചൂടു നിശ്വാസം തട്ടി അയാൾ ഒന്ന് ത്രസിച്ചെങ്കിലും അവളെ തന്നിൽനിന്ന് പതുക്കെ അടർത്തി മാറ്റി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയാൾ നടന്നു നീങ്ങി. അയാളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയ വേദന സഹിക്കാൻ കഴിയാതെ, അയാളും അലമുറയിടുകയായിരുന്നു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ