അടുത്ത കാലത്താണ് പലയിടങ്ങളിലും വെച്ച് അയാളെ കാണാൻ തുടങ്ങിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലായിരിക്കും കൂടുതലായും അയാളെ കാണുക.
കുളിച്ച്, കുറി തൊട്ട്, നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് ഏതെങ്കിലും കട തിണ്ണയിൽ അയാൾ നിൽക്കുന്നുണ്ടാവും. ചിലപ്പോൾ അലക്ഷ്യമായി നടക്കുന്നതും കാണാം. ചില സമയങ്ങളിൽ ഉറക്കെ സംസാരിക്കുന്നത് കാണാം. ആരോടെന്നില്ലാതെ…. ലോക കാര്യങ്ങൾ, ചരിത്രം, ആരോഗ്യ വിഷയങ്ങൾ എന്നിങ്ങനെ പലതും ഒരു ക്ലാസ് എടുക്കുന്നത് പോലെ….
ആരാണയാൾ…. നാൾക്ക് നാൾ ആ സംശയം വളർന്ന് കൊണ്ടിരുന്നു. എന്ത് കൊണ്ടോ അയാളോട് നേരിട്ട് ചോദിക്കാൻ തോന്നിയില്ല…
ഇടക്ക് ഒരു പരിചിതൻ പറഞ്ഞു… എവിടെയൊക്കെയോ ജോലി ചെയ്തയാളാവണം… എണ്ണിയാൽ ഒതുങ്ങാത്ത മേലധികാരികളുടെ ആട്ടും ചവിട്ടും ഏറ്റു വാങ്ങിയിട്ടുണ്ടാവണം…
അന്നും പതിവ് പോലെ ഓഫീസിലേക്ക് നടന്ന് കൊണ്ടിരിക്കുമ്പോൾ ആണ് എൻ്റെ ദേഹത്ത് തട്ടി തട്ടിയില്ലാ എന്ന മട്ടിൽ ഒരു വാഹനം കടന്ന് പോയത്. ആരെയെങ്കിലും ഇടിച്ച് വീഴ്ത്തും എന്ന മട്ടിൽ അമിത വേഗതയിലാണ് വാഹനം. ഞാനാ വാഹനം പോകുന്നത് നോക്കി നിൽക്കുമ്പോൾ അരികിൽ നിന്നും ശബ്ദമുയർന്നു.
"വാഹനങ്ങൾ നമ്മെയല്ല നിയന്ത്രിക്കേണ്ടത്. നമ്മൾ വാഹനത്തെയാണ് നിയന്ത്രിക്കേണ്ടത്. വാഹനമോടിക്കുന്നവർ അതെപ്പോഴും ഓർമ്മിക്കണം. ഓർമ്മിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു കടലാസ്സിൽ എഴുതി സ്റ്റീയറിംഗിൽ ഒട്ടിച്ച് വെക്കണം"
അയാൾ അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു.
പറയുന്നതിൽ കാര്യമുണ്ട്. പറയുന്നതിന്റെ പാതി മാത്രം കേട്ട ഒരാൾ പുലമ്പി… ‘ഭ്രാന്തൻ….’
ഭ്രാന്തൻ….ഞാനത് വെറുതെ ഉരുവിട്ട് കൊണ്ട് നടന്നു. ഭാര്യ ഇടക്കിടക്ക് എന്നെ വിളിക്കുന്ന വാക്ക്…
ഞാൻ തിരിഞ്ഞു നോക്കി….
അയാൾ അവിടെ തന്നെ നിൽക്കുന്നു….. അയാൾ ആരായിരിക്കും? അയാളെ തന്നെ നോക്കി നിന്നപ്പോൾ മനസ്സിലേക്ക് ഒരു ആധി പടർന്ന് കയറി.
അയാൾ എൻ്റെ പ്രതിബിംബം തന്നെയാണോ?