മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

mother

Ruksana Ashraf

'ശിവൻ' അന്ന് കളി കഴിഞ്ഞു അകത്തെത്തിയപ്പോൾ അവന്റെ തൊട്ടിലിൽ കിടന്ന അനിയത്തി കരയുകയായിരുന്നു. വീണ്ടും പുറത്തേക്ക് പോകാൻ വെമ്പിനിൽക്കുന്ന അവൻ അസ്വാസ്ഥ്യത്തോടെ അകത്തേക്ക് നടന്നതെങ്കിലും, തൊട്ടിൽവിടർത്തി തന്റെ അനിയത്തിയെ കണ്ടപ്പോൾ അവൻ വാത്സല്യത്തോടെ ചിരിച്ചു. അവന്റെ സാമീപ്യം അറിഞ്ഞപ്പോൾ കുഞ്ഞുമോണകാട്ടി അവളും ചിരിച്ചു.

തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ഇറക്കാൻ, കുഞ്ഞികൈകൾ കൊണ്ട് അവൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി. പക്ഷേ അവന് കഴിയുമായിരുന്നില്ല. പെട്ടെനെന്തോ ചിന്തിച്ചു നിന്നതിനു ശേഷം, അവൻ നിന്നിരുന്ന ഷെഡിന്റെ ടാർപോളിൻ മാറ്റി പുറത്തേക്ക് കണ്ണുകൾ പായിച്ചു. ഉച്ച വെയിലിന്റെ കാഠിന്യംമൂല്യം അവന്റെ കണ്ണുകളെ കാഴ്ച മറച്ചിരുന്നു. എന്നാലും അവനറിയാം, അമ്മ കോൺക്രീറ്റ് മിക്സർ മെഷിന്റെ അടുത്തുണ്ട്, തിരക്കിട്ട ജോലിയിൽ ആണെന്ന്.. മെഷീന്റെ ശബ്ദം അവന്റെ ചെവികളെ അസ്വാരസ്യപെടുത്തിയെങ്കിലും, ഇന്ന് കോൺക്രീറ്റ് ആയത് കാരണം ബിരിയാണി കിട്ടുമല്ലോ എന്നോർത്തപ്പോൾ, അവന്റെ മുഖമൊന്നു വിടർന്നു.

എന്നാൽ ആ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടായില്ല. പല്ലില്ലാത്ത തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിപെണ്ണിന് ബിരിയാണി കൊടുക്കുവാൻ കഴിയില്ലല്ലോ... അവര് രാവിലെ അങ്ങോട്ട് കൊണ്ടു വന്ന പ്ലാസ്റ്റിക് കൂടിൽ, ബിസ്ക്കറ്റ് എങ്ങാനും ഉണ്ടോ എന്ന് അവൻ പരതി. എന്നാൽ ഒന്നുമുണ്ടായിരുന്നില്ല. ഒരാഴ്ചയായി ഡാർപോളിൻ കൊണ്ടു മറച്ച വീട്ടിലായിരുന്നു ആ നാലുവയസ്സുകാരനും, അവന്റെ അനിയത്തി കുഞ്ഞിപെണ്ണും കഴിഞ്ഞിരുന്നത്.

അവന് അതൊരു കൊച്ചു സ്വർഗമായി തോന്നി. ആരെയും പേടിക്കാതെ പാറിപ്പറന്ന് നടക്കാം... അതിരാവിലെ വന്നു വൈകുന്നേരം ആറുമണിയോടടുക്കുമ്പോൾ ഇവിടെ നിന്ന് പോകുമെങ്കിലും, ആ വീട്ടിൽ പകൽ കിടന്ന് അവന് ഉറങ്ങാം ഭക്ഷണം കഴിക്കാം, പുറത്തുപോയി കളിക്കാം, അവന്റെ കുഞ്ഞു കണ്ണുകൾ ഇതൊക്കെ ആലോചിക്കുമ്പോൾ തിളങ്ങി വന്നു. ഉച്ചയ്ക്ക് അമ്മ 'സീത' ബിരിയാണിയുമായി വന്നു.

കുഞ്ഞിപ്പെണ്ണ് അപ്പോഴും തൊട്ടിലിൽ തന്നെയായിരുന്നു. സീത വേഗം കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു, പാലൂട്ടാൻ തുടങ്ങി. കുറച്ചുനേരം വലിച്ചു കുടിച്ചു പാൽ അധികം കിട്ടാതെയായപ്പോൾ വിശപ്പു മാറാതെ കുഞ്ഞിപ്പെണ്ണ് ചിണുങ്ങികരഞ്ഞു. ശിവൻ വേഗം കൈകഴുകി അമ്മയുടെ അടുത്തായി വന്നിരുന്നു. ബിരിയാണി പൊതി തുറന്നതും; "ഹാ...എന്താ ഒരു ഒരു മണം,"അവൻ നാസാദ്വാരത്തിലൂടെ ആഞ്ഞുവലിച്ചു. അപ്പോഴവന് വിശന്നിരിക്കുന്ന കുഞ്ഞിപെണ്ണിന്റെ കാര്യമൊന്നും ഓർമ്മ വന്നില്ല. കൊതിയോടെ ആ പൊതിയിലുള്ള പകുതി മുക്കാൽ ബിരിയാണിയും, ചിക്കൻ പീസും ആസ്വദിച്ചുകഴിച്ചു. അവൻ അങ്ങനെ കഴിക്കുന്നത് സീത മനസ്സുനിറഞ്ഞുകൊണ്ട് നോക്കിനിന്നു. പെട്ടെന്നവരുടെ മനസ്സിൽ വരും ദിവസങ്ങളിൽ കുട്ടികൾക്ക് എന്ത് കഴിക്കാൻ കൊടുക്കുമെന്നായിരുന്നു ചിന്ത. ഇന്നത്തോടെ ഇവിടത്തെ പണി തീർന്നു. കൂലി കിട്ടും, കിട്ടിയത് മുഴുവൻ അയാൾക്ക് കൊടുത്തിട്ടില്ലെങ്കിൽ, ചവിട്ടി അരക്കും. കുഞ്ഞിപ്പെണ്ണിന് തൊട്ടിലിൽ നിന്നെടുത്ത് എറിയാൻ നോക്കും. എന്തൊരു ഭ്രാന്തനാണയാൾ! എത്രയോ തവണ ഇറങ്ങി പോകാൻ പറഞ്ഞതാണ്. എന്നാൽ ക്യാഷ് തീരുമ്പോൾ വീണ്ടും വരും; ആ വഷള ചിരിയുമായി സോപ്പിട്ട് വരുമ്പോൾ, പഴയതൊന്നും ഓർമ്മയുണ്ടാവില്ല. "സീതേ ഇങ്ങോട്ട് വാടി," ആ വിളിയിൽ സീത മയങ്ങും... അപ്പോൾ അയാൾ അവളെ ഒന്ന് സ്നേഹത്തോടെ നോക്കും. ഇയാളുടെ ഉദ്ദേശം സീതയ്ക്ക് ശരിക്കും മനസ്സിലായാലും കുറച്ചു നേരമെങ്കിലും സ്നേഹം കിട്ടുമല്ലോ, എന്ന്ചിന്തിച്ച് വഴങ്ങി കൊടുക്കും. ശരീരത്തിലെ ഓരോ സിരകളെയും കത്തികൊണ്ട് വരയുമ്പോലെ അയാൾ വേദനിപ്പിക്കും. എന്നിട്ടും നിന്നുകൊടുക്കുന്നത്, ലക്ഷ്യത്തിലേക്ക് അടുക്കാൻ വേണ്ടിയുള്ള തേരോട്ടത്തിൽ, ചിലപ്പോൾ സീതയെ ഒന്ന് തഴുകുന്നതും, ഒന്നു മുറുക്കെ പിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ ആശ്രയമറ്റവൾക്ക്, ഇത്തിരി നേരമെങ്കിലും ഹൃദയത്തിൽ ഒരു കുളിർമയാണല്ലോ എന്ന് ചിന്തിച്ചിട്ടാണ്. എല്ലാം കഴിഞ്ഞ് കൂർക്കം വലിച്ചു കിടന്നുറങ്ങുമ്പോൾ, ശരീരം നുറുങ്ങുന്ന വേദന വകവയ്ക്കാതെ, അവൾ എണീറ്റിരുന്നു അയാളുടെ മുഖത്തേക്ക് നോക്കും. എന്നിട്ട് നെടുവീർപ്പിടും. 'പാവം മനുഷ്യൻ, സ്വബോധം ഇല്ലാഞ്ഞിട്ടല്ലേ!'

'ശിവൻ' "മതിയമ്മെ" എന്ന് പറഞ്ഞു കഴിക്കൽ നിർത്തി എണീറ്റു. "കുഞ്ഞിന് വയറു നിറഞ്ഞോ? വയറു നിറച്ചും തിന്നില്ലേ ... വീട്ടിൽ പോയാൽ പിന്നെ ഒന്നും തിന്നാന് ഉണ്ടാവില്ല. "അമ്മയ്ക്ക് വേണ്ടേ... അമ്മയുടെ ബിരിയാണി എവിടെ? " അവൻ കുഞ്ഞ് ശബ്ദത്തിൽ ചോദിച്ചു. "അമ്മയ്ക്ക് ഇത്രയും മതി." എനിക്ക് ബിരിയാണി അധികം ഇഷ്‌ടമില്ല. സീത കള്ളം പറഞ്ഞുകൊണ്ട് ശിവൻ കഴിച്ചു മതിയാക്കിയ ബിരിയാണിക്കുമുന്നിൽ ഇരുന്നു.

കുഞ്ഞിപ്പെണ്ണ് അപ്പോഴേക്കും തളർന്നു ഉറങ്ങിയിരുന്നു. കൂലി കിട്ടുന്ന പൈസകൊണ്ട്, വീട്ടിൽ എത്തുന്നത്തിനു മുമ്പ്; ഒരാഴ്ചത്തേക്ക് കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണമെന്ന് അവൾ തീരുമാനിച്ചു. കുഞ്ഞിനെ മടിയിൽ കിടത്തിക്കൊണ്ടുതന്നെയായിരുന്നു അവൾ ബിരിയാണി കഴിക്കാൻ ഇരുന്നത്. എന്നാൽ കുഞ്ഞ് വിശന്നു ഉറങ്ങുന്നതിനാൽ, നല്ല വിശപ്പ് ഉണ്ടായിട്ടും അവൾക്ക് ഭക്ഷണം ഇറങ്ങിയില്ല. വേസ്റ്റ് പുറത്തു കൊണ്ടുപോയിട്ട്, കൈ കഴുകി കൊണ്ട്, കുഞ്ഞിപെണ്ണിന്റെ തൊട്ടിൽ അഴിച്ചു, പ്ലാസ്റ്റിക് കൂടിലേക്ക് ഇട്ടു, പോവാൻ റെഡിയായി.

ശിവൻ അപ്പോൾ അമ്മയെ നോക്കുകയായിരുന്നു. അവന്റെ കുഞ്ഞു മുഖത്ത് കണ്ട സംശയം നിറഞ്ഞ നോട്ടം, മനസ്സിലായപ്പോൾ സീത പറഞ്ഞു. "നമ്മളിവിടെ നിന്ന് പോവുകയാണ്. ഇനി ഇങ്ങോട്ടേക്കില്ല." "അപ്പോൾ ഇങ്ങോട്ട് ഇനി വരില്ലേ അമ്മെ... "അവൻ നിഷ്കളങ്കയോടെ ചോദിച്ചു. "ഇല്ല." "എനിക്ക് ഈ വീട് ഭയങ്കര ഇഷ്ടമായിരുന്നു. കുഞ്ഞി പെണ്ണിന് തൊട്ടിലിൽ കിടക്കാം... എനിക്ക് എല്ലായിടത്തും ഓടി നടക്കാം. പിന്നെ വയറു നിറച്ചും ഭക്ഷണവും കിട്ടും." "ഇത് ടാർപോളിൻ കൊണ്ട് മറച്ച ഒരു കൂടല്ലേ മോനെ, ഇത് നിനക്ക് ഇത്രയും ഇഷ്ടപ്പെട്ടോ... ഒറ്റ മുറിയെങ്കിലും നമ്മുടേത് ഒരു വീട് തന്നെയല്ലേ..." സീത ഇങ്ങനെ ചോദിച്ചപ്പോൾ അവൻ കുറച്ചുനേരം എന്തോ ആലോചിച്ചു കൊണ്ടിരുന്നു. എന്നിട്ട് പതിയെ പറഞ്ഞു. "അമ്മയും ഞാനും കുഞ്ഞിപ്പെണ്ണും മാത്രമാണ് എനിക്കിഷ്ടം. ഇവിടെയാവുമ്പോൾ അച്ഛൻ ഇങ്ങോട്ട് വരില്ലലോ... പേടിയാണവിടെ നിൽക്കാനമ്മേ..." അവൻ ചിണുങ്ങി കൊണ്ട് പറഞ്ഞു. "അതു പറ്റില്ല മോനെ... ഇപ്പോൾ തന്നെ രാവിലെ മുതൽ വൈകുന്നേരംവരെ നിങ്ങൾ ഇവിടെ നിൽക്കുന്നതുകൊണ്ട്, കൂലിയിൽനിന്ന് 50 രൂപയാണ് അവർ കട്ട് ചെയ്യുന്നത്. പിന്നെ ഇവിടുത്തെ പണിയും കഴിഞ്ഞില്ലേ... ഇനി അമ്മയ്ക്ക് വേറെ സ്ഥലത്ത് പണി കിട്ടുകയാണെങ്കിൽ, നമുക്ക് അങ്ങോട്ട് പോകാം. സീത അത്‌ പറഞ്ഞപ്പോൾ അവന്റെ കുഞ്ഞി കണ്ണുകൾ വിടർന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ