"ആ നിങ്ങള് വന്നോ? ഞാനിത്രേം നേരം നാരാണീനോട് വാർത്താനോം പറഞ്ഞിറ്റ് റോഡില് നിക്ക്ന്ന്ണ്ടേനു, ഇപ്പൊ ഇങ്ങോട്ട് കേറിറ്റേ ഉള്ളു. രാവിലെ ബെരുംന്നു പറഞ്ഞ ആൾക്കാരാ സമയം നാലായല്ലോ ഇപ്പളാ നിങ്ങക്ക് വണ്ടി കിട്ട്യേ?"
കാർത്ത്യായനിയമ്മ പരാതി പറച്ചിൽ തുടങ്ങി. കാർത്യായനിയമ്മയുടെ മകൾ രാജിയുടെയും ഭർത്താവ് രമേശന്റെയും അവരുടെ മോള് അർച്ചനയുടെയും മാസമാസമുള്ള സന്ദർശനവേളകൾ എപ്പോഴും ഇങ്ങനെയാണ് തുടങ്ങാറ്. ആദ്യം കുറെ പരാതികൾ, പിന്നെ നാട്ടുവിശേഷങ്ങൾ അതും കഴിഞ്ഞ് പിറ്റേന്ന് അവരിറങ്ങാൻ നേരം ഒരു കരച്ചിലും പാസാക്കിയാലേ കാർത്യായനിയമ്മയ്ക്ക് സമാധാനം കിട്ടുള്ളു. ഭർത്താവ് മരിച്ചതിൽ പിന്നെ ആ 'അമ്മ ജീവിക്കുന്നത് മോളും കുടുംബവും വിരുന്നു വരുന്ന ദിവസങ്ങളിൽ മാത്രമാണ്. അന്ന് മാത്രമാണ് ആ വീട്ടിൽ ഒച്ചയും അനക്കവും ഉണ്ടാകുന്നത്. അല്ലാത്തപ്പോൾ കാർത്യായനിയമ്മയും വീടും ആരുമില്ലാതെ ഒറ്റപ്പെടും.
രമേശനും അർച്ചനയ്ക്കും ഈ പരാതികളും നാട്ടുവിശേഷങ്ങളും കേൾക്കാൻ നല്ല ഇഷ്ട്ടാണ്. കാർത്യായനിയമ്മ ഇട്ട സുലൈമാനിയും അവര് മേശപ്പുറത്ത് കൊണ്ട് വെച്ച പയ്യോളി മിക്സ്ചറും കഴിച്ച് അവരങ്ങനെ അതും കേട്ടിരിക്കും. എല്ലാ മാസവും ഇത് തന്നെ പരിപാടി. പരാതികളും വിശേഷങ്ങളും മാത്രം മാറിക്കൊണ്ടിരിക്കും. ചിലപ്പോ മീൻകാരൻ മമ്മദിന്റെ മോൻ ഗൾഫിൽ പോയി ജയിലിലായതിനെ കുറിച്ച് അല്ലെങ്കിൽ അയലത്തെ നാരായണീടെ കാലിലെ നീര് മാറാത്തതിനെ കുറിച്ച് പിന്നെ നാട്ടിലെ കല്യാണങ്ങൾ, മരണങ്ങൾ, ഒളിച്ചോട്ടങ്ങൾ അങ്ങനെ എത്രയെത്ര വിശേഷങ്ങൾ... കഴിഞ്ഞ തവണ രാജിയും രമേശനും പോയ ദിവസം തൊട്ട് ഇന്ന് കയറിവരുന്നതിന് മുൻപ് വരെ നാട്ടിൽ സംഭവിച്ച സകല കാര്യങ്ങളും പറഞ്ഞു തീർക്കും കാർത്യായനിയമ്മ. ഇടയ്ക്ക് ചിലപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞെന്നുമിരിക്കും. എന്നാലും രമേശനും അർച്ചനയും അത് തിരുത്താൻ പോകാറില്ല.
രാജി അപ്പോൾ അടുക്കളയിൽ എന്തേലും ജോലിയിൽ ആയിരിക്കും. ജോലിക്കിടയിലും അടുക്കളയോളം കേൾക്കുന്ന അവരുടെ സംഭാഷണങ്ങൾക്ക് അവളും കാതോർക്കും. രമേശനും അർച്ചനയ്ക്കും ഇതൊരു നേരമ്പോക്കാണ്. നഗരത്തിരക്കിൽ നിന്ന് ഒരു ദിവസം ഒഴിഞ്ഞു മാറുമ്പോൾ കിട്ടുന്ന ഒരു സുഖം. പക്ഷെ രാജി നാട്ടിൽ വരുന്നത് അമ്മയുടെ വിശേഷങ്ങൾ കേൾക്കാനായി മാത്രം അല്ല. മാസത്തിൽ ഒരു ദിവസം സ്വന്തം വീട്ടിൽ, അമ്മയുടെ കൂടെ... കല്യാണം കഴിഞ്ഞിട്ട് അത് മുടക്കിട്ടേ ഇല്ല. വീട്ടിൽ എത്തിയാൽ രാജി പഴയ അമ്മക്കുട്ടിയാവും. അമ്മയുടെ സാരിത്തുമ്പ് പിടിച്ചു പിന്നാലെ നടക്കുക, തലയിൽ എണ്ണയിടാത്തതിനും നേരത്തും കാലത്തും കുളിക്കാത്തതിനും അമ്മയുടെ വഴക്ക് കേൾക്കുക, അമ്മയുണ്ടാക്കുന്നതൊക്കെ കഴിച്ചു തീർക്കുക പിന്നെ രാത്രിയിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങുക. വീട്ടിൽ വന്നാൽ അമ്മയുടെ കൂടിയേ കിടക്കുകയുള്ളൂന്ന് രമേശനോട് അവൾ ആദ്യമേ പറഞ്ഞു വെച്ചിട്ടുള്ളതാണ്. അയാളത് സമ്മതിക്കുകയും ചെയ്തു. എന്നാലും ഇടയ്ക്ക് അയാൾ പരിഭവം പറയും. വീട്ടിൽ വന്നാൽ നീ കാർത്യായനിയമ്മയുടെ മോള് മാത്രമാകും, എന്നേം മോളേം മറക്കും എന്ന്.
ശരിയാണ്, വീട്ടിൽ എത്തിയാൽ രാജി ആളാകെ മാറും. മുറികളിൽ നിന്ന് നടുമുറിയിലേക്കും അവിടെ നിന്ന് അടുക്കളയിലേക്കും തിരിച്ചും അവൾ നടന്നു കൊണ്ടിരിക്കും. എത്ര ദൂരെ ചെന്നാലും അവളെ ആ വീട് വിളിക്കും. ഓടി വന്ന് ആകാതിരിക്കാനായി കൈ നീട്ടി വിളിക്കും. വീട്ടിൽ എത്താൻ പറ്റിയില്ലെങ്കിൽ രാജിക്ക് ഒരു വീർപ്പുമുട്ടലാണ്. അതുകൊണ്ടാണ് ഇത്ര ദൂരെയായിട്ടും മാസമാസമുള്ള വീട് സന്ദർശനം അവൾ ഒഴിവാക്കാത്തത്. ഒച്ചയും അനക്കവും ഇല്ലാത്ത, ആരും വരാനും പോകാനുമില്ലാത്ത രാജിയുടെ വീട്. അവളുടെ ഒളിത്താവളം. രാത്രി കിടക്കുമ്പോൾ അവൾ അമ്മയോട് കൂടുതൽ ചേർന്ന് കിടക്കും. അമ്മയ്ക്ക് നല്ലൊരു മണമാണ്. ലോകത്ത് വേറാർക്കും ഇല്ലാത്ത ഒരു പ്രത്യേക സുഗന്ധം. രാജി അത് ആവോളം മൂക്കുവിടർത്തി വലിച്ചെടുക്കും. അടുത്ത മാസം വരും വരെ ആ മണം അങ്ങനെ തന്നെ നിലനിൽക്കണേയെന്നു അവൾ ആഗ്രഹിക്കും. കാർത്യായനിയമ്മയുടെ വിരലുകൾ രാജിയുടെ തലയിൽ ഇല്ലാത്ത പേൻ തിരയുകയാവും അപ്പോൾ. അതിന്റെ സുഖത്തിലാണ് അവൾ ഉറക്കത്തിലേക്ക് വഴുതി വീഴാറുള്ളത്.
വീട്ടിൽ വന്നു കേറിയിട്ടിപ്പോ നേരം സന്ധ്യയായി. ഇപ്പോഴും അമ്മയുടെ വിശേഷം പറച്ചിൽ തീർന്നിട്ടില്ല. "നിനക്കറിയോ രമേശാ നമ്മളെ ചായപീട്യക്കാരൻ ചീരനെ? ഓൻ മിനിഞ്ഞാന്ന് മരിച്ചോയി". "ഏത് ? ആ വളവിലെ കടയിലെ ചേട്ടനോ ? ". "ആ അതെന്നെ ". "ചീരനോ ? അതെന്തു പേരാ അമ്മമ്മേ ? " അച്ചൂന് സംശയം. "ഈട ശ്രീധരനെ എല്ലാരും ചീരൻ ന്നാ പറയുവ". കാർത്യായനിയമ്മ തുടർന്നു. "കൊറച്ചായി കെടപ്പിലേനു, ഓന് ബീടും കുടീം എല്ലാം ആ പീട്യാ. ആട തന്നെയേനു ഓൻ ബെക്കലും കെടക്കലും. ഓന്റെ ഓള് പോയിറ്റ് കൊല്ലം കൊറേയായി. മക്കളും ഇല്ല, സ്വന്തക്കാരും ഇല്ല. ആരും നോക്കാനില്ലാണ്ട് ആ പീട്യെ തന്നെ കെടന്നു മരിച്ചു. മരിച്ചതാരും അറിഞ്ഞില്ല. പുഴു കേറി കഴിഞ്ഞിറ്റാ ആളോള് കണ്ടതെന്നെ... "
എന്നെ രാജിന്റച്ഛൻ കെട്ടീറ്റ് വരുന്നേനു മുൻപേ ആട ആ പീട്യണ്ട്. ഈ നാട്ടിലെ തന്നെ ആദ്യത്തെ ചായപീട്യെനു പോലും അത്. രാജിന്റച്ഛന് എന്റെ കയ്മ്ന്ന് രാവിലെ ചായ കുടിച്ചാലും പോണം ചീരന്റെ പീട്യെല് ചായ കുടിക്കാൻ. ആടന്ന് ചായേം കുടിച്ച് പത്രോം വായിച്ചിറ്റേ ഇവളച്ഛൻ പണിക്ക് പോകല്ണ്ടായിരുന്നുള്ളു. നല്ലൊരു ആളേനു ചീരൻ. നാട്ടിലെ ഏത് കാര്യത്തിനും ഓൻ മുമ്പില്ണ്ടാകും. മങ്ങല പൊരേല് സഹായിക്കാനും കുയി മൂടുന്ന വീട്ടില് ചായ കൊടുക്കാനും ഓൻ ആദ്യം എത്തും. ഭയങ്കര ധൈര്യാ ഓന്. പണ്ട് രാജിന്റെ ഒപ്പരം പഠിച്ച മഞ്ജു ആ പീട്യെന്റപ്പറത്തെ പൊട്ട കിണറ്റില് കാല് തെറ്റി വീണപ്പോ നാട്ടാരെല്ലാം ഓടികൂടി.എന്നിറ്റോ ഇറങ്ങി രക്ഷിക്കാൻ ആരും ഇല്ല. ഇരുപത്തിനാല് കോലുള്ള കെണറല്ലേ. ഉള്ളില് ശ്വാസം പോലും ഇണ്ടാവൂല. അവസാനം ചീരൻ ഇറങ്ങിറ്റാ ആ പെണ്ണിനെ പൊറത്തെടുത്തെ. പൊറത്തെടുക്കുമ്പോ ആ കുഞ്ഞിക്ക് ജീവനുണ്ടായിരുന്നു. പക്ഷെ ആസ്പത്രീല് എത്തുമ്പോളേക്ക് പോയി. അയിന് ശേഷാ എന്റെ മോള് ഒറ്റക്കായെ. മഞ്ജുഉം രാജിയും അത്രയ്ക്ക് കൂട്ടായിരുന്നു. എപ്പോളും ഒന്നിച്ചേ നടക്കുള്ളൂ. ചെറുപ്പത്തില് അവര് കാണിക്കാത്ത കുരുത്തക്കേടില്ല. ഇവളച്ഛന്റെ എത്ര തല്ല് വാങ്ങിക്കൂട്ടിറ്റ്ണ്ടെന്നോ". "ആര് അമ്മയോ " അർച്ചനയ്ക്ക് അത്ഭുതം. അവൾക്കറിയുന്ന അവളുടെ 'അമ്മ ഒരു മിണ്ടാപ്പൂച്ചയാണ്. പി.ടി.എ മീറ്റിങ്ങിനു വന്നാൽ പോലും ആരോടും മിണ്ടില്ല. ഒരു ചിരി, അതിലൊതുങ്ങും എല്ലാം. അയൽക്കാരോട് പോലും കൂട്ടില്ല. "നിന്റെ 'അമ്മ തന്നെ. പണ്ട് ഒരൂസം ഇവളച്ഛന്റെ കയ്മ്ന്ന് മട്ടല് കൊണ്ട് നല്ല ബീക്ക് കിട്ടി. അതോടെ എന്റെ മോള് നന്നായി." കാർത്യായനിയമ്മ കുലുങ്ങി ചിരിച്ചു. "അമ്മേ ആ മടല് ഇവിടെ ഉണ്ടെങ്കിൽ അച്ചൂനും കൊടുക്കണം രണ്ടടി. ദിവസം കഴിയുംതോറും ഇവള് വഷളായിക്കൊണ്ടിരിക്കുവാ. ഒരനുസരണയും ഇല്ല, ഒരാളെയും പേടിയും ഇല്ല. സ്കൂളിന്ന് എന്നും പരാതിയാ. അച്ചൂന്റെ കരാട്ടെ ക്ലാസാ എല്ലാത്തിനും കാരണം. അവൾ അവിടെന്നു ഓരോന്ന് പഠിച്ചിട്ട് വരും എന്നിട്ട് ക്ലാസ്സിലെ പിള്ളേരുടെ മേലെ അത് പരീക്ഷിക്കും. ഞാൻ അപ്പോഴേ പറഞ്ഞതാ രാജിയോട് അവളെ വല്ല ഡാൻസ് ക്‌ളാസ്സിനും വിട്ടാൽ മതി. കരാട്ടെയൊന്നും പഠിപ്പിക്കണ്ടാന്നു". "ഈ അച്ഛൻ ചുമ്മാ പറയുവാ അമ്മമ്മേ. ഞാൻ നല്ല കുട്ടിയാ. പിന്നെ എന്നോട് ഇങ്ങോട്ടു ഫൈറ്റ് ചെയ്യാൻ വന്നാൽ ഞാൻ ചുമ്മാ കൈ കെട്ടി നിക്കണോ ?" അച്ചു ചിണുങ്ങി. "അതെന്നെയാ വേണ്ടത് മോളെ..." കാർത്യായനിയമ്മ അച്ചനെ ഒന്നുടെ ചേർത്ത് നിർത്തി.
"അതല്ലമ്മമ്മേ അമ്മയ്‌ക്കെന്തിനാ തല്ല് കിട്ടിയേ ?". "ഓ അതോ, അത് മുള്ളിക്ക പറിക്കാൻ പോയിറ്റ്." "മുള്ളിക്കയോ അതെന്താ സാധനം ? " അച്ചൂന് പിന്നേം സംശയം. "അതൊരു മുൾച്ചെടിന്റെ കായാ. അതങ്ങനെ പടർന്നു പന്തലിച്ചു കെടക്കും. ഒരു കുരുമുളകിന്റെ വലിപ്പമേ ഉണ്ടാകുള്ളൂ അതിനു. ആദ്യം നല്ല പച്ച നിറമായിരിക്കും പഴുക്കുംതോറും കറുത്ത് കറുത്ത് വരും." "നിനക്കറീലെ രമേശാ... ? നിങ്ങടെ നാട്ടിൽ എന്താ അതിനു പറയുവ ? തൊടലി മുള്ളെന്നോ മറ്റോ അല്ലെ ? ". "ഓ അതാണോ ഈ മുള്ളിക്ക ? , എന്നിട്ട് 'അമ്മ ബാക്കി പറയ് ...". രമേശൻ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് ഒന്ന് ഏന്തി നോക്കി. "ഈ മരിച്ചു പോയ ചീരന്റെ പീട്യെന്റെ പുറകില് മുഴുവൻ മുള്ളിക്ക കാടേനു. രാജി ഓളച്ഛന്റെ കീശയിൽ നിന്ന് പൈസേം കട്ടിറ്റ് ചീരന്റെ പീട്യെല് പോയി മുട്ടായി വാങ്ങിക്കും . അതും പോരാഞ്ഞിട്ട് മുള്ളിക്ക കാട്ടില് പോയി മുള്ളിക്കയും പറിച്ചു തിന്നും. ആട പാമ്പ്ണ്ടാകും മുള്ളിക്കേല് പാമ്പ് കൊത്തിട്ട്ണ്ടാകും എന്നൊക്കെ പറഞ്ഞാലും ഈ പെണ്ണ് കേക്കണ്ടേ. ഒരൂസം മുള്ളിക്ക പറിക്കാൻ പോയിറ്റ് മുള്ളും കൊണ്ട് കയ്യും മുറിച്ചിറ്റ് ഇവളോടി വന്ന്. വന്ന് നിന്നത് അച്ഛന്റെ മുന്നിൽ. മുറ്റത്ത് ഓണക്കാനിട്ട മട്ടല് കൊണ്ട് നല്ലോണം കിട്ടി അടി. അന്ന് രാത്രി വരെ പടിഞ്ഞാറ്റേല് മൂലക്കിരുന്നു കരഞ്ഞു ഇവള്. അവസാനം ഞാൻ പോയി എണീപ്പിച്ചു കുളിമുറി കൊണ്ടോയി മുറിവെല്ലാം കഴുകി മരുന്നും വച്ച് ചോറും വാരി കഴിപ്പിച്ചിറ്റാ രാജി കരച്ചില് നിർത്തിയെ. അതിനു ശേഷം എന്റെ മോള് പൈസ കട്ടിറ്റ് മുട്ടായി വാങ്ങിറ്റും ഇല്ല, മുള്ളിക്ക പറിക്കാൻ കാട്ടിൽ പോയിറ്റും ഇല്ല. " കാർത്യായനിയമ്മ പറഞ്ഞു നിർത്തി. രമേശന്റെയും അച്ചൂന്റെയും പൊട്ടിച്ചിരി നടുമുറിയിൽ ഉയർന്നു.
രാജി അപ്പോൾ മുഴുത്ത മുള്ളിക്കകളെ കുറിച്ചോർക്കുകയായിരുന്നു. കുരുമുളക് വണ്ണത്തിൽ പച്ചിലകൾക്കിടയിൽ കറുത്ത് തുടുത്ത മുള്ളിക്കകൾ. ഓർക്കുമ്പോൾ വായിൽ പുളി കലർന്ന മധുരത്തിന്റെ തരി തരിപ്പ് ഇറങ്ങി വന്നു. കുറ്റികാടിനുള്ളിൽ പാമ്പിൻ പുറ്റുകളും മുള്ളുകളും കടന്നു ചെന്ന് എന്നെങ്കിലും അവയൊക്കെ കയ്യെത്തി പിടിച്ചു വായിലാക്കണമെന്നു അവൾ എന്നും ആഗ്രഹിക്കാറുണ്ടായിരുന്നു. വഴിയിലാരെങ്കിലും കണ്ടാൽ വീട്ടിൽ പറഞ്ഞു തല്ല് കൊല്ലുമെന്നോർത്തു മാത്രം അവൾ പഴുത്ത മുള്ളിക്കകളെ കണ്ടിട്ടും കാണാത്ത പോലെ നടന്നു. പക്ഷെ അന്ന് വഴിയിൽ ആരും ഉണ്ടായിരുന്നില്ല. ചീരാട്ടന്റെ പീട്യെലും പതിവുകാരില്ല. ആരെങ്കിലും കാണുന്നതിന് മുൻപ് കിട്ടാവുന്നത്ര പറിച്ചു യൂണിഫോമിന്റെ കീശയിലാക്കണം എന്ന് കരുതിയാണ് മുള്ളിക്ക കാട്ടിലേക്ക് ഇറങ്ങി ചെന്നത്. പിന്നീട് നടന്നതോർക്കുമ്പോൾ രാജിയുടെ ചെവിയിൽ വീണ്ടും ആ ശബ്ദം. "ഞാനും നോക്കട്ടെ മുള്ളിക്ക പഴുത്തോന്ന്" പിന്നിൽ ചീരൻ. അയാളുടെ കണ്ണുകൾക്കും അപ്പോൾ മുള്ളിക്കയുടെ തിളക്കമായിരുന്നു. ഓടി പോകാൻ കഴിയാത്തവണ്ണം മുള്ളുകൾക്കിടയിൽ കുടുങ്ങി പോയി അവൾ. മേലാകെ മുള്ളുകൾ കൊണ്ട് വരഞ്ഞു നീറി. ഉടലിൽ പാമ്പുകൾ ഇഴഞ്ഞു നടക്കും പോലെ. അതിന്റെ തണുപ്പിൽ രാജിയുടെ മനസ് മരവിച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. എങ്ങനെയൊക്കെയോ പിടഞ്ഞെണീറ്റ് ആ കാട്ടിൽ നിന്ന് രാജി ഇറങ്ങി ഓടി. വീട്ടിലേക്ക്... അമ്മയുടെ അടുത്തേക്ക്.... മുള്ളു കൊണ്ട് കീറി ചോര പൊടിയുന്ന കൈകൾ കാണിക്കാൻ. മുള്ളിക്ക കാട്ടിലെ പാമ്പിനേക്കാൾ വലിയ വിഷജന്തുവിനെ കുറിച്ച് പറയാൻ. പക്ഷെ അച്ഛന്റെ അടിയിൽ എല്ലാം മറന്നു അവൾ..... കരയാൻ മാത്രമേ പിന്നെ കഴിഞ്ഞുള്ളു. ഓർമ്മകളുടെ മുള്ളുകൾ വീണ്ടും വീണ്ടും വരഞ്ഞു മുറിവേൽപ്പിക്കുന്നു. കണ്ണുകൾ വീണ്ടും നിറയുന്നു. പടിഞ്ഞാറ്റയിൽ ഇരുട്ടിൽ പോയിരുന്ന് കരയാൻ തോന്നി രാജിക്ക്.
"നീ എന്താലോചിച്ചിരിക്കുവാ പെണ്ണെ? അവർക്ക് വിശക്കുന്നുണ്ടാകും." ഭൂതകാലത്തിൽ നിന്നും ഇറങ്ങി വന്ന് രാജി അടുക്കളയിൽ പാത്രങ്ങൾ പരതി. രാത്രി രാജി കാർത്യായനിയമ്മയെ ഒന്നുടെ കെട്ടിപിടിച്ചു കിടന്നു. 'അമ്മ അവളുടെ മുടിയിഴകളെ തഴുകിയൊതുക്കി. മുള്ളിക്കകാട്ടിലെ പാമ്പിന്റെ സീൽക്കാരമായിരുന്നു രാജിയുടെ മനസ് മുഴുവൻ. സ്വപ്നത്തിൽ യൂണിഫോമിട്ട് അവൾ പിന്നേം മുള്ളിക്ക കാട്ടിലേക്ക് നടന്നു കയറി. അവിടെ കൂർത്ത മുള്ളുകൾക്കിടയിൽ പാമ്പിൻ പുറ്റുകൾക്ക് മേലെ ചീരൻ പുഴുവരിച്ചു കിടന്നു. രാജി അത് കണ്ട് പുഞ്ചിരിച്ചു.