(T V Sreedevi )
അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു. പെട്ടെന്ന് ആഹ്വാനം ചെയ്യപ്പെട്ട ഒരു ഹർത്താൽ. എസ്. എസ്. എൽ. സി. പരീക്ഷക്കു മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയത്താണ് ഈ ഹർത്താൽ. അവധി പ്രഖ്യാപിച്ചിട്ടുമില്ല.
അപ്പോഴാണ് അന്നത്തെ ഞങ്ങളുടെ പ്രധാനാധ്യാപികയായിരുന്ന വസുമതി ടീച്ചറിന്റെ ഫോൺ വന്നത്.
"ദേവീ നമുക്ക് നടന്നു പോയാലോ?
കുറച്ചു ജോലികൾ തീർത്തിട്ട് വേഗം മടങ്ങാം." അവർ പറഞ്ഞു.
"ഒരു സാഹസമാകുമോ?" ഞാൻ ചോദിച്ചു.
"ഒന്നുമില്ല. റെഡിയായിക്കോ ഞാൻ ദാ... എത്തിക്കഴിഞ്ഞു!" ടീച്ചർ പറഞ്ഞു.
അങ്ങനെ ഞങ്ങൾ സ്കൂളിലേക്കു നടന്നു. വാഹനങ്ങൾ കുറവായിരുന്നത് കൊണ്ട്തി രക്കൊഴിഞ്ഞ റോഡിലൂടെ നടക്കാൻ സുഖമായിരുന്നു. മാഡം പണ്ടത്തെ വിശേഷങ്ങൾ ധാരാളം എന്നോടു പറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഒരു നല്ല ശ്രോതാവായി! മാഡം കൈയിൽ കരുതിയിരുന്ന ഉപ്പേരിയും കൊറിച്ചുകൊണ്ട് ഞങ്ങൾ നടന്നു. നടപ്പിന്റെ ക്ഷീണം അറിഞ്ഞതേയില്ല.
കവലയിൽ ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. ജീപ്പ് മറികടന്ന് മുന്നോട്ടു നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു വിളി.
"ദേവൂസേ... ഒന്നു നിന്നേ! എങ്ങോട്ടാ ഈ പാഞ്ഞുപോകുന്നേ? ഹർത്താലായിട്ട് വീട്ടിലിരുന്നാൽ പോരെ?" തിരിഞ്ഞു നോക്കിയപ്പോൾ എന്റെ വലിയമ്മയുടെ മകൻ സുദേവൻ. പോലീസ് യൂണിഫോമിൽ ജീപ്പിൽ നിന്ന് ഇറങ്ങിവരുന്നു. ഞങ്ങൾ സമപ്രായക്കാരാണ്. വസുമതി ടീച്ചറിന്റെ നേർക്ക് അവൻ കൈകൾ കൂപ്പി.
"ബോയ്സ് സ്കൂളിൽ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു." അവൻ പറഞ്ഞു.
"ഇനി നടക്കേണ്ട. ജീപ്പിൽ കയറിക്കോ...ഞങ്ങൾ അവിടെയിറക്കാം."
അവന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ ജീപ്പിൽ കയറി. സ്കൂൾ ഗ്രൗണ്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ ഞങ്ങളെ ഇറക്കി ജീപ്പ് തിരിച്ചുപോയി.
പെട്ടെന്ന് ഞങ്ങൾ പിടിച്ചു കെട്ടിയ പോലെ നിന്നു. തൊട്ടപ്പുറത്തെ മുള്ളു വേലി കെട്ടിത്തിരിച്ച ചെറിയ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ അയ്യോ! എന്നുള്ള നിലവിളി! പുറകേ അടിയുടെ ഒച്ചയും.
"മര്യാദക്ക് കാശെടുക്കടീ. അല്ലെങ്കിൽ നിന്നെ ഇന്നു ഞാൻ കൊല്ലും!" ഒരു പുരുഷന്റെ ആക്രോശം.
"ഇല്ല... ഞാൻ തരില്ല... ഈ കാശ് കള്ള് കുടിക്കാൻ ഞാൻ തരില്ല. ഇതെന്റെ പിള്ളേർക്ക് കഞ്ഞിക്കുള്ള അരി മേടിക്കാനുള്ളതാ. എന്റെ മോന് ബുക്ക് വാങ്ങാനുള്ളതാ..." അവർ ഉച്ചത്തിൽ കരഞ്ഞു.
"എന്നാ...നിന്റെ മോനെ ആദ്യം കൊല്ലാം!"
"പിന്നെ നീ ആർക്കാ ബുക്ക് വാങ്ങുന്നതെന്ന് കാണട്ടെ..."
"മോനേ...ഓടി രക്ഷപെട്ടോടാ... ഇയാൾ നിന്നെക്കൊല്ലും." ആ സ്ത്രീ വിളിച്ചു പറഞ്ഞു.
അയൽക്കാരൊന്നും ഇടപെടുന്നില്ല എന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു.
പെട്ടെന്ന് വീടിനുള്ളിൽ നിന്നും ഊർന്നുപോയ നിക്കർ വാരിപ്പിടിച്ചുകൊണ്ട് ഒരാൺകുട്ടി പുറത്തേയ്ക്കോടി വന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അമൽ ആയിരുന്നു അത്. ഞങ്ങളെ കണ്ട് അവൻ പെട്ടെന്ന് നിന്നു. വസുമതി ടീച്ചർ അവനെ ചേർത്തു പിടിച്ചു. എന്തോ ഒരു തോന്നലിൽ ഞാൻ മൊബൈൽ എടുത്ത് സുദേവന്റെ നമ്പറിൽ വിളിച്ചു. വിവരങ്ങൾ അറിഞ്ഞപ്പോൾ അവൻ പറഞ്ഞു. "നിങ്ങൾ അവിടെത്തന്നെ നിന്നോ. ഞങ്ങൾ ദാ ഉടൻ എത്താം."
നിമിഷങ്ങൾക്കുള്ളിൽ ജീപ്പ് എത്തി.
യൂണിഫോമിലുള്ള മൂന്നു പോലീസ്കാർക്കൊപ്പം ഞാനും, ടീച്ചറും ആ വീട്ടിലേക്ക് കയറിച്ചെന്നു. ടീച്ചർ അപ്പോഴും അമലിനെ ചേർത്തു പിടിച്ചിരുന്നു.
അടിയും, തെറിവിളിയും അപ്പോഴും തുടരുന്നുണ്ടായിരുന്നു.
"ഇങ്ങോട്ടിറങ്ങി വാടോ." മുറ്റത്ത് നിന്ന് സുദേവൻ ആജ്ഞാപിച്ചു.
"ഏത്...മോനാടാ എന്റെ മുറ്റത്ത് നിന്ന് കൂവുന്നത്?" ഒരു തെറിയും പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി വന്നു.
മുറ്റത്ത് പോലീസിനെക്കണ്ടപ്പോൾ അയാൾ തറഞ്ഞു നിന്നു. ഓടാൻ ശ്രമിച്ച അയാളെ ഒറ്റക്കുതിപ്പിന് സുദേവൻ പിടികൂടി.
കവിളത്തു കിട്ടിയ ഒറ്റ അടിയിൽ അയാൾ കുടിച്ച മദ്യം മുഴുവൻ ആവിയായിപ്പോയി.
"മേലാൽ സ്ത്രീകളെ തല്ലുമോടാ?"
സുദേവൻ ചോദിച്ചു. അയാൾ മിണ്ടിയില്ല. "ഇന്നെന്തിനാടാ നിനക്കു പണം ഇന്നു ഹർത്താലല്ലേ? മദ്യഷാപ്പ് തുറക്കുമോടാ?"
"അതു ഞാൻ മറന്നുപോയി സാർ." അയാൾ വിക്കി, വിക്കി ഉത്തരം പറഞ്ഞു.
"നിനക്കെന്താടാ ഇത്ര മറവി? പെണ്ണുങ്ങളെ തല്ലാൻ ഒരു മറവിയുമില്ലല്ലോ?നിന്റെ സ്വന്തം ഭാര്യയല്ലേടാ ഇത്?"
അപ്പോഴേക്കും പുറത്തിറങ്ങി വന്ന അമലിന്റെ അമ്മയെ ചൂണ്ടി സുദേവൻ ചോദിച്ചു.
"അല്ല സാർ...അയാൾ ഞങ്ങടെ ആരുമല്ല. അമൽ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ അച്ഛൻ മരിച്ചുപോയി. ഇയാൾ ഞങ്ങടെ ആരുമല്ല!. ഇതുപോലെ ഒരു ഹർത്താൽ ദിവസം...കുടിക്കാൻ വെള്ളം ചോദിച്ചു കേറി വന്നതാ സാറേ. അന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി.
പിറ്റേന്ന് അമ്മ പണിയുന്ന പാറമടയിൽ പണിക്കുകേറി. വൈകിട്ട് അമ്മയോടൊപ്പം ഇങ്ങോട്ട് വന്നു. പിന്നെ പോയിട്ടില്ല."
"എന്നും എന്നെയും,, അമ്മയെയും, എന്റെ കുഞ്ഞനിയത്തിയെയും പൊതിരെ തല്ലും?"
"ഇയാളെ ഒന്ന് ഓടിച്ചുവിടുമോ സാർ?
എന്റെ അമ്മ പാവമാണ് സാർ... ഒരബദ്ധം പറ്റിപ്പോയതാ അമ്മക്ക്!". അവൻ സുദേവന്റ നേർക്ക് കൈകൂപ്പി
നിറഞ്ഞു വന്ന കണ്ണുകൾ ടീച്ചർ തൂവാലകൊണ്ട് തുടക്കുന്നത് ഞാൻ കണ്ടു. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
"എടൊ...പ്രസാദേ...അൻവറെ... ഇയാളെ തൂക്കിയെടുത്തു ജീപ്പിലിട്."
സുദേവൻ കൂടെയുണ്ടായിരുന്ന പോലിസ്കാരോട് ആജ്ഞാപിച്ചു.
"എന്തെങ്കിലും രണ്ടുമൂന്നു പെറ്റിക്കേസ്സുകൾ കൂടി ചാർജ് ചെയ്തേക്ക്."
അയാളെ പോലിസ് ജീപ്പിൽ കയറ്റുന്നത് കണ്ടപ്പോൾ അവിടെ കൂടിനിന്ന അയൽക്കാർ പതുക്കെ അടുത്തേക്കുവന്നു.
"നിങ്ങളൊക്കെ മനുഷ്യരാണോ?
ഇതുപോലെയുള്ള അക്രമങ്ങൾ തൊട്ടടുത്ത വീട്ടിൽ നടക്കുമ്പോൾ, വീടിന്റെ ഉള്ളിൽ അടച്ചിരിക്കുന്നത് ശരിയാണോ?"
സുദേവൻ ചോദിച്ചു.
"എന്റെ സാറേ...അവൻ ഗുണ്ടയാ. രണ്ടുമൂന്ന് കൊലക്കേസിലെ പ്രതിയുമാണെന്ന് കേൾക്കുന്നു." ഒരാൾ പറഞ്ഞു.
"എല്ലാം ഇവളുടെ കുറ്റമാ സാറേ. ഞങ്ങടെ കണ്മുന്നിൽ വളർന്ന പെണ്ണാ ഇവൾ. കെട്ടിയവനും ഞങ്ങടെ കൂട്ടത്തിൽത്തന്നെ ഉള്ളവനായിരുന്നു. അവൻ ചത്തുപോയി. ഞങ്ങളെല്ലാം ഇവളെ ഉപദേശിച്ചതാ സാറേ. എങ്ങാണ്ടുന്നും വന്ന അവനെ വീട്ടിൽ പൊറുപ്പിക്കരുതെന്ന്. അപ്പോൾ ഇവൾക്ക് ഞങ്ങളോട് ദേഷ്യം..
അനുഭവിക്കട്ടെ." അവർ പറഞ്ഞു.
അമലിന്റെ അമ്മ മുഖം പൊത്തികരഞ്ഞു. അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
"കരയണ്ട അമ്മേ..."
"അയാൾ ഇനി വരൂല്ല. സാറമ്മാര് അയാളെ വിടുല്ല." നമ്മക്കിനി ആരുംവേണ്ടമ്മേ...അമ്മക്ക് ഞാനില്ലേ." അവൻ ചോദിച്ചു.
"കേട്ടില്ലേ നിങ്ങടെ മകൻ പറഞ്ഞത്?" സുദേവൻ അവളോട് ചോദിച്ചു.
"മക്കളുണ്ടായാൽ നമ്മൾ അവരുടെ കാര്യം കൂടി ചിന്തിക്കണം. അവർ വളർന്നു വരുന്ന കുട്ടികളല്ലേ. പലവിധ പ്രലോഭനങ്ങളിൽ വീഴുമ്പോൾ....കുട്ടികളാണ് ബലിയാടുകളാകുന്നത്!" സുദേവൻ അവളോട് പറഞ്ഞു. അവൾ കരഞ്ഞു കൊണ്ടു മുഖം താഴ്ത്തി.
"കഴിഞ്ഞതു കഴിഞ്ഞു. ഇനി നിങ്ങളുടെ ഒരു ശ്രദ്ധയും സഹായവും എന്നും ഇവർക്കുണ്ടാകണം കേട്ടോ. ദാ... ഈ കുട്ടിയുടെ അദ്ധ്യാപകർ ഫോൺ ചെയ്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." ജീപ്പിൽ കയറുന്നതിനു മുൻപ് സുദേവൻ അയൽക്കാരോട് പറഞ്ഞു.
"ഞങ്ങടെ പിള്ളേര്ടെ സാറമ്മാരാ..." അവർ സുദേവനോടു പറഞ്ഞു.
പോലിസ് ജീപ്പ് അയാളെയും കൊണ്ട് പോകുമ്പോൾ, ഞങ്ങൾ സുദേവനോട് നന്ദി പറഞ്ഞു.
"എന്താണിത് ദേവുസേ...നന്ദി പറച്ചിലൊക്കെ."
അവൻ ചോദിച്ചു."ഇതൊക്കെയല്ലേ ഞങ്ങടെ ഡ്യൂട്ടി?"
"ആട്ടെ...വൈകുന്നേരം തിരിച്ചു കൊണ്ടുവിടണോ?"
ജീപ്പ് സ്റ്റാർട്ട് ചെയ്യുമ്പോൾ സുദേവൻ ചോദിച്ചു.
"വേണ്ട... ഡ്യൂട്ടി നടക്കട്ടെ..." ഞാൻ പറഞ്ഞു.
വസുമതി ടീച്ചർ കൃതാർത്ഥതയോടെ പുഞ്ചിരിച്ചു.അത് ഇന്നും ഓർമയിൽ നിന്നും മായാത്ത ഒരു ഹർത്താൽ ദിനമായി അവശേഷിക്കുന്നു.