മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(രാജേഷ്  ആട്ടീരി)
ആശുപത്രി  വരാന്തയിലെ  ഒരു  കസേരയിൽ  ഇരുന്നു  മയങ്ങാനൊരുങ്ങുകയായിരുന്നു സുകു. അപ്പോഴാണ്  അമ്മ  വയ്യാതെ  കിടക്കുന്ന  മുറിയിൽ  നിന്ന്  ഭാര്യയായ  ഭവാനി  അങ്ങോട്ട്  ഓടി  വന്നത്. അവൾ കിതക്കുന്നുണ്ടായിരുന്നു . 
എന്താണാവോ  ഇത്ര   ഭയപ്പെട്ടു  ഓടി  വരാൻ  കാരണം ?
"അമ്മ, അമ്മ …."- 
ഭവാനിയുടെ  സ്വരം  ഇടറിയോ ?
"അമ്മക്കെന്തു   പറ്റി ?" - സുകു  ചോദിച്ചു 
"അമ്മ  സത്യേട്ടനെ   കാണണമെന്ന്  പറയുന്നു ! സത്യേട്ടൻ  മരിച്ചപ്പോൾ  പോലും  അമ്മ  ഇത്ര വിഷമിച്ചതായി  ഞാൻ  കണ്ടിട്ടില്ല . എങ്ങനെയാണു  അമ്മയെ  ആശ്വസിപ്പിക്കേണ്ടത്  എന്നെനിക്കറിയില്ല !"
സുകു  ഭവാനിയോടൊപ്പം  അമ്മ  കിടക്കുന്ന  മുറിയിലേക്കോടി .
അതാ  അമ്മ  കട്ടിലിൽ  എഴുന്നേറ്റിരിക്കുന്നു !
സത്യേട്ടനെ  കാണാൻ  പറ്റുമെന്നുള്ള  തോന്നലാണോ  ഇങ്ങനെ  എഴുന്നേറ്റിരിക്കാൻ  അമ്മയുടെ  മനസ്സിനും  ശരീരത്തിനും  ശക്തി  നൽകിയത് .
"അമ്മേ , എന്താ  വേണ്ടത് ?"
അമ്മയുടെ  അടുത്ത്  ഒരു  കസേരയിട്ടിരുന്നു  ആ  കൈകൾ  തൻ്റെ  കൈകളിൽ  വെച്ച്  സുകു  ചോദിച്ചു .
"മോനേ , എനിക്ക്  സത്യനെ   കാണണം !"
"അമ്മേ , സത്യേട്ടന്റെ  ആണ്ട്  ബലി  അല്ലേ  ഒരാഴ്ച  മുമ്പ്  കഴിഞ്ഞത്? അമ്മ  മറന്നു  പോയോ? 
"ഇല്ല ! പക്ഷേ  അവൻ്റെ  ഹൃദയം  സ്വീകരിച്ച  ആൾ  ജീവിച്ചിരിപ്പുണ്ടല്ലോ?
അയാൾ  ഇവിടെ  ഒരു  ഡോക്ടർ  ആയി  ജോലി  ചെയ്യുന്നുണ്ടെന്ന് സിസ്റ്റർ  പറഞ്ഞു  അറിഞ്ഞു. ആ  തോമസ്  ഡോക്ടറെ  എനിക്ക്  കാണണം. എൻ്റെ  സത്യനല്ലേ  അവൻ ?"
 
"അമ്മ  വിഷമിക്കേണ്ട ! ഞാൻ  കൂട്ടിക്കൊണ്ടു  വരാം !"
സുകു  പുറത്തേക്കിറങ്ങി . 
ഒരു  അമ്മ  അതിയായി  ആഗ്രഹിച്ചാൽ  മകന്  വരാതിരിക്കാൻ  ആവില്ലല്ലോ !
അതാ  ആ  ഡോക്ടർ  പുറത്തക്കു  പോകാനായൊരുങ്ങി  മുറിയിൽ  നിന്നും  പുറത്തക്കു  വരുന്നു .
പെട്ടെന്നാണ്  ഡോക്ടർ  സുകുവിനെ  ശ്രദ്ധിച്ചത് .
എവിടെയോ  കണ്ടു  മറന്നത്  പോലെ !
അയാൾ  സുകുവിനെത്തന്നെ  നോക്കിക്കൊണ്ടു  കുറച്ചു  നേരം  സ്തബ്ധനായി  നിന്നു .
ഒരു  പക്ഷേ  ആ  ഹൃദയത്തിന്റെ  ഉടമ  തൻ്റെ  അനുജനെ  തിരിച്ചറിഞ്ഞു കാണും ! 
അയാളുടെ  പാദങ്ങൾ  യാന്ത്രികമായി  സുകുവിന്റെ  അടുത്തെത്തി .
"സുകുവല്ലേ …?"
"അതേ ,ഞാൻ  താങ്കളെ  കാണാൻ  വരികയായിരുന്നു. അമ്മയ്ക്ക്  താങ്കളെ  ഒന്ന്  കാണണം  എന്ന്  പറയുന്നു. അടുത്തുള്ള  മുറിയിൽത്തന്നെയാണ്. ഒന്ന്  വരാമോ?"
"വരാം !എന്നാണ്  അഡ്മിറ്റ്  ആയത് ?" 
"ഇന്ന്  രാവിലെ  തലകറക്കം  തോന്നിയിട്ട്  കൊണ്ട്  വന്നതാണ് . നടക്കാൻ വയ്യാതായിട്ട്  ഒരു  വർഷമായി."
അവർ  മുറിയിലേക്ക്  നടന്നു .
ഡോക്ടറെ  കണ്ടതും  ആ  അമ്മ  പൊട്ടിക്കരയാൻ  തുടങ്ങി .
 
"കരയേണ്ട ,, അമ്മേ ! നിങ്ങളുടെ  സത്യൻ  എൻ്റെ  ഹൃദയമായി  ഇന്നും  ജീവിക്കുന്നുണ്ട്. അമ്മയ്ക്ക്  എന്ത്  സഹായത്തിനും  ഈ  മകൻ  ഉണ്ടാകും !"
ആ  കണ്ണുകളും ഈറനണിഞ്ഞുവോ ?
 
ഡോക്ടർ  അമ്മയ്ക്ക്  സമീപം  കസേരയിൽ  ഇരുന്നു  ആ  കൈകളിൽ  തഴുകി.
അമ്മ  പെട്ടെന്ന്  തേങ്ങിത്തേങ്ങി  കരയാൻ  തുടങ്ങി .
ആ    കണ്ണീർ  സന്തോഷത്തിന്റെയോ  സന്താപത്തിന്റെയോ ? 
ആ  വേദനയെ  ആശ്വസിപ്പിക്കാൻ  മകന്റെ  ഹൃദയത്തിനു  കഴിയുമോ ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ