മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam) 

വല്ലപ്പോഴും വിരുന്നിനെത്തുന്ന ഒരതിഥി മാത്രമായിരുന്നു അച്ഛന്‍. തമിഴ് നാട്ടിലെ രാമനാഥപുരത്ത് സ്വന്തമായി ഹോട്ടൽ നടത്തുകയായിരുന്നു അദ്ദേഹം.

എത്ര പണമുണ്ടായാലും പൈസ അയക്കുകയോ അതില്ലെങ്കില്‍ വീട്ടില്‍ മക്കളും ഭാര്യയും എങ്ങിനെ ജീവിക്കും  എന്നുമനസ്സിലാക്കാന്‍ കഴിയാത്ത ഒരത്ഭുതമനുഷ്യനായിരുന്നു അദ്ദേഹം.

നാലോ അഞ്ചോ വര്‍ഷം കൂടുമ്പോഴാണ് ആ അത്ഭുതമനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. വൈകുന്നേരം ഏകദേശം അഞ്ചരയാകുമ്പോഴാണ് ഖദര്‍ കുപ്പായവും വെള്ളമുണ്ടുമണിഞ്ഞ്  തമിഴ്നാട് കായസഞ്ചിയും തുക്കിപിടിച്ച്  അച്ഛന്‍റെ വരവ് .

കൈയ്യില്‍ മറ്റൊരു സഞ്ചിയും ഉണ്ടാകും. വറവു പലഹാരങ്ങളും മധുര പലഹാരങ്ങളും അതിലുണ്ടാകും കുറെകാലം കൂടി വരുകയാണെങ്കിലും എന്നും ജോലികഴിഞ്ഞ് വീട്ടില്‍ വരുന്ന ഭാവമാണ് മൂപ്പരുടെ മുഖഭാഗത്തുണ്ടാവുക. അമ്മയും  മുത്തശ്ശിയുമൊന്നും ഒരു പരാതിയും അച്ഛനെ പറ്റി  പറയുന്നതും കേട്ടിട്ടില്ല .

വറവു പലഹാരങ്ങളും മധുരപലഹാരങ്ങളും കിട്ടുന്നതിനാല്‍ അച്ഛനെപറ്റി  ഞങ്ങള്‍ക്കും പരാതിയില്ലായിരുന്നു. 

ഒരാഴ്ച മൂപ്പരുണ്ടാകും വീട്ടില്‍ .അതും രാത്രി മാത്രം. പകല്‍ അച്ഛമ്മയെകാണാനെന്ന മട്ടില്‍ പോകും വൈകുന്നേരം മടങ്ങിവരും. പോയ വിശേഷങ്ങളൊക്കെ വലിയവര്‍ തമ്മില്‍ സംസാരിക്കുന്നതും കേള്‍ക്കാം.

മക്കളെ ലാളിക്കുകയെന്ന കാര്യവും നീയിപ്പോള്‍ ഏതു ക്ളാസിലായി പഠിക്കുന്നുണ്ടോ നിനക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്നിങ്ങനെയുള്ള കടുത്ത ചോദ്യങ്ങളോ പ്രവൃത്തികളോ ഒന്നും മുപ്പര്‍ കാണിക്കാറില്ല. അതുകൊണ്ട് ഒരു അകലത്തിലാണ് ഞങ്ങള്‍ കുട്ടികള്‍ നില്ക്കുക. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു സ്ളേറ്റു പെന്‍സില്‍ പോലും അച്ഛന്‍ വാങ്ങിതന്നിട്ടില്ല.

വീട്ടില്‍ വല്ലപ്പോഴും വരുന്ന ഒരതിഥി എന്നതിലുപരി യാതൊരു വികാരഭേദവും എനിക്കു തോന്നിച്ചിരുന്നുമില്ല .

സന്തോഷം തോന്നിയിരുന്നത് വന്നാല്‍ പോകുന്നതുവരേയ്ക്കും അച്ഛനുവേണ്ടി വീട്ടില്‍ വിഭവങ്ങളൊക്കെ ഉണ്ടാക്കുമ്പോള്‍ തങ്ങള്‍ക്കും അതിന്‍റെ ഒരു പങ്ക് കിട്ടുമല്ലോ  എന്നുള്ളതുകൊണ്ടുമാത്രമായിരുന്നു.

മൂക്കുപൊടി വലിച്ചിക്കുന്ന  ശീലമുണ്ടായിരുന്ന അച്ഛന്‍ അതു വാങ്ങിച്ചു കൊണ്ടുവരാന്‍ മാത്രമാണ് എന്നോടും ജ്യേഷ്ഠനോടുമൊക്കെ ശബ്ദിച്ചിരുന്നത് .

ശുഭ്ര വസ്ത്രത്തില്‍ പ്രശോഭിതനായ അദ്ദേഹത്തിന് ഉറങ്ങാന്‍ നല്ല കിടക്ക വേണം. നല്ല വിരിയും. രണ്ടുതലയിണ പൊക്കത്തിൽ വച്ചാണ്  കിടക്കുക. വീട്ടിൽ മൂന്നു കോസറിയാണുണ്ടായിരുന്നത്. ഒന്നില്‍ മുത്തശ്ശിയാണ് കിടന്നത്. രണ്ടെണ്ണം ഒരുമിച്ചു മുട്ടിച്ചിട്ട് ഞങ്ങളും കിടക്കും. അച്ഛന്‍ വന്ന് പോകുന്നതുവരെ കിടക്കയും തലയിണയും ഒരാഴ്ച ഞങ്ങള്‍ കുട്ടികള്‍ക്ക് അന്യമാകും.

അച്ഛന്‍ വരുമ്പോഴാണ് ടോര്‍ച്ച് റേഡിയോ എന്നിവയൊക്കെ തൊട്ടരികെ കണ്ടതും തൊട്ടുനോക്കിയതും .അച്ഛന് റേഡിയോ കേള്‍ക്കണമെന്ന് നിര്‍ബന്ധമാണ് . അതുകൊണ്ട് വരുന്ന സമയങ്ങളില്‍ ബാറ്ററിയിട്ടു പ്രവര്‍ത്തിക്കുന്ന റേഡിയോ കൊണ്ടുവരും.

വീട്ടിൽ കറൻ്റൊന്നും ഇല്ലാത്തതിനാൽ പനയോല വീശറിയും വീശി അകായിൽ ചാരുകസേരയിൽ കിടക്കും. രാവിലെ അച്ഛമ്മയെകാണാനും മറ്റും പോകുമ്പോഴും  റേഡിയോ മൂപ്പരുടെ കൈവശം തന്നെയായിരിക്കും. അതും സഞ്ചിയില്‍ തൂക്കിയാണ് പോവുക.

അച്ഛന്‍ ഒരാഴ്ച കഴിഞ്ഞു പോകുമ്പോള്‍ റേഡിയോ തിരികെകൊണ്ടുപോകും. റേഡിയോ വീട്ടില്‍ വച്ചു പോകാന്‍  അമ്മയോടു കെഞ്ചി പറയുമെങ്കിലും അമ്മ അതു പറഞ്ഞാലും അച്ഛന്‍ അനുസരിക്കാറില്ല. റേഡിയോ അദ്ദേഹം കൊണ്ടുപോകും പുതിയൊരു റേഡിയോ വാങ്ങിക്കാന്‍ അച്ഛനു സാധിക്കാഞ്ഞിട്ടായിരിക്കാം അത് .

അമ്മ വളരെയധികം ബുദ്ധിമുട്ടിയാണ് ഞങ്ങളെ വളർത്തിയത്. വീട്ടിൽ പട്ടിണിയൊരു പുതുമയല്ലായിരുന്നു. കുട്ടിക്കാലത്ത് പലവിധ രോഗങ്ങൾ പിടികൂടുമ്പോൾ ചികിത്സയ്ക്കു പണമില്ലാതെ വലയുമ്പോൾ അമ്മ കത്തയയ്ക്കും.

അച്ഛൻ കത്തിനു മറുപടിയോ കാശോ അയയക്കില്ല.പിന്നേയും കുറെകാലം കഴിഞ്ഞ് എന്നെങ്കിലും കയറിവരുമ്പോൾ അമ്മ ചോദിക്കുമ്പോൾ പലവിധം നുണകൾ പറഞ്ഞ് അച്ഛൻ വിശ്വസിപ്പിക്കും.

വിദ്യാഭ്യാസം കഴിഞ്ഞിട്ടും ജോലിയൊന്നുമാകാതെ കഷ്ടപ്പെടുമ്പോഴും അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല. ബുദ്ധിമുട്ടിയാണെങ്കിലും ഒരു സർക്കാർ സർവ്വീസിൽ കയറിപറ്റി. കാലം കുറച്ചു കഴിഞ്ഞപ്പോഴാണ് പ്രായാധിക്യം മൂലം അച്ഛന് ചില രോഗങ്ങൾ വന്നുഭവിച്ചത്.

ഒരു വൈകുന്നേരം രാമനാഥപുരത്തു നിന്നും ഒരു കാർ വീട്ടുപടിക്കലെത്തി. രണ്ടു തമിഴർ കൂടെയുണ്ടായിരുന്നു. അവശനിലയിലായിരുന്ന അച്ഛനെ വീട്ടിലെത്തിയ്ക്കാൻ സഹായിയായി വന്നതാണ് അവർ. അവർ തിരിച്ചുപോയി.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വല്ലാതെ കിതച്ച് അച്ഛൻ വീട്ടിലിരിപ്പുണ്ട്. അമ്മ വിവരങ്ങൾ പറഞ്ഞു. അന്നുതന്നെ ഡോക്ടറെ കാണുകയും അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തു. മൂത്രനാളിയിൽ പഴുപ്പും മൂത്രതടസ്സവും മൂലം  ഒരു ശസ്ത്രക്രിയയും വേണ്ടിവന്നു.

രോഗം മാറി. ആശുപത്രി വിട്ടു. ആശുപത്രിയിൽ നല്ലൊരു തുക ചെലവായിരുന്നു. തമിഴ് നാട്ടിൽ നിന്നും പോരുമ്പോൾ അച്ഛൻ്റെ  കൈവശം പണമുണ്ടായിരുന്നെങ്കിലും സ്വന്തം രോഗത്തിനുപോലും അത് ചെലവാക്കാൻ മടിയായിരുന്നു.

രണ്ടുമാസം കഴിഞ്ഞു. മരിച്ചുപോകുമെന്ന് കരുതിയ അച്ഛൻ അസുഖം മാറി ഊർജ്ജസ്വലനായി. തമിഴ് നാട് കായസഞ്ചിയും കൊണ്ടുവന്ന ചില സാധനങ്ങളും ഒതുക്കിവച്ച് ഒരു ദിവസം രാത്രി  അദ്ദേഹം പറഞ്ഞു.

"നാളെ രാവിലെ പോകണം…."

എവിടേയ്ക്കെന്ന് ഞങ്ങൾ ചോദിച്ചില്ല. കാരണം പറയുന്ന സ്ഥലത്തേയ്ക്കല്ല ഒരിക്കലും അദ്ദേഹം പോയിരുന്നത്. ഇപ്പോൾ ഇരുപത് വർഷം കഴിഞ്ഞു. അദ്ദേഹം ജീവിച്ചിരിക്കാൻ  സാധ്യത ഒട്ടുമില്ല.  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ