mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുടുംബകോടതിയിൽ നിന്നും പുറത്തിറങ്ങിയ ദേവനൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി.അത്രയ്ക്കായിരുന്നു മീരയുടെയും, വക്കീലിന്റെയും പെർഫോമൻസ് ,തന്റെ ആണത്തത്തെ വെല്ലുവിളിക്കുന്ന രീതിയിൽ.

രണ്ടു പേരും ചോദിച്ചതിൽ തെറ്റുണ്ടോ?  ആത്മഗതമെന്നോണം അവൻ മനസിൽ ചോദിച്ചു.    'താനൊരു ആണാണോ 'എന്ന് ശരിയാണ് ആണിന്റെ കൈക്കരുത്ത് കാണിച്ചില്ല നാലാളു കാൺകെ താലികെട്ടി സ്വന്തമാക്കിയ പെണ്ണിനെ ഒന്ന് നുള്ളി നോവിച്ചതു പോലുമില്ല. കൈ കരുത്ത് കൊണ്ടല്ല മനസുകൊണ്ടാണ് ദേവനവളെ സ്നേഹിച്ചത് എന്നിട്ടും പരസ്യമായി എല്ലാവരുടെയും മുന്നിൽ വച്ച്,  കുഞ്ഞ് പോലും തന്റേതല്ലെന്ന് വിളിച്ചു പറയാൻ എങ്ങനെയവൾക്ക് തോന്നി.

ഛെ... വെറുപ്പ് തോന്നുന്നു ഇങ്ങനെയൊരുത്തിയെ ആണല്ലോ മനസിൽ പൂജിച്ചു നിർത്തിയത്‌ എന്നോർക്കുമ്പോ...?        

മീരയുടെയും ,ദത്തന്റെയും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്ന വാർത്ത കേട്ടാണ് ,ജോലി സ്ഥലത്തു നിന്ന് എമർജൻസി ലീവെടുത്ത് നാട്ടിലേക്ക് വന്നത്. അവൾക്ക് തെറ്റുപറ്റി പോയതാണെങ്കിൽ എല്ലാം ക്ഷമിച്ച് കൂടെ കൂട്ടാമെന്നാണ് കരുതിയത്‌ ... പക്ഷെ തന്നെ കേൾക്കാൻ പോലുമവൾ തയ്യാറായില്ല.കാര്യകാരണങ്ങളില്ലാതെ പുകഞ്ഞുകൊണ്ടിരുന്ന ജീവിതം ഇന്ന് ആകെ കത്തിക്കരിഞ്ഞിരിക്കുന്നു. അവൾക്കതൊന്നും ഒരു വിഷയമായിരിക്കില്ല. പക്ഷെ തന്റെ കുഞ്ഞ് അവനെ കുറിച്ച് ഓർത്തപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ഉച്ചത്തിൽ ആർത്തുവിളിക്കണമെന്നവന് തോന്നി ... അത്യധികം ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ച് തുറക്കാനൊരുങ്ങുമ്പോഴാണ് കാലുകൾക്കിടയിൽ ഒരു കുഞ്ഞുകൈ പിടിമുറുക്കിയത്.. 

"പപ്പേ... പപ്പ പോവാണോ…?"

'അജു ' തന്റെ പൊന്നുമോൻ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അയാൾ തന്നത്താൻ പിറുപിറുത്തു. ഈ കുഞ്ഞിനെയാണ് ദുഷ്ട തന്റേതല്ലെന്ന് പറഞ്ഞ് നിഷേധിച്ചത്. അവന്റെ ചോരയാണത്രേ അവളുടെ കാമുകന്റെ; സ്കൂളിൽ പഠിക്കുമ്പോഴെ ഉള്ള പ്രേമം! ഇടയ്ക്കെപ്പോഴോ അകന്നുപോയവൻ പിന്നെ സ്കൂൾ ഗെറ്റ് ടുഗെദറിലൂടെ വന്ന് തന്റെ ജീവിതം തകർത്തവൻ.

"അജൂ....എടാ, വാടാ ഇവിടെ. കണ്ണു തെറ്റിയാൽ കണ്ടിടം നെരങ്ങിക്കോണം". കൊടുങ്കാറ്റിന്റെ വേഗതയിൽ കടന്നു വന്ന് മീര ആ കുഞ്ഞിക്കൈയിൽ പിടിത്തമിട്ട് വലിച്ച് ദേവന്റെ ദേഹത്തു നിന്നുമവനെ താഴെയിറക്കി. അപ്പോൾ അവളുടെ കരണം നോക്കിയൊന്ന് പൊട്ടിക്കാനാണ് തോന്നിയത്. 

"എടീ....എന്താ നീയ്യി കാണിക്കുന്നത്. കൊച്ചിന് നോവുമെന്ന് അറിയില്ലേ…?"

"ഓ...പിന്നെ കൊച്ചിന്റെ കാര്യമൊന്നും ഇങ്ങേര് നോക്കണ്ട. അതിനെ നോക്കേണ്ട ആള് ഇവിടെയുണ്ട്". അവളുടെ പിറകിൽ നിഴൽ പോലെ നിൽക്കുന്ന ദത്തനെയവൻ കണ്ടു വിജയശ്രീളിതനായി നിൽക്കുന്ന അവന്റെ ഭാവം കണ്ടപ്പോൾ അടക്കി വെച്ച രോഷം മുഴുവൻ പല്ലുകളിറുമ്മി തീർത്ത്  മനസിൽ ചില കണക്കുകൂട്ടലുകൾ ദേവൻ ഉള്ളിൽ രൂപപ്പെടുത്തുകയായിരുന്നു.

''പപ്പേ…എനക്ക് പോണ്ട പപ്പേ. എനക്ക് പപ്പേടൊപ്പം പോയാ മതി. അമ്മേ... എന്നെ വിട്…"

അജുവിന്റെ എങ്ങലടികൾ ഹൃദയം തുളയ്ക്കുന്നുണ്ടായിരുന്നു അത് കേൾക്കാനുള്ള ശക്തിയില്ലാത്തതു കൊണ്ട് രണ്ട് കാതുകളിലും ദേവൻ വിരലുകൾ തിരുകി.

വേച്ചു വേച്ച് കാറിലേക്ക് കയറി. ഡ്രൈവിംങ് സീറ്റിലേക്ക്തളർന്നിരുന്നു. വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഉള്ളമാകെ ശൂന്യമായപ്പോലെ ദേവന് തോന്നി. ഇനി ആർക്കുവേണ്ടി, എന്തിനു വേണ്ടി!വലിയൊരു ചോദ്യചിഹ്നം മുന്നിലങ്ങനെ തൂങ്ങിയാടുന്നു.

ആദ്യമായി കണ്ട പെണ്ണ്  എല്ലാം കൊണ്ടും തനിക്ക് ചേർന്നവളെന്ന് അഹങ്കരിച്ചിരുന്നു. അച്ഛന്റെയും, അമ്മയുടെയും സ്നേഹം കണ്ടാണ് താൻ വളർന്നത്. അച്ഛൻ മരിക്കുവോളം അമ്മയോടുള്ള പ്രണയം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. തന്റെ ജീവിതവും അതുപോലെ തന്നെയാവണമെന്ന വാശിയായിരുന്നു .പെണ്ണിന്റെ ഇഷ്ട ത്തെയും, സ്വാതന്ത്ര്യത്തെയും കെട്ടിയിട്ടല്ല അവളുടെ മനസിൽ കയറി പറ്റേണ്ടതെന്ന അച്ഛന്റെ വാക്കുകളായിരുന്നു ഊർജ്ജം.

അതു കൊണ്ട് തന്നെ ഒരു പട്ടാളക്കാരന്റെ യാതൊരു വിധ  കാർക്കശ്യവും ജീവിതത്തിൽ കാണിച്ചതുമില്ല. വിവാഹത്തിനു മുന്നേ മുടങ്ങിപ്പോയ അവളുടെ പഠിത്തം വീണ്ടും തുടരാൻ സമ്മതിച്ചത് അതുകൊണ്ടായിരുന്നു. ഒരു പാട് ഫെയ്സ് ബുക്ക് ഫ്രെണ്ട്സ്, വാട്ട്സപ്പ്  ചാറ്റ് ഒന്നിനും എതിരു നിന്നില്ല. അവളുടെ ഇഷ്ടത്തിന് വിട്ടു. ഓരോരുത്തരുടെയും അവിഹിത കഥകൾ പറഞ്ഞ് അതിലെ ഗുണദോഷങ്ങൾ അടിമുടി വർണ്ണിച്ചിരുന്നവൾ. ഒരിക്കലും വഴി തെറ്റി പോവില്ലെന്ന് കരുതി. ആ വിശ്വാസത്തിലാണ് സ്കൂൾ ഗെറ്റ് ടുഗെദറിന് എല്ലാവരും പങ്കെടുക്കുന്നുണ്ട് ദേവേട്ടാ... ഞാനും പോയ്ക്കോട്ടെയെന്ന അവളുടെ ചോദ്യത്തിന് പൂർണ്ണ സമ്മതം നൽകിയത്. അതൊരിക്കലും തനിക്കു നേരെയുള്ള കൊലക്കയറാവുമെന്ന് കരുതിയതും ഇല്ല. ഓരോ വട്ടം ലീവിനു വരുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഗൃഹസന്ദർശനം, അതിനൊക്കെ അറിയാതെ എങ്കിലും താൻ വളം വെച്ച് കൊടുത്തല്ലോ? പത്ത് മുപ്പത്തിരണ്ട് വയസായിട്ടും എന്തേ കല്ല്യാണമൊന്നും നോക്കാത്തെയെന്ന തൻ്റെ ചോദ്യത്തിന് പല കാരണങ്ങൾ പറഞ്ഞ് വഴുതി മാറിയവൻ. നല്ല ഒന്നാന്തരം കുറുക്കനാണെന്ന് ഇപ്പോഴല്ലെ മനസിലായത്.

എനിക്കില്ലാത്ത എന്ത് പ്രത്യേകതയാണാവോ അവനിൽ കണ്ടത് . താൻ നൽകിയ സ്നേഹവും,കരുതലും, സ്വാതന്ത്ര്യവും അധികമായി പോയിട്ടുണ്ടാവും. ഇങ്ങനെയുള്ളതൊക്കെ കേട്ടിട്ടേ ഉള്ളു. ഇതിപ്പോ എന്റെ ജീവിതത്തിൽ തന്നെ വന്നു ഭവിച്ചല്ലോ തമ്പുരാനേ... എന്നാലും ആ പൂതന പറഞ്ഞല്ലോ...?     അജു തന്റെ മോനല്ല എന്ന്.അവൾക്കറിയാം അങ്ങനെ പറഞ്ഞാൽ മാത്രമെ തന്റെ മനസ് തകർക്കാൻ പറ്റു എന്ന്. അത് താൻ സമ്മതിച്ചു കൊടുക്കില്ല. ഇനിയിപ്പോ അത് നേരാണെങ്കിൽ എന്താണവളെ വിളിക്കേണ്ടത് അഭിസാരികയെന്നോ? ഛെ;അതിനു പോലും അർഹയല്ലവൾ ഒരു നേരത്തെ അന്നത്തിനോ? വെറുമൊരു സുഖത്തിനോ പോലും ദേഹം വിൽക്കുന്നവൾക്കു പോലുമുണ്ടാവും ഇതിനെക്കാളും മാന്യത.

പലതും ചിന്തിച്ച് വീടെത്തിയത് അറിഞ്ഞില്ല. ഒരു ലക്കുമില്ലാതെ കാർ പാർക്കു ചെയ്ത് റൂമിലേക്ക് പോകുന്നതിനിടയിൽ കണ്ടു അമ്മ സെറ്റിയിലിരിക്കുന്നു. ഇപ്പോ ചോദ്യം വരും. മനസിൽ വിചാരിച്ചില്ല, അപ്പോഴേക്കും ചോദിച്ചു "മേനേ....പോയിട്ടെന്തായെടാ"

"ഓഹ്, എന്താവാൻ അവള് മറ്റവന്റെ കൂടെ തന്നെയങ് പോയി. എന്റെ മോനെയെങ്കിലും തന്നിരുന്നെങ്കിൽ…" "ഞാനപ്പോഴേ നിന്നോട് പറഞ്ഞിരുന്നില്ലേ…അവന്റെ വരവും പോക്കും അത്ര ശരിയല്ലെന്ന്. നിനക്കപ്പോ നല്ല വിശ്വാസമായിരുന്നല്ലോ അവളെ, അക്കൂട്ടത്തിലൊന്നും പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ് എൻ്റെ വായി കെട്ടിക്കുകയായിരുന്നല്ലോ?''

ശരിയാണ് അമ്മ അക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നത് ഓർക്കുന്നു. അതേ കുറിച്ച് അവളോട് ചോദിച്ചപ്പോ കളിയാക്കി ചിരിച്ചു കൊണ്ട് മറുചോദ്യമാണവളെറിഞ്ഞത്‌. 'അല്ലപ്പാ, ദേവേട്ടനിപ്പോ എന്നെ സംശയവും തുടങ്ങിയാ…?

'എയ് അങ്ങനെയൊന്നുമല്ലെടാ, ചുമ്മാ ചോയിച്ചെന്നെയുള്ളു'

മനസിൽ തലയുയർത്തിയ അഭിമാനം കൊണ്ട് അന്ന് അങ്ങനെ പറയാനാണ് തോന്നിയത്. നേരെ മറിച്ച് കർശനമായി അവനെ മാറ്റി നിർത്തണമെന്ന് താൻ പറഞ്ഞിരുന്നെങ്കിലോ ചിലപ്പോ ഇങ്ങനെയൊന്നും വരില്ലായിരിക്കും. ഇനി പറഞ്ഞിട്ട് കാര്യമില്ല എല്ലാം കൈവിട്ട് പോയിരിക്കുന്നു.

"ഇനിയിപ്പോ നെന്റെ പരിപാടിയെന്താടാ".

അമ്മയുടെ ചോദ്യം മനസിനിത്തിരി അലോസരമാക്കിയെങ്കിലും  മറുപടി പറയാൻ തോന്നിയതും ഇല്ല. എന്തെന്ന് ഇല്ലാത്ത ദേഷ്യവും വന്നു. അല്ലാതെ തന്നെ മനുഷ്യന് പ്രാന്തു പിടിച്ചിരിക്കുവാണ് അതിനിടയിലാണ്.

ആരോടൊക്കെയോ ഉള്ള ദേഷ്യം കാൽക്കീഴിൽ ചവിട്ടി തീർത്ത് പോയി ബെഢിലേക്ക് വീണു. അമർത്തി വെച്ച സങ്കടങ്ങൾ മുഴുവൻ തലയിണയിലേക്ക് പകർന്നു. 

ക്ലാസ് മുറിയിലേക്ക് നടക്കുമ്പോഴും അജുവിന്റെ നോട്ടം സ്കൂൾ ഗേറ്റിലേക്കായിരുന്നു. അവിടെ അവനെ തന്നെ നോക്കി നിൽക്കുന്ന പപ്പയെ കാണാം. അമ്മയും പപ്പയും പിരിഞ്ഞതിനു ശേഷം ഇങ്ങനെയാണ് എല്ലാ ദിവസവും രാവിലെയും, വൈകീട്ടും അവനെ കാണാൻ പപ്പ വരും. ആ സമയങ്ങളായിരുന്നു അവനെ ഏറെ ആനന്ദിപ്പിച്ചിരുന്നത്. ഇന്നത്തോടെ പപ്പയുടെ ലീവ് തീരും നാളെ മുതൽ ആ സന്തോഷവും കിട്ടില്ല. ദത്തനങ്കിളിന് സ്നേഹമൊക്കെ തന്നെയാണ് പക്ഷെ...എന്തോ തനിക്കയാളെ പിടിക്കുന്നില്ല അയാള് വന്നതിന് ശേഷമല്ലേ പപ്പയും, അമ്മയും തമ്മിൽ പിരിഞ്ഞത്‌. അതു കൊണ്ട് അയാളോട് ഉള്ളിന്റെ ഉള്ളിൽ ദേഷ്യമാണ്. പപ്പ പറഞ്ഞ പോലെ നല്ല കുട്ടിയായി പഠിച്ച് തനിക്കും പപ്പയെ പോലെ മിടുക്കനായൊരു പട്ടാളക്കാരനാവണം എന്നിട്ട് വേണം ദത്തനങ്കിളിനെ വെടിവെച്ച് കൊല്ലാൻ. എന്നാ, അമ്മ പഴയപ്പോലെ പപ്പയുടെ അടുത്ത് തന്നെ വരുവല്ലോ...? 

ആ പന്ത്രണ്ടു വയസുകാരന്റെ മനസിലെ വലിയ കാര്യങ്ങൾ  അറിയാതെ ദേവൻ നിസഹായതയോടെ അവിടെ നിന്നും പിന്തിരിഞ്ഞു.

ആറു മാസത്തോളമായി ദേവൻ ജമ്മുവിലേക്ക് വന്നിട്ട്. അതിലൊരു വട്ടം പോലും നാട്ടിലേക്ക് പോവണമെന്ന് തോന്നിയിട്ടില്ല. കാത്തിരിക്കാൻ ഇപ്പോ അമ്മ മാത്രമല്ലേ ഉള്ളു. അമ്മയെ ഇടയ്ക്കിടെ വീഡിയോ കോൾ വിളിച്ച് സംസാരിക്കും. നാട്ടിലെ വിശേഷങ്ങൾ അറിയും.അജുവിനെ കാണാൻ അതിയായ ആഗ്രഹമുണ്ട്.അവനെ കുറിച്ചോർത്തപ്പോൾ നെഞ്ച് പുകയുന്നതു പോലെ, വേണ്ട അവനെ പറ്റി ചിന്തിച്ചാൽ ചിന്തകൾക്ക് ഒരു അറുതിയുണ്ടാവില്ല.

ഫോണെടുത്ത് ഒന്ന് അമ്മയെ വിളിക്കാം. അതിനു മുന്നേ ഫോൺ ഇങ്ങോട്ട് റിംങ്ങ് ചെയ്തു. 

അമ്മാവനാണല്ലോ! ഈശ്വരാ ഇനി അമ്മയ്ക്കെന്തെങ്കിലും മനസൊന്ന് പിടഞ്ഞു.

''മോനേ...ദേവാ...''

''എന്താ അമ്മാവാ "

''അത്, വെറുതെ വിളിച്ചതാണ്. നിനക്ക് സുഖമല്ലേ…?"

"ആഹ് കുഴപ്പൊന്നും ഇല്ല. അമ്മയെവിടെ?"

"അവളിവിടെ ഇണ്ട്. പിന്നേ.... ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത് ''.

"എന്താ അമ്മാവാ...എന്നാ കാര്യം അമ്മയ്ക്ക് വയ്യായ്ക എന്തേലും ഉണ്ടോ...?"

"എയ്, അവൾക്ക് പ്രശ്നൊന്നും ഇല്ല''. "പിന്നെന്താണ്. എന്തിനാ ഒരു മുഖവുര " മറുവശത്ത്   പറയാൻ ബുദ്ധിമുട്ടിക്കൊണ്ടുള്ള അമ്മാവന്റെ നിശ്വാസമവന് കേൾക്കാമായിരുന്നു.

"അമ്മാവാ.... എന്താണ്, എന്താന്ന് വെച്ചാ പറഞ്ഞോ?"

"അത്....മോനേ...നമ്മുടെ അജൂട്ടന്...''

ബാക്കി പറയുന്നതിന് മുന്നേ കോൾ കട്ടായി.

ഛെ... നാശം, ഇടയ്ക്കിങ്ങനെയാണ് റേഞ്ച് കിട്ടില്ല. തിരിച്ച് വിളിക്കാനൊരുങ്ങുമ്പോൾ നോ സിഗ്നൽ. മനുഷ്യനാകെ പ്രാന്തു പിടിച്ചിരിക്കുന്ന നേരം ഓരോരോ സൊല്ലക്കെട്ട്, തന്നത്താൻ പിറുപിറുത്തു കൊണ്ടിരുന്നപ്പോൾ സിഗ്നൽ വന്നു വേഗം തന്നെ അമ്മാവന്റെ നമ്പർ ഡയൽ ചെയ്തു.

"എന്താ അമ്മാവാ പറഞ്ഞത്. എന്താ എന്റെ മോന്, പറ്റീത്"

''അതൊന്നും ഇല്ലെടാ, മോന് ചെറിയൊരു അപകടം പറ്റി. ഇപ്പോ ഐസിയുവിലാണ്. ഇടക്ക് ബോധം വന്നപ്പോ നിന്നെ ചോയിച്ചു. നെനക്ക് വരാൻ പറ്റ്വോ" ബാക്കി കേൾക്കുന്നതിനു മുന്നേ വീണ്ടും സിഗ്നൽ കട്ടായി . 

വാർത്തയിലൊക്കെ കേൾക്കുന്നതുപോലെ അവർക്ക് സുഖമായി ജീവിക്കാൻ വേണ്ടി തൻ്റെ മോനെയവർ അപകടത്തിപ്പെടുത്തിയതാവോ...? മനസിലൊരായിരം ചോദ്യവും, ഉത്തരവും ദേവനിൽ കടന്നു വന്നു കൊണ്ടേയിരുന്നു. 

നാട്ടിലെത്തുന്നതു വരെ അവൻ്റെ മനസ് ഒരുതരം മരവിപ്പിലായിരുന്നു. അമ്മയെപ്പോലും നോക്കാതെയവൻ നേരെ ഐ സി യു വിലേക്ക് ഓടുകയായിരുന്നു. അവിടെ കണ്ടു മീരയും, ദത്തനും, ഇരിക്കുന്നത്. ആർക്കും മുഖം നൽകാതെ നേരെയവൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു. 

"ഡോക്ടർ; ഞാൻ ദേവൻ, അജുവിന്റെ പപ്പയാണ്…"

"ആഹ് ദേവൻ, വരൂ''

അദ്ദേഹത്തിന്റെ പിറകെ നടക്കുമ്പോൾ വലം കണ്ണ് ഇടതടവില്ലാതെ തുടിക്കുന്നതവനറിഞ്ഞു. ഐ സി യു വി ലെ ശീതളിമയിൽ കണ്ടു. വെന്റിലേറ്ററിന്റെ സഹായത്തോടെ കിടക്കുന്ന തന്റെ കുഞ്ഞിനെ, ഓടി അവനരികിലെത്തി നെറ്റിയിൽ കണ്ണീരുമ്മകൾ കൊണ്ട് അർച്ചന നടത്തി.

''ഡോക്ടർ ,എന്താ മോന് സംഭവിച്ചത്".

"ഹെഡ് ഇഞ്ച്വറി ആണ് കളിക്കിടയിൽ പന്ത് തലക്ക് കൊണ്ടതാണെന്നാ പറഞ്ഞത്''. അതും പറഞ്ഞു കൊണ്ട് ഡോക്ടർ അവന്റെ മുഖത്തെ  ട്യൂബ് എടുത്ത് മാറ്റി.

''ഡോക്ടർ എന്താണീ ചെയ്യുന്നത്. അതില്ലാതെ, എന്റെ മോന് ശ്വാസം കഴിക്കാൻ പറ്റ്വേ!"

"സോറി…ദേവൻ അവൻ നീണ്ട ഉറക്കത്തിലേക്ക് പോയിട്ട് മണിക്കൂറുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. താങ്കൾ എത്തുമെന്ന് അമ്മാവൻ പറഞ്ഞു. അതു കൊണ്ടാണ് അത് മാറ്റാതിരുന്നത്. പുറത്തുള്ളവരോട് ഞാൻ കാര്യം പറഞ്ഞിട്ടില്ല. പറഞ്ഞാൽ ചിലപ്പോ ദേവന് അവസാനമായിട്ട് മോനെയൊന്ന് കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നി."

"ഡോക്ടർ എന്താണീ പറയുന്നത്.എന്താ… പറഞ്ഞതെന്ന്''

ഒരു കുതിപ്പിനവൻ ഡോക്ടറുടെ അടുത്തെത്തി അദ്ദേഹത്തിന്റെ ഷോൾഡറിൽ പിടിച്ചുകുലുക്കി കൊണ്ട് ചോദിച്ചു. 

"ദേവൻ...കൂൾ…ദേവൻ. എനിക്ക് മനസിലാവും നിങ്ങളുടെ മനോനില. ബട്ട്, നിങ്ങളിത് ആക്സപ്റ്റ് ചെയ്തേ പറ്റൂ...''

''ഇല്ല… ഇല്ല… എന്റെ മോനൊന്നും പറ്റീട്ടില്ല, ഡോക്ടർ കള്ളം പറയുവാണ് അല്ലേ..?"

ഒരു പൊട്ടിക്കരച്ചിലോടെ അവനയാളുടെ കാൽക്കീഴിലേക്ക് ഇരുന്നുപോയി. ഒരു വിധം അനുനയിപ്പിച്ചാണ് ഡോക്ടർ അവനെ പുറത്തേക്ക് എത്തിച്ചത്.മീരയേയും, ദത്തനേയും കണ്ടപാടെ അവന്റെ ഭാവം മാറി. 

''ഡീ നിന്നെ; ഞാനിന്ന് കൊല്ലുമെടീ, നീയൊറ്റയൊരുത്തി കാരണാ എന്റെ മോനെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടത്.വച്ചേക്കില്ല ഞാൻ''

പല്ലുകളിറുമ്മി ഒരു കുതിപ്പിന് മീരയുടെ കഴുത്ത് അവന്റെ കൈക്കുള്ളിലാക്കി. ഒരു ഉന്മാദിയെപ്പോലെയുള്ള അവന്റെ പ്രകടനം കണ്ട് ചുറ്റിലുമുള്ളവർ അന്ധാളിച്ചു.ഡോക്ടറും, ദത്തനും ചേർന്നാണ് ഒരു വിധത്തിൽ അവന്റെ പിടിയിൽ നിന്നും മീരയെ മോചിപ്പിച്ചത്.

''എന്താ ദേവാ, നീയ്യീ കാട്ടിയത് നിനക്കെന്താ...ഭ്രാന്ത് പിടിച്ചോ…?"

"ആഹ് ദേവന്, ഭ്രാന്ത് തന്നെയാ. ദേ...ഇവള്! ഒറ്റയൊരുത്തി കാരണം. അവള് സുഖം തേടി പോയതിൽ എനിക്കൊരു വെഷമോം ഇല്ല. പക്ഷെ എന്റെ പൊന്നുമോൻ ഇല്ലാണ്ടായാൽ, അതെനിക്ക് സയിക്കാൻ പറ്റൂല. ഇവളോടന്ന് കരഞ്ഞ് പറഞ്ഞതാ ഞാൻ എന്റെ കുഞ്ഞിനെ എനിക്ക് തന്നിട്ട് പോവാൻ. എന്നിട്ടത് കേക്കാതെ ന്റെ കുഞ്ഞിനെ കൊണ്ടുപോയി കൊലക്ക് കൊടുത്തിരിക്കുന്നു".

"ദേവൻ , നിങ്ങളിങ്ങനെ രോഷം കൊണ്ടിരിക്കേണ്ട സമയമല്ലിപ്പോൾ,കുഞ്ഞിന്റെ ബോഡി ഏറ്റെടുത്ത് പോവുകയാണ് വേണ്ടത് ''

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മീരയും, ദത്തനും, ഒരു പോലെ ഞെട്ടി. കാരണം കുഞ്ഞ് മരിച്ചത് അപ്പോൾ മാത്രമാണ് അവർ അറിഞ്ഞത്.

ഒരു പൊട്ടിക്കരച്ചിലോടെ മീര അവിടെ ഉണ്ടായിരുന്ന ചാരു ബെഞ്ചിലേക്ക് കുഴഞ്ഞു വീണു.

"മീരാ....കണ്ണുതുറക്ക്, മീര…മീരാ...''

ദത്തന്റെ ശബ്ദം കേട്ടാണ് ഡോക്ടറും, ദേവനും തിരിഞ്ഞു നോക്കിയത്. രണ്ടു പേരും  അവർക്കരികിലേക്കോടിയെത്തി.

"ഓഹോ...പ്രെഷർ ഡൗണായതാണ്. ഡ്രിപ്പ് ഇട്ടാൽ ശരിയാകും.പെട്ടെന്ന് കാഷ്വാലിറ്റിയിൽ എത്തിക്കൂ".

ദേവൻ വേറൊന്നും ആലോചിക്കാതെ അവളെയും വാരിയെടുത്ത് ഓടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ദത്തനും പിറകെ ഓടി..

കാഷ്വാലിറ്റി ബെഢിൽ മീരയെ കൊണ്ട് കിടത്തുമ്പോഴാണ് താനെന്താണ് ചെയ്തതെന്ന് ദേവനോർത്തത്. ഛെ, ദത്തനെന്ത് കരുതിക്കാണും. പാടില്ലായിരുന്നു. അവളിന്ന് തന്റെ ആരുമല്ല.പക്ഷെ മനസ് അതിപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് തോന്നുന്നു. എല്ലാം നഷ്ടപ്പെട്ടവന് പലതും പെട്ടെന്ന് വേണ്ടെന്ന് വയ്ക്കാൻ പറ്റാത്ത മനസിന്റെ ചഞ്ചലത. ദേവൻ തകർന്ന ഹൃദയത്തോടെ കാഷ്വാലിറ്റി റൂമിന്റെ പടിയിറങ്ങി. അജൂട്ടന്റെ തണുത്ത ശരീരത്തിനടുത്തേക്ക് നടന്നു നീങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ