ഞാൻ ബാബു - മാനന്തവാടി കോടതിയിലെ പാവം ഗുമസ്തൻ. മൂന്ന് മാസം മുമ്പ് മാത്രമാണ്, മഞ്ഞുമൂടിയ മലമടക്കുകൾക്ക് മുകളിലെ ഈ ഇരുണ്ട മുറിയിൽ വന്നുപെട്ടത്. കേസുകൾ കൂമ്പാരമുണ്ട് - വയനാടൻ മാമലകളെക്കാൾ ഉയരത്തിൽ!
പക്ഷേ, എന്നെ പിടികൂടിയിരിക്കുന്ന വിഷമ വൃത്തം ഇതേതുമല്ല - കേസുകെട്ടുകൾക്കിടയിലൂടെ നീണ്ടു വരുന്ന രണ്ടു കണ്ണുകൾ! പ്രോസസെർവ്വർ റോയി - എ.എം.റോയി. പേരുപോലെ തന്നെ ആണുങ്ങളെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റവും . രൂപവും, നടത്തവും, നോട്ടവും, ചോദ്യവും, ഉത്തരവും, എല്ലാം !!
കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നു തോന്നുന്നു; നല്ല മഴയുണ്ടായിരുന്ന ദിവസം .ഓഫീസ് സമയം കഴിഞ്ഞ് എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി കഴിഞ്ഞിരുന്നു. മൂത്രശങ്കയാൽ ഞാൻ മൂത്രപ്പുരയിലേക്ക് നടന്നു. മരങ്ങളും മാമലകളും നിഴൽ വീഴ്ത്തി മയങ്ങിക്കിടക്കാറുള്ള മാനന്തവാടി പിന്നെയും മഴയാൽ ഇരുണ്ടു.
മൂത്രപ്പുരയുടെ വാതിൽ തുറന്ന് അകത്ത് കടന്ന്, ട്രൗസറിന്റെ ഹൂക്ക് ഊരിയതേയുള്ളു, വാതിൽ ഞരങ്ങി - അവൾ - റോയി !!
ധൃതിയിൽ ഹുക്ക് പിടിച്ചിട്ട് ലജ്ജയോടെ വേഗത്തിൽ പുറത്തേയ്ക്ക് നടന്നു.
"ഇത് .... പുരുഷന്മാരുടെ ....."
പക്ഷേ എനിയ്ക്ക് പൂർണ്ണമാക്കാൻ കഴിയും മുമ്പ് തന്നെ അവൾ ഇടപെട്ടു.
"എനിയ്ക്കറിയരുതോ....ഉം..."
അവൾ അർദ്ധോക്തിയിൽ നിറുത്തി.
വാതിൽ ചാരി , ചുണ്ടിൽ ചിരി നിറച്ച് കൂസലില്ലാതെ നിൽക്കുകയായിരുന്നു റോയി.
വാതിൽ തന്നെ മറച്ചു കൊണ്ടായിരുന്നു അവളുടെ നിൽപ്പ്. ശരീരവലിപ്പത്തെ ധ്വനിപ്പിക്കുമാറ്, സഹജീവനക്കാർ വിളിച്ചിരുന്ന ആ 'പക്ഷിപാതാളം' ചലിച്ചതേയില്ല.
ആരെങ്കിലും കണ്ടാൽ !! എന്റെ നെഞ്ചുരുകിപ്പോയി. റോയിയുടെ 'ഹസ് ' ദിനേശൻ ഇപ്പോൾ വന്നേക്കും...... ഉള്ളു കാളി.
ദിനേശൻ സുന്ദരനാണ്, ആരോഗ്യവാനും. അരക്കിലോമീറ്റർ ദൂരമുള്ള വില്ലേജ് ഓഫീസിൽ നിന്നും,വാഹനമില്ലാത്തതിനാൽ നടന്നാണ് ഇവിടെയെത്തുക. ഇവിടെ നിന്നും സ്കൂട്ടറിന്റെ പിന്നിലിരുന്നാണ് യാത്ര. വണ്ടിയോടിക്കുന്നത് റോയിയെന്ന ഈ ഭാര്യാ ഭയങ്കരി!
പേടിയുടെ ഭൂതം കൺമുന്നിൽ നിറഞ്ഞാടാൻ തുടങ്ങി.
നല്ല മഴയുള്ളതുകൊണ്ട് ആ പെൺകോന്തൻ വരാൻ വൈകുമെന്ന് ഞാൻ ചിന്തിച്ചില്ലെങ്കിലും, അവളത് ഊഹിച്ചു കാണും .
ഞാനടുത്ത് ചെന്ന് യാചനയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.
"പ്ലീസ് .... ഒന്നു മാറിത്തരൂ..... "അങ്ങനെ പറയാതെ തന്നെ അതവൾ എന്റെ മുഖത്ത് വായിച്ചെടുത്തിട്ടുണ്ടാവാം. പക്ഷേ, അല്പം കൂടി മുന്നോട്ട് വരികയായിരുന്നു അവൾ.
നടന്ന് .... നടന്ന് ....അയ്യോ ..?!!.
കഴിഞ്ഞ മാസംവരെ റോയി മജിസ്ട്രേറ്റിന്റെ പ്രൈവറ്റ് സ്റ്റാഫിൽ ഒരുവളായിരുന്നു. മജിസ്ട്രേറ്റുമായുള്ള അവളുടെ 'വീരശൂരത്തങ്ങൾ ' ഓഫീസിലാകെ പാട്ടാണ്. മാന്യനായ അദ്ദേഹത്തിനു മുന്നിൽ അവൾ തോറ്റുപോയി പോലും!
രോമകൂപങ്ങളാലും, മുഖപ്രകൃതിയാലും പുരുഷ ഛായയും, ചുരിദാറിനെ തള്ളിച്ചു നിൽക്കുന്ന മുഴുത്ത മുലകളാൽ പെൺ മേനിയുമായ റോയി, അന്ന് ഫയലുകൾക്കു മുകളിൽ കമഴ്ന്നു കിടന്ന് എത്രയോ നേരം കരഞ്ഞു.
"അവൻ വെറുമൊരു കീടമാണ് "
വിതുമ്പലിനിടയിൽ അവളുടെ പതറിയ ശബ്ദം കുരുങ്ങിക്കിടന്നു.
ഹെഡ് ക്ലാർക്ക് വാസു സാർ, അന്ന് ഉച്ചയ്ക്ക് കാന്റീനിൽ പോകുംവഴി അവളോട്, "ദു:ഖം എന്നോടൊപ്പം പങ്കുവെയ്ക്കാമോ?" എന്ന് ചോദിച്ചുവത്രെ. റോയി വാസുവിനെ കോളറിൽ തൂക്കി ഓടയിലിട്ടെന്നും, പിറ്റേന്ന് സീനിയർ സ്റ്റെനോ രാധമ്മ മേഡം പലരോടും പറഞ്ഞു. വായാടിയായ രാധമ്മ നുണച്ചിയാണെന്നാണ് വാസു സാർ പറയുന്നത്.
"രാധമ്മയുടെ നാക്കും, വിരലുകളും ഒരുപോലെ വഴക്കമുള്ളതാ. അവയ്ക്ക് വിശ്രമമില്ല ! "
കോടതിയിൽ വരെ നീണ്ട് വേർപിരിഞ്ഞ കഥയാണ് ഹെഡ് ക്ലാർക്ക് വാസു സാറിന്റെയും രാധയുടെയും കല്യാണക്കഥ . മക്കളില്ലാത്തതിന്റെ പേരിൽ പോരടിച്ച പരാജിത ദമ്പതികൾ രണ്ടുവർഷമായി ഈ കോടതിയിൽ കീരിയുംപാമ്പുമായി കഴിഞ്ഞുപോന്നു.
"ഈ പുരുഷനാരിയുടെ ചരിതവും രാധാചരിതമാകുമോ?" തൂപ്പുകാരി ജാനകിച്ചേച്ചി ഒരിയ്ക്കൽ ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു. പെട്ടെന്ന് റോയി എന്നെ കരവലയത്തിലൊതുക്കി. "എനിക്കൊരു കുഞ്ഞിനെ തരൂ മനോഹരാ...!! ഇല്ലെന്ന് പറയരുത്, നിനക്കു വേണ്ടി എന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത് കാണാത്തതെന്താണ്?"
എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടായിരുന്നു അവൾ അത് ചോദിച്ചത്.
"ഞാൻ ,മനോഹരനല്ല .... .ബാബുവാണ് .. "
അങ്ങനെ വിളിച്ചു പറയന്നമെന്നുണ്ടായിരുന്നു. പക്ഷേ, അതിനവസരം തരാതെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
"ഞാനിഷ്ടപ്പെട്ടവരോടൊക്കെ കെഞ്ചി പറഞ്ഞു. ആരും എന്റെ മനസ്സു കണ്ടില്ല. നീയെങ്കിലും എന്നോട് കരുണ കാണിക്കൂ .... നിയെങ്കിലും ..., ഹൊ... ഒരു താലിയിലൂടെയെങ്കിലും ... "
അവളുടെ ചുണ്ടുകൾ വിതുമ്പിപ്പോയി.
അവ്യക്തമായ ശബ്ദങ്ങൾ മാത്രമായി വാക്കുകൾ .
ഞാൻ ഭാര്യയേയും കുഞ്ഞുങ്ങളേയും ഓർത്തു. അവരുടെ മുള്ളുവാക്കുകൾ കാതിൽ വന്നു വീഴുന്നതുപോലെ .
അവളെ തള്ളിനീക്കി, വാതിൽ വലിച്ചു തുറന്ന് പുറത്തേയ്ക്ക് എടുത്തുചാടി. നനഞ്ഞ വരാന്തയിൽ വഴുതിവീണു. ചെളി പുരണ്ട വസ്ത്രങ്ങൾ കുടഞ്ഞെണീക്കുമ്പോൾ , ചെറുപുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്നു, അവളുടെ 'ഹസ് ' ദിനേശ്. വേഗം റോഡിലേയ്ക്ക് ഇറങ്ങി നടന്നു. അപ്പോഴും മഴ കോരിച്ചൊരിയുകയായിരുന്നു.
"മനോഹരാ ...." മഴയിൽ കുതിർന്നെത്തുന്ന ആ പിൻ വിളി വിളിച്ചത് ആരാണ് ? റോയിയോ , ദിനേശനോ?