(Yoosaf Muhammed)
കോട്ടയത്തുനിന്നും നെടുങ്കണ്ടത്തേക്കു പുറപ്പെട്ട ബസ്സിന്റെ സൈഡു സീറ്റിൽ അയാൾ ഇരിക്കുകയാണ്. ബസ്സ് ഓരോ സ്റ്റോപ്പിൽ നിന്നും ആളുകളെ കയറ്റുകയും, ഇറക്കുകയും ചെയ്യുന്നുണ്ട്. ബസ്സ് കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഏഴാംമൈൽ സ്റ്റോപ്പിൽ നിന്നും ഒരു പെൺകുട്ടി അതിൽ കയറി.
അവളുടെ മാതാപിതാക്കൾ പുറത്തു നിന്നും അവൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി. അന്ധനാണെങ്കിലും, കുലുസിന്റെ ശബ്ദം കൊണ്ട് അവൾ പാദസ്വരം ധരിച്ചിട്ടുണ്ട് എന്നയാൾക്ക് മനസ്സിലായി. കട്ടപ്പനയിലേക്കാണോ എന്നയാൾ ചോദിച്ചപ്പോൾ അവൾ അന്തം വിട്ടു. തന്റെ എതിർ സീറ്റിൽ ആരോ ഉള്ളത് തനിക്കറിയില്ലല്ലോ എന്നവൾ പറഞ്ഞു. കാരണം അവൾ അന്ധയായിരുന്നു. നല്ല കാഴ്ചശക്തിയുള്ളവർ പോലും തങ്ങളുടെ തൊട്ടു മുന്നിൽ നടക്കുന്ന കാര്യങ്ങൾ കാണാത്ത കാലത്ത് ശബ്ദം കൊണ്ട് ആരോ അടുത്തുണ്ടെന്ന് രണ്ടാൾക്കും മനസ്സിലാകുന്നത് അവരുടെ ശ്രദ്ധക്കൂടുതൽ കാരണമാണ്.
താൻ ഒരു കുരുടനാണെന്ന് അവൾ മനസ്സിലാക്കാതിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അവൾ കട്ടപ്പനയിൽ ഇറങ്ങാനായിട്ടാണ് ബസ്സിൽ കയറിയത്.
അവൾ അയാളോട് ചോദിച്ചു
"താങ്കൾ എവിടേയ്ക്കാണ് പോകുന്നത് ? ഈ ബസ്സ് എവിടം വരെ പോകും?,"
"ഞാൻ നെടുങ്കണ്ടത്തിനാണ് പോകുന്നത്. എന്റെ അമ്മയുടെ വീട് അവിടെയാണ്. എപ്പോഴും നല്ല തണുപ്പുള്ള പ്രദേശമാണ്. എനിക്ക് അവിടെ താമസിക്കാനാണ് ഇഷ്ടം". അയാൾ പറഞ്ഞു നിറുത്തി.
അയാൾ പറഞ്ഞ സ്ഥലത്തെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചുമുള്ള സൂചന അവളെ തൽപ്പരയാക്കി. കുട്ടിക്കാനംകഴിഞ്ഞ് തേയില തോട്ടങ്ങളുടെ ഇടയിൽ കൂടി ബസ്സ് സാവധാനം മുന്നോട്ടു നീങ്ങുമ്പോൾ അയാൾ അവളോട് ചോദിച്ചു,
"പുറത്തെ പ്രകൃതി ഭംഗി എങ്ങനെയുണ്ട് ?" നല്ല രസമാണോ കാണാൻ ?" അയാളുടെ ചോദ്യത്തിനു മറുപടിയായി അവൾ തിരിച്ചു ചോദിച്ചു,
"താങ്കൾക്ക് പുറത്തേക്ക് നോക്കിക്കൂടെ?
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അയാൾ പുറത്തേയ്ക്കു നോക്കി. പക്ഷേ പ്രകാശം അയാൾക്ക് അന്ധകാരമായിരുന്നു.അവൾ അയാളോട് പക്ഷികളെയും, മൃഗങ്ങളെയും കാണുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.
"ഉച്ച സമയത്ത് അവകൾ ഇറങ്ങി വരാറില്ല. അവകൾ വിശ്രമത്തിലാണ് "
അയാളുടെ മറുപടിയിൽ അവൾ അദ്ഭുതപ്പെട്ടു. അവൾ സ്വയം ചോദിച്ചു,
" ഉച്ച സമയത്ത് പക്ഷികൾ വിശ്രമിക്കുമോ?"
ബസ്സ് യാത്ര തുടർന്നുകൊണ്ടിരിക്കേ അയാൾ അവളോട് പറഞ്ഞു,
"താങ്കളുടെ മുഖം വളരെയധികം ശ്രദ്ധയാകർഷിക്കുന്ന, ഒന്നാണ് ! "
അതിനു മറുപടിയായി അവൾ പറഞ്ഞു.
"എന്റെ മുഖം മനോഹരമാണെന്ന് ആളുകൾ പറയുന്നതു കേട്ട് ഞാൻ മടുത്തു. "
അയാൾ തുടർന്നു.
"മുഖസ്തുതിയിൽ വീഴാത്ത പെൺകുട്ടികളില്ല. ശ്രദ്ധയാകർഷിക്കുന്ന മുഖം സുന്ദരമായിരിക്കും "
"താങ്കളുടെ ശബ്ദം അരുവികളുടെ കളകള ശബ്ദം പോലെയാണ് "
അയാളുടെ പുകഴ്ത്തലിനു തക്ക മറുപടി അവൾ നൽകി.
"താങ്കൾ എത്രമാത്രം പുകഴ്ത്തിപ്പറഞ്ഞാലും അന്ധയായ എനിക്ക് എല്ലാം മനസ്സിലാകും. എന്റെ രൂപവും, ഭംഗിയും എനിക്ക് നല്ലവണ്ണം അറിയാം." വളവുകളും, തിരിവുകളും എല്ലാം കഴിഞ്ഞ് ബസ്സ് കട്ടപ്പന ബസ്സ് സ്റ്റാൻഡിൽ എത്തി. "അവളുടെ തലമുടി കെട്ടിയിട്ടിരുന്നുവോ അതോ പിന്നിയിട്ടിരുന്നുവോ എന്നയാൾ സംശയിച്ചു. " കാരണം അവളുടെ തലയിൽ ചൂടിയിരുന്ന മുല്ലപ്പുവിന്റെ ഗന്ധം അയാളുടെ മൂക്കിൽ അരിച്ചു കയറിയിരുന്നു.
ബസ്സിൽ നിന്നും ആളുകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു. അവസാനമാണ് അവൾ ഇറങ്ങിയത്. അവൾ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അയാൾക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി.
"രണ്ടു മണിക്കൂറോളം അവളുടെ സാമീപ്യം അയാൾക്ക് കുളിയേകിയിരുന്നു. ഇപ്പോൾ ഒരു ശൂന്യത തളം കെട്ടിയ മാതിരി. "അവൾ ഇരുന്നിരുന്ന സീറ്റിൽ കയറിയിരുന്ന പുതിയ യാത്രക്കാരൻ, ആരോടെന്നില്ലാതെ പറഞ്ഞു.
"ഇപ്പോൾ ഇറങ്ങിയ പെൺകുട്ടിയെപ്പോലെ താൻ ഒരു ആകർഷമുള്ള ഒരു സഹയാത്രികനല്ല."
അപ്പോൾ പഴയ യാത്രക്കാരൻ ചോദിച്ചു,
"ഇപ്പോൾ ഇറങ്ങിയ പെൺകുട്ടിക്ക് ഒരുപാട് തലമുടിയുണ്ടോ?"
അപ്പോൾ പുതിയ യാത്രക്കാരൻ പറഞ്ഞു,
"അവളുടെ തലമുടിയല്ല, കണ്ണുകളാണ് ഞാൻ ശ്രദ്ധിച്ചത്. "ആ കണ്ണുകൾ മനോഹരമാണെങ്കിലും, അവൾ അന്ധയായിരുന്നു . താങ്കൾ അതു ശ്രദ്ധിയില്ലേ?"
"അന്ധനായ ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്? താങ്കളുടെ വർണ്ണന കേട്ട് ഞാൻ സന്തോഷവാനായിട്ടിരിക്കുകയാണ്. "താങ്കൾ ഭാഗ്യവാനാണ്. ദൈവം താങ്കൾക്ക് കണ്ണുകൾ തന്നു. എല്ലാം കാണാനും , ആസ്വദിക്കാനും."പഴയ യാത്രക്കാരൻ പറഞ്ഞു. പഴയയാത്രക്കാരന്റെ തേങ്ങലുകൾക്ക് മറുപടിയായി പുതിയ യാത്രക്കാരൻ പറഞ്ഞു.
"സുഹൃത്തേ , താങ്കളുടെ വേദന എനിക്ക് നല്ലതുപോലെ മനസ്സിലാകും. ആ പെൺകുട്ടിയെക്കുറിച്ച് വിശദീകരിച്ചത്, എന്റെ മനസ്സിൽ നിന്നും വന്ന വേദനാജനകമായ വരികളാണ്. എനിക്കും അവളെ കാണാൻ പറ്റിയില്ല. കാരണം ഞാനും ഒരന്ധനാണ് " !
ഒരുതേങ്ങലു പോലെ ഒഴുകി വന്ന അയാളുടെ വാക്കുകളെ കീറിമുറിച്ചു കൊണ്ട് ബസ്സ് നെടുങ്കണ്ടത്തേക്ക് യാത്ര തുടർന്നു...