മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sohan KP

'ലൈലാ ...ഞാന്‍ പോകുന്നു.'  ഒരു വലിയ കെട്ട് ചൂലുകള്‍ സൈക്കിളിന് പുറകില്‍ വച്ച് വില്‍പ്പനക്കായി രാമു പുറപ്പെട്ടു കഴിഞ്ഞു. പനയുടെയും തെങ്ങിന്‍ടെയും ഓലകളാല്‍ മെടഞ്ഞുണ്ടാക്കിയ ഭംഗിയുള്ള ചൂലുകള്‍. 

രാമുവിന്‍ടെ ചൂലുകള്‍ ആരു വാങ്ങും. നല്ല ഗുണമേന്‍മയുള്ള ഉറപ്പുള്ള ചൂലുകള്‍.

'ആര്‍ക്കും കടം കൊടുക്കരുത്. പിന്നീ്ട് ചോദിച്ചാലും പണം കിട്ടില്ല'  ലൈലയ്ക്ക് രാമുവിന്‍ടെ ഉദാരമനസ്ക്കത തീരെ ഇഷ്ടമായിരുന്നില്ല.

'ചൂല് വേണോ ചൂല്‌ .നല്ല പനയുടെ ചൂല്..തെങ്ങോലയുടെ ചൂല്..നാടന്‍ ചൂല്.'

 രാമുവിന്‍ടെ ശബ്ദം കേട്ട് പലരും വീടുകളില്‍ നിന്ന് ഇറങ്ങി വരും. ചൂലിന്‍ടെ വിലയായ 30 രൂപ പോലും കൊടുക്കാന്‍ കഴിയാത്ത പാവപ്പെട്ടവരുണ്ടായിരുന്നു ആ ഗ്രാമത്തില്‍.

ചിലര്‍  പണത്തിന് പകരം ഗോതമ്പോ, അല്‍പ്പം പച്ചക്കറിയോ കൊടുത്താണ് ചൂലു വാങ്ങുന്നത്. ഭാര്യ വഴക്കുണ്ടാക്കുമെങ്കിലും അങ്ങനെയും രാമു കച്ചവടം നടത്തും. ചില സമയം, വില പേശുന്നവര്‍ക്ക്, അഞ്ചോ പത്തോ രൂപ കുറച്ചു കൊടുക്കും.

ഒരു ദിവസം വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ വീടിന്‍ടെ മുന്‍വശത്ത് രാജു അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. രാജു ഒരു ഏജന്‍റാണ്. ഒരു പ്രമാണിയുമാണ്. ഗ്രാമത്തിലെ അക്ഷരാഭ്യാസം കുറഞ്ഞ ആളുകളെ അയാള്‍ സഹായിക്കാറുണ്ട്. സ്ഥലക്കച്ചവടം, അപേക്ഷ തയ്യാറാക്കി കൊടുക്കുക, ബാങ്ക് ഇടപാടുകള്‍ അങ്ങനെ പല കാര്യങ്ങള്‍ക്കും.സര്‍ക്കാര്‍ കാര്യങ്ങളിലെ നുലാമാലകളൊക്കെ ആളുകള്‍ക്ക് ഇയാള്‍ ശരിയാക്കി കൊടുക്കും.അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യും.

'രാമൂ .ഞാന്‍ നിന്നെ കുറച്ചു നേരമായി കാത്തിരിക്കുന്നു.നിനക്ക് ഗുണമുള്ള ഒരു കാര്യം പറയാനാണ്'.

'എന്താണ് സാബ്'

കൈത്തൊഴില്‍ ചെയ്യുന്നവര്‍ക്ക്ഈടൊന്നുമില്ലാതെ 25000 രൂപ  ബാങ്ക് ലോണ്‍ കിട്ടും.നിനക്ക് സംഘടിപ്പിച്ചു തരാം.

'എനിക്ക് ലോണെന്നു കേട്ടാലേ ഭയമാണ് സാബ്. വേണ്ട. അതൊക്കെ പിന്നീട് ഒരു തലവേദനയാകും.'

ഇതില്‍ ഭയപ്പെടാനൊന്നുമില്ല. കൈയിലുള്ളതു പോലെ അടച്ചാല്‍മതി. പിന്നെ, പെട്ടെന്ന് അടച്ചു തീര്‍ക്കുന്നവര്‍ക്ക് പലിശയിളവും കിട്ടും.നിന്‍ടെ കച്ചവടം വിപുലമാക്കാനുള്ള അവസരം തട്ടിക്കളയരുത്.'

കുറച്ചു നേരത്തെ ആലോചനക്കു ശേഷം രാമു സമ്മതം മൂളി. ആ പ്രലോഭനത്തില്‍ രാമു വീണു പോയിരുന്നു.

അടുത്ത ദിവസം തന്നെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായി രാജു എത്തി. കുറെ കടലാസുകളില്‍ വിരലടയാളം പതിച്ച് വാങ്ങി.

ഒരാഴ്ക്കു ശേഷം രാമുവിന് ലോണ്‍ ലഭിച്ചു. പക്ഷേ 3000 രൂപ രാജുവിനു കമ്മീഷനായി കൊടുക്കേണ്ടി വന്നു.

പിന്നീടുള്ള ദിവസങ്ങള്‍ രാമുവിന് ദുരിതം നിറഞ്ഞതായിരുന്നു. കഴിയുന്നിടത്തോളം പനയോലകള്‍ ശേഖരിച്ചു. രാപ്പകല്‍ അത്യദ്ധ്വാനത്തിന്‍ടെ ദിവസങ്ങള്‍. ലോണിന്‍ടെ തിരിച്ചടവിനെ ക്കുറിച്ചാലോചിക്കുമ്പോള്‍അയാളുടെ മനസ്സമധാനം നഷ്ടപ്പെടും. 

ഒരു മാസം കഴിഞ്ഞപ്പോള്‍ രാജു രാമുവിന്‍ടെ വീട്ടിലെത്തി. നിന്‍ടെ ലോണിന്‍ടെ  ആദ്യഗഡു തിരിച്ചടക്കേണ്ട സമയമായി രാമു. അയാള്‍ പറഞ്ഞു.

സാബ്. എനിക്ക് ഒരു ദിവസത്തെ പണി കളഞ്ഞ് ബാങ്കില്‍ പോകാന്‍ കഴിയില്ല. സാബ് എന്നെ സഹായിക്കണം. തുക ഞാന്‍ തരാം. സാബ് തന്നെ അടച്ചാല്‍ മതി.

ഒരു നിമിഷം ആലോചിച്ചിട്ട് രാജു പറഞ്ഞു. ശരി നീ 3 ഗഡുക്കളായി ഇത് അടക്കാന്‍ ശ്രമിക്ക്. പലിശയിളവും കിട്ടും.  8000 രൂപ എന്നെ ഏല്‍പ്പിക്ക് ഞാന്‍ ബാങ്കില്‍ അടച്ചോളാം. രാമുവിന് സന്തോഷമായി. പണം ശ്രദ്ധാപൂര്‍വ്വം എണ്ണി അയാള്‍ രാജുവിനെ ഏല്‍പ്പിച്ചു. 

ദിവസങ്ങള്‍ മുന്നോട്ടു നീങ്ങി. സൈക്കിളിലുള്ള കച്ചവടം മതിയാക്കി. അകലെ നഗരത്തിലുള്ള ചന്തയില്‍ കൊണ്ടു പോയി രാമു ചൂലുകള്‍ വിറ്റു. ഈ കഷ്ടപ്പാടിന് പ്രതീക്ഷിച്ച അത്ര ലാഭം ഒന്നു മില്ല എന്ന് ക്രമേണ രാമുവിന് മനസ്സിലായി.

വലിയ പനകളില്‍ വലിഞ്ഞു കയറി അയാളുടെ ശരീരമാകെ വേദനിച്ചു. കടുത്ത ക്ഷീണവും തലവേദനയും ബാധിച്ചു. പലപ്പോഴും കിടപ്പിലായി.

'ലൈല അന്നേ വിലക്കിയതാണ്. അതനുസരിച്ചിരുന്നെങ്കില്‍ ഈ ഊരാക്കുടുക്കില്‍ പെടില്ലായിരുന്നു' രാമു ഓര്‍ത്തു.

രണ്ടാമത്തെ ഗഡു കൂടി അടച്ചപ്പൊഴേക്കും അയാള്‍ മാനസികമായും ശാരീരികമായും തളര്‍ന്നു പോയിരുന്നു.

ഒരു ദിവസം രാത്രി അയാള്‍ ഭാര്യയോടു പറഞ്ഞു. നാളെയാണ് അവസാനഗഡു അടക്കേണ്ട ദിവസം. അതോടെ നമ്മള്‍ ഈ കടത്തില്‍ നിന്നും രക്ഷപ്പെടും. വരുമാനം അല്‍പ്പം കുറഞ്ഞാലും മനസ്സമാധാനം തന്നെയാണ് വലുതെന്ന് എനിക്ക് മനസ്സിലായി്

ഒരാഴ്ച കഴിഞ്ഞപ്പോള്‍ രാമുവിനെ അന്വേഷി ച്ച് പോസ്റ്റ് മാന്‍ എത്തി. രാമുവിന് വേണ്ടി കത്ത് പൊട്ടിച്ച് വായിച്ചു.

'രാമൂ. നീ ബാങ്കില്‍ നിന്ന് ലോണെടുത്തിരുന്നു. അല്ലേ? '

'അതെ. എന്താണ് കത്തില്‍'

'രാമൂ. നിനക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. നിന്‍ടെ പേരിലുള്ള കടം സര്‍ക്കാര്‍ എഴുതി തള്ളിയിരിക്കുന്നു'

ഇത് കേട്ട് ഒന്നും മനസ്സിലാകാതെ രാമുവും ഭാര്യയും അമ്പരന്നു നിന്നു.അവരാകെ ആശയക്കുഴപ്പത്തിലായിരുന്നു. 'എന്താണ് ഇതിന്‍ടെ അര്‍ത്ഥം'

മറ്റുള്ള പലര്‍ക്കും കൊടുക്കാനുള്ള കത്തുകളും നോട്ടിസുകളുമായി, പോസ്റ്റ് മാന്‍ സൈക്കിളില്‍ കയറി അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ