(T V Sreedevi )
അമ്മിണി എന്നും തനിയെയായിരുന്നു. ചെറുപ്പത്തിൽത്തന്നെ അച്ഛനുമമ്മയും മരിച്ചു.പിന്നെ അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു അമ്മിണി വളർന്നത്. ഒരു സഹോദരനുള്ളത് അമ്മിണിയേക്കാൾ പത്തുവയസ്സിനു മൂത്തതായിരുന്നു.
ചൊല്ലുവിളിയില്ലാതെ വളർന്നവൻ. രാത്രിയിൽ വന്ന്, വെളുപ്പിനെ എങ്ങോ പോകുന്ന ചേട്ടനെ അവൾ കാണാറൂംകൂടി യില്ല. ഏഴാം ക്ലാസ്സു ജയിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞു,
"അമ്മിണി ഇനി പഠിക്കാൻ പോകണ്ട." "പട്ടണത്തിലെ പള്ളിക്കൂടത്തിലേയ്ക്ക് ഇശ്ശി ദൂരോണ്ട്." "അമ്മൂമ്മയ്ക്ക് കുട്ടിയെ അത്ര ദൂരമയയ്ക്കാൻ വയ്യ."
അമ്മിണി ഒന്നും മിണ്ടിയില്ല. തനിയെ ഇരുന്നു കരഞ്ഞു. കൂട്ടുകാരൊക്കെ സ്കൂളിൽ പോകുന്നത് കാണുമ്പോൾ സങ്കടം കൂടിവന്നു. പിന്നെ വീട്ടിലെ പണികളെല്ലാം തനിയെ ചെയ്തു. അവൾ തനിയെ നടന്നു. തനിയെ സംസാരിച്ചു.
ഒരു നാൾ മുത്തശ്ശിയും മരിച്ചപ്പോൾ അമ്മിണി തീർത്തും തനിച്ചായി. ആ പഴയ നാലുകെട്ടിൽ അവളുടെ കൂട്ടിന് കുറുഞ്ഞിപ്പൂച്ചയും വല്ലപ്പോഴും അരിമണി കൊത്തിപ്പെറുക്കാനെത്തുന്ന പ്രാവുകളും തൊടിയിലെ മാവിൻ ചില്ലയിൽ കൂടുകൂട്ടിയിരിക്കുന്ന പൂവാലനണ്ണാനും മാത്രമായി.
അമ്മൂമ്മയുടെ സഹോദരിയുടെ കൊച്ചുമക്കൾ അവൾക്ക് രാത്രിയിൽ കൂട്ടുകിടക്കാനെത്തും. ആയിടെ അവളുടെ സഹോദരൻ ഒരു കുത്തുകേസിൽ പ്രതിചേർക്കപ്പെട്ടു ഒളിവിൽ പോയി. വർഷങ്ങൾക്കൊപ്പം അമ്മിണിയുടെ ഏകാന്തതയും കൂടിവന്നു. കേസ്സു നടത്താനായി ചേട്ടൻ വസ്തുവകകളോരോന്നായി വിറ്റു തുലച്ചുകൊണ്ടിരുന്നു.
ഒടുവിൽ തറവാടിരിക്കുന്ന സ്ഥലം മാത്രം മിച്ചമായി.
ബന്ധുക്കളാരോ അമ്മിണിക്കു വിവാഹമാലോചിച്ചെങ്കിലും കൊലക്കേസു പ്രതിയുടെ സഹോദരിയെ കല്യാണം കഴിക്കാൻ ആരും തയ്യാറായില്ല. വർഷങ്ങൾ പലതും കഴിഞ്ഞുപോയി. വീട്ടിൽ തനിയെയായ അമ്മിണിയെത്തേടി ഒരു നാൾ കുറച്ചകലെയുള്ള വലിയമ്മയുടെ മകളെത്തി. മൂലജന്മത്തു വഴിപാടു കഴിക്കാൻ വന്ന അവർ അമ്മിണിയെ അവരുടെ കൂടെ കൊണ്ടുപോയി. അന്ന് അമ്മിണിക്ക് മുപ്പതു വയസ്സുണ്ട്.
കേസ്സ് വിധിയായപ്പോൾ സഹോദരനെ വെറുതെ വിട്ടിരുന്നു. അയാൾ വിവാഹം കഴിച്ച് വീട്ടിൽ താമസമാക്കിയെങ്കിലും അമ്മിണിയെ തിരിഞ്ഞു നോക്കിയില്ല. വീണ്ടും പല കല്യാണക്കാര്യങ്ങളും വന്നെങ്കിലും ആങ്ങള ഒന്നും നടത്തിക്കൊടുക്കാൻ തയ്യാറായില്ല. താമസിക്കുന്ന വീട്ടിലും അമ്മിണിക്ക് ഒറ്റപ്പെട്ട ജീവിതമായിരുന്നു.
അവൾ സംസാരിക്കാൻ മറന്നുപോയവളെപ്പോലെ തനിയെ നടന്നു. ആ വീട്ടിലെ പണികൾ മുഴുവൻ തനിയെ ചെയ്തു. വല്ലപ്പോഴും വലിയമ്മയുടെ മകൾ അവളോട് എന്തെങ്കിലും ചോദിച്ചാലായി. അവരുടെ ഭർത്താവ് ഗോപിയേട്ടൻബിസിനസ്സുകാരനായിരുന്നു. അയാളുടെ ബിസിനസ് പാർട്ണർ ആയിരുന്ന ബാലരാമൻ അവിടെ വരുമ്പോൾ അമ്മിണിയെ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അയാൾ അവിവാഹിതനായിരുന്നു. ഒരു വലിയ വീട്ടിൽ തനിയെ താമസിക്കുകയാണ്!
"അമ്മിണിയും താനും തനിയെ കഴിയുന്നവരാണല്ലോ. ഒരേ തൂവൽപ്പക്ഷികൾ!" അയാൾ ചിന്തിച്ചു. ആരോരുമില്ലാതെ, അമ്പതുവയസ്സിലും അവിവാഹിതനായി, തനിയെ കഴിയുന്ന അയാൾ ഒരു ദിവസം വല്യമ്മയുടെ മകളുടെ ഭർത്താവിനോട് അമ്മിണിയെ കല്യാണം കഴിച്ചുകൊടുക്കാമോ എന്നു ചോദിച്ചു.
'അമ്മിണിയുടെ സഹോദരനോട് ചോദിക്കണ്ടേ'യെന്നുള്ള അഭിപ്രായം വന്നപ്പോൾ ആദ്യമായി അമ്മിണി മൗനം വെടിഞ്ഞു.
"വേണ്ട, ആരോടും ചോദിക്കണ്ട! എനിക്കാരുമില്ല. ഞാൻ തന്നെ എന്റെ കാര്യം തീരുമാനം പറയാം!"
"എനിക്കു സമ്മതമാണ്."
"തനിയെ ജീവിച്ചു മടുത്തു." അവൾ പറഞ്ഞു!
വിവരം അറിഞ്ഞപ്പോൾ ബാലരാമനും സന്തോഷമായി. ഒന്നും വേണ്ടെന്നു പറഞ്ഞെങ്കിലും അവർ അമ്മിണിക്ക് പുതിയ മാലയും നാലു വളകളും മോതിരവും കൊടുത്തു.
കല്യാണവും ഭംഗിയായി നടത്തി. കല്യാണത്തിനു അമ്മിണിക്കണിയാൻ ബാലരാമൻ അവൾക്ക് ധാരാളം ആഭരണങ്ങൾ സമ്മാനമായി നൽകി.സർവ്വാഭരണ വിഭുഷിതായി, പട്ടുവസ്ത്രങ്ങളു മണിഞ്ഞു കതിർമണ്ഡപത്തിലെത്തിയ അമ്മിണിയെ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ അമ്മിണി ബാലരാമന്റെ ജീവിതസഖിയായി.
വീണ്ടും അവൾ ആരുമില്ലാത്ത മറ്റൊരു വീട്ടിലേയ്ക്ക് പറിച്ചുനടപ്പെട്ടു. ബാലരാമന്റെ അച്ഛനമ്മമാർ പണ്ടേ മരിച്ചുപോയിരുന്നു. ബാലരാമൻ അവധി കഴിഞ്ഞ് ജോലിക്കു പോയിത്തുടങ്ങിയപ്പോൾ അമ്മിണി വീണ്ടും തനിച്ചായി. ഒരു ദിവസം അടുക്കളയിൽ തനിയെ സംസാരിച്ചുകൊണ്ടു നിന്ന അമ്മിണിയെക്കണ്ടപ്പോൾ ബാലരാമന് സങ്കടം തോന്നി.
പിറ്റേന്ന് അയാൾ ജോലിക്കു പോയപ്പോൾ അമ്മിണിയെ കൂടെക്കൂട്ടി. പട്ടണത്തിലെ തയ്യൽ പരിശീലന കേന്ദ്രത്തിൽ അവളെ ചേർത്തു. വൈകുന്നേരം രണ്ടുപേരും ഒരുമിച്ചു വീട്ടിലേക്കു പോയി. അമ്മിണിയുടെ പകലുകൾ സന്തോഷം നിറഞ്ഞതായി! ഒരുവർഷം കഴിഞ്ഞപ്പോൾ അവരുടെ ജീവിതത്തിലെ എല്ലാ ഏകാന്തതയ്ക്കും വിരാമമിട്ടുകൊണ്ട് അവർക്കൊരു പൊന്നുമോൻ ജനിച്ചു. ഒരു കള്ളക്കണ്ണൻ !
അങ്ങനെ നാൽപ്പതാമത്തെ വയസ്സിൽ അമ്മിണി ഏകാന്തജീവിതത്തിൽ നിന്നും മോചിതയായി. ബാലരാമനും.
അവരുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും നിറമുള്ളതായി.