മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പെഷവാറിന്റെ ഈ താഴ്‌വരയിൽ രണ്ടുപേരേ താമസിക്കുന്നുള്ളൂ. അമ്പത്തെട്ടു കഴിഞ്ഞ ഫതഹും പതിനെട്ട്  തികയാറായ അയാളുടെ മകൾ സുകൂനും. ചെമ്പൻനിറത്തിലുള്ള മുടിയും അതേ വർണത്തിലുള്ള താടിരോമങ്ങളും തലോടിക്കൊണ്ടിരിക്കുകയായിരുന്ന ഫതഹ് പൊടുന്നനേ ഞെട്ടിക്കൊണ്ട് ഇരുന്നിരുന്ന തിണ്ടയിൽ നിന്നും എഴുന്നേറ്റു.

“ഒരു കൊടുങ്കാറ്റു വരുന്നൂ നീ എവിടെയാണ് സുകൂൻ?”

അയാൾ ഉച്ചത്തിൽ അലറി. വിളറിയ അയാളുടെ മുഖത്തു നിന്നും കണ്ണുകൾ എഴുന്നുനിന്നുകൊണ്ട് സുകൂനെ കണ്ടെത്താൻ ശ്രമിച്ചു.

“ബാ…ബ്…ബാ”

മരക്കൂട്ടത്തിനിടയിൽ നിന്നും അവൾ ഉറക്കെ ശബ്ദമുണ്ടാക്കി. അതുകേട്ട്  ഫതഹ് അവൾക്കു നേരേ പാഞ്ഞു. അയാൾ അവളുടെ നെഞ്ചോട് ചേർന്നുനിന്നു. നാവ് പുറത്തിട്ട്,  മുടിയാട്ടിവന്ന കൊടുങ്കാറ്റ്   അവരെ തൊട്ടു. ഭൂമിയേയും മരങ്ങളേയും പേടിപ്പിക്കാൻ കഴിഞ്ഞ അവന് പക്ഷേ അവരെ ഭയപ്പെടുത്താനായില്ല.

ഓരോ കൊടുങ്കാറ്റിലും ബാബ തന്നെ പുണരുന്നതെന്തിനാണെന്ന് അവൾക്കറിയില്ല. പക്ഷേ ഒന്നവൾക്കറിയാം ; ബാബയുടെ  വിണ്ട നെഞ്ചിൻകൂടിൽ പറ്റിപ്പിടിച്ചു നിൽക്കുമ്പോൾ ഒരു കൊടുങ്കാറ്റിനും തന്നെ തൊടാനാവില്ലെന്ന്.

ഉരുണ്ട പാറക്കല്ലുകളെയും ആകാശം തൊട്ട മരങ്ങളെയും ഒന്നു വിറപ്പിച്ചുകൊണ്ട് കൊടുങ്കാറ്റ് കടന്നുപോയി. ഫതഹ്  പിടിവിട്ടു. ആകാശം ഘനീഭവിച്ചു,  അതിന്റെ ഗാഢതയിൽ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തണുത്തുവിറച്ചു.

സുകൂൻ  ജന്മനാ മൂകയാണ്. പലവിധത്തിലുള്ള ശബ്ദമുണ്ടാക്കാൻ അറിയുമെന്ന് ഒഴിച്ചുനിർത്തിയാൽ ഒന്നും പറയാനോ ചോദിക്കാനോ അവൾക്കു കഴിയില്ല.

സംസാരിക്കാൻ സുകൂന് ബാബയല്ലാതെ മറ്റാരുമില്ല. ബാബയോടാണെങ്കിൽ അവളധികം സംസാരിക്കാറുമില്ല. ബാബ അവളോട് വിരലുകൾ കൊണ്ടും കണ്ണുകൾ കൊണ്ടുമാണ്  സംസാരിക്കാറ്.

ഇരുപത് വർഷം മുമ്പ് താഴ്വരയിൽ ഫതഹിന്റെ കുടുംബത്തെ കൂടാതെ അഞ്ചു കുടുംബങ്ങൾ കൂടിയുണ്ടായിരുന്നു. ഓരോ ദമ്പതികൾക്കും മക്കളായപ്പോൾ അവർ പള്ളിക്കൂടമുള്ള താഴ്വരയിലേക്ക് താമസം മാറിപ്പോയി. ആ താഴ്വരയെത്താൻ ഒന്നരദിവസം നടക്കണം. 

സുകൂൻ ജനിച്ചുവീണ ദിവസമാണ് ഫതഹ് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന ദിനം. കാരണം അന്നേ ദിവസമാണ് അയാളുടെ ആത്മാവിന്റ നല്ലപാതി മരണപ്പെട്ടത്; അയാളുടെ ഭാര്യ. 

മുറ്റത്തെ വലിയ ഓക്ക് മരത്തിന്റെ ചോട്ടിലെ മണ്ണിനോളം പ്രിയപ്പെട്ടതല്ല ഫതഹിന് ഈ ലോകത്ത് ഒന്നും; സുകൂൻ പോലും.നൈതികതയുടെ ഗർത്തങ്ങളിലേക്ക് കാലം തെറ്റിവീണ ആ സ്ത്രീ മണ്ണിനുള്ളിൽക്കിടന്ന്‌ തന്നെ ഇപ്പോഴും സ്നേഹിക്കുന്നെണ്ടെന്ന വിചാരമാണ് അയാളെ ഈ താഴ്‌വരയിൽ ഇപ്പോഴും പിടിച്ചുനിർത്തുന്നത്. 

സുകൂൻ ഇന്നുവരെ ഫതഹിനെയല്ലാതെ മറ്റൊരു മനുഷ്യനേയും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവളുടെ ലോകത്ത് ബാബയല്ലാതെ മറ്റൊരു മനുഷ്യനില്ല. പിന്നെയാ ലോകത്തുള്ളതു മുഴുവൻ പക്ഷികളും പ്രാണികളും അരുവികളും മരങ്ങളുമാണ്. ചെങ്കുത്തായ മലമുകളിൽ നിന്ന് ചാടിപ്പിടഞ്ഞുവരുന്ന അരുവിയെ അവൾക്ക് ഒരുപാടിഷ്ടമാണ്. തളർന്നുകിടക്കുന്ന ഓക്ക് മരവും അവൾക്ക് അരുവിയോളം പ്രിയപ്പെട്ടതാണ്. 

ഒരു സന്ധ്യയിൽ മരക്കൂട്ടത്തിനിടയിൽ നിന്നും വീട്ടിലേക്ക് കയറിചെന്നപ്പോൾ സുകൂൻ ബാബയെ കണ്ടില്ല. അവളുടെ മനസ്സ് പിടഞ്ഞു. സുകൂൻ അവളുടെ ബാബയുടെ അരികിലേക്കോടി. 

“ബ്…ബ്…ബാ”

തന്റെ മാതാവിന്റ ഖബ്റിനരികെ ബോധം നശിച്ചുകിടക്കുന്ന ബാബയെക്കണ്ടപ്പോൾ അവൾ ദൈവത്തെ ഓർത്തു.

“ബാബാ… ബാബാ”

തെല്ലും തെറ്റാതെ അവൾ മനസ്സിൽ പറഞ്ഞു.  ശബ്ദമില്ലാതെ പിന്നെയും പലതും അവൾ മനസ്സിൽ ഉച്ചരിച്ചു.  കമിഴ്ന്നു കിടന്നിരുന്ന അയാളെ സുകൂൻ മലർത്തിക്കിടത്തി.  അവൾ അയാളെ ഉണർത്താൻ ശ്രമിച്ചു. വർണിക്കാവതല്ലാത്ത മറ്റൊരു ലോകത്തേക്ക് അയാൾ കടന്നതറിയാതെ അവൾ കരഞ്ഞുകൊണ്ടിരുന്നു. 

ഒടുവിൽ പഴുത്ത ഇലകൾ വീണ മണ്ണിളകി.  കുറേ നേരം കുഴിച്ചും മണ്ണുമാന്തിയും അവളൊരു കുഴിയുണ്ടാക്കി. 

സങ്കടങ്ങളുടെ ഉൾക്കിടിലങ്ങളെ മനസ്സിന്റെ അടിത്തട്ടിൽ തന്നെ നിർത്തിക്കൊണ്ട് ഫതഹിനെ അവൾ ആ കുഴിയ്ക്കരികിലേക്ക് വിളിച്ചുകൊണ്ടുപോയി.  ചലനമറ്റ അയാളുടെ നെഞ്ചിൽ മുഖംഅമർത്തിക്കൊണ്ട് അവൾ കരഞ്ഞു.  വീണ്ടെടുക്കാനാകാത്ത സ്നേഹത്തിന്റെ ചുംബനങ്ങളോരോന്നും അവളയാളുടെ മുഖത്ത് പൊഴിച്ചു.  നനുത്ത നിശ്വാസങ്ങളിൽ ദുഃഖത്തിന്റെ തുപ്പുനീര് കലരുന്നതായി അവളറിഞ്ഞു.  ആകാശത്തിൽ ദീനരോദനം മുഴങ്ങി. വാടിയും തളർന്നും നിന്ന മേഘങ്ങൾ കലപില കൂട്ടി.  ഇരുണ്ട ഭൂമിയെ സാക്ഷിയാക്കി അവൾ തന്റെ ബാബയെ കുഴിയിലേക്ക് വലിച്ചുതാഴെയിറക്കി.  അയാളുടെ ശരീരത്തിന്റെ ഒരുവശം അവളുടെ കൈകളിലും മറ്റേവശം കുഴിയുടെ മൺതിട്ടയിലുമായിരുന്നു.  ബാബയെ ആകാശത്തിനഭിമുഖമായി കിടത്തി കുഴിയിൽ നിന്ന് കയറിനിന്നപ്പോൾ അവളുടെ മനസ്സ് പിടഞ്ഞു. തേങ്ങിക്കരയുന്ന അവളെക്കണ്ട് കിളികളും കുരുവികളും ചില്ലകളിൽ കൂനിക്കൂടിയിരുന്നു. 

സുകൂൻ ഒരു പിടി മണ്ണുവാരി ഫതഹിനു മേലേക്കിട്ടു. അന്നു രാത്രി അവൾക്ക് ഉറങ്ങാനായില്ല. 

ഫതഹിന്റെ മരണം അവളുടെ മൃദുലമായിരുന്ന മനസ്സിൽ പോറലുകളും മുറിവുകളും   വരുത്തിവെച്ചു. അടുത്ത കൊടുങ്കാറ്റിൽ   താൻ എന്തുചെയ്യുമെന്ന   ചിന്ത അവളുടെ മനസ്സിനെ പൊതിഞ്ഞ നിമിഷം അദൃശ്യമായ ഒരു കടന്നൽകൂട്ടം തന്നിൽ വരുത്തിവെച്ച നാശനഷ്ടം അവൾ തിരിച്ചറിഞ്ഞു.  ബാബയുടെ ചെമ്പൻമുടി അവളുടെ ഓർമകളുടെ നിറങ്ങളിൽ സംശയാസ്പദമായ പൊടികുത്തുകളേല്പ്പിച്ചു. 

ദുഃഖത്തിന്റെ ഗർത്തങ്ങളിലേക്ക് അവളെ തള്ളിയിട്ടുക്കൊണ്ട് രാവുമറഞ്ഞു. പിറ്റേന്ന് മുതൽ ഓക്ക് മരത്തിന്റെ ചുവട്ടിലെ രണ്ടു ശവകുടീരങ്ങൾക്ക് മുന്നിൽ നിന്നുക്കൊണ്ട് പ്രാർത്ഥിക്കുമ്പോൾ സുകൂന്റെ മനസ്സ് നീറാൻതുടങ്ങി. വെണ്ണീറിന്റെ മണംവമിക്കുന്ന തന്റെ മനസ്സ് എന്നു ശരിയാകുമെന്നറിയാതെ അവൾ ഓരോ നിമിഷവും ഉഴറി. 

ഏകാന്തതയുടെ അപാരതീരങ്ങൾ സുകൂനെ ഭയപ്പെടുത്താൻ ആരംഭിച്ച ഒരു പ്രഭാതത്തിലാണ് അവൻ ആ താഴ്വരയിലേക്കെത്തുന്നത്. ഇരുപതു കഴിഞ്ഞ അവനെ ആളുകൾ കസ്ർ എന്നാണ് വിളിച്ചിരുന്നത്.  ആടുകളെ മേച്ചുനടന്നിരുന്ന അനാഥനായ ഇടയബാലന് വർഷങ്ങൾക്ക് മുമ്പ് പ്രായംചെന്ന ഒരു വൃദ്ധനാണ് കസ്ർ എന്നുപേരിട്ടത്.  തനിക്ക് ഒരു പേരിട്ടു നൽകിയതിന് അന്നവൻ അയാൾക്ക് ഒരാടിനെ സമ്മാനമായി നൽകി. 

അതിർത്തികളില്ലാത്ത യാത്രകളുടെ അവസാനമാണ് കസ്ർ ആ താഴ്വരയിലേക്കെത്തിയത്.  വളഞ്ഞുപുളഞ്ഞ മുടിയും ചുരുണ്ട താടിരോമങ്ങളുമാണ് അവന്റെ മുഖത്തെ പ്രധാനമുദ്രകൾ . നീലിച്ച കണ്ണുകളും സ്ത്രൈണത പുരണ്ട ചുണ്ടുകളും കൂടിയാകുന്നതോടെ കസ്‌റിന്റെ മുഖചരിതത്തിനൊരു അന്ത്യമാകും.  അവസാനമില്ലാത്ത ചരിത്രം അവന്റെ യാത്രകളുടേതാണ്.  ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇടയിലുള്ള ഏതോ ഭൂമികയിൽ ജനിച്ച അവൻ പെഷവാറിന്റെ പീഠഭൂമിയിലെത്തുമ്പോൾ ആയിരമായിരം കാതങ്ങൾ പിന്നിലായികഴിഞ്ഞിരുന്നു. 

കയറൂരിവിട്ട ആട്ടിൻപറ്റം താഴ്വരയിലൂടെ തലങ്ങും വിലങ്ങും ഓടിനടന്നു. യാതൊരു വികാരക്ഷോഭവുമില്ലാതെ കസ്ർ   അവയുടെ പുറകിലായി നടന്നു. പെട്ടെന്ന് അവൻ ഒരിടത്ത് നിന്നു. അടുത്ത നിമിഷം അവൻ എന്തിലോ സ്വയംമറന്ന് കാലുകൾ മുന്നോട്ടു വെച്ചു. മുന്നിലുണ്ടായിരുന്ന കരിങ്കൽ കഷ്ണത്തിൽ തട്ടി അവൻ മറിഞ്ഞുവീണു. ആ നിമിഷം ചരിഞ്ഞ ഓക്ക് മരത്തിൽ ഉറങ്ങുകയായിരുന്ന  സുകൂൻ അവനേയും ആടുകളേയും കണ്ട് വാപൊളിച്ചു. അവൾ ഇതിനുമുമ്പ് ആടുകളെ കണ്ടിരിക്കുന്നു. പക്ഷേ ഇത്രയധികം ആടുകളെ മുമ്പൊരിക്കലും അവൾ കണ്ടിരുന്നില്ല. മനുഷ്യനെ ഇതിനു മുന്നേ അവൾ കണ്ടിരിക്കുന്നു. പക്ഷേ ബാബയെയല്ലാതെ മറ്റൊരു മനുഷ്യനെ അവൾ കണ്ടിരുന്നില്ല.

പതിയെ ഓക്ക്‌ മരത്തിൽ നിന്നിറങ്ങി അവൾ കസ്റിനടുത്തേക്ക് നടന്നു. കവിളിൽ ചൂണ്ടുവിരലു വെച്ച് വരുന്ന സുകൂനെ അവൻ തിരയനങ്ങാതെ നോക്കിനിന്നു.

അവൾ അവന്റെ നീണ്ട രോമങ്ങളിലേക്ക് വിരലുയർത്തി. ഒരു നിമിഷം അതുവേണ്ടെന്ന് വെച്ച് അവൾ അവന്റെ ചുണ്ടിൽ തൊട്ടു. അന്നേരം അവന്റെ കൈകാലുകൾ വിറപൂണ്ടുചത്തു. അങ്ങനെ സുകൂൻ കസ്റിന്റേതായി,  കസ്ർ സുകൂനിന്റേതും.

ബധിരനായിരുന്ന അവന് പേർഷ്യൻ ഭാഷ വായിക്കാനും എഴുതാനും അറിയാമായിരുന്നു. കസ്ർ എന്ന് അവനെ പേരിട്ടുവിളിച്ച വൃദ്ധനായിരുന്നു അവനെ എഴുത്തും വായനയും പഠിപ്പിച്ചത്. ആദ്യ നാളുകളിൽ കസ്‌റിന്റെ ബധിരതയും സുകൂന്റെ മൂകതയും അവർക്കിടയിൽ പ്രശനങ്ങളുണ്ടാക്കിയെങ്കിലും സുരഭിലമായ ജീവിതത്തിന്റെ തോണിയിലേറി പ്രപഞ്ചത്തിന്റെ വിദൂരസാധ്യതയിലേക്ക് അവർ തുഴഞ്ഞു.

തഴുകിയും തലോടിയും അവർ സന്തോഷം കണ്ടെത്തി. ആത്മാവിനാലും ശരീരത്തിനാലും അവർ പരസ്പരം തങ്ങളുടെ കുറവുകൾ നികത്താൻ ശ്രമിച്ചു.  താഴ്വരയിലെ പൂക്കൾക്കും പൂമ്പാറ്റകൾക്കും അവർ പ്രിയപ്പെട്ടവരായി.  അരുണകിരണങ്ങൾ പ്രതിഫലിച്ചിരുന്ന   അരുവികൾക്കും തടാകങ്ങൾക്കും അവർ സ്വന്തക്കാരായി മാറി.

അവർക്ക് കുഞ്ഞുങ്ങൾ പിറന്നില്ല,  അല്ല ദൈവം അവരുടെ സന്തോഷത്തിനിടയിലേക്ക് മറ്റൊരാളെ കടത്തിവിട്ടില്ല.  അവരുടെ ചർമങ്ങളിൽ വിള്ളലേറ്റു, അവരുടെ മുടിരോമങ്ങൾ കൊഴിഞ്ഞുവീണു.

“മാലാഖേ”

സന്നാഭാമായൊരു പ്രഭാതത്തിൽ സുകൂൻ ഉറക്കമുണർന്നില്ല.  അവളെ ഒരുപാടു തവണ വിളിച്ചിട്ടും ഉണരാതായപ്പോൾ നടുവെട്ടിയിട്ടപോലെ കസ്ർ തളർന്നുകിടന്നു.  ആർദ്രമായ പ്രണയത്തിന്റെ മുഴുവൻ സങ്കീർത്തനങ്ങളിലും തന്നോട് ഇഴകിച്ചേർന്ന പ്രിയപ്പെട്ടവളെ അയാൾ കണ്ണീരോടെ നോക്കി. മൗനത്തിന്റെ നെടുംതൂണുകളിൽ പിടിച്ച് അയാൾ സങ്കടത്തിന്റെ ആകാശങ്ങളിലേക്കു കയറി. വിരിഞ്ഞ പൂക്കൾ വസന്തത്തിന്റേതല്ലെന്നും അതു തന്റെ പ്രിയപ്പെട്ടവളുടെ ശിശിരത്തിന്റേതാണെന്നും അയാൾ തീർച്ചയാക്കി. കാറ്റിന്റേയും കിളികളുടെയും ശബ്ദം രുചിച്ചിട്ടില്ലാത്ത അയാളുടെ ചെവികളിൽ ഇരുണ്ടനിറം കനത്ത് ഘനീഭവിച്ചു. വിരിമാറിലെ ചൂടിൽ നിന്ന് അണപൊട്ടി ഒഴുകിയ വിരഹവേദനയിൽ അയാൾ മുങ്ങിക്കുളിച്ചു.

അന്നുതന്നെ ഓക്ക് മരത്തിന്റെ ചുവട്ടിൽ അയാൾ രണ്ടു കുഴികളെടുത്തു. ഫതഹിന്റേയും അയാളുടെ ഭാര്യയുടേയും അരികിലായിത്തന്നെയാണ് കസ്ർ കുഴികളെടുത്തത്.  സൂക്ഷിക്കപ്പെടാത്ത ജീവന്റെ ഭാരമേല്പിച്ച ശരീരം ഒരു കളിപ്പാട്ടമെന്നപോലെ മലർന്നുകിടന്നു.  ആദിയോ അന്ത്യമോ ഇല്ലാത്ത മരണത്തെ പുൽകി സുകൂൻ അങ്ങനേ കിടന്നു.  മോചിപ്പിക്കപ്പെട്ട അവളുടെ ആത്മാവ്  കസ്‌റിന്റെ ചെയ്തികളെ കൗതുകപൂർവ്വം നോക്കിക്കൊണ്ടിരുന്നു  പിന്നെ സങ്കടത്തോടെ കണ്ണീർവാർത്തു.

സുകൂനെ കസ്ർ ഖബ്റിലേക്ക് വലിച്ചിറക്കി. ഖബ്റിൽ നിന്നു കയറിയ ശേഷം വേദനയിൽ കുതിർന്ന മൺതരികൾ കസ്ർ അവളുടെ മൃതശരീരത്തിനു മുകളിലേക്കിട്ടു. ആ നിമിഷം അയാളൊന്നു ചിന്തിച്ചു. ’എന്തായിരുന്നു അവളുടെ പേര്, ഞാൻ വിളിച്ചിരുന്ന  മാലാഖയെന്നത് അവളുടെ പേരു തന്നെയായിരുന്നോ?’

അയാൾ ആകാശത്തേക്കു കണ്ണുകളുയർത്തി. അവിടെ സുകൂന്റെ ആത്മാവുണ്ടാകുമെന്ന് അവൾ ഉറച്ചുവിശ്വസിച്ചു.

“അനന്തതയിൽ അഭിരമിക്കാനുള്ളവനല്ല ഞാൻ, നാളെകളിൽ അസ്തമിക്കാൻ പോകുന്ന നക്ഷത്രത്തിന്റെ ഒടുവിലെ പ്രകാശകണികയാണു ഞാൻ, ഭൂമിയുടെ കിഴക്കേ തുറവിൽ അലിഞ്ഞില്ലാതാകാൻ പോകുന്ന ഇളംകാറ്റിലെ അവസാനത്തെ കണികയാണു ഞാൻ.”

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ