ഉച്ചവെയിലിന്റെ കാഠിന്യം വകവെക്കാതെ അയാൾ,ഊണും കഴിഞ്ഞ് കുടയും എടുത്തു കൊണ്ട് വാതിൽ അടച്ചു പുറത്തേക്ക് ഇറങ്ങി.
പരന്നൊഴുകിയ മഞ്ഞ വെയിൽ മഞ്ഞചേല ചുറ്റിയത് പോലെ ഓളം വെട്ടുന്നുണ്ടായിരുന്നു. അയാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഉമ്മറത്ത് അയാൾക്ക് കാവലാളുപോലെ എന്നും നില ഉറപ്പിച്ചിട്ടുള്ള അയാൾ മണിക്കൂട്ടീ....എന്ന് സ്നേഹത്തോടെ വിളിക്കുന്ന പൂച്ച അയാൾ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അധികാരഭാവത്തിൽ അയാളുടെ അടുത്തേക്ക് വന്ന്, എങ്ങോട്ട് പോകുന്നു എന്ന ധ്വനിയോടെ അയാളെ മുഖത്തേക്ക് നോക്കി.
"ഞാൻ എവിടെ പോയാലും നിനക്കെന്താ... നീയെങ്കിലും എവിടെയെങ്കിലും പോയി രക്ഷപെട്ടോ, എന്ന് ഞാൻ പല പ്രാവശ്യം നിന്നോട് പറഞ്ഞിട്ടില്ലേ... ഇനി അനുഭവിച്ചോ... ഞാൻ പോകുകയാണല്ലോ... ഇനിയെന്റെ മോന്റെ കൂടെ! വിമാനത്തിലാ പോക്ക്!അല്ലെങ്കിൽ നിന്നെയും കൊണ്ട് പോകുകയ്നി. അതും പറഞ്ഞ് അയാൾ കടന്നുപോയി, പോയെങ്കിലും, എന്തോ ആലോചിച്ചു അയാൾ നടപ്പ് നിർത്തി. പിന്നെ തിരിഞ്ഞു നിന്ന് മണിക്കുട്ടിയെ വിളിച്ചു.
"മണിക്കൂട്ടീ..... "അതൊരു തൂവെള്ളയിൽ ഓറഞ്ചു പൊട്ടുകളുള്ള സുന്ദരി പൂച്ചയായിരുന്നു. വിളി കേട്ടതുകൊണ്ട് പൂച്ച ഓടി വന്ന് അനുസരണയുള്ളവനെ പോലെ വാലാട്ടി കൊണ്ട് അയാളുടെ അടുത്ത് എത്തി.
അയാൾ അതിനെ എടുത്തു. ഇടത്തെ കയ്യിൽ പിടിച്ചു കൊണ്ട് വലത്തേകയ്യ് കൊണ്ട് സ്നേഹപൂർവ്വം തലോടി. എന്നിട്ട് പതുക്കെ പറഞ്ഞു,
"എന്റെ കാര്യത്തിൽ എനിക്ക് ടെൻഷൻ ഒന്നും ഇല്ല. ഞാൻ ഇന്നോ, നാളെന്ന് വിചാരിച്ചു നിക്കാ. എന്നാൽ നീ അങ്ങിനെ അല്ലല്ലോ, വലിയ പത്രാസുകാര്യല്ലേ... അയൽക്കാരുടെ അടുത്തൊന്നും ഒരു ലോഹ്യവുമില്ലല്ലോ. ഞാൻ പോയാൽ എന്ത് ചെയ്യും ന്റെ കുട്ടി."അയാൾ വാത്സല്യത്തോടെ ചോദിച്ചു.
മണിക്കുട്ടിയുടെ വശ്യമായ ഇളം നീല നിറമുള്ള മിഴികൾ പെട്ടെന്ന് പെയ്തത് പോലെ ആ കണ്ണിൽ ജല കണങ്ങൾ ഉരുണ്ടു കൂടി പുറത്തേക്ക് ഒഴുകി.
"മണിക്കൂട്ടീ... നീ പറഞ്ഞത് അനുസരിക്കണം. അല്ലാതെ ഒരു നിവൃത്തിയും ഇല്ല. ഈ വീട് വിറ്റു,ഈ തൊടിയും.ഇവിടെ ജീവിക്കുന്ന മരങ്ങളായ, പേര, മാവ്, പ്ലാവ്,ചാമ്പ, അങ്ങിനെ എത്ര എത്ര മരങ്ങൾ, ഒക്കെ നമുക്ക് അന്യമാവുകയാണ്. മരം കൊത്തികൾ, തത്തമ്മകൾ, മൂങ്ങകൾ, അണ്ണാന്, ഓലഞാലികൾ, അങ്ങിനെ എല്ലാവർക്കും അവരുടെ വാസയോഗ്യം നഷ്‌ടപ്പെടും.വീട് വാങ്ങുന്നവർ ഇത് പുതുക്കി പണിയും. മരങ്ങൾ ഒക്കെ മുറിച്ചു, ഇടിച്ചു നിരത്തി ഫ്ലാറ്റ് പണിതാണെത്രെ."
"ഒക്കെ സഹിക്കായിരുന്നു, ഇന്റെ റോസമ്മയുടെ ഓരോ ശ്വാസവും ഇവിടെ എല്ലായിടത്തും ഉണ്ട്. അവളുടെ ആ ഗന്ധം ഇന്റെ മൂക്കിൽ തുമ്പത് വന്ന് മുട്ടുരുമ്പി എന്നോട് കിന്നരിക്കാറുണ്ട്."അയാളുടെ കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണുനീർ, മണികുട്ടിയുടെ ദേഹത്ത് വീണതിനാൽ അയാൾ തന്റെ തോളിൽ അലസമായി ഇട്ടിരുന്ന , ചുവന്ന കരയുള്ള ടവൽ എടുത്തു മണിമുട്ടിയെ തുടച്ചു.
"ഏതായാലും ഞാൻ ഇറങ്ങിയില്ലേ... നീയും പോര് എന്റെ കൂടെ," അതും പറഞ്ഞ് അയാൾ മണിക്കുട്ടിയെയും എടുത്തു നടന്നു.
അയാളെ കണ്ട് പരിചയംമുള്ളവരൊക്കെ കുശലം ചോദിക്കുന്നുണ്ടായിരുന്നു. തക്കതായ മറുപടി പറഞ്ഞു കൊണ്ട് അയാൾ ജനിച്ചു വളർന്ന, നാടും, നാട്ടാരെയും തന്റെ ശ്വാസത്തിലേക്ക് ശക്തിയായി ആവാഹിച്ചു.അയാൾ നടന്നു നടന്ന് തന്റെ പ്രിയപ്പെട്ട ഭാര്യ ഉറങ്ങുന്ന സെമിത്തേരിയിൽ എത്തി. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. നിസഹായത എന്ന വാക്ക് അയാളുടെ ഉള്ളിൽ കിടന്ന് ശിലീഭവിച്ചു.
അയാളുടെ ഭാര്യ റോസമ്മ മരിച്ചിട്ട് 5 വർഷങ്ങൾ ആയിരിക്കുന്നു. ഏക മകനും, ഫാമിലിയും പുറത്തായത് കൊണ്ട് അയാൾ പിന്നീട് ഒറ്റക്കാണ് താമസം. മോന്റെ കൂടെ താമസിക്കാൻ പോകാതെ കുറെ വർഷങ്ങൾ കടുംപിടുത്തത്തോടെ നിന്നു. എന്നാലിപ്പോ വയ്യാതായിരിക്കുന്നു.
അയാൾ പതിവ് പോലെ ഫെബ്രുവരി 14 ന് അവൾക്ക് സമ്മാനിക്കാറുള്ള ചുവന്ന റോസാ പൂക്കൾ നിറകണ്ണുകളോടെ സമ്മാനിച്ചു. ഇനി ഒരിക്കലും തന്റെ പ്രിയപ്പെട്ട ഭാര്യയെ കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോ അയാൾക്ക് തന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. അയാൾ ഉച്ചത്തിൽ ചുമച്ചു . അപ്പോൾ അങ്ങോട്ട് വന്ന വെള്ളസാരിയുടുത്ത യുവതി വന്ന് അയാളെ നെഞ്ച് തടവി കൊടുത്തു.അയാൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു.
ശ്വാസം കഴിക്കാൻ പാടുപെടുന്നതിനിടയിൽ അയാൾ ചോദിക്കുന്നുണ്ടായിരുന്നു,
"കുട്ടീടെ ആരാ ഇവിടെ..."
എന്റെ ഹസ്ബന്റാ ചാച്ചാ....അവൾ കലങ്ങിയ കണ്ണുകളോടെ മൊഴിഞ്ഞു.
കുട്ടിയെന്നെ ചാച്ചനെന്ന് വിളിച്ച സ്ഥിതിക്ക്, ഇവിടെ ഒരു അമ്മച്ചി ഉണ്ട് ട്ടോ. ഇവിടെ വരുമ്പോൾ അവൾക്ക് വേണ്ടിയും മെഴുകുതിരി കത്തിക്കണം. വലൈൻന്റെസ് ഡേ ക്ക് അവർക്കെന്നും പൂക്കൾ സമ്മാനിക്കണം.
"ചാച്ചൻ എവിടെ പോകുന്നു." അവൾ ചോദിച്ചു.
ഞാൻ പോകുകയാണ് മോളെ, കുറച്ചു ദൂരേക്ക്, അതും പറഞ്ഞു അയാൾ നടന്നു നീങ്ങി. അപ്പോളും അയാൾ ചുമക്കുന്നുണ്ടായിരുന്നു. ഈ ബഹളത്തിന്റെ ഇടക്ക് മണികുട്ടി ആ സ്ത്രീയുടെ കയ്യിൽ ഇടം പിടിച്ചിരുന്നു. അവൾ വെപ്രാളത്തിൽ ആ പൂച്ചയെ നോക്കിയപ്പോൾ അതിന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നതായി അവൾ കണ്ടു. അപ്പോഴേക്കും അയാൾ ചുമച്ചു ചുമച്ചു കൊണ്ട് നെഞ്ച് തടവി നടന്നു നീങ്ങിയിരുന്നു. അവൾ മണിക്കുട്ടിയെ നെഞ്ചോട് ചേർത്ത് കൊണ്ട് അതിന്റെ നെറ്റിയിൽ വാത്സല്യത്തോടെ തലോടി.