മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നു തന്റെ അവസാന പൊൻകിരണങ്ങളും തുടച്ചുമാറ്റി മൂവന്തിക്കതിരവൻ നീലസാഗരത്തിന്റെ വിരിമാറിലമർന്നു കഴിഞ്ഞു. അവസാനത്തെ പറവയും കൂടണഞ്ഞു. 

അസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ വന്നവരെല്ലാം മടങ്ങാനുള്ള ധൃതിയിലാണ്. കപ്പലണ്ടിയും ഐസ്ക്രീമും വിൽക്കുന്ന പയ്യന്മാരും അവസാന പൊതിയും കൈയൊഴിക്കാനായി പരക്കം പാഞ്ഞു. പകലിന്റെ എല്ലാ പ്രതീക്ഷികൾക്കും മുകളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് രാത്രി ആധിപത്യം സ്ഥാപിച്ചു.

"നിന്നെയും പ്രതീക്ഷിച്ചു ഞാനിവിടെ ഇരിക്കാൻ  തുടങ്ങിയിട്ടു സമയമെത്രയായെന്നറിയാമോ! അല്ലെങ്കിലും എന്നെങ്കിലും നീ സമയത്തിന് വന്നിട്ടുണ്ടോ? വൈകാൻ നിനക്ക് എന്നും എന്തെങ്കിലും കാരണം കാണുമായിരുന്നു. ഇന്നെങ്കിലും നീ പറഞ്ഞ സമയത്തിനെത്തുമെന്നു ഞാൻ വെറുതേ മോഹിച്ചു."

കഴിഞ്ഞ കുറച്ചു നാളുകളിൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അവൾ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു.

എട്ടു മാസങ്ങൾക്കു മുൻപ്, കൃത്യമായിപ്പറഞ്ഞാൽ വിഷുവിന്റെ തലേന്നാണ് അവനെ ആദ്യമായി കണ്ടത്. സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിയിറങ്ങുമ്പോളാണ് ബൈക്കിന്റെ കണ്ണാടിയിൽ മുഖം മിനുക്കുന്ന അവന്റെ  നീട്ടിവച്ച കാലിൽത്തട്ടി താൻ വീഴാൻപോയതും വീഴാതെ അവൻ പിടിച്ചപ്പോൾ താനവന്റെ നെഞ്ചിലമർന്നതും. അടുത്ത നിമിഷം, തന്നെ നേരെ നിർത്തി അവൻ സോറി പറഞ്ഞു. പിന്നെ തന്റെ കൈയിൽ നിന്നും വീണ പേഴ്‌സ് എടുത്തു നീട്ടി. 

അവന്റെ  മാന്യമായ പെരുമാറ്റം അപ്പോൾത്തന്നെ അവനെക്കുറിച്ചൊരു ബഹുമാനം തന്നിലുണർത്തിയിരുന്നു. അവന്റെ കണ്ണുകളുടെ തിളക്കവും ചിരിയുടെ ആകർഷണീയതയും ഉള്ളിന്റെയുള്ളിൽ മായാതെ കിടന്നു.

ആ സംഭവം മറന്നു തുടങ്ങുമ്പോളാണ് വീണ്ടും അവൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതായിരുന്നു. സ്കാനിംഗ് റൂമിലേക്ക് അച്ഛനെ വീൽ ചെയറിലിരുത്തി കൊണ്ടുപോകുമ്പോളാണ് എതിരെ അവൻ നടന്നു വന്നത്. കാന്റീനിലേക്കു പോകുന്ന വഴിയാണത്. അവന്റെ കൈയിൽ ഒരു ആൺകുഞ്ഞുണ്ട്. അതിനെ കൊഞ്ചിച്ചുകൊണ്ടാണു വരവ്. അതു കാൺകെ ഉള്ളൊന്നു പിടഞ്ഞുവോ! ഏയ്‌ എന്തിന്...?

അച്ഛനെ സിസ്റ്റർ അകത്തേക്ക് കൊണ്ടുപോയപ്പോൾ അവിടെയിട്ടിരിക്കുന്ന ചെയറിലിരുന്നു. തിരികെ വരുമ്പോൾ അവൻ തന്നെക്കണ്ടു  നിന്നു.

"ഇവിടെ?"

"അച്ഛനെ ഇവിടെയാണ് കാണിക്കുന്നത്."

"അച്ഛന് എന്ത് പറ്റി?"

"അറിയില്ല, കുറച്ചു നാളായി വയറിനകത്തു വേദനയും അസ്വസ്ഥതകളും. ഗ്യാസ് ആണെന്നാണു കരുതിയത്. സ്കാനിങ്ങിന് കയറ്റിയിരിക്കുകയാണ്." പിന്നെ അവനു നേരെ മുഖമുയർത്തി ചോദിച്ചു:

"എന്താ ഇവിടെ?"

"ചേച്ചിയുടെ ചെക്കപ്പിന് ഡ്രൈവറായി വന്നതാണ്. ചേട്ടൻ പുറത്താണ്. ഡെലിവറി സമയത്തേ വരൂ. ഇതു ചേച്ചിയുടെ മകനാണ്." അവൻ കുഞ്ഞിന്റെ കവിളിൽ തൊട്ടു പറഞ്ഞു.

"ഓഹ്!" തന്റെ മനസ്സൊന്നു കുളിർന്നുവോ?

കുഞ്ഞിന്റെ കവിളിൽ മെല്ലെയൊന്ന് തലോടി. അവൻ നിഷ്കളങ്കമായ ഒരു പുഞ്ചിരി തനിക്കു സമ്മാനിച്ചു.

"എവിടെയാണു വീട് , എന്ത് ചെയ്യുന്നു?" അവൻ വിടാനുള്ള മട്ടില്ല. പിന്നെ അവന്റെ പേരും വിവരങ്ങളുമൊക്കെ വിശദമായി പറഞ്ഞു. താനും പേരും ജോലിയും  വീടുമൊക്കെ പറഞ്ഞു. 

പിന്നെ അച്ഛനോടൊപ്പം പോകുമ്പോഴൊക്കെ അവനെ കാണുന്നത് ഒരു പതിവായി. ഇടയ്ക്ക് പുറത്തെവിടെയെങ്കിലും വച്ചും കാണാറുണ്ട്. തമ്മിലറിയാതെ തങ്ങൾക്കിടയിൽ പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ വികാരങ്ങൾ ഉടലെടുക്കകയായിരുന്നു. ഇടയ്ക്കിടെ കാണാനുള്ള കൊതി, സംസാരം കേൾക്കാനും സാമീപ്യത്തിനും മനസ്സ് ആഗ്രഹിക്കാൻ തുടങ്ങി. ഇതിനിടയിലെപ്പോഴോ ഫോൺ നമ്പറുകൾ കൈമാറിയിരുന്നു. പലപ്പോഴും വിളികൾ മൗനങ്ങളിലും നിശ്വസങ്ങളിലുമൊതുങ്ങിയപ്പോൾ മറ്റു ചിലപ്പോൾ അതു മണിക്കൂറുകൾ നീണ്ടുപോയി. അവന്റെ ചേച്ചിയുടെ ഡെലിവറി സമയത്തു തന്നെയായിരുന്നു അച്ഛന്റെ സർജറിയും. ഒറ്റയ്ക്കു താനും അമ്മയും വല്ലാതെ കഷ്ടപ്പെടുമ്പോൾ അവൻ തനിക്കന്നു നല്ലൊരു സഹായിയായിരുന്നു. 

അവൻ ചേച്ചിയെയും കുഞ്ഞിനേയും കൊണ്ടു സന്തോഷമായി തിരിച്ചുപോയി, അച്ഛൻ പക്ഷെ തങ്ങളെയുപേക്ഷിച്ച് ഒറ്റക്ക് പോയിരുന്നു. അപ്പോഴും ഒരാശ്വാസമായി അവൻ കൂടെയുണ്ടായിരുന്നു.

പിന്നീടങ്ങോട്ടു ജീവിതത്തിലെ ഏക പ്രതീക്ഷ അവനായിരുന്നു. താൻ ഉണരുന്നതും ഉറങ്ങുന്നതും അവനെക്കുറിച്ചോർത്തായിരുന്നു. ആടകളണിഞ്ഞതും അണിഞ്ഞൊരുങ്ങിയതും  അവനു വേണ്ടി. അച്ഛന്റെ ചികിത്സക്കായി കുറച്ചധികം കടമുണ്ടായിരുന്നു. അല്പം കൂടി വരുമാനമുള്ള മറ്റൊരു ജോലി തനിക്കു കിട്ടിയതും അവന്റെ ശ്രമഫലമായിരുന്നു. 

കളിയും ചിരിയും സന്തോഷവുമായി ദിവസങ്ങൾ കടന്നുപോയി. പരസ്പരം പിരിയാനാവാത്ത വിധം തങ്ങൾ അടുത്തുപോയിരുന്നു. 

മൂന്നു മാസം മുൻപാണ് അവന്റെ ചേട്ടൻ  അവനെ വിസിറ്റിംഗ് വിസയിൽ അങ്ങോട്ടു കൊണ്ടുപോയത്. പറ്റിയാൽ അതു ജോബ്‌ വിസയാക്കാം എന്നും പറഞ്ഞിരുന്നു.

അവന്റെ ആ പോക്കു മനസ്സുകൊണ്ടു തനിക്കു തീരെ സമ്മതമല്ലായിരുന്നു. പക്ഷെ തനിക്കു വെറുമൊരു പ്രണയിനി മാത്രമായാൽ പോരല്ലോ, അവന്റെ ഭാവി താൻ മൂലം നശിക്കരുതെന്ന ചിന്തയിൽ അവനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. തങ്ങൾക്കിരുവർക്കും താങ്ങാനാവുന്നൊരു വേർപാടായിരുന്നില്ല അത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി അവൻ പോയി.

പിന്നീടുള്ള മൂന്നു മാസക്കാലം ഫോൺവിളികളിലൂടെ വിരഹ നൊമ്പരം ഒരു പരിധി വരെ കുറയ്ക്കാനായി. ദിവസങ്ങൾക്കു വല്ലാത്ത നീളം തോന്നിയിരുന്നു. അവന്റെ കാൾ വരേണ്ടുന്ന സമയമാകുമ്പോഴേക്കും എല്ലാ പണിയുമൊതുക്കി കാത്തിരുന്നു. സ്വപ്‌നങ്ങളുടെ വർണ്ണത്തേരിലേറി  പ്രിയപ്പെട്ടവനുവേണ്ടിയുള്ള സുഖമുള്ളൊരു കാത്തിരിപ്പു കാലമായിരുന്നു അത്.

ഇന്നിപ്പോൾ അവൻ തിരിച്ചു വരുന്ന ദിവസമാണ്. ഫ്ലൈറ്റ് രണ്ടു മണിക്കെത്തും, വീട്ടിൽ പോയി എല്ലാവരെയും കണ്ട് അഞ്ചു മണിയോടെ എത്താമെന്നു പറഞ്ഞിരുന്നതാണ്, മണിയിപ്പോൾ ആറര കഴിഞ്ഞിരിക്കുന്നു.

പെട്ടെന്നാണ് അവളുടെ ഫോണിലേക്ക് അവന്റെ കാൾ  വന്നത്.

"ലേറ്റായി, പത്തുമിനുട്ടിൽ എത്താം" 

അവൾ ഫോൺ ചെവിയിൽ ചേർത്തുകൊണ്ട്  ഉത്സാഹത്തോടെ ഇരുന്നിടത്തു നിന്നെഴുന്നേറ്റു. അസ്തമയം കഴിഞ്ഞു ചെഞ്ചായം പൂശിയ പടിഞ്ഞാറൻ ചക്രവാളത്തിന്റെ ചോപ്പു മുഴുവൻ അവളുടെ കവിളിലേക്കിരച്ചു  കയറി അവളെ കൂടുതൽ സുന്ദരിയാക്കി. ആ സമയത്ത്   ആഞ്ഞടിച്ചൊരു തിരയിൽ തീരത്തണഞ്ഞ ഒരു ശംഖിനു പുറകെ അവൾ ഓടി, പ്രതീക്ഷയോടെ. അവളുടെ പ്രതീക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് ഫോണിലൂടെ അവന്റെ ആർത്തനാദം അവളുടെ കാതുകളിൽ അലയടിച്ചു. കരയിലേക്കടിച്ചുവന്ന മറ്റൊരു തിര, അനാഥമായ ആ ശംഖുമായി തിരികെ മടങ്ങി.

ഒരു നിമിഷത്തെ പരിഭ്രമത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ വൈകിയ അവൾ അടുത്ത നിമിഷം സംയമനം വീണ്ടെടുത്തു ബീച്ചിലുണ്ടായിരുന്ന ബീറ്റ് പോലീസിന്റെ അടുത്തെത്തി വിവരം പറഞ്ഞു. അവളുടെ ഫോണിൽ ലൊക്കേഷൻ കണ്ടെത്തി അവർ അവളെയും  കൂട്ടി അങ്ങോട്ടു പാഞ്ഞു.

ആൾത്തിരക്കില്ലാത്ത ഒരിടത്തു വണ്ടിയൊതുക്കി കാൾ ചെയ്തു തിരിഞ്ഞ അവന്റെ ബൈക്കിൽ ഒരു ട്രക്ക് പാഞ്ഞു വന്നിടിച്ച്, അവനെ വായുവിലേക്ക് പറത്തുകയായിരുന്നു. കൈയിലിരുന്ന ഫോൺ തെറിച്ചു പോയി. ട്രക്കു നിർത്താതെ പാഞ്ഞുപോയി. തലയടിച്ചു തെറിച്ചുവീണ വേദനയാൽ പിടയുമ്പോഴും അവന്റെ കണ്ണുകൾ തന്നെ രക്ഷിക്കാൻ വരുന്ന കൈകൾക്കായി പ്രതീക്ഷയോടെ ചുറ്റും തിരഞ്ഞു. പിന്നെ പതിയെ മയക്കത്തിലേക്കു വീണു.

മിടിക്കുന്ന നെഞ്ചകത്തോടെ പോലീസിനൊപ്പം അവിടെയെത്തിയ അവൾ, അവന്റെ കിടപ്പുകണ്ടു സ്തബ്ധയായി. ഇതിനുവേണ്ടിയാണോ താനിത്രനാൾ കാത്തിരുന്നത്... അല്ല, തനിക്കു വേണമവനെ, വിട്ടു കൊടുക്കില്ല ഒരു വിധിക്കും!

ശരീരമാകെ ചോരയൊലിക്കുന്ന അവനെ മടിയിൽക്കിടത്തി പാഞ്ഞുപോകുന്ന വണ്ടിയിലിരിക്കുമ്പോൾ,  അവളെ ഒറ്റയ്ക്കാക്കാൻ മടിച്ചെന്ന പോലെ, നിലച്ചു പോകാൻ കൂട്ടാക്കാതെയുള്ള അവന്റെ പതിഞ്ഞ നാഡിമിടിപ്പുകൾ അവളുടെ മനസ്സിൽ  പ്രതീക്ഷയുടെ ചെറുനാമ്പുകൾ വിടർത്തി. ആകാശത്തു നക്ഷത്രങ്ങളും അമ്പിളിയും അവളുടെ വഴിയിൽ ഇരുട്ടിൽ വെട്ടമായി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ