mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഉരുകുന്ന വേനലിലും ഒരു ചാറ്റൽമഴപോലെ നമ്മെ നനച്ചുനനച്ച് മനസ്സിൽ കുളിരുനിറയ്ക്കുന്ന രണ്ടക്ഷരം.   കാലം നമ്മിൽനിന്ന് ആ നന്മയെ തട്ടിയെടുത്താലും അതുവരെ നമ്മൾക്കു പകർന്നുതന്ന

സ്നേഹമോർക്കുമ്പോഴൊക്കെയും ഒരു കുളിര് കാൽപ്പാദങ്ങളിൽ നിന്ന്  നെറുകയോളമെത്തി നമ്മെ പുൽകി പ്പുണർന്ന് കണ്ണീരിലൂടെ ഒഴുകിയകലും.

അലറിച്ചിരിക്കുന്ന ആഴിയില്‍ ദിക്കറിയാതെ വട്ടംചുറ്റുന്ന ഒറ്റയിലപോലെ, കറങ്ങിതിരിഞ്ഞൊടുവില്‍ തിരികെയൊഴുകുമ്പോള്‍  ചിലതിങ്ങനെയാണ്, കടക്കണ്ണില്‍ കാര്‍മേഘംപോലെ ഉരുണ്ടുകൂടും. ഒടുവില്‍ നെഞ്ചുനീറ്റി ചുട്ടെരിച്ചു വിങ്ങുന്നൊരു ഗദ്ഗദത്തോടെ പൊട്ടിയൊഴുകും. എത്ര മായ്ച്ചാലും മായാത്ത സങ്കടത്തിണർപ്പിനാല്‍, ക്ളാവുപിടിച്ച ഹൃദയത്തിനുള്ളില്‍ സ്നേഹത്തിന്റെ പൂവിതളുകളാല്‍ കോറിയിട്ട അമ്മയെന്ന ശിരോലിഖിതത്തെ മനസ്സ് വായിച്ചെടുക്കുമ്പോഴൊക്കെയും മറിച്ചായിരുന്നില്ല അനുഭവം. ഇന്നിപ്പോള്‍ ഓര്‍മ്മകള്‍ ഒരഞ്ചുവയസ്സുകാരിയുടെ കിലുക്കാംപ്പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച അമ്മമണത്തെ തേടിപ്പോയപ്പോള്‍ ഒരു തൂവല്‍പോലെ തഴുകിയെത്തിയത് അമ്മിഞ്ഞമണമുള്ള അമ്മയോര്‍മ്മകൾ... 


കുഞ്ഞുബാഗും തൂക്കി മുത്തച്ഛന്റെ കയ്യിൽത്തൂങ്ങി വരമ്പത്തുനിന്ന് തൊടിയിലേക്ക് കയറുമ്പോഴായിരുന്നു ആ കൊതിപ്പിക്കുന്ന കാഴ്ച കണ്ടത്.    അടുക്കള വരാന്തയുടെ അറ്റത്തുള്ള അമ്മിയിൽ കുനിഞ്ഞുനിന്ന് മുളകരയ്ക്കുന്ന അമ്മ!പിന്നെ ഒറ്റയോട്ടമായിരുന്നു. തോളത്തുകിടന്ന ബാഗോടുകൂടെ അവൾ കുനിഞ്ഞുനിന്ന് അമ്മയുടെ ബ്ലൗസ് വലിച്ചു പൊക്കി അതിനുള്ളിൽനിന്ന് അമ്മിഞ്ഞ എടുക്കാൻ നോക്കി. അമ്മ അമ്മിക്കല്ലിൽ അരയ്ക്കുന്നതു കണ്ടാൽപ്പിന്നെ അമ്മാളുക്കുട്ടി അമ്മിഞ്ഞ കുടിക്കാതെ സമ്മതിക്കില്ല.  അവൾ വീണ്ടും വീണ്ടും ബ്ലൗസിനുള്ളിൽനിന്ന്  അമ്മിഞ്ഞ എടുക്കാൻ നോക്കി.

"അമ്മേ"

പാത്രത്തിൽനിന്ന് ഒരുപിടി ചിരകിയ തേങ്ങയെടുത്ത് അമ്മിക്കുഴകൊണ്ട് ഒന്നുചതച്ചിട്ട് നീട്ടിവലിച്ചരയ്ക്കുന്ന അമ്മ ഒന്നു മൂളിയോ ആവോ !
"ഈ അമ്മ ഇതൊന്നു നിർത്തുന്നില്ലല്ലോ ന്റെ കിച്ചണ്ണ. (കൃഷ്ണാ എന്ന വിളി അമ്മാളുവിന് കിച്ചണ്ണൻ ആണ്) അമ്മാളൂനിന്ന് അമ്മിഞ്ഞയും കിട്ടില്ലല്ലോ.''   അമ്മാളുക്കുട്ടിക്ക് ഓർത്തിട്ട് സങ്കടം സഹിക്കാനായില്ല. കുഞ്ഞിക്കണ്ണുനിറച്ചവൾ വീണ്ടും അമ്മയെ തോണ്ടി.

"അമ്മേ ! ന്റെ അമ്പോറ്റിയമ്മയല്ലേ ന്നെ ഒന്ന് നോക്കിയേ. അമ്മാളൂനെ ഒന്ന് നോക്കീട്ട് പണി ചെയ്തോ.. "

പൊട്ടിവന്ന ചിരിയൊതുക്കാൻ പാടുപെട്ട്  ദേവി  അവളെ നോക്കി.

"അമ്മേ"

അവൾ പിന്നെയും കൊഞ്ചിവിളിച്ചു.

"ഈ കുഞ്ഞിബ്ലൗസ് ഒന്ന് ഊരിത്താ അമ്മേ. മാളുക്കുട്ടി ഇത്തിരി അമ്മിഞ്ഞ കുടിച്ചിട്ട് ദേ ഇപ്പൊ പോകാല്ലോ. "

"ഞാനിതൊന്ന് അരച്ചെടുക്കട്ടെ മാളൂട്ടിയേ... മുത്തച്ഛൻ ഇപ്പോൾ വരും. അപ്പോഴേക്കും അമ്മ കറി ഉണ്ടാക്കട്ടെ. മോളു ചെന്ന് കയ്യും കാലുമൊക്കെ കഴുകി വാ. അമ്മ കൊഴുക്കട്ട ഉണ്ടാക്കി വെച്ചിട്ടുണ്ട്."

അമ്മാളുക്കുട്ടിക്ക് കൊഴുക്കട്ട എന്നുകേട്ടതേ  വായിൽ വെള്ളമൂറി. എന്നാലും തേങ്ങയും ശർക്കരയും ഉള്ളിൽവെച്ച് അമ്മയുണ്ടാക്കുന്ന കൊഴുക്കട്ടയുടെ മധുരം  അമ്മിഞ്ഞമധുരത്തോളം വരില്ലല്ലോ. തള്ളവിരൽ ചൂണ്ടുവിരലിന്റെ അറ്റത്തുവെച്ച് അമ്മാളു വീണ്ടും അമ്മയെ തോണ്ടി.

"ച്ചു ദേ ഇത്തിരി അമ്മിഞ്ഞ മതി. കുടിച്ചിട്ട് വേം പൊയ്ക്കോളാം "

"ന്റെ മാളു നീയെന്നെയൊന്നു ദേഷ്യം പിടിപ്പിക്കാതെ പോകുന്നുണ്ടോ? മനുഷ്യനിവിടെ നൂറുകൂട്ടം പണികിടക്കുന്നു. അപ്പഴാ അവളുടെയൊരു അമ്മിഞ്ഞപ്പുന്നാരം. വേഗം പോയി കയ്യും കാലും കഴുകി വായോ. ന്നോട് അടി വാങ്ങിക്കാതെ."

മുത്തശ്ശിയുടെ പുള്ളിപ്പയ്യിന്റെ കുഞ്ഞ് അകിട്ടിലെ പാല് ഇടിച്ചിടിച്ചു കുടിക്കുംപോലെ കുനിഞ്ഞുനിന്നു മുളകരയ്ക്കുന്ന അമ്മേടെ പാലുകുടിക്കുന്ന രസമോർത്തപ്പോൾ അതൊന്നും കേൾക്കാത്ത ഭാവത്തിൽ അമ്മയോടല്പംകൂടെ അവൾ ചേർന്നു നിന്നു.  
(സ്കൂൾ ഉള്ള ദിവസങ്ങളിൽ അമ്മിഞ്ഞക്കൊതിയാണ് അമ്മാളുക്കുട്ടിക്ക്  വയറുവേദനയുണ്ടാക്കുന്നതെന്ന് അമ്മാളുക്കുട്ടി കുറിഞ്ഞിപ്പൂച്ചയോടുപോലും പറഞ്ഞിട്ടില്ല!) അമ്മാളുക്കുട്ടി പിന്നെയും അമ്മയെ ചുറ്റിപ്പിടിച്ചു. അമ്മയിട്ട കുഞ്ഞു ബ്ലൗസിനുള്ളിൽ നിന്ന് ( അമ്മയിടുന്ന ബ്രേസിയർ അമ്മാളുവിന്‌ കുഞ്ഞു ബ്ലൗസ് ആണ്. ) അമ്മിഞ്ഞ എടുക്കാൻ അവളൊന്നുകൂടെ താഴേയ്ക്കു മുട്ടുകുത്തി.

"ചേച്ചി ഒറ്റയൊരുത്തിയാ ഈ പെണ്ണിനെ യിങ്ങനെ വഷളാക്കുന്നത്.  വയസ്സ് അഞ്ചായി. ഈ പ്രായത്തിലും ഒരമ്മിഞ്ഞകുടി "

മാളുക്കുട്ടി ശബ്ദംകേട്ട ഭാഗത്തേക്ക്‌ എത്തി നോക്കി. അമ്മായി ആണ്.  മാളുക്കുട്ടിക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു. അമ്മായിക്ക് മാളുകുട്ടിയെയും അമ്മയെയും ഒട്ടും ഇഷ്ടമല്ല. അമ്മായി വഴക്കിട്ടാൽ രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ മാളുക്കുട്ടിയെ കെട്ടിപ്പിടിച്ച് അമ്മ കരയും. അമ്മിഞ്ഞ കിട്ടിയില്ലെങ്കിലും സാരമില്ല, അമ്മ കരയണ്ട.

വല്യമ്മാമൻ ഇട്ടുകൊടുത്ത തന്റത്രേം പൊക്കമുള്ള പൂമാലയും തിളങ്ങുന്ന സാരിയും മുടി നിറയെ മുല്ലപ്പൂവും ചൂടി അമ്മായി വന്നപ്പോൾ മാളുക്കുട്ടിക്ക് ഒത്തിരി സന്തോഷമായിരുന്നു.  അമ്മായിയും  വല്യമ്മാമനെപ്പോലെ തന്നെ കൊഞ്ചിക്കുകയും നെഞ്ചിൽക്കിടത്തി പാട്ടുപാടി ഉറക്കുകയും  തന്റെകൂടെ കളിക്കുകയും ചെയ്യുമെന്നൊക്കെ സ്കൂളിലെ കൂട്ടുകാരോടൊക്കെ അവൾ പറഞ്ഞിരുന്നു.  പക്ഷേ മെല്ലെമെല്ലെ വല്യമ്മാവന്റെ സ്നേഹംപോലും അവൾക്ക് നഷ്ടമായപ്പോൾ, ജോലികഴിഞ്ഞു വരുന്ന വല്യമ്മാവന്റെ കൈവശമുള്ള പലഹാരപ്പൊതികൾ കയ്യിൽ കിട്ടാതായപ്പോൾ ആ മുറിയിലേക്കുള്ള പ്രേവേശനംപോലും നിഷേധിക്കപ്പെട്ടപ്പോൾമുതൽ മാളുക്കുട്ടിക്ക് അമ്മായിയെ കാണുന്നതുപോലും ഇഷ്ടമില്ലാതെയായി. മാളുക്കുട്ടി അമ്മിഞ്ഞ കുടിച്ചാൽ അമ്മായിക്കെന്താണാവോ? അമ്മായി യോടുള്ള ചോദ്യത്തെ ഉള്ളിലിട്ടുകൊണ്ട് മാളുക്കുട്ടി ബാഗുമെടുത്ത് ഉള്ളിലേക്ക്പോയി. കാലും കയ്യും കഴുകിവന്ന് മധുരമുള്ള കൊഴുക്കട്ട കഴിക്കുമ്പോഴും അമ്മാളുക്കുട്ടിയുടെ നാവിൻതുമ്പിൽ അമ്മിഞ്ഞ മധുരം ഇറ്റിനിന്നു.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ