"ഇതുപോലൊരു ബന്ധം നമുക്ക് സ്വപ്നം കാണാൻപോലും പറ്റില്ല മോളെ. ചെറുക്കനെ നീയും കുഞ്ഞുനാൾ തൊട്ട് അറിയുന്നതല്ലേ? എത്ര സുന്ദരൻ. ഇഷ്ടംപോലെ പണം, നല്ലൊരു ജോലി, പോരാത്തതിന് നാട്ടിലെ പേരുകേട്ട കുടുംബത്തിലെ ഇളയ ആൺകുട്ടി.
ഈയിടെ പുതുതായി പണി കഴിപ്പിച്ച വീടിനു തന്നെ എത്രലക്ഷം രൂപ ചിലവായിട്ടുണ്ടാകും. എന്റെ അനിയത്തിക്ക് ഇതുപോലൊരു ബന്ധം ഇനി കിട്ടില്ല. ആ വീട്ടിൽ ഒരു റാണിയെ പോലെ നിനക്ക് വാഴാം .അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് നിന്നോട് അവനെ മറക്കാൻ .ഒരിക്കലും നടക്കാത്ത ബന്ധത്തിന്റെ പേരും പറഞ്ഞ് വാശി പിടിച്ച് നീ വെറുതേ സമയം കളയരുത് .ഇത് തന്നെയാണ് എന്റെ ചേട്ടനും പറയാനുള്ളത് ." മൂത്ത ചേച്ചി പറഞ്ഞു നിറുത്തിയിട്ട് ആനിയെ നോക്കി .
പറഞ്ഞറിയിക്കാനാവാത്ത സങ്കടവും, നിരാശയും ഉള്ളിലൊതുക്കി നിറകണ്ണുകളോടെ ആനി തല കുമ്പിട്ട് ഇരുന്നു.
"എന്താ മോളെ മിണ്ടാതിരിക്കുന്നത്? നിനക്ക് ഇതിനെ കുറിച്ച് ഒന്നും പറയാനില്ലേ? നിനക്ക് ഈ ആലോചന ഇഷ്ടമായില്ലെങ്കിൽ പറ നമുക്ക് വേറെ നോക്കാം. ഞങ്ങടെ നാട്ടിൽ ചേട്ടന്റെ അറിവിൽ ഒരുപാട് നല്ല ചെറുക്കന്മാരുണ്ട്. അല്ലാതെ നടക്കാത്ത ബന്ധത്തിന് വേണ്ടി നീ ഇങ്ങനെ ജീവിതം പാഴാക്കി കളയാതെ .നിനക്ക് അറിയാമല്ലോ നീയും അബ്‌ദുവും തമ്മിലുള്ള ബന്ധത്തിന് ഞങ്ങൾക്ക് എതിർപ്പ് ഉണ്ടായിട്ടല്ല. ഇന്നത്തെ ലോകവും, സമൂഹവും ഒന്നും തന്നെ ഇതിനെ അംഗീകരിക്കില്ല. അതിലുപരി നീ ഒരു അന്യ മതത്തിൽ പെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോയെന്ന് അറിഞ്ഞാൽ പിന്നെ ഞങ്ങളെങ്ങനെ തല ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ ഇറങ്ങി നടക്കും. ഞങ്ങടെ കെട്ടിയോന്മാരുടെ കുടുംബക്കാരുടെ മുഖത്ത് എങ്ങനെ നോക്കും. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് നിന്നോട് അവനെ എന്നെന്നേക്കുമായി മറക്കാൻ." രണ്ടാമത്തെ ചേച്ചിയും പറഞ്ഞു നിറുത്തിയിട്ട് അവളെ നോക്കി .
ആനി ഒന്നും മിണ്ടിയില്ല .ഷാളിന്റെ തുമ്പുകൊണ്ട് മെല്ലെ കണ്ണുനീർ തുടച്ചു .സഹോദരിമാരുടെ വാക്കുകൾ അവളെ വല്ലാതെ വിഷമിപ്പിച്ചു .അച്ഛനും അമ്മയ്ക്കും തന്റെ പ്രണയ ബന്ധത്തിനോട് എതിർപ്പില്ല .പക്ഷേ ,ചേച്ചിമാരെപ്പോലെ തന്നെ ഭയം അവരേയും അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു .ഈ സ്‍നേഹവും വാത്സല്യവുമൊക്കെ കണ്ടില്ലെന്നു നടിക്കാൻ തനിക്ക് എങ്ങനെ കഴിയും .
സഹോദരിമാരുടെ മുഖത്ത് നിരാശ നിറഞ്ഞു .ആനിയുടെ ആ സമീപനം അവരെ കൂടുതൽ തളർത്തി .
"എന്താ മോളെ നീ ഒന്നും മിണ്ടാത്തത് .നിന്റെ തീരുമാനം എന്താണെന്ന് തുറന്നു പറയൂ ...നിനക്ക് അവനെ മറന്നുകൊണ്ട് മറ്റാരേയും വിവാഹം കഴിക്കാൻ കഴിയില്ലേ .?" ഞങ്ങളോട് പറയൂ ...മൂത്ത ചേച്ചി അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് നിറമിഴികളിലേയ്ക്ക് നോക്കി .
ആനി മിഴികൾ ഉയർത്തി ഒരുമാത്ര ഇരുവരേയും നോക്കി .അപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് നീർമുത്തുകൾ അടർന്നുവീണു .ഒരുമാത്ര അവൾ എല്ലാം മറന്ന് മിണ്ടാതെ കഴിഞ്ഞകാല ഓർമ്മകളിൽ മുഴുകി വിദൂരതയിലേക്ക് നോക്കി ഇരുന്നു .ആ ഓർമ്മകൾ ഒരുമാത്ര അവളെ കുളിരണിയിച്ചു .അവൾ ഓർക്കുകയായിരുന്നു .
കുട്ടിക്കാലം മുതൽക്കേ ഒരുമിച്ച് കൈകോർത്തുപിടിച്ചുകൊണ്ട് മഴനനഞ്ഞു സ്‌കൂളിലേക്ക് പോയ കളിക്കൂട്ടുകാരനെ. ആ ഓർമ്മകൾ വളർന്നു വലുതായപ്പോഴോ?പ്ലസ്ടൂ പഠനകാലം .എത്ര മനോഹരമായ ദിനങ്ങൾ ,അവയുടെ നിറഭംഗികൾ ...ആ സമയത്താണ് ആദ്യമായി തന്റെ മനസ്സിൽ കളികൂട്ടുകാരനോട് പ്രണയം മൊട്ടിട്ടുതുടങ്ങിയത് .
വൃത്തിയായി വസ്ത്രങ്ങൾ ധരിച്ച് ചീകി ഒതുക്കിയ മുടിയുമായി സ്‌കൂൾ രാഷ്‌ടീയത്തിൽ മിന്നി തിളങ്ങിയ ചെറുപ്പക്കാരൻ .മനുഷ്യരുടെയും ,പ്രകൃതിയുടേയും നന്മയെക്കുറിച്ചും ,അതിന്റെ പുരോഗതിയെക്കുറിച്ചുമൊക്കെ ചിന്തിക്കുകയും ,അതിനായി പ്രവർത്തിക്കുകയും ,വാതോരാതെ പ്രസംഗിക്കുകയുമൊക്കെ ചെയ്യുമായിരുന്നു ചെറുപ്പക്കാരൻ .
സ്‌കൂളിൽ പാറിനടന്ന അവന് സ്‌കൂൾ ലീഡർ ,യൂണിയൻ ചെയർമാൻ ,ബെസ്റ്റ് സ്റ്റുഡന്റ് എന്നിങ്ങനെ എന്തെല്ലാം അംഗീകാരങ്ങളായിരുന്നു .എത്രയെത്ര പെൺകുട്ടികളാണ് അവനെ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുള്ളത് .എന്നിട്ടും അവന്റെ ഇഷ്ടം നേടിയെടുത്തതോ താനും .
തന്നെ എപ്പോൾ കണ്ടാലും സമൂഹത്തിൽ നടക്കുന്ന അനീതികളെക്കുറിച്ചും ,ഭരണകൂടങ്ങളുടെ അഴിമതികളെക്കുറിച്ചും ,ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചും മാത്രമേ അവന് പറയുവാനുണ്ടായിരുന്നുള്ളൂ .സദാ വിപ്ലവ ചിന്താഗതിയായിരുന്നു മനസ്സിൽ .ജാതിയുടേയും ,മതത്തിന്റേയും പേരിലുള്ള വേര്തിരിവുകളേയും ,അതിനുവേണ്ടിയുള്ള കലാപങ്ങളേയും ശക്തമായി വെറുത്തിരുന്നു അവൻ .
സ്‌കൂൾ പഠനം അവസാനിച്ചതോടെ ...തുടർപഠനത്തിന് മുതിരാതെ പാരമ്പര്യ തൊഴിലായ കൃഷിയിൽ വ്യാപൃതനായിക്കൊണ്ട് മുഴുവൻസമയ രാജ്യസേവനവുമായി ഇറങ്ങിത്തിരിച്ചു ആൾ .ഒരിക്കൽ കോളേജ് വിട്ട് വരുന്നവഴി ടൗണിൽ വെച്ച് കണ്ടപ്പോൾ താടിയും മുടിയുമൊക്കെ നീട്ടി രാജ്യത്തെ പുതിയ ഭരണ സംവിദാനങ്ങളുടെ നയങ്ങൾക്കെതിരെ ജാഥ നയിക്കുകയായിരുന്നു ആൾ .
കഴിഞ്ഞ ദിവസം ഇലഞ്ഞേലി തോടിന്റെ കടവിലിരുന്ന് അസ്തമയസൂര്യന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അലസമായി ദൂരേയ്ക്ക് മിഴികൾ നട്ട് ഇരിക്കുമ്പോൾ പിന്നിൽ നിന്ന് മുഴങ്ങുന്ന ആ സ്വരം കാതിൽ വന്നെത്തി .ഒരുപാട് ദിവസങ്ങൾക്ക് ശേഷം ആ മുഖം നേരിട്ടു കാണുകയാണ് .ആ സാമീപ്യം അടുത്തറിയുകയാണ് .
"എന്താ കവയത്രി പുതിയ കവിത വല്ലതും എഴുതുവാനുള്ള തയ്യാറെടുപ്പിലാണോ .?ചോദിച്ചുകൊണ്ട് അവൻ കൽപ്പടവുകളിൽ തന്റെ അരികിലായി ഇരുന്നു .
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ .?നാട് നന്നാക്കി കഴിഞ്ഞോ .?എല്ലാം കഴിഞ്ഞിട്ട് എപ്പോഴാണ് ജീവിക്കാൻ സമയം കിട്ടുക .?എപ്പോഴും തിരക്ക് .എന്റെ കാത്തിരിപ്പ് വെറുതേ ആകുമോ .?"താൻ പരിഭവം പറഞ്ഞു .
"എന്ത് നാട് നന്നാക്കൽ ...എല്ലാം മടുത്തെടോ .നമ്മൾ ചിലർ തീരുമാനിച്ചാൽ നന്നാക്കാൻ കഴിയുന്നതല്ലല്ലോ നാട് .?ഈ ജീവിതത്തോട് തന്നെ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു .എവിടേയ്ക്കെങ്കിലും നാടുവിട്ട് ഓടിപ്പോയാലോ എന്ന് പലപ്പോഴും തോന്നാറുണ്ട് .കുറേക്കാലം എല്ലാം മറന്ന് ഒരു ഭ്രാന്തനെപ്പോലെ എവിടെയെങ്കിലുമൊക്കെ അലഞ്ഞു നടക്കാൻ കൊതിയാവുന്നു .പക്ഷേ ,എവിടേയ്ക്ക് അതോർക്കുമ്പോൾ ...എവിടെ ചെന്നാലും ഇതൊക്കെത്തന്നെ അവസ്ഥ .രാജ്യം തന്നെ നശിച്ചില്ലേ .?എത്ര മനോഹരമായ ...നന്മനിറഞ്ഞ ...പരസ്പര സ്നേഹം വെച്ചുപുലർത്തിയിരുന്ന രാജ്യമായിരുന്നു നമ്മുടേത് .പക്ഷേ ,ഇന്ന് ചിലർ അവരുടെ മുതലെടുപ്പിന് വേണ്ടി രാജ്യത്തെ വർഗീയവൽക്കരിച്ചിരിക്കുന്നു .ഇനി ഇതിൽ നിന്ന് ഒരു മോചനമുണ്ടോ .?എല്ലാം നാശത്തിന്റെ തുടക്കമാണെന്ന് കരുതാം .അതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞുകൊണ്ട് അവസാനിപ്പിച്ചുകൊണ്ട് എവിടേയ്ക്കെങ്കിലും ഓടിപ്പോകാൻ തോന്നുന്നത് .ഈ നാട്ടിൽ ഇനിയൊരു സ്വസ്ഥ ജീവിതം സാധ്യമാണെന്ന പ്രതീക്ഷയില്ല ."അവൻ വിദൂരതയിലേക്ക് മിഴികൾ പായിച്ചു .
ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും അവൻ പറഞ്ഞതത്രയും യാഥാർഥ്യങ്ങളാണെന്ന് ഒരുമാത്ര ചിന്തയിൽ അവൾക്ക് മനസ്സിലായി .അവൾ അവന്റെ കരം കവർന്നുകൊണ്ട് ആ മിഴികളിലേയ്ക്ക് നോക്കി .
"എന്തേ ഇങ്ങനെ .?ഇതിനെയൊക്കെയും അതിജീവിച്ചു മുന്നോട്ട് പോയല്ലേ പറ്റൂ .?എല്ലാം ശരിയാകുമെന്നേ ...സമാധാനിക്കൂ."
"എപ്പോൾ എനിയ്ക്ക് പ്രതീക്ഷയില്ല .നമ്മുടെ ഈ ബന്ധം തന്നെ ഇന്നത്തെ സമൂഹം അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ .?നിന്റെ വീട്ടുകാർ അഭിമാനത്തിന്റെ പേരിൽ എതിർത്തതുപോലെ സമൂഹവും നമ്മളെ വേർതിരിക്കില്ലേ .?തള്ളിപ്പറയില്ലേ .?"ഒരുനിമിഷം അവളുടെ മിഴികളിലേയ്ക്ക് നോക്കി അവൻ .
"ആനി വരുന്നോ ...എന്റെ കൂടെ .?നമുക്ക് എവിടേയ്‌ക്കെങ്കിലും ഓടിപ്പോകാം .ജാതിയും മതവുമൊന്നും ഇല്ലാത്ത സാധാരണക്കാരുടെ ഇടയിലേയ്ക്ക് .ദൂരെ ഏതെങ്കിലും ഗ്രാമത്തിലേയ്ക്ക് .യഥാർത്ഥ മനുഷ്യരുടെ ...പാവങ്ങളുടെ ഇടയിലേയ്ക്ക് ."അവൻ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി .
അവൾ അത്ഭുതത്തോടെ അവനെനോക്കി .അവൾക്ക് മനസ്സിലായി അവൻ തമാശ പറയുന്നതല്ലെന്ന് .വെറും ഭ്രാന്തൻ ജൽപനങ്ങളല്ല അവന്റേതെന്ന് .സീരിയസ്സായിട്ട് അവൻ വിളിക്കുന്നു ...ആത്മാർത്ഥതയോടെ കൂടെ ചെല്ലുന്നോ എന്ന് .
പക്ഷേ ,എവിടേയ്ക്ക് .?ലോകത്തിന്റെ ഏത് കോണിൽ ചെന്നാലാണ് ഇന്നത്തെ അവസ്ഥയിൽ നിന്നൊരു മാറ്റം .?ഏതൊരു നാട്ടിൽ ചെന്നാലും ഇതൊക്കെ തന്നെയല്ലേ അവസ്ഥ .എങ്കിലും ഒരുമാത്ര അവൾ ആഗ്രഹിച്ചു ...അവന്റെ കരംപിടിച്ചുകൊണ്ട് അജ്ഞാതമായ പുതിയൊരു ലോകത്തേയ്ക്ക് ,പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് ,പുത്തൻ അനുഭവങ്ങൾ നുണഞ്ഞുകൊണ്ട് ...അങ്ങനെ കുടുംബം കുട്ടികൾ ഒക്കെയായി ഒരു ജീവിതം .
എന്നിട്ടും ,മതം ,സമൂഹം ,അച്ഛൻ ,അമ്മ ,സഹോദരിമാർ ...അവരുടെ അന്തസ് ഈ ധൗർബല്യങ്ങളൊക്കെയും അവൾക്ക് അധൈര്യം പകർന്നു .
"ആവില്ല അബ്‌ദു ,എനിക്ക് ആവില്ല ...എല്ലാം മറന്നുകൊണ്ടുള്ള ഒരു ഒളിച്ചോട്ടത്തിന് എനിക്ക് കഴിയുന്നില്ല .എന്ത് ചെയ്യും .?ഞാൻ എന്റെ കുടുംബത്തെ അത്രമേൽ സ്നേഹിക്കുന്നു .അവരെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല.
അന്ന് അങ്ങനെ പറഞ്ഞു പിരിഞ്ഞതാണ് .പിരിയാൻ നേരം പുഞ്ചിരിയോടെ അവൻ പറഞ്ഞു
"എല്ലാം ആനിയുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ .ഞാനും ചില കെട്ടുപാടുകളിൽ പിണഞ്ഞു കിടക്കുകയാണ് .കെട്ടുപാടുകളാൽ കൂട്ടി പിണഞ്ഞതാണല്ലോ ജീവിതം .?എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ."
ഇപ്പോൾ എത്ര ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു .വർഷങ്ങളുടെ പ്രണയം മനസ്സിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് രണ്ട് ആത്മാക്കളെപ്പോലെ അബ്‌ദുവും ,താനും കഴിയുന്നു .ഇപ്പോഴാണ് അറിയുന്നത് തങ്ങളുടെ സ്നേഹം എത്ര ആഴമേറിയതാണെന്ന് .താൻ എത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ട് സ്വന്തമാക്കാനായി ആഗ്രഹിക്കുന്നുണ്ട് എന്ന് .
വീടിന്റെ അടുക്കളയിലും അകത്തളങ്ങളിലെ മാത്രമായി ഒതുങ്ങിക്കൂടിയ ദിനങ്ങൾ .ആകെ പുറത്ത് പോകുന്നത് വൈകുന്നേരങ്ങളിൽ തോട്ടിൽ മുങ്ങി കുളിക്കുവാനാണ് .കുഞ്ഞുനാളിലെ ഉള്ള ശീലം .ആ സമയം പലപ്പോഴും മരിക്കാത്ത ഓർമ്മകളെ മനസ്സിൽ താലോലിച്ചുകൊണ്ട് കൽപ്പടവുകളിൽ അങ്ങനെ ഏറെനേരം ഇരിക്കും .അപ്പോഴെല്ലാം അവനെകുറിച്ചുള്ള ഓർമ്മകൾ മനസ്സിനെ വല്ലാതെ മതിക്കുന്നുണ്ടാവും .
ഉറക്കമില്ലാത്ത രാത്രികളിൽ പാതിരാവിന്റെ നിശബ്ദതയിൽ ഇരുളും ,തണുപ്പും നിറഞ്ഞുനിൽക്കുന്ന യാമങ്ങളിൽ അവന്റെ മുഖം പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കും .അപ്പോഴെല്ലാം അവന്റെ ഓർമ്മകളും ,വാക്കുകളും മനസ്സിനെ ഈറനണിയിക്കും .
താൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നപ്പോൾ ഒടുവിൽ അച്ഛനും ,അമ്മയും അബ്‌ദുവുമായുള്ള വിവാഹത്തിന് പാതി സമ്മതം മൂളിയതാണ് .അപ്പോഴാണ് എതിർപ്പുകളുടെ ഘോഷയാത്രയുമായി ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരും കുടുംബക്കാരുമൊക്കെ ഇറങ്ങിത്തിരിച്ചത് .ഇനി എന്ത് ചെയ്യും .?അവസാന പ്രതീക്ഷയും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു .ഇന്ന് അപ്രതീക്ഷിതമായാണ് ഈ വിവാഹാലോചനയുമായി മൂത്ത ചേച്ചി ഇളയ ചേച്ചിയേയും കൂട്ടി വന്നത് .ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്താണ് ചെറുക്കൻ .അതുകൊണ്ടുതന്നെ ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല .അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞിട്ട് ചേച്ചിമാർ ആവേശത്തോടെ തന്റെ അടുക്കൽ വന്ന് കാര്യം ധരിപ്പിച്ചിരിക്കുന്നു .
വിദേശത്തു ജോലിയുള്ള ...ഈ തലമുറയ്ക്കും വരും തലമുറയ്ക്കും കൂടി ജീവിക്കാൻ തക്ക സമ്പാദ്യമുള്ള ഇപ്പോൾ അവധിക്ക് നാട്ടിൽ വന്നിരിക്കുന്ന യുവാവ് .പെണ്ണ് കാണാൻ വരട്ടെ എന്ന് ചോദിക്കുന്നു .
സമ്പാദ്യവും ,പദവിയും ഒന്നുമല്ലല്ലോ ജീവിതവിജയത്തിന്റെ അളവുകോൽ .പരസ്പര ഇഷ്ടവും വിശ്വാസവുമല്ലേ .?ഏതാനുംനിമിഷത്തെ വിരസത നിറഞ്ഞ... വേദനനിറഞ്ഞ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സഹോദരിമാരെ നോക്കി ഉള്ളിലുള്ളതെല്ലാം ഒരു കഥ പറയുന്നതുപോലെ തുറന്നു പറഞ്ഞു .ഒരു പൊട്ടിക്കരച്ചിലോടെ .
"ഇനി ഞങ്ങൾ കൂടുതലൊന്നും പറയുന്നില്ല .പറയുള്ളത് മനസ്സിലാകും വിധം ഞങ്ങൾ പറഞ്ഞുകഴിഞ്ഞു .ബാക്കിയൊക്കെ നിന്റെ ഇഷ്ടംപോലെ .ഒന്ന് ഞങ്ങൾ പറയാം ഞങ്ങളുടെ വാക്കിനെ ധിക്കരിച്ചുകൊണ്ട് അപ്പനും അമ്മയും നൽകുന്ന സപ്പോർട്ടോടെ ആ മുസ്‌ലിം ചെക്കന്റെ കൂടെ ഇറങ്ങി പോകാനാണ് നിന്റെ തീരുമാനമെങ്കിൽ പിന്നെ ഇങ്ങനെ രണ്ട് ചേച്ചിമാർ നിനക്ക് ഉണ്ടെന്നുള്ള കാര്യം എന്നെന്നേക്കുമായി മറന്നേക്കണം .ഞങ്ങളുടെ അനുജത്തി മരിച്ചുപോയെന്ന് ഞങ്ങളും കരുതികൊള്ളാം .ചേച്ചിമാർ കണ്ണുനീർ തുടച്ചുകൊണ്ട് മുറിവിട്ട് ഇറങ്ങിപ്പോയി .
പുറത്തുനിന്ന് ജനലവഴി ഒരു തണുത്തകാറ്റ് വീശിയടിച്ചു .കാറ്റിൽപെട്ട് വെന്തുരുകിയ ശരീരത്തിന് അൽപ്പം ആശ്വാസം കിട്ടിയെങ്കിലും മനസ്സ് വെന്തുതന്നെ നിന്നു .അകലെ ആകാശക്കോണിൽ അസ്തമയത്തിന് തയ്യാറെടുക്കുന്ന സൂര്യനെ നോക്കി ഇരിക്കവേ തോളിൽ ഒരു കൈ പതിഞ്ഞു .അച്ഛന്റെ കൈ .
"മോളെ എന്താ നീ കരയുവാണോ .?"അച്ഛൻ മൃദുവായി അവളുടെ കവിളിൽ തലോടി .
"ഇല്ല അച്ഛാ "അവൾ മുഖം തുടച്ച് കൃത്രിമ ചിരിവരുത്താൻ ശ്രമിച്ചുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് ഒതുങ്ങിനിന്നു .
"മോളെ ,നീ എന്തിനാണ് ഇത്ര സങ്കടപ്പെടുന്നത് .?ചേച്ചിമാർ കൊണ്ടുവന്ന വിവാഹാലോചന നിനക്ക് ഇഷ്ടമായില്ലെങ്കിൽ വേണ്ടാ .അപ്പനും അമ്മയും നിന്നെ നിർബന്ധിക്കില്ല .നല്ലൊരു ആലോചന വന്നപ്പോൾ നിന്റെ നന്മയെ കരുതി ഏതൊരു സഹോദരിമാരും ചെയ്യുന്നതേ നിന്റെ ചേച്ചിമാരും ചെയ്തുള്ളൂ .എല്ലാം നിന്റെ നല്ല ഭാവിക്ക് വേണ്ടി .അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാനും ആവില്ല ."
"മോള് ചേച്ചിമാരോട് പറഞ്ഞത് അത്രയും ഞാൻ കേട്ടു .അച്ഛനോടും അമ്മയോടും പറഞ്ഞതൊക്കെ തന്നെ ആയിരുന്നല്ലോ അത് .അബ്‌ദു നല്ല ചെറുപ്പക്കാരനാണ് .എനിക്കും അമ്മയ്ക്കും അവനെ ഇഷ്ടമാണ് താനും .അന്യമതക്കാരൻ എന്നതൊഴിച്ചാൽ മറ്റൊന്നും ഞാനൊരു കുറവായിട്ട് അവനിൽ കാണുന്നുമില്ല .അതുകൊണ്ടുതന്നെ നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതിലോ ,ഒരുമിച്ചു ജീവിക്കുന്നതിന്റെ ഞങ്ങൾക്ക് വിരോധമില്ല .ഞങ്ങളാൽ കഴിയുന്നതെന്തും നിങ്ങൾക്ക് വേണ്ടി ചെയ്‌തുതരാനും ഞങ്ങൾ തയ്യാറാണ് .പക്ഷേ ,നിന്റെ ചേച്ചിമാർ പറഞ്ഞിട്ട് പോയത് നീ കേട്ടതല്ലേ .?കൂടപ്പിറപ്പുകളെ വെറുപ്പിച്ചുകൊണ്ടുള്ള പ്രണയം എന്റെ മോൾക്ക് വേണോ .?ഒരാളെ നേടിയെടുക്കാൻ വേണ്ടി ഒരുപാടു പേരെ എന്നെന്നേക്കുമായി മോൾക്ക് നഷ്ടപ്പെടുത്തേണ്ടി വരും .കൂടപ്പിറപ്പുകളെക്കാൾ വലുതല്ല ഒരു സ്നേഹബന്ധവും എന്നത് മോൾ മറക്കരുത് .ഇതിലെല്ലാമുപരി ...ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ എങ്ങനെ നിങ്ങളെ വേട്ടയാടുമെന്ന് അറിയില്ല .രണ്ടും കല്പിച്ച് ഇറങ്ങിത്തിരിക്കും മുൻപ് എല്ലാം ഒന്നുകൂടി നന്നായി ആലോചിക്കണം .ബാക്കിയൊക്കെ നിന്റെ ഇഷ്ടംപോലെ ആവട്ടെ ." അച്ഛൻ കണ്ണുകൾ തുടച്ചുകൊണ്ട് നടന്നുപോയി .
ആനി നിറമിഴികളോടെ അച്ഛനെ നോക്കി നിന്നു .തുടർന്ന് അമ്മയേയും .കണ്ണുകളിൽ കണ്ണുനീർ വന്ന് മൂടുമ്പോൾ അവൾ ചിന്തിക്കുകയായിരുന്നു എന്ത് വേണം .
അച്ഛൻ ,അമ്മ ,സഹോദരിമാർ ,ബന്ധുമിത്രാദികൾ ,സമൂഹം ...ഇതിനെല്ലാം ഇടയിൽ അബ്‌ദു .ഈ ചിത്രങ്ങളിൽ നിന്നും ഏതിനെ വേര്തിരിച്ചെടുക്കണം ...ഏതിനോട് കൂടിചേരണം എന്നറിയാതെ അവൾ വെമ്പൽ കൊണ്ടു .അവളുടെ മിഴികളിൽ നിന്നും നീർക്കങ്ങൾ ധാരധാരയായി ഒഴുകിയിറങ്ങി കവിളുകളെ പൊള്ളിച്ചുകൊണ്ടിരുന്നു .
ചിലപ്പോഴെല്ലാം ജീവിതം ഇങ്ങനെയാണ് .വേണ്ടപ്പെട്ടവർക്കുവേണ്ടി ഇഷ്ട്ടപ്പെട്ട പലതിനേയും നമുക്ക് ത്രജിക്കേണ്ടി വരും .ചിലപ്പോൾ അത് നല്ലതിനാവും ,ചിലപ്പോൾ ദോഷമായും ഭവിക്കാം .എന്തുതന്നെയായാലും ജീവിതാവസാനം വരെ ഒരു നീറ്റലായി ആ ദുഃഖം മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും .