നേരം വെളുത്തു വരുന്ന തേയുള്ളു. കതകിൽ തുടരെ തുടരെയുള്ള മുട്ടു കേട്ടാണ് സാവിത്രി വാതിൽ തുറന്നത്. വെളിയിലേക്ക് എത്തിനോക്കിയ അവൾ ഞെട്ടി.
വാതുക്കൽ ആറടിയോളം ഉയരമുള്ള കറുത്തിരുണ്ട അജാനുബാഹുവായ ഒരു മനുഷ്യൻ നിൽക്കുന്നു. മുഖവുരയുടെ ആവശ്യമില്ലാതെ ഗൗരവത്തിൽ തന്നെ അയാൾ ചോദിച്ചു.
"സുഗുണൻ എവിടെ?"
അയാളുടെ ചോദ്യത്തിന് ഒരു ഗർജനത്തിന്റെ ധ്വനി ഉണ്ടായിരുന്നു. കപ്പടാ മീശക്കാരനായ അയാൾ സാവിത്രിയെ അടിമുടിയൊന്നു നോക്കി. വെളിയിലത്തെ ഗർജനംകേട്ട് അകത്തെ മുറിയിൽ നിന്ന് സുഗുണൻ ഇറങ്ങി വന്നു. വാതുക്കൽ നിൽക്കുന്ന കൊള്ളപ്പലിശക്കാരനായ ബ്ലേഡ് പാപ്പനെ കണ്ട അവൻ ആദ്യമൊന്നു വിരണ്ടെങ്കിലും ധൈര്യം കൈവിടാതെ അയാള അകത്തേക്ക് ക്ഷണിച്ചു. അവന്റെ ക്ഷണം നിരസിച്ച പാപ്പൻ വീണ്ടും ഗർജിച്ചു. -
"എവിടെ എന്റെ പണം?"
പണം എന്നു കേട്ടതും സാവിത്രി , ഭർത്താവിനെ ഒന്നു നോക്കി. അവൾക്കറിയില്ല ഭർത്താവിന്റെ പണമിടപാടുകൾ, കാരണം രണ്ടു മാസം തികയുന്നതേയുള്ളു അവർ തമ്മിൽ വിവാഹിതരായിട്ട്.
വിവാഹം വാഴാത്ത ഒരു സ്ത്രീയാണ് സാവിത്രി. അവളുടെ ഒൻപതാമത്തെ വിവാഹമാണ് സുഗുണനുമായിട്ടുള്ളത്. എട്ടു വിവാഹങ്ങളും ഓരോരോ ചെറിയ കാരണങ്ങൾ കൊണ്ടാണ് വേർപിരിയേണ്ടി വന്നത്.
"ഈശ്വരാ ! ഇതെങ്കിലും പിരിഞ്ഞുപേകരുതേ" അവൾ അത്മഗതം പറഞ്ഞു.
ബ്ലേഡു പാപ്പന്റെ അടുത്ത ചോദ്യം വരുന്നതിനു മുൻപ് സുഗുണൻ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ പണവുമെടുത്ത് വെളിയിലേക്ക് ഇറങ്ങി ഒറ്റ ഓട്ടം. അവൻ ഓടുന്നതു കണ്ട് കാര്യമറിയാതെ അവളും പുറകെ ഓടി. ഭാര്യയും , ഭർത്താവും ഓടുന്നതു കണ്ട പാപ്പൻ പിന്നെ ഒന്നും ആലോചിച്ചില്ല. അയാളും അവർക്കു പുറകെ വെച്ചു പിടിപ്പിച്ചു. ഓട്ടത്തിനിടയിൽ തിരിഞ്ഞു നോക്കിയ സുഗുണൻ കണ്ടത് , തന്റെ പുറകെ പാപ്പനും ഓടി വരുന്നതാണ്. പിന്നെ അവൻ ഒന്നും ചിന്തിച്ചില്ല , അടുത്തു കണ്ട ഇടവഴി തൊണ്ടിലൂടെ ഓടി കാരമുള്ളുകൾ പടർന്നു കിടക്കുന്ന ഒരു പൊട്ടക്കിണറ്റിൽ എടുത്തു ചാടി. ഭർത്താവ് കിണറ്റിൽ ചാടിയതു കണ്ട സാവിത്രി പിന്നെ ഒന്നും നോക്കിയില്ല. "സതി അനുഷ്ഠിക്കുന്നതു മാതിരി" ഭർത്താവ് ചാടിയ അതേ കിണറ്റിലേക്ക് അവളും എടുത്തു ചാടി.
ഭാര്യയും , ഭർത്താവും നിമിഷങ്ങളുടെ വ്യത്യാസത്തിൽ പൊട്ടക്കിണറ്റിൽ ചാടുന്നതു കണ്ട ബ്ലേഡു പാപ്പൻ ഓടിക്കിതച്ചെത്തി, കിണറിനുള്ളിലേക്ക് എത്തി നോക്കി. കിണറിന് ആഴം കുറവാണെന്നു മനസ്സിലാക്കിയ അയാൾ ആലോചിച്ചു
"ഇവൻ ഉള്ള പണം മുഴുവനും കൊണ്ടാണ് ചാടിയിരിക്കുന്നത്. ഇവൻ ചത്തു കഴിഞ്ഞാൽ പിന്നെ ആ പണം തനിക്ക് കിട്ടില്ല. എന്നാൽ പിന്നെ ഇവൻ ചാകുന്നതിനു മുൻപ് ഉള്ളത് തിരിച്ചു പിടിക്കണം."
അയാളും കിണറ്റിലേക്ക് എടുത്തു ചാടി. അജാന ബാഹുവായ ആ മനുഷ്യൻ കിണറ്റിൽ വീഴുന്ന ശബ്ദം ഒരു ഭൂകമ്പം പോലെ നാടുമുഴുവൻ വിറങ്ങലിച്ചു കേട്ടു. ശബ്ദം കേട്ടവർ, കേട്ടവർ കിണറ്റിൻകരയിലേക്ക് ഓടിയെത്തി. അവർ ഒന്നടങ്കം കിണറിലേക്ക് എത്തിനോക്കുമ്പോൾ കാണാം "മൂന്നു മനുഷ്യർ വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്നു"
ഫയർഫോഴ്സിന്റെ സഹായത്താൽ മൂന്നുപേരെയും നാട്ടുകാർ വലിച്ചു കരയിൽ കയറ്റി. ഉടു മുണ്ടു നഷ്ടപ്പെട്ട തടിമാടനായ ബ്ലേഡ് പാപ്പൻ , സാമ്പത്തികം ഒന്നും തന്റെ കൈയിൽ വന്നുചേരില്ലെന്നു മനസ്സിലാക്കി ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഓടി രക്ഷപെട്ടു.
സാവിത്രിയും, സുഗുണനുമാകട്ടെ ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്നു. പിന്നെ അവൾ ഉച്ചത്തിൽ പൊതുജനങ്ങളുടെ മുന്നിൽവെച്ചു പറഞ്ഞു - "എനിക്ക് ഈ വിവാഹ ബന്ധവും വേണ്ട."
അങ്ങനെ ഒൻപതാം വിവാഹ ബന്ധവും വേണ്ടന്നുവെച്ച് അവൾ മുങ്ങി താന്ന വേഷത്തിൽ വീട്ടിലേക്ക് തിരിച്ചു നടന്നു.......