അമ്പലത്തിലേക്ക് തൊഴാൻ എന്നും പറഞ്ഞാണ് ഞാൻ വീട്ടീന്ന് ഇറങ്ങിയത്, സത്യത്തിൽ സുരേഷേട്ടനെ കാണാൻ വേണ്ടി മാത്രമായിരുന്നു. അമ്പലത്തിന്റെ തിരുമുറ്റത്ത് കേറിയപ്പോ തന്നെ സുരേഷേട്ടൻ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്ന.
രണ്ടുപേരും ഒരുമിച്ച് അമ്പലത്തിനുചുറ്റും പ്രദിക്ഷണം വെച്ചു.ഇടയ്ക്കിടെ സുരേഷേട്ടൻ എന്നെ നോക്കി കയ്യോണ്ടും കണ്ണോണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇലഞ്ഞിപൂവിന്റെ മണവും, ചെമ്പകത്തിന്റെ നൈർമല്യവും, അവിടമാകെ വല്ലാത്തൊരു അന്തരീക്ഷം ആയിരുന്നു. സന്ധ്യയായി ചുറ്റും ഇരുട്ടുപരന്നു. സുരേഷേട്ടനോട് യാത്രപറഞ്ഞു വേഗം വീട്ടിലേക്കു നടന്നു. വീടിന്റെ സിറ്റൗട്ടിൽ അച്ഛൻ പേപ്പർ വായിക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം അകത്തേക്കു കേറിപ്പോയി...
അന്നും സുരേഷേട്ടൻ ഫോണിൽ എന്നെ വിളിച്ചു. ആരും കാണാതെ ഞാൻ മുകളിലെ ഗോവണിപ്പടിയിൽ ഇരുന്നു. അവിടെ ഇരുന്നാണ് ഞാൻ സുരേഷേട്ടനോട് സംസാരിക്കാറ്. ആരും കേൾക്കുന്നില്ലെന്നു ഉറപ്പു വരുത്തി കുറെ നേരം സംസാരിച്ചു. അപ്പോഴേക്കും അമ്മ വന്നു വിളിച്ചു "എന്താ നീ ഇവിടെ വന്നു നിൽക്കണേ, ഉറങ്ങനായില്ലേ" അമ്മയുടെ പറച്ചിൽ കേട്ടതും ഞാൻ ഫോൺ ഓഫാക്കി വെച്ചു പോയി കിടന്നുറങ്ങി.
ദിവസങ്ങൾ കുറച്ചായി സുരേഷേട്ടനെ കണ്ടില്ല . വിളിച്ചപ്പോ തിരക്കാണെന്നും ജോലിയുടെ അഭിമുഖം ഉണ്ടായെന്നും പറഞ്ഞു. രാത്രിയായപ്പോ സുരേഷേട്ടൻ പതിവിലും നേരത്തെ വിളിച്ചു. ഞാൻ എന്റെ ഗോവണിപടിയിൽ ഇരുന്നുകൊണ്ട് ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി ഒരു പാട് സംസാരിച്ചു. 'കൂട്ടിവെച്ച മയിൽപീലികൾ പെറ്റുപെരുകുന്നപോലെ, നൂറായിരം നിറമുള്ള സ്വപ്‌നങ്ങൾ കണ്ട് ഞാൻ കിടന്നുറങ്ങി. എന്റെ മനസ്സ് മുഴുവൻ സുരേഷേട്ടേനിൽ മാത്രമായി ഒതുങ്ങി.
പിറ്റേന്ന് രാവിലെ സുരേഷേട്ടൻ വിളിച്ചു ഞാൻ ഇന്റർവ്യൂവിൽ പാസ്സായെന്നും ഇന്നുതന്നെ ജോലിക്കു ഹാജറാകണമെന്നും അതുകൊണ്ട് ഞാൻ പോകുകയാണെന്നും രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ വരുമെന്നും പറഞ്ഞു കോൾ കട്ട് ചെയ്തു...
ജോലി കിട്ടിയ സന്തോഷം ആഘോഷിക്കാൻ എന്നെയുംകൂട്ടി ആരുംകാണാതെ എവിടേലും കറങ്ങിവരാമെന്നു വാക്കുതന്നിരുന്നു. പതിവുപോലെ ഞങ്ങൾ ആരും അറിയാതെ ഒരു യാത്രപോയി.പരാതിയും പരിഭവവും പറഞ്ഞു, പൊട്ടിച്ചിരിച്ചും കരഞ്ഞും സുഖമുള്ള ഒരു യാത്ര., "നീയാണ് എന്റെ എല്ലാം ഇടയ്ക് സുരേഷേട്ടൻ പറയുമായിരുന്നു. ഈ യാത്ര ജീവിതത്തിൽ അങ്ങോളം നമ്മൾ ഒന്നിച്ചായിരിക്കും.' സുരേഷേട്ടന്റെ വാക്കുകൾ എന്റെ മനസ്സിൽ നൂറായിരം സ്വപ്‌നങ്ങൾ മോട്ടിട്ടു.. മാസങ്ങൾ കഴിഞ്ഞപ്പോൾ സുരേഷേട്ടൻ സ്ഥലം മാറി. അടുത്ത് കാണാറേയില്ല. വിളിയും മെസ്സേജും മാത്രമായി.ജോലി തിരക്കല്ലേ വിചാരിച്ചപോലെ വന്നുപോകാനൊന്നും പറ്റില്ലല്ലോ ഞാൻ മനസ്സിൽ ആശ്വസിച്ചു.
പഴയപോലെ ഫോൺ വിളിയും കുറയാൻ തുടങ്ങി മെസ്സേജും കുറഞ്ഞു. ഞാൻ പരാതിയും പരിഭവവും പറഞ്ഞു. 'ഇപ്പോ ജോലി തിരക്കാണെടി പഴയപോലെ ഒന്നിനും സമയമില്ല, നീ വിഷമിക്കണ്ട ഞാൻ ഇടയ്ക്കു വിളിക്കും., സുരേഷേട്ടന്റെ വാക്കുകൾ എന്നെ അശ്വസിപ്പിച്ചു. എന്നാലും എത്ര ജോലിതിരക്കായാലും എന്നെ വിളിച്ചൂടെ കുറച്ചു സമയം സംസാരിച്ചൂടെ. സുരേഷേട്ടൻ പോയപ്പോ ഞാൻ ഒറ്റപ്പെട്ടപോലെയായി. ആരും ഇല്ലാത്തപോലെയായി സ്വയം സങ്കടപെട്ടു.
ദിവസങ്ങൾ, മാസങ്ങൾ അങ്ങനെ ഫോൺ വിളി മെസ്സേജ് എല്ലാം കുറഞ്ഞു കുറഞ്ഞു വന്നു. നാട്ടിൽ ഒരു തവണ പോലും വരാതെയായി. ഞാൻ മാനസികമായി വിഷമിച്ചു. അങ്ങോട്ട് വിളിച്ചപ്പോൾ സ്വിച് ഓഫായിരുന്നു. ഞാൻ ആരോടും പരിഭവും പരാതിയും പറഞ്ഞില്ല.
അന്ന് ശനിയാഴ്ച ആയിരുന്നു.പതിവിലും നേരത്തെ കുളിച്ച് അമ്പലത്തിലേക്ക് പോയി ശിവനുമുന്നിൽ തൊഴുതു പ്രാർത്ഥിച്ചു. ആൽത്തറയിലേക്ക് നോക്കി ചുറ്റും കണ്ണോടിച്ചു. അവിടെങ്ങാനും സുരേഷേട്ടൻ ഇരിക്കുന്നുണ്ടോ? ഏയ് അവിടൊന്നും ഇല്ല വരുന്നുടെങ്കിൽ എന്നോട് പറയാതെ വരുമോ? ഏയ് ഇല്ല ചുറ്റും കണ്ണോടിച്ചു വല്ലാത്തൊരു മനോവിഷമം എന്നെ വേട്ടയാടുന്നു ണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ വെറുതെ ഫോൺ എടുത്തൊന്നു നോക്കി. നോക്കിയപ്പോ ഒരു കോൾ അത് സുരേഷേട്ടന്റ് നമ്പർ ആണല്ലോ? ഓ ഇന്നലെ അമ്പലത്തിൽ പോയതിനും പ്രാർത്ഥിച്ചതിനും ഫലം ഉണ്ടായെന്നു തോന്നുന്നു . മനസ്സിൽ ഒരാശ്വാസം തോന്നി. തിരിച്ചങ്ങോട് വിളിച്ചപ്പോ സ്വിച് ഓഫായിരുന്നു.ഞാൻ നെറ്റ് ഓണാക്കി വെറുതെ ഒന്നു നോക്കി. ഓ ഇതിൽ എന്തോ മെസ്സേജ് ഉണ്ടല്ലോ. ധൃതിയിൽ ഞാൻ വായിച്ചതും ഫോൺ കയ്യിന്നു താഴെ വീണതും ഒന്നിച്ചായിരുന്നു. എന്റെ ഹൃദയം പൊട്ടിയപോലെ തോന്നി. ഞാൻ എന്റെ ഓർമകളെ തൊട്ടുണർത്തുന്ന ഗോവണിപടിയിൽ ചാരിയിരുന്നു.ശരീരം തളരുന്നപോലെ തോന്നി അതിലെ രണ്ടുവരിയെ വായിച്ചുള്ളു അപ്പോഴേക്കും ഞാൻ ഒന്നുമല്ലാതായി..
സുരേഷ്ട്ടന്റെ മനസ്സിൽ ഞാൻ ഒന്നുമല്ലായിരുന്നു. എനിക്ക് തന്ന വാക്കുകളും, സുരേഷേട്ടന്റെ സ്വപ്‌നങ്ങൾ അതിലൊന്നും ഞാൻ ഉണ്ടായില്ലേ? "നീയില്ലാതെ ഞാനില്ല" എന്നൊക്കെ പറഞ്ഞത് വെറുതെയാണോ? ജോലി കിട്ടിയപ്പോൾ എന്നെ വേണ്ടാതായോ?
ഞാൻ മനസ്സിനെ കടിഞ്ഞാണിട്ട് മുറുക്കി.ആരും അറിയാതെ നമ്മൾ കൈമാറിയ നോട്ടങ്ങൾ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ, ഒന്നിച്ചു യാത്ര ചെയ്ത നിമിഷങ്ങൾ, എല്ലാം ഇത്രപെട്ടെന്നു മറന്നുപോയോ? എത്ര രാത്രികൾ ആകാശത്തെ നക്ഷത്രങ്ങളുടെ കഥ പറഞ്ഞ് ഉറങ്ങാതിരുന്നു. നമ്മുടെ പരാതിയും പരിഭവവും ഒരു സംഗീതം പോലെയായിരുന്നില്ലേ,? നിശ്ചലമായ എന്റെ പേന ചലിപ്പിച്ചത് ആർക്കുവേണ്ടിയാണ്? ഞാൻ എഴുതിയ വരികളിലൊക്കെ ജീവൻ നൽകിയത് നമ്മുടെ സ്വപ്‌നങ്ങൾ ആയിരുന്നില്ലേ? എപ്പോഴാണ് സുരേഷേട്ടൻ എന്നിൽ നിന്നും അകലാൻ തുടങ്ങിയത്. ഇലഞ്ഞിയും, ചമ്പകവും നിറഞ്ഞ അമ്പലമുറ്റത്തെ ആൽ തറയിൽ ഇരുന്നും നമ്മൾ പ്രണയിച്ചില്ലേ? എപ്പോഴാണ് സുരേഷേട്ടൻ എന്നെ മറക്കാൻ തുടങ്ങിയത്. ജീവിതത്തിൽ എന്നെക്കാളേറെ സ്വാതന്ത്ര്യം മാറ്റാർക്കോ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴോ? ഒന്നിച്ചുറങ്ങാനും യാത്ര ചെയ്യാനും അവസാനം വരെ നീ വേണമെന്ന് പറഞ്ഞിട്ട്. എന്നിട്ടും എവിടെ വെച്ചാണ് എന്നെ...
എന്റെ പ്രണയത്തിന് മഞ്ഞുതുള്ളിയുടെ നൈർമല്യവും, മൗനത്തിന്റെ സംഗീതവുമുണ്ട്, ഇളം തെന്നലിന്റെ ഈണവും, ഒറ്റപ്പെടലിന്റെ വേദനയും, മുല്ലപ്പൂവിന്റെ സുഗന്ധവുമുണ്ട്. നമ്മൾ എന്ന സത്യം ഞാൻ മാത്രമായി അവശേഷിച്ചു. എന്റെ ഓർമകൾ മയിൽപീലിതുണ്ടുകൊണ്ട് നിറങ്ങളിൽ ചാലിച്ച നിസ്സഹായാതയുടെ കവിതയായിരുന്നു. എല്ലാം സ്വപ്‌നങ്ങൾ മാത്രം.സ്വപ്നങ്ങൾ നഷ്ടപെടുമ്പോഴല്ല അത് വീണ്ടും പുനർജനിക്കില്ല എന്ന തിരിച്ചറിവാണ് മനസ്സിനെ വേദനിപ്പിക്കുന്നത്. ഇഷ്ടപെട്ടത് നഷ്ടപെടുമ്പോഴുണ്ടാകുന്ന വേദനയും മാധുര്യവും ഒന്ന് വേറെ തന്നെ. പുതിയ നിറങ്ങൾക്കുവേണ്ടി എത്ര യാത്ര നടത്തിയാലും നമുക്കിടയിലുണ്ടായ സ്വപനങ്ങളുടെ അത്ര നിറവും മണവും കണ്ടെത്താൻ കഴിയുമോ?.