mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ളാറ്റിലെ പതിനാലാം നമ്പര്‍ മുറിയില്‍ അസ്വസ്തതയുടെ കാറ്റേറ്റ് അലമേലു ഉലഞ്ഞു . ജീവിതത്തിനെന്തെങ്കിലും ലക്ഷ്യമുണ്ടോ..? അലമേലു ചിന്തിച്ചു. പെരുമാള്‍ പോയികഴിഞ്ഞിരിക്കുന്നു . ഇനി എത്ര ദിവസം കഴിഞ്ഞായിരിക്കും വരിക എന്നാര്‍ക്കറിയാം. 

ബാല്‍ക്കണിയിലെ ഒഴിഞ്ഞു കിടക്കുന്ന ചൂരല്‍കസേരയിലിരുന്ന് കണ്ടുമടുത്ത പുറംകാഴ്ചകളില്‍ അവള്‍ കുറച്ചുനേരം ഇരുന്നു പിന്നെ അകത്തളത്തിലെ ടിവിയില്‍ പഴയ തമിഴ് പാട്ട് കണ്ട് ഇത്തിരി നേരം .
മടുത്തുപോയിരിക്കുന്നു . ആരാണ് തനിക്കിത്തിരി ആശ്വാസം പകര്‍ന്നു നല്‍കാനുള്ളത്. ആവര്‍ത്തനസ്വഭാവമുള്ള ദിനചര്യകളാണ് എന്നും. വിരസമായ രാപ്പകലുകള്‍. ഇരുപത്തിനാലു മണിക്കൂര്‍ ഇരുപത്തിനാലു യുഗങ്ങളായിട്ടാണ് അവള്‍ക്ക് അനുഭവപ്പെട്ടത് .

അടുത്ത ഫ്ളാറ്റിലെ ആളുകളുമായി കൂട്ടുകൂടുന്നതില്‍ പെരുമാളിനാകട്ടെ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല .താമസം തുടങ്ങിയ നാളുകളില്‍ അടുത്ത ഫ്ളാറ്റിലെ താമസക്കാരുമായുണ്ടായ നിസ്സാരമായ ഒരു പ്രശ്നത്തെ തുടര്‍ന്നാണ് പെരുമാള്‍ അലമേലുവിനോടും നിര്‍ദ്ദേശിച്ചത് .ആരുമായും അടുപ്പം വേണ്ടെന്ന് .

ജോലിയ്ക്കു വിടാനാണെങ്കില്‍ അതിനും പെരുമാള്‍ ഒരുക്കമല്ല. അവള്‍ ആലോചിച്ചു .ഇതൊരു കാരാഗൃഹമല്ലേ. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എല്ലാം ചില്ലുപാത്രംപോലെ ഉടഞ്ഞുചിതറിയിരിക്കുന്നു. എത്ര നാള്‍ ഇങ്ങനെ കഴിയും. മനസ്സാകെ അസ്വസ്തതയാല്‍ ഇളകിമറിയുന്നു .
അലമേലുവിന്‍റെ ആഗ്രഹങ്ങള്‍ക്കൊത്തുള്ള ഒരു ജീവിതമേയല്ലായിരുന്നു അത്. അല്ലെങ്കിലും ആരും ഇതുപോലൊരു ജീവിതം ഇഷ്ടപ്പെടുമോ. കൂട്ടിലിട്ടു വളര്‍ത്തുന്ന ഒരു പക്ഷിയാണോ താന്‍? തനിക്കും മോഹങ്ങളില്ലേ...?
അവളുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്താനൊരുക്കമില്ലാത്ത പെരുമാളിനോട് അവള്‍ക്ക് വെറുപ്പുതോന്നി. ഒരിക്കലും പൂവണിയാനാവാത്ത സ്വപ്നവുമായി ഫ്ളാറ്റിലെ ഇടുങ്ങിയ മുറിയില്‍ ഒററപ്പെടലിന്‍റെ പിരിമുറുക്കവുമായി അവള്‍ കഴിഞ്ഞു.

നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ ഉടഞ്ഞു ചിതറിപോയിരിക്കുന്നു .
മെഡിക്കല്‍ കമ്പനിയുടെ ഏരിയാ മാനേജരായിരുന്നു അലമേലുവിന്‍റെ ഭര്‍ത്താവ് പെരുമാള്‍. അയാള്‍ക്ക് എന്നും ജോലി തിരക്കായിരുന്നു . വൈകിയെത്തുന്ന അയാള്‍ക്ക് അലമേലുവിന്‍റെ സ്വപ്നങ്ങളെ താലോലിക്കാന്‍ നേരമുണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ വിണ്ടുകീറുമ്പോള്‍ അവളുടെ സ്വരം പരിഭവത്തിലേയ്ക്കു പ്രവേശിക്കും . പിന്നെയതൊരു മിന്നല്‍ പിണരും മേഘഗര്‍ജ്ജനവും അവസാനം മേഘവിസ്ഫോടനവുമായി മലരും .

ജോലി ഈ വിരസതയ്ക്കൊരു മരുന്നാകുമെന്ന് വിചിരിച്ച് അതു സൂചിപ്പിച്ചപ്പോള്‍ പരുക്കന്‍ ഭാഷയിലാണ് അയാള്‍ പെരുമാറിയത്.
പൊരുത്തകേടുകള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തില്‍ കിടപ്പുമുറിയ്ക്കുള്ളില്‍ മൗനം മുഖാവരണമെടുത്തണിയാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു.
വീണു കിട്ടുന്ന അവസരങ്ങളില്‍പോലും പരസ്പരം തിരിച്ചറിയാന്‍ കഴിയാതെ പോയ രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള അകലത്തിനു വ്യാപ്തി വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.
പലപ്പോഴും കാരണങ്ങള്‍ പറഞ്ഞ് പെരുമാള്‍ വൈകാന്‍തുടങ്ങി .ബിസിനസ്സ് ടൂറെന്നു പറഞ്ഞ് പല ദിവസങ്ങളും പെരുമാള്‍ മടങ്ങിവരാതെ രണ്ടും മൂന്നും ദിവസം മാറി നിന്നു.
പതിനാലാം നമ്പര്‍ മുറിയില്‍ അലമേലുവിന്‍റെ ഹൃദയം തേങ്ങികൊണ്ടേയിരുന്നു. ഉടഞ്ഞു പോയ സ്വപ്നത്തിലെ ചില്ലുകളില്‍ തട്ടി അവളുടെ ഹൃദയത്തില്‍ ചോരപൊടിഞ്ഞു. ഒരു വിധത്തില്‍ അയാളുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ .

കഴിഞ്ഞ ദിവസമാണ് അലമേലുവിന് ഒരു ഫോണ്‍ കോള്‍ വന്നത്. എടുത്തപ്പോഴേയ്ക്കും അത് കട്ടായിപ്പോയി. വീണ്ടും അതേ നമ്പറില്‍ നിന്നുള്ള മൂന്നാമത്തെ വിളിയിലും ഫോണ്‍ എടുക്കാനാകാതെയായപ്പോള്‍ തിരിച്ചു വിളിച്ചു. മറുപടിയില്ല. ആരായിരിക്കും. ?
പെരുമാള്‍ ഒരിക്കലും വിളിക്കില്ല . നാലു ദിവസം മുന്‍പ് മുഖം കനപ്പിച്ച് പോയതാണ്. എപ്പോള്‍ എന്നു തീര്‍ച്ചപ്പെടാതെ കിടക്കുന്നു പെരുമാളിന്‍റെ വരവും പോക്കും .അലമേലുവിനു വേണ്ടതെല്ലാം കൊടുക്കുന്നുണ്ടെന്നാണ് അയാളുടെ വര്‍ത്തമാനങ്ങളില്‍. എന്നാല്‍ അലമേലുവിന് ആവശ്യമുള്ളതൊന്നും ലഭിച്ചിരുന്നില്ലെന്നുള്ളതാണ് വാസ്തവം .
പരിചയമില്ലാത്ത നമ്പറായിരുന്നിട്ടും അത് ഇന്‍ബോക്സില്‍ ഡിലീറ്റു ചെയ്യപ്പെടാതെ കിടന്നു.
ആകെയൊരു അസ്വസ്തത .
ഉടലാകെ പഴുക്കുന്നതുപോലെ. വെളുത്ത കണങ്കാലിലെ ചെമ്പന്‍രോമങ്ങളെ പിഴുതെറിയാനുള്ള ഒരാവേശം . ചെമ്പന്‍ രോമങ്ങളില്‍ തലോടി പതുക്കെ പിഴുതെറിയുമ്പോള്‍
ഉടലിലൂടെ വൈദ്യുതി പ്രവര്‍ത്തിക്കുന്നതു പോലൊരു സുഖം അവളറിഞ്ഞു

അറിയാത്ത നമ്പറില്‍ കൈവിരല്‍ തൊടുമ്പോള്‍ പരിഭ്രമവും കൈകളിലേയ്ക്ക് വിറയലും അനുഭവപ്പെടുന്നത് അറിഞ്ഞു.
മറുപുറത്തു റിംഗു ചെയ്തപ്പോള്‍ ഹൃദയം പെരുമ്പറ മുഴക്കി.
''ആരായിരിക്കുമാവോ ...
അപ്പുറത്ത് ഫോണിലൂടെ ഒരു സ്ത്രീ ശബ്ദമാണ് കേട്ടത് .
ഹലോ ...ആരാണ് ....
എന്തു പറയും ...ആരാകും ...
അവള്‍ പറഞ്ഞു ....ഇങ്ങോട്ട് വിളിച്ചിരുന്നു .ആരാണ് ..
ഞാനോ ..ഇല്ലല്ലോ ...
മിസ്ഡ്കോള്‍ കണ്ടു ...രണ്ടുമുന്നു തവണ അതുകൊണ്ട് ..വിളിച്ചതാ ...

ഫോണ്‍ വച്ചപ്പോള്‍ ആശ്വാസമല്ല ..എന്തോ നിരാശയാണ് തോന്നിയത് . എന്തോ ഒരു പ്രതീക്ഷ മനസ്സില്‍ തലപൊക്കുന്നുണ്ട് .തന്നെ അന്വേഷിച്ചു വിളിച്ച ആ അജ്ഞാതനാരാണെന്നുള്ള ഒരു ജിജ്ഞാസ അവളില്‍ നുരഞ്ഞുപതഞ്ഞുകൊണ്ടിരുന്നു. ഈ വിഷമത്തിനുള്ള മുഖ്യഹേതുവും അതല്ലാതെ മറ്റെന്താണ് ?
കുളിമുറിയില്‍ കയറി വാഷ്ബെയ്സിനു മുകളില്‍ ഘടിപ്പിച്ച കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു. കണ്ണുകള്‍ കുഴിയിലാണ്ടു പോയിരിക്കുന്നുവെന്നൂ തോന്നി. മൂക്കൂത്തിയുടെ തിളക്കവും കുറഞ്ഞിരിക്കുന്നു . ഏറെ കാലത്തിനു ശേഷമാണ് ഇന്നൊന്നു മുഖം നോക്കുന്നത് . വെളുത്ത കണങ്കാലിലെ ചെമ്പന്‍ രോമങ്ങള്‍ മുഖത്തും ...!
കൈവിരലുകൊണ്ട് അവള്‍ മുഖത്തു തടവി .
മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചതു കേട്ട് അവളൊന്നു ഞെട്ടി. ആ നമ്പര്‍ തന്നെ
വീണ്ടും .....
അവള്‍ക്ക് എന്തിനോ ചെറുതായി ദ്യേഷ്യം വന്നു.
അവള്‍ വിറയലോടെ ദ്യേഷ്യത്തോടെ അതെടുത്തു .
എന്തെങ്കിലും പറയാന്‍ ഭാവിക്കെ
''ഇങ്ങോട്ട് വിളിച്ചിരുന്നു .....'' എന്നുളള
ആണ്‍ശബ്ദം കേട്ടപ്പോള്‍ അലമേലുവിന്‍റെ ഹൃദയം വീണ്ടും പെരുമ്പറ മുഴക്കാന്‍ തുടങ്ങി .
''ആരാണ് ....
അവളുടെ ശബ്ദത്തിനു പതര്‍ച്ച യുണ്ടായി.
''അക്ക ....ഞാനാണ് ..ലക്ഷ്മണന്‍ ....
ഏത് .......അവള്‍ ചോദിച്ചു
''അക്ക ...കൗസല്യയുടെ...മകന്‍ ....മുപ്പത്തിമൂന്നാം നമ്പര്‍ മുറിയിലെ ....

''ങ്ങാ...നീയോ ....
പേടിച്ചുപോയി.....നീയാണോ വിളിച്ചത്....എന്തഡാ ...

''അക്ക കുറച്ചു മുന്‍പ് ..വിളിച്ചപ്പോ ...അമ്മയാ ...എടുത്തേ ...
''കൗസല്യയോ ......എന്തേ ...എന്നിട്ടൊന്നും പറഞ്ഞില്ലല്ലോ ...
''എന്‍റെ മൊബൈലില്‍ unknown എന്നാ save ചെയ്തിരുന്നത് ..ആരാന്ന് ...അമ്മയ്ക്കറീല്ല..നന്നായി .
''ഇയ്ക്ക് ..ഒന്നും മനസ്സിലായില്ല ....
.....
''പെരുമാളപ്പനെവിടെ ...
അവളൊന്നും മിണ്ടിയില്ല
അല്‍പ്പം കഴിഞ്ഞ് ചോദിച്ചു

''ഉം....എന്തേ ചോയിച്ചേ ....
''ഒന്നൂല്ല്യ ...വെറുതെ .....
''നീയെന്തിനാ വിളിച്ചേ ....
അത് .....ഒന്നൂല്ല്യ ....
ഉം ....

മറുതലക്കല്‍ ഫോണ്‍ വച്ചപ്പോള്‍ അവള്‍ വീണ്ടും വീണുടഞ്ഞു . ഛേ ഇവനായിരുന്നോ ?
അലമേലു അല്‍പ്പം കഴിഞ്ഞ് ആലോചിച്ചു . ലക്ഷ്മണന്‍ എന്തിനാണ് തന്നെ വിളിച്ചത് .കൗസല്യ അറിയാത്തത് നന്നായത്രെ .ചെക്കനെന്താണ് അങ്ങനെ പറഞ്ഞത് .എന്തായിരിക്കും അവന് തന്നോടു പറയാനുള്ളത് .

മുപ്പത്തിമൂന്നാം നമ്പര്‍ മുറിയിലെ താമസക്കാരാണ് ബാങ്ക് മാനേജര്‍ കൗസല്യയും മകന്‍ ലക്ഷ്മണനും .കൗസല്യയുടെ ഭര്‍ത്താവ് കാശിനാഥിന് ബോംബെയില്‍ ബിസിനസ്സാണ് .പൂത്തപണമുണ്ട് കൗസല്യയ്ക്ക് ജോലിയുടെ ആവശ്യമൊന്നുമില്ല .നാട്ടിന്‍ പുറത്ത് വലിയ മണിമാളികയുണ്ടായിട്ടും ജോലിയ്ക്ക് പോകാനെളുപ്പത്തില്‍ വാങ്ങിയിട്ടിയിരിക്കുകയാണ് .
ഇടയ്ക്കെപ്പോഴെങ്കിലും കൗസല്യ ലീവെടുത്തു ബോംബെയില്‍ പോകും . എഞ്ചിനിയിറിങ്ങിനു പഠിക്കുകയാണ് ലക്ഷ്മണന്‍ . പെരുമാളിന് ആകെ കൂടി ബോദ്ധ്യമുള്ളത് അവരോടാണ് .എങ്കിലും അധികമൊന്നും അവിടേയ്ക്കു പോകാറുമില്ല. കൗസല്യയെ തന്നെ വല്ലപ്പോഴുമേ കാണാറുള്ളൂ . കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിച്ച് .''വിശേഷമൊന്നുമില്ലല്ലോ ,''എന്നു മാത്രം ചോദിച്ച് കോണികയറി പോകും . അത്രതന്നെ .
ലക്ഷ്മണന്‍ വരുന്നതും പോകുന്നതും അറിയാം .മോട്ടോര്‍ ബൈക്കിന്‍റെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിച്ചിട്ടാണ് വരവും പോക്കും .ബാല്‍ക്കണിയിലെ കസേരയിലിരിക്കുമ്പോള്‍ കാണാം ചിലപ്പോഴൊക്കെ . താഴെ നിന്നുകൊണ്ട് അവനെന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നു .
എന്നാല്‍ ഈ ഫോണ്‍ വിളി ....അലമേലു അതും ആലോചിച്ച് കുറേനേരമിരുന്നു .

ബാല്‍ക്കണിയിലിരിക്കെ ലക്ഷ്മണന്‍ ബൈക്കോടിച്ചു വരുന്നതു കണ്ടു .അവന്‍ മുകളിലിരിക്കുന്ന അലമേലുവിനെ കണ്ടപ്പോള്‍ ചോദിച്ചു
അക്കാ ....എന്തുണ്ട് ...വിശേഷം ....
ഇന്നു ക്ളാസില്ലേ ...അലമേലു ചോദിച്ചു .
ഇല്ല ...അക്ക ...
അവന്‍ പുഞ്ചിരിയോടെ ബൈക്ക് സ്റ്റാന്‍റിലിട്ടു പിന്നെ തിരിഞ്ഞ് കോണികയറി മുറിയിലേയ്ക്കുപോയി.അലമേലു പിന്നെയും മടുത്ത കാഴ്ചകളിലേയ്ക്കു മടങ്ങി .അവളുടെ മനസ്സിനകത്തു ഒരായിരം ചിന്തകളുടെ സ്ഫോടനങ്ങള്‍ നടന്നുകൊണ്ടേയിരുന്നു
അല്‍പ്പം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ മണിമുഴങ്ങി .അവള്‍ വിറയലോടെ ചെന്നാണ് അതെടുത്തത് . ആശ്വാസത്തിനായി ഒരു വിളി കൊതിക്കുന്നു കാതുകള്‍ എന്നുള്ളതായിരൂന്നു സത്യം ..ആരെങ്കിലും തന്നെ വിളിക്കാനുണ്ടോ....?
അപ്പുറത്തുനിന്നും കോള്‍സെന്‍ററില്‍ നിന്നുള്ള വിളി അവളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്പിച്ചു .
വെളുത്ത കണങ്കാലിലെ രോമങ്ങളെ അവള്‍ വീണ്ടും പിഴുതെടുത്തു . അതിന്‍റെ വേദനയുടെ സുഖത്തില്‍ അവള്‍ കിടക്കയിലമര്‍ന്നു കിടന്നു .
പതിയെ അവളുടെ ചിന്തകളില്‍ ഒരു രുപം കയറിവന്നു .അവളുടെ വിരലുകള്‍ ആ നമ്പറില്‍ അമര്‍ന്നു.
''എന്താ ...അക്കാ ....''
ലക്ഷ്മണന്‍ ഫോണിലൂടെ ചോദിച്ചു
നീ അവിടെ ..തനിച്ചല്ലേ ...എന്തെടുക്ക്വാ ...
',അക്ക ...ഒരു ....ഇംഗ്ളീഷ് മൂവി .....
നീ ...നിനക്കൊന്നു ...ഇവിടെ വരെ വരാമോ ....
''എന്താ ..അക്ക ..എന്തുപറ്റി ....
''വരാന്‍ പറ്റ്വോ ...വന്നിട്ടു പറയാം ....''
അലമേലു മൊബൈല്‍ കട്ടുചെയ്തു. അലമേലു അസ്വസ്തതയോടെ മുറിയില്‍ ഉലാത്തി .ഹൃദയം പെരുമ്പറമുഴക്കികൊണ്ടിരിക്കുന്നു. കൈകാലുകള്‍ വിറയ്ക്കുന്നു. സിരകളില്‍ ചുടുരക്തം കുതിച്ചൊഴുകുന്നു .

കോണിംഗ് ബെല്ലടികേട്ട് വാതില്‍ തുറന്നു . എന്തേ ...അക്ക ..എന്തുപറ്റി ....അവന്‍ ചോദിച്ചു .മറുപടിയൊന്നും പറയാതെ അലമേലു ലക്ഷ്മണനെ നോക്കി . അവളുടെ നോട്ടം നേരിടാനാകാതെ ലക്ഷ്മണന്‍ മുഖം കുനിച്ചു .
അക്ക ....എന്തിനാ ..വരാന്‍ പറഞ്ഞേ ''
...അലമേലു മറു ചോദ്യം കൊണ്ട് അവനെ നേരിട്ടു .
''നീ ...എന്തിനേ .....അന്നു ..വിളിച്ചത് ....
ലക്ഷ്മണന്‍ പരുങ്ങി ...എന്തു പറയാനാണ് .അവന്‍റെ മുഖം വിവര്‍ണ്ണമായി ...
''അക്ക ...അത് ...വെറുതെ ....ഞാന്‍ ....പോകട്ടെ ....
''നില്‍ക്ക് .....പറഞ്ഞിട്ടു പോയാല്‍ മതി .....''
''അക്ക .അത് ..ഒന്നുംല്ല്യ വെര്‍തെ ....അറിയാതെ ....''
''കൗസല്യയോടു പറയട്ടെ .....''
''അക്ക ....പ്ളീസ് ...... ഇനി അങ്ങനെയുണ്ടാവില്ല ....സോറി ...''
''എങ്ങനെ ......''
''വിളിക്കില്ല .....''
അവള്‍ക്ക് ചിരിവന്നു
''നീ ആ സോഫയിലിരിക്ക് ....നിന്നോടു വേറൊന്ന് പറയാനുണ്ട് ...''
അവന്‍ മടിച്ചു മടിച്ച് സോഫയിലിരുന്നു .
അവള്‍ ലക്ഷ്മണന്‍റെ അരികില്‍ ചെന്നു നിന്നു ... അവന്‍ കുനിഞ്ഞ മുഖത്തോടെ അലമേലുവിനെ നേരിടാനാകാതെയിരുന്നു .
''ലച്ചു ......ഡാ ....''
അവള്‍ ലക്ഷ്മണന്‍റെ അരികില്‍ സോഫയിലിരുന്നു .
അവന്‍ അലമേലുവിനെ നോക്കി ..
''സ്വപ്നങ്ങള്‍ മരിച്ച് മണ്ണടിഞ്ഞതായിരുന്നു ...ഇപ്പോള്‍ വീണ്ടും തളിര്‍ക്കുന്നതായി തോന്നുന്നുണ്ട് ....'' അവള്‍ ആരൊടെന്നില്ലാതെ പതര്‍ച്ചയോടെ പറഞ്ഞു .
അലമേലുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ...
''അക്ക .....എന്തേ കരയണേ .......''
അവന്‍ വല്ലാതായി
''എനിക്ക് ...മടുത്തു ..ലച്ചു .....സ്വപ്നം പോലുമില്ലാത്ത ഈ ജീവിതം ...മടുത്ത കാഴ്ചകള്‍ ..എന്തിനാ ..ഇങ്ങനെ ..ഒരു ജീവിതം ...ഒരാളുമില്ല ഒരാശ്വാസത്തിന് .....''
ലക്ഷ്മണന് അലമേലുവിനോട് സഹതാപം തോന്നി .യൗവ്വനം വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഈ സ്ത്രീയെ അവളറിയാതെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും .അലമേലുവിന്‍റെ രൂപം സിരകളില്‍ ചുടുരക്തം കുതിച്ചൊഴുക്കിയിട്ടുമുണ്ട് . അങ്ങിനെയൊരു തോന്നലിലായിരുന്നു മൊബൈല്‍ നമ്പര്‍ തപ്പിയെടുത്ത് ഒന്നു വിളിച്ചത്..ഇപ്പോള്‍ അലമേലുവിന്‍റെ ഉള്ളിലെ വേദനകളറിഞ്ഞപ്പോള്‍ സഹതാപമാണ് തോന്നുന്നത് .
''അക്ക ....കരയല്ലേ ......''
അവന്‍ പറഞ്ഞു

''സ്വപ്നം കരിഞ്ഞത് ....ഇപ്പോള്‍ തളിര്‍ക്കുന്നതായി തോന്നുന്നുന്നു ....അത്......നീയാണെങ്കിലോ ....''
അലമേലുവിന്‍റെ വിറയാര്‍ന്ന സ്വരം അവന്‍റെ കാതുകളില്‍ തൊട്ടുരുമ്മി. വെളുത്ത കണങ്കാലിലെ ചെമ്പന്‍ രോമങ്ങള്‍ പിഴുതെറിയുന്ന ഒരു നനുത്ത വേദന അവള്‍ കൊതിച്ചു .അലമേലുവിന്‍റെ കൈകള്‍ ലക്ഷ്മണനെ പൊതിഞ്ഞു .

ചുളിവു വീണ കിടക്കവിരിയിലെ ചിത്രങ്ങളില്‍ കൈവിരലോടിച്ചു കൊണ്ട് അലമേലു ലക്ഷ്മണനോട് പറഞ്ഞു
''സ്വപ്നങ്ങള്‍ക്കിപ്പോള്‍ ...ചിറകുകള്‍ വിരിഞ്ഞിരിക്കുന്നു .....
''ഞാന്‍ ....പോകട്ടെ .....''
''ലച്ചു .....ഇനിയും വരില്ലേ ....''
അലമേലുവിന്‍റെ കൈത്തലം വിടര്‍ത്തി അവന്‍ ആലസ്യത്തിന്‍റെ മയക്കത്തില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ലാത്ത മനസ്സോടെ ഒരുത്തരം പറയാതെ പുറത്തു കടന്നു .
ഉടലില്‍ കോറിവരച്ച നഖചിത്രത്തിലെ പൂക്കളെ ഓമനിച്ചു കൊണ്ട് അലമേലു ബാല്‍ക്കണിയിലെ ചാരുകസേരയിലിരുന്നു .അപ്പോള്‍ പുറത്തെ കാഴ്ചകള്‍ക്കു തെളിമയുള്ളതായി അവള്‍ക്കു തോന്നാന്‍ തുടങ്ങിയിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ