അമ്മുവിന്റെ കൂടെ, തറവാടിന്റെ കിഴക്ക് ഭാഗത്ത് ഭൂതകാലത്തിന്റെ ഓർമ്മത്തരികൾ കാത്ത് സൂക്ഷിച്ച്, സമകാലീകരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ഇന്നും തലയുയർത്തി പുഷ്പിണിയായി

നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്ക് നടക്കമ്പോൾ, പഴയ ഒരു ഉൻമേഷവും ആവേശവും ആനന്ദവും ഇല്ലാത്തതു പോലെ തോന്നി.

ഓ ഇന്ന് ഞാൻ വെറും ആരതിയല്ലല്ലോ!, ആരതി വിശ്വനാഥ്, അമേരിക്കയിലെ മെഡ്‌ട്ട്രോണിക് സോഫ്റ്റ്‌വെയർ കമ്പിനിയിലെ എൻജിനീയറും ആതേ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ശ്രീനാഥ് വിശ്വനാഥന്റ ഭാര്യയും ഏക മകൾ അമ്മുവിന്റ അമ്മയുമാണ്.

കുമാരി ആരതിയിൽ നിന്ന് മിസ്സിസ് ആരതി വിശ്വനാഥിലേക്കുള്ള അകലം സൃഷ്ടിച്ച മാറ്റങ്ങളിലൊന്നായിരിക്കുമോ ഈ ആവേശമില്ലായ്മയും ഉന്മേഷക്കുറവും.

അന്ന് കാറ്റൊന്നടിച്ചാൽ, പച്ചില പടർപ്പിനിടയിൽ മണ്ണ് വരച്ച വഴിയിലൂടെ, കാറ്റിൽ താളം പിടിക്കുന്ന പച്ചിലകളോട് കിന്നാരം പറഞ്ഞും ഒളിച്ചു കളിക്കുന്ന ചാറ്റൽ മഴയെ ശകാരിച്ചും മാവിൻ ചുവട്ടിലേക്ക് ഓടുമ്പോൾ, പഴുത്ത മാങ്ങയുടെ രുചിയും അടുത്ത വീട്ടിലെ രാധയും അനിയൻ മോനൂട്ടനും മുമ്പേ മാങ്ങ കൈക്കലാക്കണം എന്ന ലക്ഷ്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നെഞ്ചോട് കൂട്ടിപിടിച്ച മാങ്ങകൾ കൂട്ടുകാരുടെ കൊഞ്ചലനൊടുവിൽ അവർക്ക് നൽകുമ്പോൾ ഉണ്ടാകുന്ന സന്തോഷം. പിന്നെ അവരത് പതുപതുപ്പാക്കി ഞെരടി അടിയിൽ സുഷിരമുണ്ടാക്കി വലിച്ചു കുടിച്ച് ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന പഴച്ചാറ് കാണുമ്പോൾ മനസ്സിൽ തേനൂറും. മാങ്ങയുടെ നീര് പാവാടയിൽ തുടച്ച്, മുഖം ബ്ലൗസിന്റെ കൈയിലൊപ്പി പഴുത്ത മാങ്ങയുടെ മണവും പേറി ഒരു കൂട്ടും ഈച്ചകളോടൊപ്പം വീട്ടിലെ ത്തുമ്പോൾ അമ്മയിൽ നിന്ന് കിട്ടുന്ന ശകാരത്തിനു മുണ്ടായിരുന്നു സ്നേഹത്തിൽ പൊതിഞ്ഞ ഒരു മാധുര്യം.

"മമ്മീ എവിടെയാ? നാട്ടിൽ വന്നതിനു ശേഷം തുടങ്ങിയതാ, ഈ ആലോചന".
'ഏയ്, ഒന്നുമില്ലെടാ മമ്മി പഴയ കാലത്തേക്ക് ഒന്ന് കഴുത്തിട്ട് നോക്കിയാതാ"
"ഓ, മമ്മിയുടെ ഒരു കാര്യം എപ്പോഴും നൊസ്റ്റാൾജിക്ക് ഫീലിങ്ങ്" അമ്മു തന്റെ ഗൃഹാതുരതയെ നിസ്സാരവത്കരിച്ചു.

ഒരു കൈ കൊണ്ട് ബുക്ക് നെഞ്ചിൽ ചേർത്ത്പിടിച്ച് മറ്റേ കൈ കൊണ്ട് പാവാട അല്പമുയർത്തി നീർച്ചാലിലെ പൊടിമീനിനെ വെള്ളം തെറിപ്പിച്ച് പിടിച്ചും, കാലിടിച്ച് വെള്ളത്തിൽ പടക്കം പൊട്ടിച്ചും വഴിയരികിലെ പുളിത്തോപ്പിൽ നിന്ന് കൂട്ടുകാരി തന്ന പാതി കടിച്ച പുളിയുടെ പുളിപ്പറിഞ്ഞും, ഉപ്പും മുളകും കൂട്ടി മാങ്ങ അരിഞ്ഞിട്ട് തിന്നും, തൊടിയിൽ മണ്ണപ്പം ചുട്ട് പ്ലാവിലയിൽ വിളമ്പിയതും നിനക്കറിയില്ലല്ലോ പെണ്ണേ. ടൈയും കോട്ടും സൂട്ടും അണിഞ്ഞ് ലാപ്ടോപ്പുമായി, മുററത്ത് വന്നു നിൽക്കുന്ന സ്കൂൾ ബസ്സിൽ കയറി പോകുന്ന നിനക്കൊക്കെ, എന്ത് നൊസ്റ്റാൾജിയ ? മനസ്സിൽ ചോദിച്ചു.

"വാ, വേഗം " എന്ന് പറഞ്ഞു അവളുടെ കൈപിടിച്ച് മാച്ചോട്ടിലേക്ക് നീങ്ങി.

"അതാ, ഒരു മാമ്പഴം"
അമ്മു ഓടിപ്പോയി അത് എടുത്തെങ്കിലും ഉടനെ തന്നെ ദൂരേക്ക് എറിഞ്ഞു കളഞ്ഞു.

"മമ്മീ അത് ഹൈജീനിക്കല്ല എന്തോ അതിൽ കടിച്ചിട്ടുണ്ട്."

അണ്ണാറക്കണ്ണനും കിളിയും കടിച്ചു ബാക്കി വെക്കുന്ന മാമ്പഴം കഴുകി രുചിയോടെ കഴിച്ചൊരു കാലം ഓർത്തു പോയി. സെറിലാക്കും നാനും കുപ്പിവെള്ളവും കുടിച്ചു വളർന്ന നിങ്ങൾക്ക് അത് ഹൈജീനിക്കല്ല . അറ്റുപോയ സഹജീവന ബന്ധത്തിന്റെ നേർക്കാഴ്ച.

"മമ്മീ, ദേ, നോക്ക്, മാവിന്റെ പീക്കിൽ ഒരു പഴുത്ത മാങ്ങ, അത് എങ്ങിനെ പറിക്കും?"

അല്പം പിറകോട്ട് മാറി നിന്ന്, അമ്മു ചൂണ്ടി കാണിച്ച മാവിന്റെ തുഞ്ചത്തുള്ള പഴുത്ത മാങ്ങയെ നോക്കി. നോട്ടം മാറ്റാനാവാതെ അങ്ങോട്ട് തന്നെ വീണ്ടും വീണ്ടും നോക്കി.

"ദേ, ഇതു മതിയോ നല്ലോണം മൂത്ത് പഴുത്ത മാങ്ങയാ! ഒടച്ചു കുടിച്ചാൽ തേനൂറും രസമായിക്കും, ആതീ, ഇതാ പിടിച്ചോ" വള്ളി ട്രൗസറുമിട്ട് രാമേട്ടൻ മാവിന്റെ തുഞ്ചത്ത് നിന്ന്
എന്റെ നേർക്ക് മാങ്ങ യെറിഞ്ഞു.
"അയ്യോ !" ഞാൻ പിന്നോട്ട് ഒരടി വെച്ചു.

"ന്താ മമ്മീ, കാലിന് എന്തെങ്കിലും കൊണ്ടോ ?
"ഇല്ല മോളെ"
ഞാൻ വീണ്ടും മാവിന്റെ തുഞ്ചത്ത് തന്നെ നോക്കി. അവിടെ ആരും ഇല്ല .

അതാ വീണ്ടും രാമേട്ടൻ അവിടുന്ന് ചിരിച്ചു കൊണ്ട് ഉച്ചത്തിൽ വിളിച്ച് പറയുന്നു. "ആതി, മ്മളെ സോഷ്യൽ മാഷ് പഠിപ്പിച്ചൊതൊക്കെ വെറും തെറ്റാ കേട്ടോ ! ഭൂമി ഉരുണ്ടിട്ടൊന്നുമല്ല നല്ലോണം പരന്നിട്ടാ. ഓറ് പഠിപ്പിച്ചതൊന്നും ഞാനിനി വിശ്വസിക്കൂല്ല, ഇവിടെന്ന് നോക്കിയാൽ മ്മടെ വയലിൽ കൊയ്ത്ത് നടക്കുന്നത് കാണാം. നോക്ക് ആതീ, കൃഷ്ണൻ നായരുടെ തോപ്പിൽ കുലച്ച എത്ര കദളി വാഴകളാണ്"

രാമേട്ടന്റെ കണ്ണിൽ എപ്പോഴും വാഴകളും തെങ്ങുകളും പാടങ്ങളുമാ.
"നീ കയറി വരുന്നോ ഇങ്ങാട്ട്, ആതി ,ഞാൻ പിടിക്കാം"
"ഇല്യ ട്ടോ, എനിക്ക് പേടിയാ"

"മമ്മി ആരോടാ സംസാരിക്കുന്നത്?"
അമ്മു ചോദിച്ചു

"ഒന്നുമില്ല, മോളെ, ആ മാങ്ങ നമ്മളെ കൊണ്ട് പറിക്കാൻ പറ്റൂല്ല. എന്ന് പറയുകയായിരുന്നു"

"ഓ, സാരമില്ല മമ്മീ, ഈ സ്ഥലത്താണോ നമ്മൾ വീട് വെക്കുന്നത്?"
"അതെ ,മോളെ"
തറവാട് ഭാഗം വെച്ചപ്പോൾ , മൂവാണ്ടൻ മാവും ചുറ്റമുള്ള ഒരേക്കർ സ്ഥലവും എന്റെ പേരിലാണ്.

അമേരിക്കൻ ജീവിത ശൈലിയിൽ അമ്മു വളരേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നാട്ടിൽ ഒരു വീട് പണിയാനുള്ള പ്രാരംഭ നടപടികൾക്കായി തിരിക്കിട്ട് ഇപ്പോ ഇങ്ങോട്ട് വന്നത്.

"മമ്മീ ഇതല്ലേ റോഡ് സൈഡ്, ഇവിടെ വീട് വെക്കുന്നതായിരിക്കും
നല്ലത്."

"ആ,മോളെ, ഈ ഭാഗത്ത് തന്നെ യാണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത്."

"അപ്പോ മമ്മിയുടെ പ്രിയപ്പെട്ട മൂവാണ്ടൻ മാവ് മുറിക്കേണ്ടി വരുമല്ലോ?"

പെട്ടന്നാണ്, രാമേട്ടൻ മാവിൽ നിന്ന് എന്റെ മുന്നിൽ വീണത്. "ആതീ നീ പേടിച്ചു പോയോ,! അത് കയറ് പൊട്ടിപ്പോയതാ" അതും പറഞ്ഞ്
രാമേട്ടൻ കൈകളിൽ പറ്റിയ മണ്ണ് തട്ടി ,മുണ്ട് മാടിയൊതുക്കി ഒരഭ്യാസിയെ പോലെ മാവിന്റെ മോളിലേക്ക് ഓടിക്കയറി.
കവചത്തിൽ കയർ വലിച്ചു കെട്ടി താഴെ ഇറങ്ങി.
"ആതീ, ഊഞ്ഞാൽ ശരിയായ്, നീ വന്നിരിക്ക് ഞാൻ ആട്ടി തരാം
മോനൂട്ടനും രാധയും പിന്നെ"

വളരെ ശ്രദ്ധയോടെ എന്നെ ഊഞ്ഞാലിലിരുത്തി രാമേട്ടൻ പതുക്കെ ആട്ടി തുടങ്ങി.
" ഇനിയും , മേലെ മേലെ" ഞാൻ വിളിച്ചു കൂവി.
"വേണ്ട, ആതി നീ പേടിക്കും"
" ഇല്ല രാമേട്ടാ" ഞാൻ കൂവി പറഞ്ഞു.
രാമേട്ടൻ ഊഞ്ഞാൽ ആട്ടിയുയർത്തി. "എന്റെ അമ്മോ" എന്ന വിളി ഉയർന്നതും
ഒരുമിച്ചായിരുന്നു .

"എന്താ അമ്മേ, മാവ് മുറിക്കാൻ അമ്മയ്ക്ക് ഇഷ്ടമല്ലേ?
ഇത് വളരെ ഓൾഡ് ആയില്ലേ ! നോക്കൂ അവിടെയൊക്കെ ഉണങ്ങി തുടങ്ങി"

ഈ കുട്ടിയോട് ഞാനെന്താ പറയുക,
മോളുടെ മമ്മിയുടെ ആത്മാവും ജീവനും ഓർമ്മത്തരികളുമെല്ലാം ഈ മാവിനൊപ്പമാണെന്നോ ?

രാമേട്ടൻ തറവാട്ടിലെ കാര്യസ്ഥൻ കൃഷ്ണേട്ടന്റെ മകനാണ്. എന്നെക്കാളും മൂന്ന് വയസ്സേ മൂപ്പുള്ളുവെങ്കിലും കാരണവർ സ്ഥാനമാണ് കുട്ടികളുടെ ഇടയിൽ രാമേട്ടന് . പാടവും നീർച്ചാലും ഇടവഴികളൊക്കെ താണ്ടി പോകുന്ന സ്കൂൾ യാത്രയിൽ ഞങ്ങളുടെ ബുക്കൊക്കെ പേറി രക്ഷാധികാരിയായി രാമേട്ടൻ എന്നും മുമ്പിൽ ഉണ്ടാവും....... രാമേട്ടന്റെ സാന്നിധ്യം ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു. പ്രത്യേകിച്ചും എനിക്ക് . കുളത്തിൽ നിന്ന് ആമ്പൽ പൂ പറിച്ച് മാല ഉണ്ടാക്കി തരുമ്പോഴും, പഴുത്ത ചാമ്പക്ക പൊട്ടിച്ച് തരുമ്പോഴും രാമേട്ടന് ഇച്ചിരി സ്നേഹ കൂടുതൽ എന്നോട് ഇല്ലേ എന്ന് സംശയിക്കാറുണ്ട് .
പക്ഷേ സ്കൂളിലെ പുസ്തക പഠനത്തിൽ രാമേട്ടന് താത്പര്യമില്ല. കൃഷിയാണ് രാമേട്ടനിഷ്ടം. അറിവിന്റെ പിറവി കർഷകന്റെ പാടത്ത് നിന്നാണെന്നാണ് രാമേട്ടന്റെ ഉറച്ച വിശ്വാസം. സ്കൂളിൽ രമേട്ടന് റവ വെക്കലും, ബെല്ലടിക്കലും ഓഫീസുകളിൽ നിന്ന് ബുക്ക് കൊണ്ട് വരലും ഹെഡ് മാസ്റ്റർ കുറുപ്പ് സാറിന് വെറ്റില അടക്ക എത്തിക്കലൊക്കെ ആയിരുന്നു പ്രധാന ജോലി. ഏഴാം തരത്തിൽ രാമേട്ടൻ രണ്ടാമതും തോറ്റതോടെ ഞങ്ങളുടെ രക്ഷാധികാരി പാഠശാലയിൽ നിന്ന് പാടത്തേ ക്കിറങ്ങി.

എല്ലാ ദിവസവും സ്കൂൾ വിട്ട് എത്തുമ്പോഴേക്കും കളിക്കാൻ തയ്യാറായി രാമേട്ടൻ നിൽക്കുന്നുണ്ടാവും. കൈയിൽ ഞങ്ങൾക്ക് കഴിക്കാൻ നെല്ലിക്കയോ, ഞാവൽ പഴമോ ചാമ്പക്കയോ കരുതിയിട്ടുണ്ടാവും.

രാമേട്ടനെ ഒരു ദിവസം കണ്ടില്ലെങ്കിൽ, പറഞ്ഞറിയിക്കാൻ പറ്റാത്ത , സുഖമുള്ള ഒരു നോവ് ഞാൻ അനുഭവിച്ചിരുന്നു ......

ആയിടയ്ക്ക്, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഓടിയും പാടിയും നടന്ന നിഷ്കളങ്ക ബാല്യകാലത്തിന് കടിഞ്ഞാണിട്ട് മയിൽപീലിതുണ്ടുകളുടെയും നിറമുള്ള വളപ്പൊട്ടുകളുടെയും കൗമാരലോകത്ത് കാൽ വെച്ചതിന്റെ സൂചകമായി ഞാൻ രജസ്വലയായത്..........

ആഘോഷങ്ങൾക്കും ഏഴ് ദിവസത്തെ ശുദ്ധികലശത്തിനുശേഷം, വൈകുന്നേരം കുളിച്ച് ചുവന്ന പട്ടുപാവാട യണിഞ്ഞ് കണ്ണിൽ നീലാഞ്ജനമെഴുതി കറുത്ത വട്ടപ്പൊട് തൊട്ട് നടുവിലകത്തെ വലിയ കണ്ണാടി നോക്കി നിൽക്കു മ്പോഴായിരുന്നു കണ്ണാടിയിൽ എന്റെ വലതു ഭാഗത്ത് ഒരു നിഴൽ രൂപപ്പെട്ടത് ....... അതേ രാമേട്ടനെ പോലെ തോന്നിക്കുന്ന രൂപം. ......മനസ്സിലെ മോഹം കണ്ണാടിയിൽ പതിഞ്ഞതാവുമോ. ......എന്തോ
തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് രാമേട്ടൻ കൈയിൽ പഴുത്ത മാമ്പഴവും വിടരാത്ത പിച്ചകമൊട്ടുകളുമായ് ഉമ്മറത്ത് നിൽക്കുന്നു.

" ആതി ഇന്ന് സുന്ദരിക്കുട്ടിയായിട്ടുണ്ടല്ലോ" എന്ന് പറഞ്ഞ് നടന്നു പോയി. തിരിഞ്ഞ് നോക്കും എന്ന് പ്രതീക്ഷിച്ച് അവിടെ തന്നെ നിന്നെങ്കിലും രാമേട്ടൻ നോക്കിയില്ല.

പക്ഷേ കണ്ണാടിയിൽ തന്റെ വലുത് ഭാഗം കണ്ട ഛായ മനസ്സിൽ പിച്ചകപ്പൂമണം പരത്തുന്നുണ്ട്.

ഋതുമതിയായതിനുശേഷം പഴയത് പോലെ ഓടി നടക്കാനോ കളിക്കാനോ ആവാതെ ആരോ വരച്ച ലക്‌ഷമ്ണ രേഖക്കുള്ളിൽ നിന്നുകൊണ്ട് രാമേട്ടനെ ഞാൻ ആരാധിക്കുകയായിരുന്നു.

പ്രീ ഡിഗ്രിക്കുശേഷം നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുവാൻ പോകുമ്പോൾ ആകെ വിഷമം രാമേട്ടനെ വിട്ടു നിൽക്കണമെന്നതിലിയാരുന്നു.
കാരണം, അപ്പോഴേക്കും കണ്ണാടിയിൽ അന്നു കണ്ട രാമേട്ടന്റെ ഛായ പതുക്കെ ഹൃദയത്തിന്റെ കോവിലിൽ പ്രതിഷ്ഠ നേടിയിരുന്നു

കോളേജിൽ നിന്ന് ആഴ്ചകളിൽ വീട്ടിലേക്കുള്ള ഫോൺവിളി കാലക്രമേണ മോനൂട്ടനിൽ നിന്ന് കേൾക്കുന്ന രാമേട്ടന്റെ വീരകഥകൾക്ക് മാത്രമായി. രാമേട്ടൻ ഇന്ന് ഇലഞ്ഞി മരത്തിന്റെ മോളിലുള്ള തേനീച്ച കൂട് സാഹസികമായി നശിപ്പിച്ചു ,നാട്ടിൽ കൃഷി നശിപ്പിക്കാൻ ഇറങ്ങിയ ആനയെ തോട്ട പൊട്ടിച്ച് ഓടിച്ചു,വാഴത്തോപ്പിൽ വാഴക്കുല കക്കാൻ വന്ന സാമൂഹ്യ ദ്രോഹികളെ പിടിച്ചു. രാമേട്ടൻ മനസ്സിൽ വീരപുരുഷനായി രൂപാന്തരം പ്രാപിക്കുകയാരുന്നു.

എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് കൃഷിക്കാരനോടുള്ള പ്രണയം ഹോസ്റ്റലിലെ അന്തി ചർച്ചകളിൽ വിഷയമായി. മതിമോഹം,ആരാധന തുടങ്ങിയ നെഗറ്റീവും പോസറ്റീവും ആയ പ്രണയത്തിന്റെ വശങ്ങൾ ചർച്ച ചെയ്തങ്കിലും എന്റെ മനസ്സിൽ രാമേട്ടൻ മാത്രമായിരുന്നു.

ഒടുവിൽ എന്റെ റൂമേറ്റായ ജാനറ്റ് ചോദിച്ചു. "അല്ല ആതീ നിന്റെ രാമേട്ടന് ഈ കാര്യം വല്ലതും അറിയാമോ?" നീ ഇത് അദ്ദേഹത്തോട് പറഞ്ഞിരുന്നോ" രണ്ട് ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ . "ഇല്ല ". ആശ്ചര്യ
ത്തിൽ തന്നെ തുറിച്ചു നോക്കുന്ന കൂട്ടുകാരികളോട് ഞാനന്റെ മനസ്സിൽ വേരുറച്ചു പോയ സത്യം പറഞ്ഞു " രാമേട്ടന് എന്റെ ഒരാഗ്രഹത്തിനും എതിരു നിൽക്കാനാവില്ല. എന്നെ നോവിക്കാൻ രാമേട്ടന് കഴിയില്ല. രാമേട്ടൻ എന്നെ സ്നേഹിക്കും" ഹൃദയത്തിൽ നിന്ന് ഒഴുകിയെത്തിയ വാക്കുകൾ കേട്ടിട്ടാവും കൂട്ടുകാരികൾ പിന്നെ ഒന്നും ചോദിച്ചില്ല.

അവസാന വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവാച്യമായ ഒരു സുഖമുണ്ടായിരുന്നു. രാമേട്ടന് തന്റെ മനസ്സിന്റെ വാതായനങ്ങൾ തുറന്ന് ഹൃദയത്തിന്റെ ചെപ്പിൽ സൂക്ഷിച്ച രക്തത്തിൽ എഴുതിയ പ്രണയ ചാരുകുറി കൈമാറുന്നതും
വീട്ടുകാരുടെ എതിർപ്പിനെ രാമേട്ടനും ഞാനും ഒരുമിച്ച് തരണം ചെയ്യന്നതുമായ ശുഭാന്ത്യ കഥയും കനവ് കണ്ടിട്ടായിട്ടായിരുന്നു നാട്ടിൽ ബസ്സിറങ്ങിയത്........

ബാഗും പെട്ടികളുമായി പ്രണയ തരളിതമായ മിഴിയിണകൾ കവലയിലെ കടകളിലും ഓട്ടോ സ്റ്റാൻഡും ഒരു നിമിഷം കൊണ്ട് അളന്നു. നിരാശയിൽ മനം കനം വച്ചപ്പോഴേക്കും പിന്നിൽ നിന്ന് ആതീ എന്ന നീട്ടി വിളി കേട്ടത്
"കുട്ട്യേ, രാമനില്ല ഓൻ മ്മളെ തെക്കേലെ രാഘവന്റെ കൂടെ മദിരാശിക്ക് പോയതാ" രാമേട്ടന്റെ അച്ഛൻ കൃഷ്ണൻ നായർ

പ്രതീക്ഷിച്ചത് നടക്കാതെ വന്നപ്പോൾ ഉണ്ടായ നിരാശ ദേഷ്യമായി വീട്ടുകാരിൽ പടർന്നു കയറി. " ഈ കുട്ടിക്ക് ന്താ പറ്റ്യേത്? കോളേജ് കഴിഞ്ഞതിന്റെ വിഷമം ആണോ'"മുത്തശ്ശി ചോദിക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അമ്മ വന്നു പറഞ്ഞു "ആതി, നാളെ ഒരു കൂട്ടർ ഇങ്ങോട്ട് വരുന്നുണ്ട്. ചെക്കൻ അമേരിക്കയിൽ എൻജിനീയറാണ് നല്ല തറവാട്ടുകാരും ഇളയച്ഛന് അറിയുന്ന കൂട്ടരും ആണ് ."

ഇത്തരം സന്ദർഭത്തിൽ, പഠിച്ച എല്ലാ പെൺകുട്ടികളും ഉരുവിടുന്ന ഒരിക്കലും ഫലപ്രാപ്തി ലഭിക്കാത്ത മന്ത്രം ഞാനും ഉരവിട്ടു, അച്ഛന്റെ തുറിച്ച് നോട്ടത്തിനു മുമ്പിൽ നിശബ്ദയാകുന്നതുവരെ.
" എനിക്കിപ്പോ കല്യാണം വേണ്ട ജോലിയൊക്കെ കിട്ടിയിട്ട് മതി"

പിറ്റേ ദിവസം , 'ശരീരം കാണൽ' ചടങ്ങ് നടന്നു.
ഒരു ചോക്ലേറ്റ് പയ്യൻ , ശ്രീനാഥ് വിശ്വനാഥ് . ഇത്തരം ഇന്റർവ്യൂയിൽ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.

കല്യാണം കഴിക്കേണ്ട പെണ്ണിനോട് , ചെറുക്കനെ ഇഷ്ടമായോ എന്ന അപ്രസക്തമായ ചോദ്യങ്ങളൊന്നും തറവാട്ടിൽ നിന്ന് ആരും ചോദിച്ചു എന്നെ കളിയാക്കിയില്ല. .....

തറവാട്ടിൽ നടക്കുന്ന കാര്യങ്ങളിലൊന്നും ഞാൻ വല്യ പ്രാധാന്യം കൊടുത്തുമില്ല. രാമേട്ടൻ ഒന്നിങ്ങ് വന്നെങ്കിൽ അതു മാത്രമായിരുന്നു ചിന്ത.

രണ്ടാഴ്ച കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ ഏത് പരലോകത്ത് ചെന്നാലും തിരിച്ചറിയുന്ന വിളി.
" ആതി...." ഓടി താഴെയെത്തി. മുന്നിൽ തന്റെ രാമേട്ടൻ . ഇമയനക്കാതെ നല്ലോണം നോക്കി. പൗരുഷത്തിന് ഞാൻ നൽകിയ നിർവ്വചനം.

'നിന്നെ കൂട്ടാൻ വരണം എന്ന് കരുതിയിരുന്നതാ അപ്പോഴേക്കാ
ഒരു സൂക്കേട് കാണിക്കാൻ രാഘവന്റെ കൂടെ പോകേണ്ടി വന്നത്" പറഞ്ഞു കൊണ്ട്
കൈയിൽ പിടിച്ചിരുക്കുന്ന ഉണ്ണിമാങ്ങ തനിക്ക് തന്നു

"മ്മടെ മൂവാണ്ടൻ മാവ് നല്ലോണം പൂത്തിട്ടുണ്ട് ഈ കൊല്ലം"
"രാമേട്ടാ വൈകീട്ട് പൂത്ത മാമ്പൂവ് കാണാൻ എന്റെ കൂടെ വര്വോ?"
"വരാം നിന്റോരു കാര്യം വലിയ എൻജിനീയർ ആയിട്ടും മാവിനോടും കവുങ്ങിനോടുമുള്ള നിന്റെ ഭ്രാന്ത് മാറിയില്ലേ." രാമേട്ടൻ ചിരിച്ചു കൊണ്ട് തൊടിയിലേക്കിറങ്ങി പോയി.

വൈകീട്ട് മൂവാണ്ടൻ മാവിന്റെ ചോട്ടിൽ എത്തുമ്പോൾ , കൈനിറയെ ഉണ്ണിമാങ്ങയുമായി മാവും ചാരി പുഞ്ചിരി തൂകി രാമേട്ടൻ നില്ക്കുന്നുണ്ടായിരുന്നു.

പോക്കുവെയിലിന്റെ കാഞ്ചന കതിരിൽ പൊൻ വിളക്ക് തെളിഞ്ഞ മാവിൻ ചോട്ടിൽ ഹൃദ്യമായ മാമ്പൂവിൻ പരിമണത്തിൽ, എന്നോ രാമേട്ടൻ എയ്ത മാമ്പൂവിൻ ശരം നെഞ്ചിൽ തറച്ച്, ഉന്മാദിയെപ്പോലെ ഓടിചെന്ന് എന്റെ നെഞ്ചിൻ തുടിപ്പ് മണ്ണിന്റ ഗന്ധമുള്ള രാമേട്ടന്റെ നെഞ്ചിലറിയിച്ചു.

"ആതി, നീ എന്ത് ഭ്രാന്താകാണിക്കുന്നെ?" വെപ്രാളത്തോടെ തന്നെ പിടിച്ചു മാറ്റുമ്പോൾ ഒന്നുകൂടെ മുന്നോട്ടാഞ്ഞ് രാമേട്ടന്റെ കവിളിൽ ഒരുമ്മ കൊടുക്കുകയും ചെയ്തു.

എന്നെ ശക്തിയായി തള്ളി മാറ്റി. "ഇതൊക്കെ തെറ്റാണ് കുട്ട്യേ, പാടില്ലായിരുന്നു" പിറുപിറുത്ത് കൊണ്ട് രാമേട്ടൻ നടന്നു നീങ്ങുമ്പോൾ "രാമേട്ടാ ഞാനൊന്ന് പറഞ്ഞോട്ടെ "എന്ന് കരഞ്ഞ് പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ കൈയുയർത്തി തടഞ്ഞുകൊണ്ട് നടന്നു നീങ്ങി.

പെട്ടന്നാണ് രാമേട്ടൻ പോയ വഴി നോക്കി വിതുമ്പി നിൽക്കുന്ന എന്റെ കൈയ്യിൽ മുത്തശ്ശിയുടെ പിടിവീണത്.

"പെൺകുട്ടികൾക്ക് ഈ പ്രായത്തിൽ ചില അബദ്ധങ്ങളാക്ക പറ്റും അത് സാരോല്ല്യ, പക്ഷേ ഓൻ ഇവിടുത്തെ ഉപ്പും ചോറും തിന്നോനാ ഒരിക്കലും നന്ദി കേട് കാണിക്കില്ല". മുത്തശ്ശി പറഞ്ഞോണ്ടിരുന്നു.

"അല്ല മുത്തശ്ശി , ഇത് അനശ്വര പ്രണയമാണ്. കാലങ്ങളെടുത്ത് മനസ്സിന്റെ ഉലയിൽ ഊതി കാച്ചിയെടുത്ത ഹൃദയത്തിന്റെ പ്രണയകാവ്യമാണിത്. രാമേട്ടന് എന്നെ ഇഷ്ടമാണ്. ആ കണ്ണുകളിൽ അത് എഴുതിവെച്ചിട്ടുണ്ട് . നിങ്ങളോടുള്ള വിധേയത്വവും സമൂഹവുമാണ് രാമേട്ടനെ നിശബ്ദനാക്കുന്നത്. രാമേട്ടന്റെ ഹൃദയത്തിന്റെ തുടിപ്പ് ഞാനറിഞ്ഞതാണ്. അതിന് കളവ് പറയാൻ പറ്റില്ല" ഉന്മാദിനിയെ പോലെ മനസ്സിൽ പിറുപിറുത്ത് മുത്തശ്ശിയുടെ കൈപിടുത്തം മാത്രമറിഞ്ഞ് ഞാൻ നടന്നു

പിന്നെ, എല്ലാം ധൃതിയിൽ ആയിരുന്നു. എന്റെ മനസ്സ് പങ്കെടുക്കാത്ത എന്റെ കല്യാണം. താലി കഴുത്തിൽ വീഴുമ്പോഴും, പാചക പ്പുരയിൽ ഓടി നടക്കുന്ന രാമേട്ടനോടൊപ്പം ആയിരുന്നു ഞാൻ.

അമേരിക്കയിലേക്ക് യാത്രയാക്കാൻ വന്നപ്പോൾ മോനൂട്ടൻ പറഞ്ഞിരുന്നു രാമേട്ടന്റെ കല്യാണം മുറപ്പെണ്ണും ഞങ്ങളുടെ കളിക്കൂട്ടുകാരിയുമായ രാധയുമായി നിശ്ചയിച്ചെന്ന്.

ഓർമ്മകൾ മിഴികളിലൂടെ കൊച്ചരുവികളായി ഒഴുകിയപ്പോൾ,
"മമ്മിയെന്തിനാ, മാവിനെ പിടിച്ച് കരയുന്നത് , മമ്മിക്ക് അത്ര ഇഷ്ടമാണെങ്കിൽ നമുക്കീ മാവിനെ മുറിക്കാതെ വീട് വെക്കാം" അമ്മു മാമ്പഴം കടിച്ചു കൊണ്ട് പറഞ്ഞു.

"ഓ, അതൊന്നും വേണ്ട, മമ്മിയുടെ മനസ്സോരം ചേർന്നു വളർന്നതാണ് , ഈ മാവ്" എന്നു അമ്മുവിനോട് പറഞ്ഞു കൊണ്ട്
കാലം കനപ്പിച്ച മൂവാണ്ടൻ മാവിന്റെ കാതൽവളയങ്ങളിൽ രേഖപ്പെടുത്തിയ ഞാനെന്റെ ഹൃദയസ്പന്ദനങ്ങളും പ്രണയ ശീലുകളും അന്വേഷിക്കുകയായിരുന്നു.

"ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല നമുക്ക് ഇത് മുറിക്കാനുള്ള ഏർപ്പാട് ചെയ്യാം.' വാ നമുക്കൊരുസ്ഥലം വരെ പോയി വരാം " എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നു
"എവിടെയാ, മമ്മീ?" അമ്മുവിന്റെ ചോദ്യത്തിന് മറപടിയൊന്നും കൊടുത്തില്ല

പഴയ ഇടവഴികൾ നിവർന്ന് റോഡുകളാക്കിയെങ്കിലും ഹൃദയത്തിലാണ്ടുപോയ ലക്‌ഷ്യ സ്ഥാനം കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഒരു കൊച്ചു വീടിന്റെ മുമ്പിൽ എത്തി. വീടിന്റെ മുൻവാതിൽ ചാരിയിട്ടിരിക്കുന്നു. വീടിന്റെ ചുറ്റം നടന്നു വിളിച്ചു. "രാധേ . രാധേ.. , ഇവിടെ ആരും ഇല്ലേ..?" അമ്മു ഒന്നും ചോദിക്കാതെ എന്നെ പിന്തുടുർന്നു.

വീട് ചുറ്റി വന്നപ്പോഴാണ് മുൻ വശത്തെ വഴിയിൽ, ചുവന്ന കൈലിയും കറുത്ത ബ്ലൗസ്സും ധരിച്ച്, കൈയിൽ ഒരു വാഴക്കുലയുമായി എന്നെ തന്നെ നോക്കി നിൽക്കുന്ന രാധയെ കാണുന്നത്.

"അയ്യോ ..! ഇതാരാ, ആരതിയോ? നീ എപ്പോ വന്നു? നീ നാട്ടിൽ വന്ന കാര്യം ആരും പറഞ്ഞു കേട്ടില്ല"
രാധ കുശലാന്വേഷണവുമായി അടുത്തു വരുമ്പോഴും
എന്റെ മനസ്സിൽ മുണ്ടും ബ്ലൗസുമായി നിൽക്കുന്ന അവളുടെ രൂപമായിരുന്നു.

എത്രയോ കാലം മനസ്സിൽ അണിഞ്ഞുനടന്ന വസ്ത്രം .
രാമേട്ടനോട് എനിക്കുള്ള ഇഷ്ടം അറിയുന്ന രാധ തന്റെ നിസ്സംഗതയിൽ എന്തോ മനസ്സിലാക്കിയെടുത്തു പോലെ പറഞ്ഞു
"വാ, ചായ കുടിക്കാം," എന്നു പറഞ്ഞു രാധ വേഗം ഉമ്മറത്തേക്ക് കയറി.
"അയ്യോ വേണ്ട , ഞങ്ങൾ ഇപ്പോ കഴിച്ചിട്ടേയുള്ളൂ" ഞാൻ പറഞ്ഞു.
"അത് പറഞ്ഞാലൊന്നും ശരിയാവില്ല. അമ്മുമോൾ ആദ്യമായല്ലെ വീട്ടിൽ വരുന്നത് .
ഇതെന്താ മുറ്റത്ത് തന്നെ നിൽക്കുന്നത് കയറി വാ" രാധ വീണ്ടും വിളിച്ചു.

തന്റെ കാലടികൾ നിറയേണ്ട മുറ്റത്ത് പുതിയ കാലടികൾക്കുള്ളിൽ മായാതെ ഉറച്ചു പോയ കാല്പാടുകൾ ഇപ്പോഴും എനിക്ക് കാണാം.
വീടിന്റെ നടുവകത്തെ ചുവരിൽ രാമേട്ടന്റെ വലിയ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരുന്നു.

നിർന്നിമേഷയായി അത് നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് രാധ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്.
" ആതി.. അത് രാമേട്ടന് കർഷകശ്രീ അവാർഡ് കിട്ടിയപ്പോൾ എടുത്തതാ"

ഫോട്ടോയിൽ രാമേട്ടന്റെ അടുത്ത് നിൽക്കുന്ന രാധയെ ശരിക്കും ഞാൻ കണ്ടിരുന്നില്ല.
ചായ കുടിക്കുമ്പോഴും തന്റെ കണ്ണുകൾ ചുമരിൽ തൂക്കിയിരിക്കുന്ന രാമേട്ടന്റെ ഫോട്ടയിൽ ആയിരുന്നു.
രാധയുടെ കണ്ണുകൾ തന്റെ മുഖത്തും.
ഇത് ഒന്നും മനസ്സിലാവാതെ പ്ലേറ്റിൽ കൊണ്ടു വെച്ച കുഴലപ്പത്തിന്റെ ആകൃതിയും രുചിയും ആസ്വദിക്കുകയിരുന്നു അമ്മു.

ചായ കുടിച്ച് എഴുന്നേൽക്കുമ്പോഴാണ്
"രാധേ....." എന്ന് പുറത്ത് നിന്നുള്ള വിളി .
ഓടി പുറത്ത് വന്നു നോക്കുമ്പോൾ രാമേട്ടൻ തലയിൽ തോർത്ത് കെട്ടുമായി ചുമലിൽ കലപ്പയേന്തി മണ്ണ് പുരണ്ട ദേഹവുമായി മുററത്ത് നിൽക്കുന്നു.

വർഷങ്ങൾക്ക് ശേഷമാണ് രാമേട്ടനെ ഇത്രയും അടുത്ത് കാണുന്നത്.
യാതൊരു ഭാവവ്യത്യാസവും വരുത്താതെ "ആതി.... എപ്പോഴാ വന്നത്"? മോളങ്ങ് വലുതായി പോയല്ലോ? ശ്രീനാഥ് വന്നില്ലേ?"
രാമേട്ടന്റെ ചോദ്യങ്ങൾക്ക് മറപടി പറയുമ്പോഴും ഹൃദയത്തിന്റെ അറകളിൽ എന്നോ കുടിയേറിയ നിറചിത്രങ്ങളുടെ വർണ്ണഭേദങ്ങൾ അളക്കുകയാരുന്നു ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ.
രാമേട്ടൻ പഴയത് പോലെ തന്നെയുണ്ട് മുമ്പേ മനസ്സുകൊണ്ട് കാരണവരായ രാമേട്ടൻ ശരീരം കൊണ്ടും കാരണവർ ആകാനുള്ള ഒരുക്കത്തിലാണ്. തലയിലും മീശയിലും വെള്ളിത്തോരണങ്ങൾ കെട്ടി അലങ്കരിച്ചിട്ടുണ്ട്.

"ആതി ....ന്താ ഇപ്പോ ഒരു അപ്രതീക്ഷമായ വരവ്"
രാമേട്ടൻ ചോദിച്ചു.

"ഒന്നുമില്ല രാമേട്ടാ, ഞങ്ങൾ ഇവിടെ ഒരു വീട് വെയ്ക്കാ. നമ്മളെ മൂവാണ്ടൻ മാവ് നിൽക്കുന്ന സ്ഥലത്ത്" ഞാൻ പറയുമ്പോൾ
രാധയുടെ കണ്ണുകൾ തന്റെ മേൽ അർത്ഥഗർഭമായി പതിഞ്ഞതായി എനിക്ക് തോന്നി. ഞാൻ പതുക്കെ പറഞ്ഞു
"ആ മാവ് മുറിക്കണം. അവിടെയാണ്, കിണറിന്റെ സ്ഥാനം കുറ്റിക്കാരൻ അടയാളപ്പെടുത്തിയിരിക്കുന്നത്"
രാധയ്ക്ക് സമാധാനം ആയിട്ടുണ്ടാവുമോ. ഓർമ്മകളെ കൊന്നു മുറിക്കുമ്പോൾ.

"ഓ ..അതിനെന്താ? നമുക്ക് ആൾക്കാരെ ഏർപ്പെടുത്താമല്ലോ പെട്ടെന്ന് തന്നെ പണി തുടങ്ങുന്നോ ?" രാമേട്ടൻ ചോദിച്ചു.
"ആ രാമേട്ടാ മഴ വരുന്നതിനു മുമ്പ് കിണറു കുഴിച്ചാൽ തറയുടെ പണി വേഗം തുടങ്ങാമെന്നു കരുതുന്നു
രാമേട്ടനെ അച്ഛൻ വന്നു കാണുന്നുണ്ട് "

"ഓ അതൊന്നും വേണ്ട. ഞാൻ വേണ്ടത് ചെയ്തോളാം"
രാമേട്ടന്റെ കരുതലിനും സ്നേഹത്തിനും ഇപ്പോഴും ഒരു കുറവുമില്ല. പക്ഷേ മനസ്സിൽ നന്മയുടെ മൂടുപടമണിഞ്ഞ സ്നേഹത്തിന്റെ വകഭേദങ്ങൾ

യാത്ര പറഞ്ഞിറങ്ങുമ്പോൾ ചില ചിത്രങ്ങൾ വീണ്ടും മനസ്സിനകത്ത് തെളിഞ്ഞതു പോലെ തോന്നി.

അച്ഛനോട് കാര്യങ്ങൾ പറഞ്ഞ് ഉറങ്ങാൻ കിടന്നു. രാവിലെ മോളെയും കൊണ്ട് ശ്രീനാഥിന്റെ വീട്ടിൽ ഒന്നു പോകണം അവിടുന്ന് അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് .
കിടന്നിട്ട് ഉറക്കം വന്നില്ല.
കൈലിയും ബ്ലൗസുമുടുത്ത് കണ്ണാടിക്ക് മുമ്പിൽ നിൽക്കുമ്പോൾ വലതു ഭാഗത്ത് രാമേട്ടൻ ഉണ്ടായിരുന്നില്ല എങ്കിലും വർഷങ്ങൾക്കിപ്പുറം ശാന്തമായ ഉറങ്ങി....
**†***
ആഴ്ചകൾ കടന്ന് പോയത് അറിഞ്ഞില്ല. ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് നാട്ടിൽ നിന്ന് അച്ഛന്റെ ഫോൺ വന്നത്.
"മോളെ മാവ് മുറിച്ചു. കിണറിലിന്ന് വെള്ളം കണ്ടു നല്ല തെളിനീർ പോലുള്ള വെള്ളം.
പിന്നെ നീ വിഷമിക്കുകയൊന്നും വേണ്ട. എല്ലാം ദൈവം നിശ്ചയിച്ചതുപോലെ യേ നടക്കൂ ...."
"ന്താ അചഛാ " അച്ഛന്റെ സംസാരത്തിൽ എന്തോ ഒരു ദുഃസൂചന അറിഞ്ഞ് ഞാൻ സംഭ്രമത്തോടെ ചോദിച്ചു.
"നമ്മുടെ രാമൻ പോയി" അച്ഛൻ പറഞ്ഞത് തന്റെ ചെവി വിശ്വസിക്കാത്ത പോലെ വീണ്ടും ചോദിച്ചു
"അച്ഛൻ എന്താ പറഞ്ഞത്"
"കിണറും കുഴിച്ച് അതിലുറഞ്ഞ തെളിനീര് കോരി കുടിച്ച് സന്തോഷത്തോടെയാ രാമൻ മുറിച്ചിട്ട മാവിന്റെ തടിയിൽ പോയിരുന്നത്. പണിക്കാരോട് സംസാരിച്ച് കൊണ്ടിരിക്കേ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആള് പോയിരുന്നു.
നല്ല മരണം. ആരെയും കഷ്ടപ്പെടുത്താതെ. നീ വിഷമിക്കേണ്ട. ഞാനങ്ങോട്ട് ചെല്ലട്ടെ വൈകീട്ടാ സംസ്കാരം"

എന്റെ മിഴികൾ നിറഞ്ഞില്ല ഹൃദയം കരഞ്ഞു തീർന്നതു കൊണ്ടായിരിക്കാം.

ആരോഗ്യ ദൃഢഗാത്രനായ രാമേട്ടൻ ഹൃദയത്തിൽ പൂഴ്ത്തി വെച്ച പ്രണയത്തിന്റെ ഭാരം താങ്ങാനാവാതെ എല്ലാറ്റിനും സാക്ഷിയായ മൂവാണ്ടൻ മാവിന്റെ വേരുകളി നിന്നൂറിയിറങ്ങിയ പ്രണയത്തിന്റെ തീർത്ഥജലം നുകർന്ന് ......

പതുക്കെ എഴുന്നേറ്റ്
കൈലിയും മുണ്ട് ധരിച്ച് കൺമഷിയും പൊട്ടും തുടച്ച് കളഞ്ഞ് കണ്ണാടിയുടെ മുമ്പിൽ നിൽക്കു മ്പോൾ വലത് ഭാഗത്ത് രാമേട്ടൻ ഇല്ലായിരുന്നു.

മൂവാണ്ടൻ മാവിന്റെ മുറിച്ചിട്ട കൊമ്പുകൾ അടുക്കി വെച്ചിരിക്കുന്നു ആ ഭാഗത്ത്.
തിരിഞ്ഞു നടക്കുമ്പോൾ മാവിന്റെ കൊമ്പുകൾ ആളി കത്തുകയായിരുന്നു.

പ്രണയത്തിന്റെ സാക്ഷിയായ മൂവാണ്ടൻ മാവ് വിശുദ്ധനായ് ഉയർത്തപ്പെട്ടിരിക്കുന്നു.

മനസ്സിൽ വിധവയായ് ശരീരം കൊണ്ട് ആവോളം ജീവിക്കും ആരതീ വിശ്വനാഥനായ് . അമ്മുവിന്റെ മമ്മിയായ് .
മനസ്സിൽ മുറുകുന്ന പ്രണയത്തിന്റെ ഓർമ്മകൾ കോർത്ത ചങ്ങലകളിൽ പിടഞ്ഞ് , മനസ്സിൽ മായ്ക്കാനാവാതെ ഉറച്ചുപോയ പ്രണയത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷിയായ്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ