പാറുക്കുട്ടിയമ്മ ഇന്നലെ മരിച്ചതാണ്. മക്കളിൽ ഒരാളൊഴികെ എല്ലാവരും അടുത്തുണ്ട്. ശവദാഹത്തിനുള്ള ഒരുക്കൾ എല്ലാം നടക്കുകയാണ്. പെട്ടെന്നതാ! ഇടവഴി കയറി ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അവൻ അത്യാവശ്യം നല്ലതുപോലെ മദ്യപിച്ചിട്ടുണ്ട്.

വന്നപാടെ അവൻ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുകയാണ്. ''എൻ്റെ അമ്മച്ചീ... ഞങ്ങളെ വിട്ടുപോയോ?" കണ്ടു നിന്ന ആർക്കും ഒന്നും മനസ്സിലായില്ല 'ഈ കരയുന്നവൻ ആരാണ്?' എല്ലാവരും പരസ്പ്പരം നോക്കി.

ചിലർ പറഞ്ഞു "പാറുക്കുട്ടിയമ്മയുടെ, മകൾ, പണ്ടു നാടുവിട്ടു പോയ ശാരദയുടെ മകനായിരിക്കും. "ശാരദ പണ്ട് ഒരു യുവാവിനോടൊപ്പം ഒളിച്ചു പോയതാണ്. പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. ഒരു പക് ഷേ, ആ , ശാരദയുടെ മകനാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഇങ്ങനെ അധികാരത്തോടു കൂടി കരയില്ലല്ലോ."

ചെറുപ്പക്കാരൻ്റെ കരച്ചിലും മറ്റും കണ്ടപ്പോൾ, പാറുക്കുട്ടിയമ്മയുടെ മുത്തമകൻ - വേണു മാസ്റ്റർക്ക് ഒരു സംശയം. "അമ്മ മരിച്ചതറിഞ്ഞ് ശാരദ ഇവനെ പറഞ്ഞു വിട്ടതായിരിക്കും, വീതം വാങ്ങിക്കുവാൻ." "എന്തായാലും വീതം കൊടുക്കുന്ന പ്രശ്നമില്ല" "അമ്മ വയ്യാതെ കിടപ്പായിട്ട് നാലരവർഷം കഴിഞ്ഞു. ഒരു ദിവസം പോലും അവൾ ഒന്നെത്തി നോക്കിയിട്ടില്ല. ഇപ്പോൾ മകനെ വീതം വാങ്ങാൻ പറഞ്ഞു വിട്ടിരിക്കുന്നു.

അന്ന് അവൻ്റെ കൂടെ പോകുന്നതിനു മുൻപ് എത്രയോ തവണ പറഞ്ഞതാണ് "മോളെ, അവൻ നമ്മുക്ക് പറ്റിയ ബന്ധമല്ല ഇതിലും നല്ല ചെറുക്കനെ നമുക്കു നോക്കാം. ഒരു നല്ല ജോലിയുള്ള പയ്യനെ കണ്ടെത്താം എവിടെ കേൾക്കാൻ ?"'

ദേഷ്യം കൊണ്ടു വിറച്ച വേണു മാസ്റ്റർ പഞ്ചായത്തു മെമ്പറെ വിളിച്ചു കാര്യം പറഞ്ഞു. മെമ്പർ മാസ്റ്ററെ സമാധാനിപ്പിച്ചിട്ടു പറഞ്ഞു "അരുതാത്തതൊന്നും പറയരുത്. " ഞാൻ അങ്ങോട്ട് വരട്ടെ. വന്നിട്ടു സംസാരിക്കാം.

വേഗത്തിൽ ഓടിയെത്തിയ മെമ്പർ ,ചെറുപ്പക്കാരനെ മൊത്തത്തിൽ ഒന്നു നോക്കിയിട്ട് വിളിച്ചുമാറ്റി നിറുത്തി. സംസാരിച്ചു. "അല്ല നിങ്ങൾ ആരാണ്? എവിടെ നിന്നും വരുന്നു? വന്നതിൻ്റെ ഉദ്ദേശ്യം എന്താണ് ?"

ചെറുപ്പക്കാരൻ പറഞ്ഞു "സാറെ, ഞാൻ നിങ്ങളുടെ ആരുമല്ല. നൂറു മീറ്റർ അപ്പുറത്തുള്ള ഷാപ്പിൽ കള്ളുകുടിക്കാൻ വന്നതാണ്. അപ്പോൾ ഷാപ്പിലെ മോനായിയാണ് ഇവിടെ ഒരു അമ്മച്ചി മരിച്ച വിവരം പറഞ്ഞത്. മരണ വീട്ടിൽ ചെന്ന് കരയുന്നത് എൻ്റ ഒരു വീക്ക്നെസ്സ് ആണ്. ഞാൻ നിങ്ങൾക്ക് ഒരു ശല്യവും ഉണ്ടാക്കാതെ പൊയ്ക്കൊളളാം".

ചെറുപ്പക്കാരൻ പറയുന്നതത്രയും മാറി നിന്നു കേട്ട വേണു മാസ്റ്റർ പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപാ എടുത്തു ചെറുപ്പക്കാരൻ്റെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു "താങ്കൾ വന്നത് വളരെ സന്തോഷം. ആളും, അനക്കവും ഒന്നും ഇല്ലാതിരുന്ന ഈ വീട് ഇപ്പോഴാണ് ഒരു മരണവീടായത്. "ഈ പൈസക്ക് ഷാപ്പിൽ കയറി ആവശ്യത്തിന് മദ്യപിക്കുക. ഇനിയും ഇതുപോലെ മരണമുണ്ടായാൽ വീണ്ടും വരണം."

ശേഷം വേണൂ മാസ്റ്റർ ചിതയ്ക്ക് തീ കൊളുത്താനായി നടന്നു നീങ്ങി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ