ശരീരത്തിലേക്ക് അകാരണമായൊരു തണുപ്പ് അരിച്ച് കയറിയപ്പോഴാണ് ഉറക്കം ഞെട്ടിയത്. കിടന്നിട്ട് കുറച്ച് സമയമേ ആയുള്ളു. പക്ഷെ ഗാഢമായ ഒരു ഉറക്കം കഴിഞ്ഞ പ്രതീതിയായിരുന്നു.
ജനാലയ്ക്കപ്പുറത്തു നിന്നാണ് ആ തണുപ്പിന്റെ വരവെന്ന് മനസിലായി. "ആരാണീ ജനാലകൾ തുറന്നിട്ടത് വസു ആണോ!''? അപ്പോഴാണ് അവൾ കിടക്കയിലില്ലെന്ന് മനസിലായത്. ജനാലയ്ക്കരികിൽ ഒരു നിഴലാട്ടം, ചില സമയങ്ങളിൽ അവളിങ്ങനെയാണ്. നിശീഥിനിയുടെ കരിമ്പടം പുതച്ച കറുപ്പിലേക്ക് തുറിച്ചു നോക്കി നിൽക്കും. അവളെ പോലെ തനിക്കൊരിക്കലും നിൽക്കാൻ സാധിക്കാറില്ല.
ഏകാന്തതയിലും, ഇരുട്ടിലും അവൾ സ്വയം ആത്മലഹരി തിരയുന്നു. അതിന് മറുവാക്ക് പകരാൻ പറ്റാറില്ല. ചിലപ്പോഴത് തന്റെ പരാജയമാവാം. ഇരുട്ടും, ഏകാന്തതയും തന്നെ സംബന്ധിച്ചിടത്തോളം തടവറയാണ്. എങ്കിലും അവൾക്കു വേണ്ടി താനും പലപ്പോഴും അതിന്റെ ഭാഗമായി മാറുന്നു.
പുറത്ത് നിന്നുള്ള കാറ്റിൽ അവളുടെ മുടിയിഴകൾ പാറി ഉലയുന്നുണ്ട്. അരികിലേക്ക് പോകുവാനും, മുടിയിഴകൾ കോതുവാനും മനസ് കൊതിച്ചു. ഉള്ളിലുദിച്ച മോഹത്തിന് തടയിട്ട് പുറത്തേക്ക് പോവാനാണ് തോന്നിയത്. ശബ്ദമുണ്ടാക്കാതെ വാതിലിന്റെ ഒരു പാളി തുറന്നു. മാർജ്ജാരനെ പോലെ ഇടനാഴിയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ അടുത്ത മുറിയിലേക്ക് നോട്ടം പാറി വീണു. പാതി ചാരിയ വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി.
മോനു; സുഖമായി ഉറങ്ങുന്നു. ശബ്ദമുണ്ടാക്കാതെ അകത്തേക്ക് ചെന്ന് കിടക്കയുടെ അരികിൽ ഇരുന്നു. നെറ്റിയിലേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ഒതുക്കി ഒരു സൈഡിലേക്ക് വെച്ചു. ലോലമായ നെറ്റിയിൽ ഒരു ചുംബനം നൽകി കൊണ്ട് കിടക്ക് വിട്ട് എഴുന്നേറ്റു വാതിൽ ചാരി പുറത്തിറങ്ങുന്നതിനൊപ്പം തന്നെ മോനുവിന്റെ സ്വരം കാതിലെത്തി.
"അപ്പാ...!"
"മോനു ഉറങ്ങിയില്ലായ്ര്ന്നോ..?''
"ഇല്ല വെറുതെ കണ്ണടച്ച് കിടപ്പായിരുന്നു. അപ്പയോട് ഒരു കാര്യം ചോയിക്കണംന്ന് ഒരു പാട് നാളായി വിചാരിക്കുന്നു''.
"എന്താണ്..!" എന്റെ സ്വരത്തിൽ ആശ്ചര്യം നിറഞ്ഞു.
"അത് മമ്മയെ കുറിച്ചാണ്, മമ്മയ്ക്ക് എന്തേലും പ്രശ്നമുണ്ടോ അപ്പാ...? എപ്പൊഴും ഒരു മാതിരി, ചില സമയങ്ങളിൽ മമ്മ ഈ ലോകത്തേ അല്ലെന്ന് തോന്നും. ഞാൻ അറിയാൻ പാടില്ലാത്ത എന്തേലും..." പാതി നിർത്തി അവൻ എന്റെ മുഖത്തേക്ക് നോക്കി. കുറ്റം ചെയ്ത കുട്ടിയെ പോലെ ഞാൻ മുഖം കുനിച്ചു.
മോനു ചെറിയ കുട്ടിയല്ല! മനസിൽ കൊണ്ടു നടക്കുന്ന കാര്യം അവനോട് പറയാനുള്ള സമയമായെന്ന് തോന്നുന്നു. ഗാഢമായ ഒരു പിരിമുറുക്കം മനസിനെ വരിഞ്ഞു മുറുക്കാനൊരുങ്ങുന്നു; ഞാനവനെ ചേർത്തു പിടിച്ചു.
"വരൂ... നമുക്ക് ഇത്തിരി നടക്കാം''.
നേരം കെട്ട നേരത്ത് ഒരു സിഗരറ്റ് വലിയ്ക്കണമെന്നയാൾക്ക് തോന്നി. വെള്ളി വലയങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.
ഓർമ്മകളിൽ വസുന്ധരയുടെ മുഖം തെളിഞ്ഞു. എന്തൊക്കെയോ എന്നിൽ നിന്നും അറിയാനുണ്ടെന്ന മട്ടിൽ മോനുവും തയ്യാറായി എന്നോട് ചേർന്നു നടന്നു.
"മോനൂ... ഞാൻ പറയുന്ന കാര്യം നീയെത്രത്തോളം ഉൾക്കൊള്ളുമെന്ന വേവലാതിയുണ്ടെനിക്ക്. അതറിഞ്ഞാൽ നീ മമ്മയെ വെറുക്കുവാനോ, കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനോ പാടില്ല?''.
"അതോർത്ത് അപ്പ വിഷമിക്കേണ്ട, എന്നെ വിശ്വസിക്കാം അല്ലെങ്കിൽ ഞാനാ സെൻസിലെ കാര്യങ്ങൾ എട്ക്കൂ..." എന്നിട്ടും ഉള്ളം തുറക്കാൻ രണ്ട് പുക കൂടി വലിച്ച് ആത്മാവിലേക്ക് കയറ്റേണ്ടി വന്നു. പിന്നെ ദുർമേദസ്സ് ബാധിക്കാൻ തുടങ്ങിയ ശരീരത്തെ ബാൽക്കണിയിലെ കയറ്റു മഞ്ചത്തിൽ വിശ്രമിക്കാനനുവദിച്ചു.
"മോനു ശ്രദ്ധിച്ചു കേൾക്കണം കുറേ വർഷങ്ങൾക്കു മുമ്പേയുള്ള കഥയാണ്".
കഥ കേൾക്കാനുള്ള ത്രില്ലിൽ മോനു എന്നോട് കുറച്ചൂടെ ചേർന്നിരുന്നു. അവന്റെ ശരീരത്തിന്റെ ചൂട് എന്റെ മനസിനെ ഉലയ്ക്കാൻ പോന്നവയായിരുന്നു. സ്വരത്തിൽ പതർച്ച വരാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് ഞാൻ മനസ് തുറന്നു.
"സൈക്കോളജി ബി എസ് സി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഞാനന്ന്, ഡോക്ടറുടെ കൂടെ റൗൺസിന് ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ഒരു പെൺകുട്ടി എല്ലാവരെയും തട്ടിത്തെറിപ്പിച്ചു കൊണ്ട് കോറിഡോർ വഴി പുറത്തേക്ക് ഓടിയത്. അവളെ പിടിക്കാൻ പിറകെ ഓടുന്ന അറ്റൻഡൻമാർ. സംഭവമെന്തെന്ന് പിടികിട്ടാതെ കയ്യിൽ നിന്നും തെന്നി പോയ ഫയൽ പെറുക്കി എടുക്കുന്നതിനിടയിൽ ഇടുപ്പിലൊരു കയ്യമർന്നു.തിരിഞ്ഞ് നോക്കിയപ്പോഴാണ് മനസിലായത് തിരികെ ഓടി വന്ന് അവളെന്നെ സംരക്ഷണ കവചമാക്കിയതാണെന്ന്. പതിനഞ്ച് മിനിറ്റോളം ആ പെൺകുട്ടിയും, അറ്റൻഡർമാരും തമ്മിൽ ഒളിച്ചുകളി തുടർന്നു. അവളെ സംരക്ഷിക്കണമെന്നോ, ഒറ്റികൊടുക്കണമെന്നോ മനസിലില്ലായിരുന്നു. അവസാനം നാലു കരുത്തൻ മാർക്കു മുന്നിൽ ആ മാൻപേട തളരുകയും, അവർ വിജയിക്കുകയും ചെയ്തു''. എല്ലാം കണ്ടു നിൽക്കുകയായിരുന്ന ഡോക്ടറുടെ മുഖത്ത് ഒരു ഗൂഢസ്മിതം വിടർന്നതായി എനിക്ക് തോന്നി.
"പാവം കുട്ടി പതിമ്മൂന്ന് വയസെ ഉള്ളു, അപ്പോഴേക്കും അമ്മയുടെ കുപ്പായം അണിയേണ്ടിവന്നു...!" ഡോക്ടറുടെ ആത്മഗതം ഒപ്പമുണ്ടായിരുന്ന എനിക്ക് വളരെ വ്യക്തമായി കേൾക്കാമായിരുന്നു. അതു കൊണ്ട് തന്നെ ആ നടപ്പിൽ ഞാൻ തറഞ്ഞു നിന്നു പോയി. മറുപടിയൊന്നും നൽകാത്തതിനാലാവാം ഡോക്ടർ തിരിഞ്ഞു നോക്കിയത്.
"ഏയ് ശ്രീനി താനെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.?'' ഒന്നുമില്ലെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വരാന്തയിലൂടെ ഡോക്ടർക്കൊപ്പമെത്താൻ ഞാനൊരു പാട് ബുദ്ധിമുട്ടുകയായിരുന്നു.
"ശ്രീനിക്ക് ഷോക്കായെന്ന് തോന്നുന്നു!"
"തീർച്ചയായും ഡോക്ടർ ഞാൻ വല്ലാതെ കൺഫ്യൂഷനിലായിപ്പോയി".
"ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നെടോ ആദ്യം. വയറ് വേദനയാണെന്ന് പറഞ്ഞാ കാണിക്കാൻ വന്നതെന്ന് തോന്നുന്നു. മരുന്ന് കൊടുത്തിട്ടൊന്നും ഭേദമാവുന്നില്ല. പരിശോധനയിൽ ഒന്നും കാണാനും ഇല്ല. അവസാനം സ്കാൻ ചെയ്തു. റിസൽട്ട് കണ്ടപ്പോൾ ഞെട്ടിപ്പോയി. കുട്ടി എട്ട് മാസം ഗർഭിണി!!. ചോദിച്ചിട്ട് വ്യക്തമായ ഉത്തരമില്ല".
"അപ്പോൾ അവൾടെ പേരൻസ്?"
"അച്ഛനും, അമ്മയുമൊക്കെ ഉണ്ട് പാവങ്ങളാ! കൂലി പണിയെടുത്താ ജീവിക്കുന്നതു തന്നെ. കൂടുതൽ അറിവും, വിദ്യാഭ്യാസവും ഒന്നും ഇല്ല. എവിട്ന്നാ സംഭവിച്ചതെന്ന് ഒരു പിടീം ഇല്ല. കുട്ടിയാണെങ്കിൽ ഒരക്ഷരം മിണ്ടുംന്നും ഇല്ലായിരുന്നു. പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ച ആവുന്നതേയുള്ളു. ചെറിയ പ്രായമായതുകൊണ്ട് ഡെലിവറിക്ക് ശേഷം ബോഡി വളരെ വീക്കായി. അത് ശരിയാവണമെങ്കിൽ കുറച്ച് ദിവസം വേണ്ടിവരും പ്രസവത്തിനു ശേഷമവൾ അബ്നോർമലായതും പ്രശ്നമായി. ഓർക്കാപ്പുറത്ത് അമ്മയാകേണ്ടി വന്നതൊക്കെ കൊണ്ടാവാം മനസിന്റെ പിടിവിട്ട് പോയത്."
"അപ്പോൾ ആ കുഞ്ഞ്...!!"
"ഹോസ്പിറ്റൽ അധികൃതരുടെ മേൽനോട്ടത്തിലാണ്. നല്ലൊരു ആൺകുഞ്ഞ്!പക്ഷെ ഭാഗ്യം ഇല്ല. ജനിച്ചതിനു ശേഷം അമ്മയുടെ ചൂടറിയാതെ, മുലപ്പാൽ കുടിക്കാതെ... വളരേണ്ടി വരുമല്ലോ എന്നാ വെഷമം".
ആ ദിവസത്തിനു ശേഷം പലപ്പോഴും ഡോക്ടറുടെ ഒപ്പം ചെല്ലുമ്പോഴൊക്കെ വസുന്ധരയെ ഞാൻ കണ്ടു. കടുത്ത വിഷാദമുഖിയായി പുറത്തെ വിജനതയിലേക്ക് സ്വയം മറന്നു നിൽക്കുന്ന ആ പെൺകുട്ടിയുടെ ഓമനത്തമുള്ള മുഖം പലപ്പോഴുമെന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു. പിന്നെ കുറേ നാളത്തേക്ക് അവളെ കണ്ടതേയില്ല. കോഴ്സും,പരീക്ഷയും മറ്റുമായി അക്കാര്യം ശ്രദ്ധിക്കാൻ തനിക്കും സാധിച്ചില്ലെന്ന് വേണം പറയാൻ. അതുമല്ലെങ്കിൽ എല്ലാം ഭേദമായി അവളെയും, കുഞ്ഞിനെയും വീട്ടുകാർ കൊണ്ട് പോയിട്ടുണ്ടാവുമെന്ന് കരുതി.
കോഴ്സു കഴിഞ്ഞ് അടുത്തുള്ള ആസ്പത്രിയിൽ ജോലിക്ക് കയറിയ സമയത്തായിരുന്നു. പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് അവളെ വീണ്ടും കണ്ടത്. മുന്നേ കണ്ടതിനേക്കാളും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ പെണ്ണ്. മനസിന്റെ അടക്കവും, ഒതുക്കവും നഷ്ടപ്പെട്ട് എല്ലാവരോടുമവൾ ബാലിശമായി പെരുമാറാൻ തുടങ്ങിയിരുന്നു. അവളെ രക്ഷിക്കണമെന്ന് മനസിൽ നിന്ന് ആരോ പറയുന്നതു പോലെ...!
വസുവിനെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു. അടുത്ത ചികിത്സാ ഘട്ടം തന്നെയേൽപ്പിക്കണമെന്ന് താഴ്മയോടെ അപേക്ഷിച്ചു. ആദ്യമവർ നിരസിച്ചുവെങ്കിലും നിരന്തരമായ തന്റെ ശല്യം ചെയ്യൽ കാരണം ഡോക്ടറതിന് തയ്യാറായി. അങ്ങനെ വസുന്ധര എന്റെ പേഷ്യന്റായി. അവളുടെ കേസ് ഡയറി പഠിച്ച എനിക്കൊരു കാര്യം മനസിലായി. അവളുടെ അസുഖത്തിന്റെ മുക്കാൽ ഭാഗവും സ്നേഹമില്ലായ്മയിൽ നിന്നും ഉണ്ടായതാണെന്ന്. അവളങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയതും ഇതിന്റെ പരിണിത ഫലമാണെന്ന്.
ജീവിക്കാൻ പെടാപാട് പെടുന്ന അച്ഛനുമമ്മയും മൂന്ന് മക്കളെയും സ്നേഹിച്ചിരുന്നില്ലെന്ന്, അല്ലെങ്കിൽ ശ്രദ്ധിച്ചിരുന്നില്ലെന്ന്. നേർച്ച പോലെ എപ്പോഴെങ്കിലും കാണാൻ വരുന്ന അവളുടെ മാതാപിതാക്കളെ ഒരു ദിവസം ഞാൻ കണ്ടു. വസുവിനെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്നും നല്ല പരിചരണവും, സ്നേഹവും ലഭിച്ചാൽ പഴയ നിലയിലേക്ക് എത്തുമെന്നും ആവർത്തിച്ച് പറഞ്ഞു നോക്കി.പക്ഷെ എന്റെ വാക്കുകൾക്ക് പുച്ഛം നിറഞ്ഞൊരു പരിഹാസം സമ്മാനിച്ചുകൊണ്ട് മറുചോദ്യമെറിഞ്ഞു.
"പെഴച്ച ഈ സന്താനത്തിനേയും കൊണ്ട് വീട് കേറിയാ ഈന്റെ താഴത്തൊള്ളതിന്റെയൊക്കെ ജീവിതോം കൂടി ഇരുളടഞ്ഞ് പോവും. ഈന കണ്ടിറ്റല്ലേ അവറ്റോളും പഠിക്ക്യ...! ഈട തന്നെ അങ്ങ് ഒടുങ്ങട്ട് നാശം പിടിച്ചോള്."
"നിങ്ങള് ഇങ്ങനെയങ്ങ് വാശി കാണിച്ചാ! വസുന്ധരയുടെ താഴെ ഉള്ളവരുടെ ഗതിയും ഇതുപോലെ തന്നെ ആയേക്കും. കാരണം ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയുവ്വാ... പെങ്കുട്ട്യോൾക്ക് ഈ പ്രായത്തിലാ നിങ്ങടെ സ്നേഹോം, പരിചരണോം വേണ്ടത്. അല്ലാതെ നാലു നേരം വയറു നെറയ്ക്കാനുള്ള ഭക്ഷണമല്ല. പിന്നെ പിള്ളേര് അവിഹിത ഗർഭം കൊണ്ട് വയറ് വീർപ്പിക്കും പിന്നെ ശാസിച്ചിട്ടെന്താ കാര്യം. നഷ്ടം നിങ്ങക്ക് തന്നെയല്ലേ...?''
"ദേ... ഡാക്കിട്ടറേ വേണ്ടാതീനം വിളിച്ച് പറേണ്ട. ഈ മൂശേട്ടയെ പോലെ ആയ്രിക്കില്ല മറ്റ് രണ്ടെണ്ണോം. അങ്ങനെ വല്ലോം സംഭവിച്ചാ എല്ലാറ്റിനേയും വെഷം കൊട്ത്ത് ഞാങ്ങളും ചാവ്വും. ഇനീപ്പോ അത്ര ദെണ്ണാന്ന് വെച്ചാ... ഡാക്കിട്ടറ് തന്നെ അവളെ സ്നേഹിക്ക്വോ, പരിചരിക്ക്വോ എന്താന്ന് വെച്ചാ ചെയ്തോ! നമ്മക്കതിനെ എനി വേണ്ടാ.. മൻച്ചപറ്റ് വിചാരിച്ചിറ്റാ... നേരം ഇല്ലാഞ്ഞിറ്റ് കൂടി ഇങ്ങോട്ട് വെര്ന്നേ?"
പൈശാചിക ഭാവത്തിലുള്ള അവരുടെ വെല്ലുവിളി മനസിനെ മുറിവേൽപ്പിച്ചു. മറുത്തൊരക്ഷരം ഉരിയാടാതെ ഞാൻ വസുന്ധരയെ നോക്കി. അവളപ്പോൾ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് പറക്കുന്ന അപ്പൂപ്പൻ താടിക്കൊപ്പമായിരുന്നു.
ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ ഉറക്കമില്ലാത്ത രാവുകളായി മാറി. നിരന്തരമായ കൗൺസിലുകൾ, സ്നേഹപരിചരണങ്ങൾ മുഴുവനായിട്ടല്ലെങ്കിലും വസു പതിയെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങി. അച്ഛനും, അമ്മയും അവളെ തീർത്തും ഉപേക്ഷിച്ചതു പോലെയായി. വസുവിന്റെ സംരക്ഷണം മെല്ലെ മെല്ലെ എന്റെ ഉത്തരവാദിത്വമായി മാറി തുടങ്ങി. അവൾക്ക് പ്രായപൂർത്തിയായതിനു ശേഷം ഒരു ദിവസം അവളുടെ മനസറിയാനായി ഞാൻ ചോദിച്ചു.
"വസൂ... ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ!!'' ഒന്നു രണ്ടാവർത്തിയുള്ള ചോദ്യത്തിനു ശേഷമാണ് വിദൂരയിലുള്ള നോട്ടം വെടിഞ്ഞ് അവളെന്റെ മുഖത്തോട്ട് നോക്കി സമ്മതം പറഞ്ഞത്.
ആ സമ്മതത്തിന്റെ പിറകിലൊരു ഉടമ്പടി തീരുമാനിച്ചിരുന്നു ദാമ്പത്യത്തിൽ കൈക്കൊള്ളാവുന്ന ശാരീരിക സുഖം തരാൻ പറ്റില്ലെന്ന് തീർത്തുമവൾ പറഞ്ഞു. നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന പീഢാനുഭവങ്ങൾ വസുവിൽ വിരക്തിയും, വെറുപ്പും സമ്മാനിച്ചിരിക്കണം. അതിനവളെ നിർബന്ധിക്കാൻ എനിക്കും താൽപ്പര്യമില്ലായിരുന്നു. സ്നേഹവും, വിശ്വാസവും അനുഭവിക്കാൻ അതിന്റെ ആവശ്യമില്ലെന്ന് എനിക്കും തോന്നി. എന്നിട്ടും ഞങ്ങൾ സ്നേഹിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്കവൾ അവളുടേതായ ലോകത്തേക്ക് ചിറകടിച്ച് അകലും. തിരികെ വരുന്നതുവരെ ക്ഷമയോടെ ഞാൻ കാത്തിരിക്കും. ശ്വാസമടക്കി പിടിച്ച് മോനു അപ്പോഴേക്കും എന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു.
"അപ്പേ... ആ മകൻ എവിടെയാണ്. ആ മകൻ ഞാനാണോ അപ്പേ..!"
ആ രണ്ടു ചോദ്യത്തിനും ഉത്തരമായി നിഷേധത്തിൽ ഞാൻ തലയാട്ടി
"അല്ല നീ ഞങ്ങളുടെ മകൻ തന്നെ ഞങ്ങളുടെ സ്നേഹവല്ലരിയിൽ തളിരിട്ട വസന്തം'' അതു പറയുമ്പോൾ വാക്കുകളിൽ സ്വാർത്ഥത നിറഞ്ഞതായി എനിക്കു തന്നെ അനുഭവപ്പെട്ടു. എന്നെയും, വസുവിനെയും ചേർത്തു നിർത്തുന്ന സ്നേഹത്തിന്റെ കണ്ണി അത്ര പെട്ടെന്ന് അറ്റു പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മനസിലപ്പോൾ വേറൊരു ചിത്രം തെളിഞ്ഞു. വസുന്ധരയെ പൂർണ്ണമായും കൈയ്യേൽക്കാൻ തീരുമാനിച്ച ശേഷം അവളുടെ അച്ഛനെയും, അമ്മയേയും കണ്ടു.
"വസുവിന്റെ കുഞ്ഞെവിടെ...'' എന്ന ചോദ്യത്തിന് ഉത്തരം നൽകാനവർ തയ്യാറായില്ല. പക്ഷെ പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി അന്വർത്ഥമാക്കി കൊണ്ട് അമ്പതിനായിരം രൂപ അവർക്കു വെച്ച് നീട്ടി കുഞ്ഞിനെയും കണ്ടെത്തി ഇവൻ എന്റെ മകനെന്ന അവകാശവാദമുന്നയിച്ച് വസുന്ധരയേയും ഒപ്പം കൂട്ടി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. എന്റെ മകനാണെന്നതിൽ അവൾക്ക് തെല്ലും സംശയമില്ലായിരുന്നു. വർത്തമാനങ്ങളിൽ തമാശ രൂപേണ ഞാനവളോട് പറയാറുണ്ടായിരുന്നു. എന്റെ ഭാര്യ ഓടിപ്പൊയെന്നും, അതിലൊരു കുഞ്ഞുണ്ടെന്നും. അതിനൊരു അമ്മയാവാനാണ് നിന്നെ ഒപ്പം കൂട്ടിയതെന്നും. മറന്നു പോയ ചിരി ആ വാക്കിൽ തിരിച്ചു വരാറുണ്ടെന്നതിൽ ഞാനശ്വസിച്ചു. അവളുടെ ഭൂതകാലം ഓർമ്മയിൽപ്പോലും വരാതിരിക്കാൻ ഞാനേറെ ശ്രമിച്ചിരുന്നു. കാരണം ഞാനത്രയേറെ വസുവിനെ സ്നേഹിക്കുന്നുണ്ടായിരുന്നു. അവളുടെ മകൻ എന്റെ മകനായി ഞങ്ങളുടെ മാത്രം മകനായി വളരുവാൻ തുടങ്ങി. ഓർമ്മകൾ കിതപ്പായി മാറിയപ്പോൾ നിലാവെളിച്ചത്തിൽ അടുത്തു വരുന്ന വസുന്ധരയുടെ രൂപം കാണായി. അറിഞ്ഞ കാര്യം മമ്മയുടെ പറയരുതെന്ന് മോനുവിനോട് ദയനീയമായി യാചിച്ചു. കണ്ണീരിന്റെ തിളക്കത്തിൽ ഇല്ലെന്ന ഉറപ്പ് നൽകി കൊണ്ട് അവനെന്റെ കവിളിൽ ചുംബിച്ചു. സത്യമെന്തെന്ന് അറിയാതെ വസു ഞങ്ങൾക്കരികിലേക്ക് വന്നു
"അപ്പയ്ക്കും, മോനും ഉറക്കൊന്നും ഇല്ലേ " എന്നന്വേഷിച്ചു.
"മമ്മ ഉറങ്ങാതിരിക്കുമ്പോ! നമ്മളെങ്ങനെ ഉറങ്ങാനാണെന്ന് '' മോനു മറു ചോദ്യമെറിഞ്ഞു.
"ഞാനീ നിലാവ് കാണുകയായിരുന്നു'' എന്ന് വസു പറഞ്ഞപ്പോൾ, "ഞങ്ങളും മമ്മയുടെ മുഖത്തിപ്പോ ഒരു നിലാവ് കാണുകയാണെന്ന് "മോനുവും തിരിച്ചടിച്ചു. അമ്മയുടെയും, മകന്റെയും മുഖത്ത് ഞാനപ്പോൾ മറ്റൊരു നിലാവിനെ തിരയുകയായിരുന്നു.