mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അരമതിലിൽ കുടിക്കുവാനുള്ള ചായ കൊണ്ടു വച്ചശേഷം, ഭാര്യ ഊശാല മുത്തുവിനോടായി പറഞ്ഞു, "ഏഴ് മണിയായി ഞാൻ വോട്ട് ചെയ്യാൻ പോകുവാ"

ഒരു കവിൾ ചായക്കൊപ്പം ബീഡിക്കു തീ കൊളുത്തിയ മുത്തു, കണ്ണാടിക്കു മുന്നിൽ കർമ്മനിരതയായ ഊശാലയെ നോക്കി, തന്‍റെ അഭിപ്രായം രേഖപ്പെടുത്തി. "രാവിലേ തന്നെ കെട്ടിയൊരുങ്ങിപ്പോകുന്നതെന്തിനാണ്, വെയിലാറിയിട്ട് ഉച്ചക്കുശേഷം പോയാപ്പോരെ ?".

ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ തെളിഞ്ഞ തന്‍റെ മൂക്കിലും, മുഖത്തും, മുടിയിലുമൊക്കെ അവസാന വട്ട സൂക്ഷ്മ പരിശോധന നടത്തുന്നതിനിടയിൽ ഊശാല തന്‍റെ മറുപടി മുത്തു സമക്ഷം വാരി വിതറി.

"ആറുമുഖൻ ഇന്നലെയും വൈകിട്ട് പറഞ്ഞതാണ്, രാവിലെ തന്നെ വോട്ട് ചെയ്യണമെന്ന്"

"കെട്ടിയോൻ പറയുന്നത് കേട്ടില്ലേലും, ആറുമുഖൻ പറയുന്നത് കേൾക്കണം, അവനാണല്ലോ നിനക്ക് ചിലവിന് തരുന്നത്". കത്തിത്തീരാറായ ബീഡിയുടെ അവസാന പുകകളിലൊന്ന് നെഞ്ചിൽ കുടുങ്ങിയതോടെ അതിഥിയായെത്തിയ ചുമയുടെ അകമ്പടിയോടെയുള്ള മുത്തുവിന്‍റെ പരിഹാസം കലർന്ന മറുപടിയോട് പ്രതികരിക്കാതെ ഊശാല മുറിക്കകത്തേക്ക് മടങ്ങി.

കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ദിവസങ്ങളായി വിശ്രമത്തിലായിരുന്ന, പോയവാരം തമ്പാന്‍റെ ഫാൻസിക്കടയിൽ നിന്ന് വാങ്ങിയ പുതുമ മാറാത്ത ചെരുപ്പ് കാലിലണിഞ്ഞ്, കൊക്കാട്ടുതറ സ്‌കൂളിലേക്ക് വോട്ട് ചെയ്യുവാനായി ഇറങ്ങിയ ഊശാല ഒരിക്കൽക്കൂടി കെട്ടിയോനെ ഓർമ്മിപ്പിച്ചു. "ഇങ്ങനെ കുത്തിയിരിക്കാതെ രാവിലെ പോയി ആറുമുഖന് വോട്ട് ചെയ്യാൻ നോക്ക് മനുഷ്യാ".

ഏരിഞ്ഞു തീർന്ന ബീഡിയുടെ അവശിഷ്ടം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, കാലിയായ ചായ ഗ്ലാസ്സ് സൈഡിലേക്ക് ഒതുക്കിവെച്ച് ആറുമുഖന്‍റെ അമ്പും വില്ലും അടയാളത്തിന് വോട്ട് കുത്തുവാൻ പോളിംഗ് ബൂത്ത് ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഊശാലയെ നോക്കി മനസ്സിലൊരു മുട്ടൻ തെറി ഉരുവിട്ടുകൊണ്ട് സ്വീകരണ മുറിയിലെ ടെലിവിഷന്‍റെ മുന്നിലേക്ക്.

എതോ ഒരു മന്ത്രി ഏഴു മണിക്ക് മുമ്പേ വോട്ട് ചെയ്‌തെന്ന വാർത്ത ചാനലിൽ നിറയുന്നു.

"കയ്യിട്ട് വാരാൻ മാത്രമല്ല വോട്ട് ചെയ്യുവാനും ഇവനൊക്കെ ആക്രാന്തമാണോ", മുത്തുവിന്‍റെ മനസ്സിൽ വോട്ട് ചിന്തകൾ മിന്നി തെളിയുന്നതിനിടയിലാണ് ഫോൺ ബെല്ലടിച്ചത്. മറുവശത്ത് പന്ത് ബാലനായിരുന്നു.

വേഗം കലുങ്കിൻ ചോട്ടിലോട്ട് ചെല്ലുവാനുള്ള ബാലന്‍റെ ഫോൺസന്ദേശം ശിരസ്സാവഹിച്ച മുത്തു വീട് പൂട്ടി താക്കോൽ "രഹസ്യസ്ഥലമായ" വീടിന്‍റെ തിണ്ണയിൽ തൂക്കിയിരിക്കുന്ന ശ്രീനാരായണ ഗുരുദേവന്‍റെ ഫോട്ടോക്ക് കീഴിൽ ഒളിപ്പിച്ചു. സമയം പാഴാക്കാതെ തങ്ങളുടെ സ്ഥിരം താവളമായ കലുങ്കിൻ ചോട്ടിലേക്ക് നടന്നു.

"അണ്ണാ ഉച്ചക്ക് മുമ്പ് പോയി വോട്ട് ചെയ്യണേ" പ്രധാന റോഡിൽ നിന്ന് കലുങ്കിൻ ചോട്ടിലേക്കുള്ള എളുപ്പവഴിയായ പാണൻവയൽ മുറിച്ചു കടക്കാനൊരുങ്ങവേയാണ് അരികിൽ വന്നുനിന്ന 'തിരുവാതിര' ഓട്ടോയുടെ, ഡ്രൈവർ സീറ്റിൽ നിന്ന് ഓമനക്കുട്ടന്‍റെ കഫംകെട്ടിയ ശബ്ദമുയർന്നത്.

ആറുമുഖന്‍റെ എതിരാളി അശോകന്‍റെ പാർട്ടി പ്രവർത്തകനായ ഓമനക്കുട്ടൻ മുത്തുവിനു മുന്നിൽ ആവേശംപൂണ്ടു.

"അശോകേട്ടൻ പറഞ്ഞു, ഇത്തവണ മുത്തുവണ്ണന്‍റെ ഓട്ട് നമുക്കാണെന്ന്, ഊശാല ചേച്ചി ചെയ്തില്ലേലും അണ്ണൻ ചെയ്യുമെന്ന് ഞങ്ങൾക്കുറപ്പാണ്, എനിക്കും അശോകേട്ടനുമല്ലാതെ വേറേ ആർക്കുമീ രഹസ്യമറിയില്ല."

അടിയുറച്ച ആറുമുഖന്‍റെ പാർട്ടിക്കാരായ ഊശാല -മുത്തു ദമ്പതിമാരിൽ ഒരാളുടെ വോട്ട് രഹസ്യമായി തങ്ങൾക്ക് കിട്ടുമെന്ന സന്തോഷം ഓമനക്കുട്ടന്‍റെ ഓമനത്തമുള്ള മുഖത്ത് പ്രകടമായിരുന്നു. തൊള്ളൻപറമ്പിലെ തോമാച്ചന്‍റെ തൊണ്ണുറ്റൊമ്പത് തികഞ്ഞ അപ്പച്ചൻ തൊമ്മിച്ചനെയും പിന്നിലിരുത്തി തിരുവാതിര പോളിംഗ് ബൂത്തിലേക്ക് അനക്കുന്നതിനിടയിൽ തല പുറത്തേക്കിട്ട് ഓമനക്കുട്ടൻ ഓർമ്മിപ്പിച്ചു.

"അശോകേട്ടൻ പന്ത് ബാലനെ ഏർപ്പാട് ചെയ്തിട്ടുണ്ട്"

മുത്തു കലുങ്കിൻചോട്ടിലെത്തുമ്പോഴേക്കും പന്ത്ബാലൻ, പണ്ടാരിസുരേഷ്, ഓച്ചിറ ബാബു തുടങ്ങിയ മുത്തുവിന്‍റെ സ്ഥിരം കൂട്ടുകക്ഷികൾ മൂന്നുപേരും കലുങ്കിൻചോട്ടിൽ സ്ഥാനംപ്പിടിച്ചിരുന്നു.

അശോകന്‍റെ പാർട്ടിയുടെ സുനാമി വന്നാലും ഇളകാത്ത ഉറച്ച വോട്ടാണ് പന്ത്‌ ബാലന്‍റെത്, അതുപോലെ ഉറച്ച ആറുമുഖന്‍റെ വോട്ടാണ് ഓച്ചിറ ബാബുവിന്‍റെത്, സ്ഥിരമായി ആർക്കും വോട്ട് ചെയ്യാത്ത, വ്യക്തമായ രാഷ്ട്രീയമില്ലാത്ത ആളാണ് പണ്ടാരി സുരേഷ്, പിന്നെ ആറുമുഖന്‍റെ പാർട്ടിക്കാരനും എന്നാലിത്തവണ അശോകന് ചെയ്യുമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്ന മുത്തുവും.

കലുങ്കിൻചോട്ടിലെ ഈ നാൽവർ സംഘത്തിന്‍റെ പുറമെയുള്ള വോട്ട് ചിത്രം ഇങ്ങനെയാണ്.

ഇത്തവണ അശോകന് മാറ്റി കുത്താമെന്ന മുത്തുവിന്‍റെ ഉറപ്പിന് അശോകൻ സമ്മാനിച്ച വാറ്റ്ചാരായം ഏതാനും കുപ്പികളിലായി പന്ത്ബാലന്‍റെ കസ്റ്റഡിയിലുണ്ട്. രാവിലെ തന്നെ കലുങ്കിൻ ചോട്ടിലെ ഈ ഒത്തുകൂടലിന് പിന്നിലെ ഉൾപ്രേരകശക്തിയും ആ വാറ്റ്ചാരായമാണ്.

ആദ്യത്തെ ഗ്ലാസ്സ് ചാരായം നാലുപേരുടെയും അണ്ണാക്കിനെ ചൂടാക്കി കടന്നു പോയതോടെ, അവർക്കിടയിൽ വോട്ട് വിശേഷങ്ങളും ചർച്ചയായി വന്നു.

"മറ്റെന്നാൾ വോട്ട് എണ്ണുമ്പോൾ അശോകനും അവന്‍റെ അടയാളമായ 'കുപ്പി ഗ്ലാസും' പൊട്ടിചിതറും." അച്ചാർ തൊട്ടു നക്കി ഓച്ചിറ ബാബു അശോകന്‍റെ പരാജയം പ്രവചിച്ചു.

"നീ ഇങ്ങ് വന്നേ ഒരു കാര്യം പറയാനുണ്ട്", പന്ത് ബാലൻ, മുത്തുവിനെ കലുങ്കിൻ ചോട്ടിന് സമീപമുള്ള ട്രാൻസ്‌ഫോർമറിനു കീഴിലേക്ക് മാറ്റി നിർത്തി പറഞ്ഞു.

"ഡാ അശോകേട്ടൻ മറ്റൊരു കാര്യം കൂടി എന്നെ ഏൽപ്പിച്ചിട്ടുണ്ട്, ഓച്ചിറ ബാബു വോട്ട് ചെയ്യരുത്, അവൻ ആറുമുഖനെ വോട്ട് ചെയ്യൂ, അത് കൊണ്ട് അവനെ വോട്ട് കഴിയുന്നത് വരെ കുടിപ്പിച്ചു കിടത്തണം"

"അത് മോശമല്ലേ" മുത്തുവിലെ ജനാധിപത്യ വാദി ഉണർന്നെങ്കിലും, കുപ്പികളിൽ വെള്ളനിറത്തിൽ തിളങ്ങുന്ന വാറ്റ് ചാരായം ആ ജനാധിപത്യ വാദിയെ മയക്കി.

"ആ... എന്തേലും കാണിക്ക്",
സമയം മുന്നോട്ട് നീങ്ങി, ഗ്ലാസുകൾ പലതവണ നിറഞ്ഞു കാലിയായി. അതിനിടയിൽ ഊശാലയുടെ ഫോൺകാൾ മുത്തുവിനെ തേടിയെത്തി. "നിങ്ങളെവിടെയാണ് മനുഷ്യാ, ഇതുവരെ നിങ്ങൾ വോട്ട് ചെയ്തില്ലെന്ന് പറഞ്ഞു ആറുമുഖൻ എന്നെ വിളിച്ചു."

"ഞാൻ വൈകിട്ട് ചെയ്തോളാം", വാറ്റ്ചാരയത്തിന്‍റെ ചൂരിനിടയിൽ രസം കൊല്ലിയായി കടന്നുവന്ന ഊശാലയുടെ ഫോണിനോടുള്ള നീരസം മുത്തുവിന്‍റെ വാക്കുകളിൽ പ്രകടമായിരുന്നു.

"അതേ ആറുമുഖന്‍റെ പേര് മെഷിനിൽ ഒന്നാമത് തന്നെയാണ്, ആ എരപ്പാളി അശോകൻ വേറേ ഏതോ ഒരു ആറുമുഖനെ 'ക്രിക്കറ്റ് ബാറ്റ്' അടയാളത്തിൽ അപരനായി നിർത്തിയിട്ടുണ്ട്, തെറ്റിച്ച് അതിലെങ്ങും കൊണ്ട് കുത്തരുത് കേട്ടോ."

ഫോണിലൂടെയുള്ള ഊശാലയുടെ പഠനക്ലാസ് കേട്ടപ്പോൾ മുത്തുവിന്‍റെ നിയന്ത്രണം ബാരിക്കേടുകൾ തകർത്തു പുറത്തേക്കൊഴുകി.

"നീയെന്നെ പഠിപ്പിക്കുന്നോ, നിന്‍റെ അച്ഛൻ അപ്പുക്കുട്ടനാണ് പണ്ട് ചെമ്പരത്തിപ്പൂവിന് പകരം കണ്ണ്കാണാതെ റോസാപ്പൂവിന് ചെയ്തത്. വെച്ചിട്ട് പോടീ "

മുത്തു ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും ഓച്ചിറ ബാബു ഏകദേശം ഫിറ്റായിക്കഴിഞ്ഞിരുന്നു. പണ്ടാരി സുരേഷ് താൻ വോട്ട് ബഹിഷ്കരിക്കുന്ന വിവരവും കലുങ്കിൻ ചോട്ടിലിരുന്ന് മഴക്കാറുള്ള ആകാശത്തേക്ക് നോക്കി പ്രഖ്യാപിച്ചു.

"അശോകനും, ആറുമുഖനും കള്ളന്മാരാണ്, അതിനാൽ ഞാൻ വോട്ട് ബഹിഷ്കരിക്കുന്നു".

"അശോകന്‍റെ ചാരായം മൂക്കറ്റം മോന്തിയിട്ട് വോട്ട് ചെയ്യാതിരിക്കുന്നത് ചെറ്റത്തരമാണ് സുരേഷേ", പന്ത് ബാലനിലെ രാഷ്ട്രിയക്കാരൻ ഉണർന്നു.

"അപ്പോൾ വോട്ട് ചെയ്യുവാൻ വേണ്ടിയാണോ, അശോകൻ ചാരായം വാങ്ങിത്തന്നത്, വോട്ട് വിലയ്ക്ക് വാങ്ങുന്നത് ക്രിമിനൽ കുറ്റമാണ്, അശോകന്‍റെ സ്ഥാനാർഥിത്വം വരെ അസാധുവാകുന്ന ഏർപ്പാടാണ് കേട്ടോ "

പണ്ടാരിസുരേഷ് തന്‍റെ നിലപാടിൽ ഉറച്ചുനിന്നതോടെ പിന്നീട് കലുങ്കിൻചുവട് സാക്ഷിയായത് മുത്തു വക ജനാധിപത്യത്തെ കുറിച്ചുള്ള സ്റ്റഡി ക്ലാസിനായിരുന്നു.

"ഈ ജനാധിപത്യ രാജ്യത്ത് പൗരന്‍റെ അവകാശമാണ് തന്റെ സമ്മതിദാനം രേഖപ്പെടുത്തുക എന്നത്, സുരേഷേ നീ ഇപ്പോൾ വോട്ട് ചെയ്യുന്നില്ല എന്ന് പറയുന്നത് അരാഷ്ട്രീയവാദമാണ്. അത് ഏറ്റവും വലിയ അപചയമാണ്"

മുത്തുവിന്‍റെ ജനാധിപത്യ ബോധവത്കരണ ക്ലാസ് തുടരുന്നതിനിടയിലാണ് കലുങ്കിൻ ചോട്ടിനെ അലങ്കരിച്ചു കൊണ്ട് ഓച്ചിറ ബാബു വക ഛർദി പുറത്തേക്ക് വമിച്ചത്.

"ആറുമുഖന്‍റെ 'അമ്പും വില്ലി'നുമുള്ള വോട്ടാണ് ദാ പുറത്തേക്കൊഴുകുന്നത് ", പന്ത് ബാലന്‍റെ വാക്കുകളിൽ ലക്ഷ്യം നിറവേറ്റിയ സന്തോഷം അലയടിച്ചിരുന്നു.

ഉച്ചക്ക് മൂന്ന് മണി കഴിഞ്ഞതോടെ ഓച്ചിറ ബാബുവിനെ വീട്ടിൽ കൊണ്ടുക്കിടത്തി, അതുവഴി പോയി വോട്ട് ചെയ്യുവാനായി ബാലൻ കലുങ്കിൻചോട്ടിൽ നിന്ന് മടങ്ങി, അപ്പോഴും മുത്തുവും പണ്ടാരി സുരേഷും കുപ്പിയിൽ ബാക്കിയായ ചാരായത്തിനെ കീഴ്പ്പെടുത്തുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.

വോട്ടിംഗ് സമയം അവസാനിക്കുവാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോഴാണ് മുത്തു വോട്ട് ചെയ്യുവാനായി കലുങ്കിൻ ചോട്ടിൽ നിന്ന് ബൂത്തിലേക്ക് പുറപ്പെട്ടത്, അതിനിടയിൽ പലതവണ ഊശാലയുടെയും, പന്ത്ബാലന്‍റെയും, ആറുമുഖന്‍റെയും, ഓമനക്കുട്ടന്‍റെയുമൊക്കെ ഫോൺകാൾ വോട്ട്ചെയ്യുവാൻ ഓർമ്മപ്പെടുത്തികൊണ്ട് മുത്തുവിനെ തേടിയെത്തിയിരുന്നു.

"വേഗം നടക്ക്, സമയം കഴിഞ്ഞാൽ അവര് വോട്ട് ചെയ്യാൻ സമ്മതിക്കില്ല"

പണ്ടാരി സുരേഷിന്‍റെ ഓർമ്മപ്പെടുത്തലിന് ചിരിയുടെ അകമ്പടിയോടെയാണ് മുത്തു മറുപടി നൽകിയത്.

"ഇന്ന് ഒരു മന്ത്രി നേരത്തേ വോട്ട് ചെയ്‌തെന്ന് പരാതി ഉയർന്നിരുന്നു, അപ്പോൾ ഈ പാവം മുത്തുവിന് അല്പം താമസിച്ചാലും വോട്ട് ചെയ്യാൻ പറ്റും"

മുത്തു തന്‍റെ വാച്ചിലെ സമയം ഏതാനും മിനിറ്റുകൾ പിന്നോട്ടാക്കി.

പോളിംഗ് സമയം അവസാനിച്ചു ഒരു മിനിറ്റ് കഴിഞ്ഞപ്പോഴാണ് മുത്തു പോളിംഗ് ബൂത്തിലെത്തുന്നത്. സമയപരിധിക്കുള്ളിലെ അവസാന വോട്ടറായി വോട്ട് ചെയ്തിറങ്ങുന്ന ഓച്ചിറ ബാബുവിനെ നോക്കി നിസ്സഹായതയോടെ നില്‍ക്കുന്ന പന്ത് ബാലനും, അശോകനും.

സമയം കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ തന്‍റെ വാച്ചിൽ സമയമാകുന്നതെയുള്ളൂവെന്ന അവകാശവാദം മുത്തു ഉന്നയിച്ചു.

അശോകൻ പാർട്ടിക്കാരും, ആറുമുഖൻ പാർട്ടിക്കാരും ഒരേപോലെ മുത്തു വോട്ട് ചെയ്യുന്നതിന് എതിർപ്പില്ല എന്ന് അറിയിച്ചു. ഇരുകൂട്ടരും ഒരേപോലെ പ്രതീക്ഷിക്കുന്നതാണല്ലോ മുത്തുവിന്‍റെ വോട്ട്. അഭിപ്രായ സമന്വയത്തിന്‍റെ പേരിൽ മുത്തുവിനെ വോട്ട് ചെയ്യുവാൻ ഉദ്യോഗസ്ഥർ അനുവദിച്ചു. അശോകനും ആറുമുഖനും ഒരേപോലെ പ്രതീക്ഷിക്കുന്ന ആ വോട്ട് ചെയ്തു മുത്തു പോളിംഗ് ബൂത്തിൽ നിന്നിറങ്ങുമ്പോഴേക്കും ബൂത്തിന് മുന്നിൽ സാമാന്യം വലിയൊരു ബഹളം തുടങ്ങിയിരുന്നു.

സമയം കഴിഞ്ഞിട്ടും മുത്തുവിനെ വോട്ട് ചെയ്യുവാൻ സമ്മതിച്ചു എന്ന പേരിലാണ് തർക്കം. തർക്കത്തിന് തുടക്കമിട്ടതാകട്ടെ ഓച്ചിറ ബാബുവും. തർക്കത്തിനിടയിൽ പണ്ടാരി സുരേഷിന്‍റെ ഫോണിൽ നിന്ന് പുറപ്പെട്ടൊരു കോൾ സംഭവ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയും എത്തിച്ചു.

കൊക്കാട്ടുതറ സ്കൂളിലെ ബൂത്തിൽ സമയം കഴിഞ്ഞ് വോട്ട് ചെയ്തുവെന്ന വാർത്ത മുത്തുവിന്‍റെ പേരും പടവുമടക്കം നിമിഷങ്ങൾക്കകം ചാനലുകളിലാകെ നിറഞ്ഞു.

"ഇന്ന് രാവിലെ ഏതോ ഒരു മന്ത്രി നേരുത്തേ വോട്ട് ചെയ്തു എന്നൊരു വാർത്ത കേട്ടപ്പോൾ എന്‍റെ മനസ്സിൽ തോന്നിയ ആഗ്രഹമാണ് താമസിച്ച് വോട്ട് ചെയ്യുകയെന്നത്. ആ വിവരം കൃത്യമായി പത്രക്കാരെ അറിയിച്ച പ്രിയ സുഹൃത്ത് പണ്ടാരി സുരേഷ്, താമസിച്ചുള്ള വോട്ടിനെ ചലഞ്ച് ചെയ്ത പ്രിയ സുഹൃത്ത് ഓച്ചിറ ബാബു എന്നിവരോട് എന്‍റെ ആഗ്രഹം സഫലീകരിക്കുവാൻ കൂടെ നിന്നതിന് നന്ദി അറിയിക്കുന്നു".

ബൂത്തിന് മുന്നിലെ തർക്കത്തിനിടയിലും ഏതോ ഒരു പ്രാദേശിക ചാനലിന് മുന്നിൽ മുത്തു മനസ്സ് തുറക്കുകയായിരുന്നു.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ