പുറത്തെ മീനമാസ ചൂടിനേക്കാൾ തീക്ഷ്ണമായിരുന്നു വീട്ടിനകത്തെ മിന്നൽ പോലെ പാഞ്ഞ് വരുന്ന കലഹച്ചൂട്! പരസ്പരം പോർ വിളിക്കുന്ന മകനും മരുമകളും. ഇടയ്ക്ക് ലഹളയുടെ മേളം കൂട്ടാൻ താഴെ എറിഞ്ഞുടയ്ക്കുന്ന പാത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും...
എൽ കെ ജിക്കാരനായ കൊച്ചുമകൻ ആകട്ടെ ഒന്നിലും ശ്രദ്ധിക്കാതെ കമ്പ്യൂട്ടറിൽ ഏതോ ഗെയിമിൽ കണ്ണും നട്ടിരിപ്പുണ്ട്. ഒന്നും മിണ്ടാതെ ഇരുന്നാലും എന്തെങ്കിലും ഒക്കെ കൊള്ളി വാക്കുകൾ തനിക്ക് നേരെയും തൊടുത്ത് വിടാറുണ്ട് മരുമകൾ.
പക്ഷെ ഒന്നും മിണ്ടാതെ ഇരിക്കുന്ന തന്നെ കാണുന്നതാണ് അവളുടെ ദേഷ്യം ഇരട്ടിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും രണ്ട് കയ്യും കൂട്ടിയടിക്കുമ്പോഴാണല്ലോ ശബ്ദം ഉണ്ടാകുന്നത്...
ആകെ രണ്ട് ആണും ഒരു പെണ്ണും ആണുള്ളത്. മകളുടെ കല്യാണം മുൻപേ നടത്തി. അവൾ നല്ല നിലയിൽ വിദേശത്ത് ഭർത്താവിനോടും മക്കളോടുമൊപ്പം കഴിയുന്നു. വീട്ടിലെ അസ്വസ്ഥത കൂടുമ്പോൾ അവൾ അമ്മയെ കൂട്ടിക്കൊണ്ട് പോകും. കുറച്ച് നാൾ അവളുടെ സ്നേഹ ശുശ്രൂഷയിൽ കഴിയുമ്പോഴും മനസ്സ് ഇങ്ങ് വീട്ടിൽ ആയിരിക്കും.
പക്ഷെ, അവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധിയില്ലേ? ഉള്ളതും കൊണ്ട് സ്വന്തം വീട്ടിൽ മരിക്കുന്നത് വരെ കഴിയണമെന്നാണ് തന്റെ ആഗ്രഹം.
രണ്ട് ആണ്മക്കൾക്കും വിവാഹവും കഴിഞ്ഞ് ഓരോ കുട്ടികളുമായി. പക്ഷെ കർമ്മ ദോഷം! അല്ലാതെന്ത് പറയാൻ? എൻജിനീയറിങ് കഴിഞ്ഞുവെങ്കിലും അവന് കിട്ടിയ ജോലി ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റ് ആയിട്ടായിരുന്നു. അവൻ സ്വയം വിവാഹ പങ്കാളിയെ തിരഞ്ഞെടുത്തതാണ്. കൂടെ പഠിച്ച അന്യ ജാതിക്കാരിയായ പെൺകുട്ടിയെ ഇഷ്ടമാണെന്ന് വീട്ടിൽ വന്ന് പറഞ്ഞപ്പോൾ അച്ഛൻ അന്ന് ഭയങ്കര ബഹളം കൂട്ടി. അവൾ ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ആണെന്ന് മാത്രമാണ് അവൻ പറഞ്ഞത്.
ആരും സമ്മതിച്ചില്ലെങ്കിലും പക്ഷെ ഇതല്ലാതെ മറ്റൊരു വിവാഹം തനിക്ക് വേണ്ടെന്ന് അവനും തീർച്ചപ്പെടുത്തി. രണ്ടാളിന്റെയും ഇടയിൽ പെട്ട് താനും നിസ്സഹായയായി. പക്ഷെ അവൻ ആഗ്രഹിച്ചത് പോലെ പെൺവീട്ടുകാർ അവനെയും കൊണ്ട് അവരുടെ നാട്ടിൽ ഒരമ്പലത്തിൽ വെച്ച് വിവാഹവും നടത്തി. തങ്ങൾ ആരും കൂടെയില്ലാതെ തന്നെ! അവർ ഒറ്റക്ക് ഒരു വാടക വീട്ടിൽ താമസം തുടങ്ങിയത് കുറെ നാളുകൾ കഴിഞ്ഞായിരുന്നു അറിയുന്നത് തന്നെ.
പിന്നെ അവൾ ഗർഭിണി ആണെന്ന് ആരോ പറഞ്ഞപ്പോൾ അച്ഛനെ പറഞ്ഞ് വിട്ട് താൻ അവരെ വീട്ടിലേക്ക് വിളിപ്പിച്ചു. അവൾ ജോലിക്ക് പോയി തുടങ്ങിയിരുന്നു. കുട്ടി ആയി കഴിഞ്ഞാണ് അച്ഛൻ ടൈഫോയിഡ് വന്ന് മരിക്കുന്നത്.
ഇന്ന് അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. മകൻ ഇടയ്ക്ക് തുടങ്ങിയ ഒരു ബിസിനസ് ആവശ്യത്തിന് വേണ്ടി മരുമകളുടെ ആഭരണങ്ങൾ പണയം വെച്ചിരുന്നു. കുറെ വർഷങ്ങൾ വലിയ കുഴപ്പം ഇല്ലാതെ പോയ ബിസിനസ് ഇടയ്ക്ക് എപ്പോഴോ നഷ്ടത്തിലാവുകയും കൂടെ നിന്നവരെ പറഞ്ഞ് വിടേണ്ടി വരികയും ചെയ്തു.
അതോടെ പണയം വെച്ച സ്വർണ്ണത്തിന് വേണ്ടി മകനൊരു സ്വൈര്യവും അവൾ കൊടുക്കാതെയായി.
എന്തെങ്കിലും ഇടയ്ക്ക് മകന് വേണ്ടി വക്കാലത്ത് പറയാൻ ചെന്നാൽ, എങ്കിൽ നിങ്ങളുടെ ബാങ്കിൽ കിടക്കുന്ന പൈസയെടുത്ത് മകന് കൊടുക്കെന്ന് പറഞ്ഞ് തന്റെ വായടപ്പിക്കും.
മൂന്ന് പേരുടെയും മക്കളുടെ പേരിൽ നല്ലൊരു തുക ബാങ്കിൽ ഇട്ട് കൊടുത്തിട്ട് അധികം നാളായിട്ടില്ല.
"അമ്മയല്ല നിന്റെ സ്വർണ്ണം പണയം വെച്ചത്. നിന്റെ കടം ഞാൻ എങ്ങനെ എങ്കിലും വീട്ടും, നോക്കിക്കോ..."
അതിന് മറുപടി അവളുടെ പരിഹാസത്തിൽ പൊതിഞ്ഞൊരു ചിരി ആയിരുന്നു. ഈ വീട്ടിൽ ഇനി എന്നാണാവോ ഇത്തിരി മനസ്സമാധാനം കിട്ടുന്നത്. മുറിയിലെ കട്ടിലിൽ ഇരുന്നും കിടന്നും അവർ മടുത്ത് തുടങ്ങിയിരുന്നു. മുഖത്ത് നോക്കിപ്പോയാൽ സ്വർണ്ണം സ്വർണ്ണം എന്ന വാക്ക് മാത്രമേ അവളുടെ നാവിൽ മുഴങ്ങാറുള്ളൂ.
ഇനിയതെങ്ങനെ എങ്കിലും എടുത്ത് കൊടുത്തില്ലെങ്കിൽ മകനൊരിക്കലും അവൾ സ്വസ്ഥത കൊടുക്കില്ല. തനിക്കിനി എന്തിനാണ് ഈ പൈസയൊക്കെ? മകളറിഞ്ഞാൽ തന്നെ വഴക്ക് പറയും, തീർച്ചയാണ്.
"അമ്മയ്ക്ക് ഒരത്യാവശ്യം വന്നാൽ ആരുടെയും മുൻപിൽ കൈ നീട്ടണ്ടല്ലോ? ബാങ്കിൽ അച്ഛന് കിട്ടുന്ന പെൻഷൻ അത്രക്ക് അധിക പറ്റൊന്നുമല്ല." എന്നേ അവൾ പറയുകയുള്ളൂ.
കൊച്ചുമകൻ ഇടയ്ക്ക് തല തിരിച്ച് അമ്മൂമ്മയെ ഒന്ന് നോക്കി.
"അമ്മൂമ്മ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ. ദേ ഇതാണ് വൃദ്ധസദനം. ഇതെന്തിനാണെന്ന് അറിയാമോ? ആർക്കും വേണ്ടാത്തവരെ കൊണ്ടാക്കുന്ന പ്ലേസ് ആണ്."
അവർ അവനെ തുറിച്ച് നോക്കി. ഇതെങ്ങനെ ഇവന് അറിയാം?
"മോനോട് ആരാ ഇതൊക്കെ പറഞ്ഞ് തന്നത്?"
"അതോ കഴിഞ്ഞ ഒരു ദിവസം പപ്പയുമായി മമ്മ വഴക്കുണ്ടാക്കിയപ്പോൾ പറയുന്നത് കേട്ടതാ ഞാൻ. നിങ്ങടെ അമ്മയെ കൊണ്ട് പോയി വൃദ്ധ സദനത്തിലാക്കാനെന്ന്...അമ്മൂമ്മയ്‌ക്ക് ഇഷ്ടമാണോ അവിടെ പോകാൻ?"
നിഷ്കളങ്കമായ മുഖത്തോടെ തന്നെ നോക്കിയിരിക്കുന്ന കൊച്ചുമോനോട് പറയേണ്ട മറുപടി ആലോചിക്കുമ്പോഴേക്കും അവൻ ചാടിക്കയറി പറഞ്ഞു.
"അല്ലെങ്കിലും അമ്മൂമ്മയെ ഞാനെങ്ങോട്ടും വിടില്ല. ഞാൻ വലുതാകട്ടെ, അവിടെ മമ്മയെ കൊണ്ട് പോയി ആക്കുന്നുണ്ട്."
"അയ്യോ! എന്റെ പൊന്നുമോൻ അങ്ങനെയൊന്നും മനസ്സിൽ പോലും വിചാരിക്കല്ലേ. നിന്റെ അമ്മയ്ക്ക് ദേഷ്യം കേറുമ്പോഴോരൊന്നും പറയുന്നത് മക്കള് ശ്രദ്ധിക്കാൻ പോകല്ലേ..."
"എങ്കിൽ അമ്മൂമ്മ എനിക്ക് പ്രോമിസ് ചെയ്യ്, ഇവിടുന്ന് എങ്ങോട്ടും പോകില്ലെന്ന്…”
കുഞ്ഞ് കയ്യും നീട്ടി തന്റെ മുന്നിൽ നിൽക്കുന്ന കുരുന്നിനുള്ള സ്നേഹം പോലും തന്റെ മരുമകൾക്ക് ഇല്ലാതെ പോയല്ലോ എന്നോർത്ത് ആ വൃദ്ധ മനസ്സ് തേങ്ങി. അവനെ വാരിയെടുത്ത് മടിയിലിരുത്തി ആ കുഞ്ഞിക്കവിളിലും കയ്യിലും നിറയെ മുത്തം കൊടുത്തു...കണ്ണീരോടെ!
"ഇനി അമ്മൂമ്മയ്ക്ക് പോകാൻ ഒരിടമേയുള്ളൂ കുട്ടാ...ആര് വിളിച്ചാലും ഇനിയവിടേക്ക് മാത്രമേ ഈ അമ്മൂമ്മ പോകത്തുള്ളൂ. എന്റെ പൊന്നുമോനാണെ സത്യം!”
അമ്മൂമ്മയുടെ കണ്ണുനീർ തന്റെ മുഖത്ത് പെരണ്ടുവെങ്കിലും മമ്മ അന്ന് പറഞ്ഞ സ്ഥലത്ത് അമ്മൂമ്മ പോകത്തില്ലെന്ന് കേട്ട സന്തോഷത്തിൽ അവൻ അമ്മൂമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
അപ്പോൾ വാതിൽപ്പാളിക്ക് മറവിലായി വിങ്ങുന്ന ഹൃദയത്തോടെ മകൻ, കണ്ണുനീർ തിളക്കത്തോടെ ആ രംഗത്തിന് സാക്ഷിയായി നിന്നിരുന്നു!