"ദേ ഒന്നിവിടെ വന്നേ, മോനിതാ ഛർദ്ദിക്കുന്നു".ഭാര്യയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ ഉണർത്തിയത്.ഉറക്കത്തിൽ നിന്നല്ല കേട്ടോ.ഫേസ്ബുക്കിലെ ഒരു അന്താരാഷ്ട്ര ചർച്ചക്കുള്ള വിഷയത്തെ
ആവാഹിക്കാനുള്ള ധ്യാനത്തിലായിരുന്നു ഞാൻ.ധ്യാനത്തിൽ നിന്നുണർന്ന ഞാൻ കണ്ടത് മകന്റെ ദയനീയമായ മുഖമാണ്.രാവിലത്തെ ക്ഷേത്ര ദർശനത്തിനിടയിൽ കഴിച്ച മസാലദോശ പണി കൊടുത്തതാണെന്നു തോന്നുന്നു.കുറച്ച് കഞ്ഞിവെള്ളം കൊടുക്കാൻ പറഞ്ഞ് ഞാൻ വീണ്ടും ഫേസ്ബുക്കിൽ കേറാൻ ഒരു ശ്രമം നടത്തിയെങ്കിലും ഭാര്യയുടെ ഫേസ് കണ്ടപ്പോൾ വേണ്ടെന്നു വെച്ചു.എന്തിനാ നമ്മളായിട്ട് വെറുതേ...ഒരു പത്തു മിനിറ്റ്, മോൻ വീണ്ടും തുടങ്ങി.അടുത്ത വൈദ്യനിരൂപണത്തിനുള്ള സമയം തരാതെ ഭാര്യ ഡ്രസ് മാറാനുള്ള ഓർഡറിട്ടു.
അങ്ങനെ കയ്യിൽ കുറച്ച് പ്ലാസ്റ്റിക് കവറും കരുതി മോനെയും കൊണ്ട് ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലെത്തി.കുട്ടികളുടെ വിദഗ്ധന്റെ പരിശോധനക്കിടയിൽ ഞാൻ മൂന്നു നാലു തവണ മസാലദോശക്കഥ അവതരിപ്പിച്ചെങ്കിലും ഡോക്ടർ എന്നെ തീരെ അവഗണിച്ചു. ചിരിച്ചാൽ മരുന്നുകളുടെ ഫലം കുറയുമെന്നുള്ളതുകൊണ്ടാണോ എന്തോ വളരെ ഗൗരവത്തോടെ എന്തൊക്കെയോ കുറെ മരുന്നുകളെഴുതി.വീട്ടിലെത്തി മരുന്നുകൾ തുടങ്ങിയെങ്കിലും ഉച്ചയോടെ പൂർവ്വാധികം ശക്തിയോടെ കഴിച്ച മരുന്നുകളടക്കം പുറത്ത്. വീണ്ടും ഡോക്ടറുടെ അടുത്ത്. ഇത്തവണ ഡോക്ടറുടെ വീട്ടിൽ പോയാണ് കണ്ടത്.ആശുപത്രിയിൽ കണ്ടതിൽ നിന്ന് വിഭിന്നമായി പുഞ്ചിരിയും സരസതയും വഴിഞ്ഞൊഴുകുന്ന ഒരു മുഖമാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്.ഇത്തവണ എന്റെ മസാലദോശക്കഥ ഡോക്ടർ ശ്രദ്ധയോടെ കേട്ടിരുന്നു."മോന്റെ ഉവ്വാവു അങ്കിൾ ഇപ്പൊ മാറ്റിത്തരാം കേട്ടോ"എന്ന സാന്ത്വനം മോനെക്കാളേറെ ആശ്വാസമേകിയത് അവന്റെ അമ്മക്കാണ്. ഫുഡ് ഇൻഫെക്ഷനുള്ള ഗുളിക കൂടെ എഴുതിചേർത്ത് മുന്നൂറ് രൂപ ദക്ഷിണയും വാങ്ങി അദ്ദേഹം ഞങ്ങളെ യാത്രയാക്കി.പക്ഷെ വൈകുന്നേരവും ഫലം തഥൈവ.വീണ്ടും അദ്ദേഹത്തെ വിളിച്ചപ്പോൾ അഡ്മിറ്റ് ആക്കാനുള്ള ഉപദേശമാണ് ലഭിച്ചത്.ആശുപത്രിയിൽ എത്തിയ ഉടനെ തന്നെ പതിവുപോലെ ടെസ്റ്റുകൾക്കുള്ള കുറിപ്പടികൾ ലഭിച്ചു തുടങ്ങി.എല്ലാം കഴിഞ്ഞു ഒരു കുപ്പി ഗ്ലുക്കോസും കേറ്റി രാവിലെ തന്നെ ഡിസ്ചാർജായി. ദക്ഷിണ രണ്ടായിരത്തി അഞ്ഞൂറ്. ഉച്ചവരെ ഓകെ. വൈകുന്നേരത്തോടെ മട്ടുമാറിത്തുടങ്ങി.വിദഗ്ധനെ അറിയിച്ചപ്പോൾ അഞ്ചുദിവസത്തേക്കുള്ള അഡ്മിഷൻ നിർദ്ദേശം.ഒടുക്കം വലിയ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു.യാത്രയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ അയൽക്കാരുടെ നിർദ്ദേശപ്രകാരമാണ് തൊട്ടടുത്തുള്ള വൃദ്ധനായ ഒരു എം ബി ബി എസ് ഡോക്ടറുടെ അടുത്തെത്തിയത്.ഞങ്ങൾ ചെല്ലുമ്പോൾ രോഗികളാരുമില്ലാതെ ഒരു പുസ്തകവും വായിച്ചിരിക്കുകയായിരുന്നു ഡോക്ടർ.വിശദമായ ഒരു പരിശോധനക്ക് ശേഷം അദ്ദേഹം ഒരു ഗുളിക തന്നിട്ട് പറഞ്ഞു."ഛർദ്ദിയുള്ള ഒരു കുട്ടി എന്തു ഗുളിക വെള്ളം കൂട്ടി കഴിച്ചാലും സ്വാഭാവികമായും അതും ഛർദ്ദിക്കും.ഈ ഗുളികയുടെ പകുതി നാവിനടിയിൽ വെച്ച് രണ്ടു മണിക്കൂറിന് ശേഷം കഞ്ഞിവെള്ളം മാത്രം കൊടുക്കുക.വീണ്ടും ആവശ്യമുണ്ടെങ്കിൽ മാത്രം രണ്ടാം പകുതി ഗുളിക കൊടുക്കാം."എന്തോ ആ വാക്കുകളിലുള്ള ആത്മവിശ്വാസം ഞങ്ങളെ തിരിച്ച് വീട്ടിലെത്തിച്ചു.അൻപത് രൂപ ഫീസും അഞ്ച് രൂപ ഗുളികക്കും.ആ ഗുളികയുടെ രണ്ടാം പകുതി ഇന്നും വീട്ടിലിരിക്കുന്നു.