വളരെ ലാഘവത്തോടെ സതീഷ് തൻ്റെ ആയുധം മൂർച്ചവരുത്തി. കഠാര മൂർച്ചകൂട്ടുന്നതൊക്കെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള പാർവതി തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി നിന്നു.
"നീ നോക്കിയും കണ്ടുമൊക്കെ വേണം ഇതൊക്കെ കൈകാര്യം ചെയ്യാൻ. ആരാണ് ശത്രുപക്ഷത്തെന്ന് ഇപ്പഴും വ്യക്തമല്ല." ചെറിയച്ഛൻ ഓർമിപ്പിച്ചു.
പാർട്ടി പ്രവർത്തനങ്ങളൊക്കെയും ഇട്ടെറിഞ്ഞ് അന്യദേശത്തു കുടിയേറിപ്പാർപ്പായിട്ടു കാലമിത്ര കഴിഞ്ഞിട്ടും ആർക്കായിരിക്കും ഇത്രമേൽ വൈരാഗ്യ ബുദ്ധി!! അയാളുടെ ചിന്തകൾക്ക് തീപിടിച്ചു.
ഉലാത്തലിനു വേഗത കൂടിയതിനാലാണോ അതോ ചൂണ്ടുവിരലിനും നടുവിരലിനുമിടയിൽ ഞെരിഞ്ഞമർന്ന സിഗരറ്റു കുറ്റികളുടെ ശാപത്താലാണോ എന്നറിയില്ല സതീഷ് വളല്ലാതെ വിയർത്തു തുടങ്ങി.
“കാത്തിരിപ്പിന്റെ തീവ്രത ഇത്രയും ഭീകരമാണല്ലേ?” പാർവതിയുടെ കളിയാക്കൽ നിറഞ്ഞ കമന്റ് സതീഷിന്റെ നാഡീഞരമ്പുകളെ ഒട്ടും അയച്ചില്ല എന്നുമാത്രമല്ല ആസ്ഥാനത്തായിപ്പോയി എന്ന് പുരികക്കൊടികളുടെ പൊടുന്നനെയുള്ള ഉയർച്ച ഓർമിപ്പിച്ചു. ഒന്നോ രണ്ടോ ആഴ്ച അങ്ങനെ കടന്നു പോയി.
എന്തായാലും തൻ്റെ ഒരുക്കങ്ങൾ അവൻ മിക്കവാറും ഒളിഞ്ഞു നിന്നു അറിഞ്ഞിട്ടുണ്ടാകാം അല്ലെങ്കിൽ വീണ്ടും എത്തേണ്ട സമയം അതിക്രമിച്ചു. ഒന്നുകിൽ തോന്നൽ അല്ലെങ്കിൽ അവനൊരു ഭീരു - അയാൾ മനസ്സിൽ ഉറപ്പിച്ചു.
വാവിന് മുൻപ് മഴ പെയ്യും എന്നാണ് വെയ്പ്പ് അതാണിത്ര കലുഷിതമായ വരണ്ട ആവികാറ്റ്. ഒരു കാലാവസ്ഥാപ്രവാചകൻ കൂടിയായി അയാൾ സ്വയം കല്പിച്ചു.
ബാൽക്കണിയിൽ അങ്ങനെ ഉലാത്തുമ്പോൾ അതാ അരണ്ട വെളിച്ചത്തിൽ ഇരുണ്ട കൊലുന്നനെ ഒരു രൂപം മതിലുചാടി തൻ്റെ വീടിന്റെ പിൻവാതിൽ ലക്ഷ്യമാക്കി ഉപ്പൂറ്റി നിലത്തു മുട്ടിക്കാതെ അടുക്കുന്നു.
പഴയ ശാരീരികപ്രതാപത്തിനു ഒട്ടും കോട്ടം വന്നിട്ടില്ല എന്ന് തന്നെതന്നെ ബോദ്ധ്യമാക്കുന്ന രംഗങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. ഒരു പിടിവലിക്കു പോലുമുള്ള സാധ്യത അപ്പാടെ ഇല്ലാതാക്കി ബലിഷ്ഠമായ അയാളുടെ കരങ്ങൾ ആ ശുഷ്കമായ പ്രാകൃതരൂപിയെ വരിഞ്ഞു മുറുക്കി. കയ്യിൽ കരുതിയ കയറുകൾ അവന്റെ കൈകളുകളെ കൂട്ടി ബന്ധിപ്പിച്ചു.
മുറ്റത്തെ തൈമാവിന് മാങ്ങാക്കൂട്ടം മാത്രമല്ല ഒരു ചോരനെയും താങ്ങി നിർത്താനുള്ള ശേഷിയുണ്ടെന്നു അവളും തെളിയിച്ചു. അപ്പോഴേക്കും ചുറ്റുവട്ടക്കാർ ഓടിയെത്തിയിരുന്നു. സതീഷിനു ആ മൃതപ്രാണനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഓടിക്കൂടിയ അയൽക്കാരിൽനിന്നും അയാൾ മനസിലാക്കി - അവൻ വെൺപാലവീട്ടിലെ ഇളയ സന്തതിയാണ്, ശ്രീകുമാറിന്റെ മകൻ.
കഞ്ചാവും ലഹരി വസ്തുക്കളും ഒക്കെ നാട്ടിലെ കുട്ടികളിൽ ഇത്രത്തോളം പടർന്നു പിടിച്ചെന്ന് വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം അവധിക്കു വരുന്ന അയാൾ ഊഹിക്കുന്നതിലും അപ്പുറമാണെന്നു തിരിച്ചറിഞ്ഞു.
താനും വെന്പാല ശ്രീകുമാറെന്ന അവന്റെ അച്ഛനും ചേർന്ന് ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ പങ്കെടുത്ത കാലം ഒരു നിമിഷം അയാൾ ഓർത്തുപോയി.
ലഹരി മാഫിയയുടെ കയ്യിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട തൻ്റെകൂട്ടുകാരന് ആത്മ ശാന്തി നേർന്നുകൊണ്ട് അയാൾ അവനെയും കൂട്ടി പുറപ്പെട്ടു…. മുക്തി കേന്ദ്രത്തിന്റെ താവളത്തിലേക്ക്, അവനു മാത്രമല്ല തനിക്കു പ്രവാസം സമ്മാനിച്ച ദുശീലത്തിനും പൂർണ്ണവിരാമമിടാൻ….