അധ്യാപകരുടേയും, രക്ഷിതാക്കളുടേയും, പൂർവ്വവിദ്യാർഥികളുടെയും, സാന്നിദ്ധ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിശിഷ്ടാതിഥികൾ പലരും പ്രസംഗിച്ചു.
'ജീവിതവിജയം നേടാന്‍ ആത്മവിശ്വാസവും, കഠിനാദ്ധ്വാനവും, ലക്ഷ്യബോധവും വേണമെന്നും, പ്രതിസന്ധികളെ തരണംചെയ്തുകൊണ്ടുള്ള കുട്ടികളുടെ വിജയം പ്രശംസനീയമാണെന്നും, നിങ്ങളോരോരുത്തരും മാണിക്യക്കല്ലുകളാണെന്നും, വെല്ലുവിളികളെ അതിജീവിച്ചവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കിയതെന്നും ' ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
തുടർന്ന് ഫുൾ എ പ്ലസ് നേടിയ സ്ക്കൂളിൻ്റെ അഭിമാനമായ ആതിരകൃഷ്ണൻ നന്ദിപ്രസംഗത്തിനായ് വേദിയിലെത്തി.
"സ്നേഹബഹുമാനപ്പെട്ട ഗുരുജനങ്ങളേ.. പ്രിയ മാതാപിതാക്കളേ.. കൂട്ടുകാരേ..നിങ്ങളുടെ ഈ ആദരവിനും, സ്നേഹത്തിനും ഹൃദയംനിറഞ്ഞനന്ദി.
എനിക്കുലഭിച്ച ഈ അംഗീകാരം എനിക്കേറെ പ്രിയപ്പെട്ടൊരാൾക്കു സമർപ്പിക്കുകയാണ്. ഇന്നീവേദിയിൽ നിൽക്കുവാനും, ധൈര്യത്തോടെ രണ്ടുവാക്കുപറയുവാനും, പഠനത്തിൽ ഉന്നതവിജയംനേടുവാനും എന്നെ പ്രാപ്തയാക്കിയ ടീച്ചറോടുള്ള നന്ദി വാക്കുകൾക്കൊണ്ട് തീർക്കുവാൻ പറ്റുന്നതല്ല. നിങ്ങളേവരുടേയും അനുവാദത്തോടെ ഞാനെൻ്റെ ഹൃദയം നിങ്ങളുടെ മുൻപിൽ തുറക്കുകയാണ്."
പ്രൗഡഗംഭീരമായ സദസ്സിനു മുന്നിൽനിന്ന് ആതിര പറഞ്ഞുതുടങ്ങി.
"എഴാം ക്ലാസിൽവച്ചാണ് ഞാൻ തുളസി ടീച്ചറിനെ പരിചയപ്പെടുന്നത്. ആരോടുമധികം സംസാരിക്കാത്ത, തന്നിലേയ്ക്കു തന്നെ ഒതുങ്ങിയിരുന്ന സ്വഭാവക്കാരിയായിരുന്നു ഞാൻ. പഠിക്കാനത്ര മിടുക്കിയൊന്നുമല്ലെങ്കിലും എല്ലാ വിഷയത്തിനും ജയിക്കുമായിരുന്നു. എൻ്റെ സഹോദരങ്ങൾരണ്ടാളും നന്നായിപഠിക്കുമായിരുന്നതിനാൽവീട്ടിൽനിന്നും, സ്ക്കൂളിൽനിന്നും 'അവരെക്കണ്ടുപഠിക്ക് ' എന്നവാക്കുകൾ നിരന്തരം ഒരു കൂരമ്പുപോലെ എൻ്റെഹൃദയത്തിൽ പതിച്ചു കൊണ്ടേയിരുന്നു. എനിക്ക് സഹോദരങ്ങളുടത്ര ബുദ്ധിയോ, സൗന്ദര്യമോയില്ലെന്നചിന്ത എന്നുമെന്നെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാനെനിക്ക് കഴിഞ്ഞിരുന്നില്ല. ചിത്രരചനയിലുള്ള എൻ്റെ താൽപ്പര്യമാകും ടീച്ചറെന്നെ നിരീക്ഷിക്കുവാൻ നിമിത്തമായത്. ആരോരുമറിയാതെ ഹൃദയത്തിൽസൂക്ഷിച്ച എൻ്റെസങ്കടങ്ങളൊക്കെയും ഒരു ചിത്രകലാഅധ്യാപികയായ ടീച്ചർ മനസിലാക്കുകയും, അത്തരം ചിന്തകളിൽനിന്നുമെന്ന മോചിപ്പിക്കുകയും, ആത്മവിശ്വാസവും, ലക്ഷ്യബോധവും ഉള്ളിൽനിറച്ച് കഠിനാദ്ധ്വാനംചെയ്ത് വിജയം നേടുവാനെന്നെ സഹായിക്കുകയും ചെയ്തു. എന്നെയൊരു മാണിക്യക്കല്ലായി രൂപപ്പെടുത്തിയ എൻ്റെ ടീച്ചർക്ക് എനിക്കുകിട്ടിയ അംഗീകാരം ഞാനിവിടെ സമർപ്പിക്കുകയാണ്. എനിക്കുമാത്രമല്ല, എന്നെപ്പോലെ ആത്മവിശ്വാസമില്ലാത്ത അനേകംകുട്ടികളെ ടീച്ചർ കണ്ടെത്തുകയും, അവരെ മുഖ്യധാരയിലേയ്ക്ക് നയിക്കുകയും ചെയ്തതിൻ്റെ തെളിവാണ് ഈ സ്ക്കൂളിൽ ഇത്രയധികം വിജയശതമാനം വർദ്ധിക്കുവാനുള്ള കാരണം. ഒരു ചിത്രകലാ അധ്യാപികയ്ക്ക് കുട്ടികളുടെ മനസറിയാനെങ്ങനെ സാധിക്കുന്നെന്ന് പലപ്പോഴും ഞാൻ ടീച്ചറോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഹൃദ്യമായൊരു പുഞ്ചിരിയായിരുന്നു മറുപടി."
ആതിര കൃഷ്ണൻ പ്രസംഗം സുദീർഘമായി തുടരുമ്പോഴും, അവളുടെകണ്ണുകൾ കാണികൾക്കിടയിൽ പിൻനിരയിലിരിക്കുന്ന തുളസിടീച്ചറുടെ മുഖത്തായിരുന്നു. ഇടയ്ക്കിടെ ടീച്ചർ മിഴിതുടയ്ക്കുന്നതവളുടെ ശ്രദ്ധയിൽപ്പെട്ടു.
അരുമശിഷ്യയുടെ നന്ദിവാക്കുകൾ ആഹ്ളാദപ്പൂമാരിയായി ചൊരിയുമ്പോഴും, ടീച്ചറിൻ്റെ മനസ്സിന്റെ ഉള്ളറകളിൽനിന്ന് ബാല്യകാലത്തിലെ മനക്ഷതങ്ങൾ നോവായി, പെരുമഴയായ് പെയ്തിറങ്ങിക്കൊണ്ടിരുന്നു. ഓർമ്മകൾ അവരെ ബാല്യകാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
"നിന്നെ ഞങ്ങൾക്ക് മലവെള്ളം ഒഴുകിവന്നപ്പോൾ കിട്ടിയതാണ്.'' വീട്ടിലെല്ലാവരും പറഞ്ഞിരുന്നത് വെറും നേരമ്പോക്കാണെന്ന് അറിയാമായിരുന്നുവെങ്കിലും, ഹൃദയംനുറുങ്ങുന്ന വേദനകളാണ് എനിക്കു സമ്മാനിച്ചിരുന്നത്. ആ വാക്കുകൾ പലപ്പോഴുമെന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.കാരണമെൻ്റെ രൂപംതന്നെ! അനിയത്തിമാരും, അനിയനുമൊക്കെ കാഴ്ചയിൽ വളരെ സൗന്ദര്യമുള്ളവരായിരുന്നു.
അയൽക്കാരോ, ബന്ധുക്കളോ വന്നാലുടൻ ഒരു ചോദ്യമുണ്ട്.
'ഇവളീ വീട്ടിലെ കുട്ടിയാണോ?''
അതു കേൾക്കുമ്പോഴെൻ്റെ സങ്കടം ഇരട്ടിയാവും. ഹൃദയത്തിലെ ദു:ഖസാഗരം അണപൊട്ടി തൻ്റെകണ്ണുകൾ നിറഞ്ഞുകവിയും. അപ്പോഴേയ്ക്കും എത്തുകയായി അടുത്ത കമൻ്റ്.
"ഇവളൊരു കരച്ചിലുകാരിയാണെന്ന് തോന്നുന്നല്ലോ?"
"ചേച്ചിയെ എല്ലാവരും കരഞ്ഞൂസെന്നും കടിഞ്ഞൂൽപ്പൊട്ടീന്നുമാ വിളിക്കുന്നത്." അനിയത്തിയുടെ വാക്കുകൾ കേൾക്കുമ്പോഴേയ്ക്കും എല്ലാവരുംകൂടി പൊട്ടിച്ചിരിയ്ക്കും. അവർക്കു നടുവിൽ പറഞ്ഞറിയിക്കാനാവാത്ത നൊമ്പരമോടെ, എന്നെയാർക്കുമിഷ്ടമില്ലെന്ന ചിന്തയോടെ തലയുംതാഴ്ത്തി
പതിയെ പിൻവാങ്ങും. പിന്നെയാരുംകാണാതെ ഏതേലുംമരച്ചുവട്ടിലോ, പുഴയോരത്തെ പാറക്കെട്ടിലോ പോയിരുന്ന് തൻ്റെ ദുഃഖമെല്ലാം കരഞ്ഞു തീർക്കും.
കുട്ടിക്കാലത്ത് ഏറ്റവുമധികം അവഗണന അനുഭവിച്ചത് സ്വന്തക്കാരിൽ നിന്നു തന്നെയാണ്. ഇളയവർചെയ്യുന്ന തെറ്റിനുപോലും തനിക്കായിരുന്നു ശിക്ഷ കിട്ടിയിരുന്നത്. എല്ലാവരും ഒരുപോലെ തെറ്റുകാരാണെങ്കിൽപ്പോലും, 'നീയല്ലേ മൂത്തത്, നീ വേണ്ടേ അവരേ നേർവഴിക്കുനടത്താൻ' എന്നുപറഞ്ഞ് രണ്ടടി തനിക്ക് കൂടുതൽകിട്ടും. അനിയത്തിമാരൊക്കെ ഡാൻസിലും, പാട്ടിലും, മിമിക്രിയിലും മിന്നിത്തിളങ്ങിയപ്പോഴും താൻമാത്രം പൊതുസ്ഥലത്തും, വേദികളിലുംനിന്ന് പിൻവലിയുമായിരുന്നു. ഒരു പക്ഷേ ബാല്യകാലത്ത് മനസിനേറ്റ ആ മുറിവായിരിക്കാം തന്നെ അപകർഷതാബോധത്തിന് അടിമയാക്കിത്തീർത്തത്.
വീട്ടിലാകെ മൂന്നു സ്പൂണേ ഉണ്ടായിരുന്നുള്ളൂ. രാവിലെയുള്ള പാൽക്കഞ്ഞി ഇളയവർ മൂന്നാളും സ്പൂണിൽ കോരിക്കുടിയ്ക്കുമ്പോൾ തനിക്കുമാത്രം പ്ലാവിലക്കുമ്പിളായിരുന്നു ആശ്രയം. നിന്നോടാർക്കും ഇഷ്ടമില്ലാത്തതുകൊണ്ടാ നിനക്ക്മാത്രം പ്ലാവിലക്കുമ്പിളെന്ന് അനിയത്തി കളിയാക്കുമ്പോഴുള്ള വേദന ഉള്ളുപൊള്ളിക്കുമായിരുന്നു.
ഒരു ദിവസം തൻ്റെ കുപ്പിവളകൾക്കായി അനിയത്തിമാർ തന്നോട് വഴക്കുകൂടി. അവർ രണ്ടാളുംകൂടി തന്നേഉപദ്രവിച്ച് തൻ്റെ കൈയ്യിൽനിന്നത് സ്വന്തമാക്കി. താൻ കരഞ്ഞുകൊണ്ട് അച്ഛനോട് പരാതിപറഞ്ഞു.
"നീയല്ലേ മൂത്തത് നീ ക്ഷമിക്കണം.
നിനക്കത് അവർക്ക് കൊടുക്കാൻ മേലാരുന്നോ എന്നും ചോദിച്ച് അന്ന് അച്ഛനെന്നെ മുറ്റത്തെ മുള്ളുവേങ്ങയുടെ മൂന്നാലു തളിർചില്ല ചീന്തിയെടുത്ത് പൊതിരെ തല്ലി. അന്ന് താൻ തലതല്ലിക്കരഞ്ഞ് പ്രാർത്ഥിച്ചു. 'ദൈവമേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന സത്യം നിനക്കറിയാമല്ലോ.' എന്ന്.
ഏതായാലും ആ മരം രണ്ടാഴ്ച്ചക്കുള്ളിൽ കരിഞ്ഞുണങ്ങിപ്പോയി. പിന്നീടൊരിക്കലും ആ മരത്തിൽനിന്ന് വടിയെടുക്കാൻ അച്ഛന് സാധിച്ചിട്ടില്ല.
വീട്ടുജോലികളിൽ എല്ലാവരും സഹായിക്കണമെന്ന അമ്മയുടെ വാക്കുകൾ അനിയത്തിമാർ ഒരിക്കലും അനുസരിക്കാറില്ല. താനെത്രയൊക്കെ ജോലി ചെയ്താലും ഒരിക്കലുമൊരു നല്ലവാക്ക് ആരും പറയില്ലെന്ന് മാത്രമല്ല, നീയിവിടുത്തെ വേലക്കാരിയാണെന്ന ഇളയവരുടെ വാക്കുകളെന്നെ കുത്തിനോവിക്കുമായിരുന്നു.
സ്ക്കൂളിൽനിന്നും വിനോദയാത്ര പോകുന്നുവെന്ന അറിയിപ്പുകിട്ടിയാലാണ് ഏറെ സങ്കടം.
ഇളയവർക്കെല്ലാം നല്ല മാർക്കുള്ളതിനാൽ അവർ ചോദിച്ചാലുടൻ വീട്ടിൽ നിന്നും അനുവാദംകിട്ടും. മാർക്കുകുറവുള്ള തനിക്കുമാത്രം വിനോദയാത്ര എന്നുമൊരു സ്വപ്നമായ് അവശേഷിച്ചു. അവരെല്ലാം സന്തോഷത്തോടെ വിനോദയാത്രയ്ക്കു ബസിൽക്കയറിപ്പോകുന്നതു പാതയോരത്തുനിന്നു താൻ
നെഞ്ചുപൊട്ടുന്ന നൊമ്പരത്തോടെ നോക്കിക്കാണും. പിന്നെപ്പിന്നെ തൻ്റെയുള്ളിലെ സങ്കടങ്ങളെല്ലാം പേപ്പറിൽ എഴുതിത്തുടങ്ങി. ഇടയ്ക്ക് കൺമുന്നിലുള്ള പ്രകൃതിയിലെ സുന്ദരദൃശ്യങ്ങൾ
വരക്കുകയും ചെയ്തു. മലയാളം ടീച്ചറും, ഡ്രോയിംഗ് മാഷും തൻ്റെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോൽസാഹിപ്പിച്ചു. അവഗണനയുടെ ആഴങ്ങളിൽ നിന്നും അവരുടെ സ്നേഹസ്വാന്ത്വനങ്ങൾ തന്നെ കൈപിടിച്ചുയർത്തി.
അവരുടെ നിർദ്ദേശപ്രകാരം കഥാരചനയിലും, ചിത്രരചനയിലും, നിരവധി സമ്മാനങ്ങൾ തനിക്കു ലഭിച്ചു. ഒരു അധ്യാപികയായതോടെ
ഹൃദയത്തിൽ നൊമ്പരമൊളിപ്പിച്ച കുട്ടികളെ കണ്ടുപിടിക്കാനും, അവർക്കുവേണ്ട ഉപദേശങ്ങൾ നൽകാനും കഴിഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുമാണ്. ഇന്നലത്തെ തുളസിയും, ഇന്നത്തെആതിരയും ഒരാൾതന്നെയാണ് കുഞ്ഞേ. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും, അവഗണയുംകൊണ്ട് നൊമ്പരങ്ങൾ ഉള്ളിലടക്കി തന്നിലേയ്ക്കുതന്നെ ഒതുങ്ങിപ്പോയ തുളസിയും, ആതിരയും ഇനിയുണ്ടാവരുത് എന്നാണ് തൻ്റെ ആഗ്രഹം.
"തുളസി ടീച്ചറേ.. താനിവിടെങ്ങുമല്ലേ? സ്റ്റേജിലേയ്ക്കു വിളിച്ചതു കേട്ടില്ലേ?"
സൗമിനി ടീച്ചർ തട്ടിവിളിച്ചപ്പോഴാണ് തുളസി ടീച്ചർ ചിന്തയിൽ നിന്നുണർന്നത്. അവർ പതിയെ വേദിയിലേയ്ക്ക്നടന്നു.
സദസ് ഒന്നടങ്കം എണീറ്റുനിന്ന് നിറഞ്ഞ കയ്യടിയോടെയാണ് തുളസി ടീച്ചറെ വേദിയിലേയ്ക്ക് ആനയിച്ചത്. ആതിര സ്‌റ്റേജിലേയ്ക്ക് കയറിവന്ന ടീച്ചറിൻ്റെ പാദങ്ങൾതൊട്ട് നമസ്ക്കരിച്ചു. തൻ്റെ അരുമശിഷ്യയെ ചേർത്തുനിർത്തി അവളുടെ മൂർദ്ധാവിൽ ചുംബിക്കുമ്പോൾ ടീച്ചറുടെ നയനങ്ങൾ നിറഞ്ഞുതുളുമ്പി.
അതുകണ്ട കാണികളിൽ പലരുടേയും മിഴികളിൽ നനവുപടർന്നിരുന്നു.