mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ബുളളറ്റിന്റെ  കുടുകുടു പ്രതിധ്വനിയ്ക്ക് പാടവരമ്പത്തു കൂടി  കോടമഞ്ഞിനെ വകഞ്ഞുകൊണ്ട് പോകുമ്പോൾ ഒരു പ്രത്യേക താളമുണ്ടെന്ന് അയാൾക്ക് തോന്നി. ബുള്ളറ്റ് യാത്ര പണ്ടത്തെ പോലെ ഇന്നും മറ്റു ചിലതു പോലെ അയാളെ ഹരം

പിടിപ്പിക്കുന്ന ഒന്നാണ്. പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലെത്തിയിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിട്ടുള്ളു. ഈ യാത്രയിൽ ഭാര്യയെക്കൂടി കൂട്ടേണ്ടതായിരുന്നു. ഇന്നലത്തെ പ്രശ്നങ്ങൾക്ക് അവളെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ അനിഷ്ടം കാരണം  യാത്രയിൽ നിന്ന് ഒഴിവാകാനാണ്  രാവിലെ അവൾ തലവേദനയെ കൂട്ടുപിടിച്ചതെന്ന് അയാൾക്ക് മനസ്സിലായിരുന്നു. വീട്ടിൽ നിന്നും വെറും മുപ്പത് കിലോമീറ്റർ യാത്രയായിരുന്നെങ്കിലും വർഷങ്ങൾക്കുശേഷം പ്രതീക്ഷിക്കാത്ത അതിഥിയായി എത്തിയ മകര കുളിരിൽ അവളോടൊന്നിച്ചുള്ള യാത്ര  നഷ്ടമായതിന്റെ കുണ്ഠിതം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു!

കായംകുളത്തു നിന്നും അധികമൊന്നും അയാൾ എടത്വാ ഭാഗത്തേക്ക് വന്നിട്ടില്ല. കുറച്ചു അലഞ്ഞതിനു ശേഷമാണ് വീട് കണ്ടെത്താൻ കഴിഞ്ഞത്. കോവിഡ് കാലമായതിനാൽ നിരത്തിലെല്ലാം ആളുകളുടെ സാന്നിദ്ധ്യം നന്നേ കുറഞ്ഞിരിക്കുന്നു. മെയിൻ റോഡിൽ നിന്നും അകത്തേക്ക് മാറി പഞ്ചായത്ത് റോഡിന്റെ സൈഡിലുള്ള ഭംഗിയുള്ള രണ്ടു നില കെട്ടിടത്തിൽ മുമ്പിൽ ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ അതിരാവിലെ കോവിഡ് കാലത്ത് ഒരു വീട്ടിലേക്ക് ,അതും യാതൊരുവിധ മുൻപരിചയവുമൊന്നുമില്ലാത്ത ഒരിടത്തേക്ക് എങ്ങനെ കയറി ചെല്ലുമെന്ന ഒരു സങ്കോചം അയാളിൽ കടന്നുകൂടി. പക്ഷേ ഇന്നലത്തെ വാശിക്ക് വരാതിരിക്കാനും കഴിയില്ലായിരുന്നു. നാട്ടിൽ വന്നതു മുതൽ കുട്ടികളുമായി താൻ ഇണങ്ങാൻ ശ്രമിച്ചിരുന്നതായി അയാൾ ഓർത്തു. പണ്ടൊക്കെ നാട്ടിൽ ലീവിനു വരുമ്പോൾ കഷ്ടിച്ച് ഒരാഴ്ച്ചയെ കുട്ടികളുമായി ഇടപഴകാൻ അയാൾക്ക് ലഭിക്കുകയുള്ളായിരുന്നു. അതൊക്കെ ടൂറും കാര്യങ്ങളുമായി തീരുകയായിരുന്നു പതിവ്, പിന്നെ ഹോസ്റ്റലിലേക്ക് കൊണ്ടാക്കുമ്പോഴുള്ള ശോകരംഗങ്ങളുമൊക്കെ ഓർത്തപ്പോൾ ഇപ്രാവശ്യം കോവിഡ് കാലത്ത് നാട്ടിലേക്കു മടങ്ങുമ്പോൾ അതിനൊക്കെ ഒരറുതി വരുമെന്ന് ആശിച്ചിരുന്നു. പക്ഷേ ക്വാറന്റയിൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ തന്റെ നിയന്ത്രണം അവർക്ക് ആരോച കമായതു പോലെ തോന്നുന്നു. ഒന്നുകിൽ താൻ വിദേശത്തു നില്ക്കുകയോ അല്ലേൽ അവർ ഹോസ്റ്റലിൽ നിലക്കുകയോ ചെയ്താമതിയെന്നായി കുട്ടികൾക്ക്! ഭാര്യയ്ക്കും താൻ കുട്ടികളുമായി അനാവശ്യ പ്രശ്നങ്ങളിൽ പോരടിക്കുന്നുവെന്ന അഭിപ്രായമാണ്. ഇന്നലത്തെ പ്രശ്നവും ഏതാണ്ട് അങ്ങനൊക്കെതന്നെയാണ് തുടങ്ങി വെച്ചതും.

"ഹലോ ആരാണ്.. എന്താ കാര്യം?" വെളുപ്പിന് ഗേറ്റിനു പുറത്ത് അപരിചിതന്നെ കണ്ട വല്യമ്മച്ചി ആരാഞ്ഞു." ഞാനങ്ങു കായംകുളത്തുന്നാ, ജെയ്സന്റെ വീടല്ലേ?"
അയാളുടെ രൂപത്തിന്റെ പ്രായം കണ്ടിട്ട് വല്യമ്മച്ചി സംശയിച്ചു നിന്നു.
"ആരേ കാണാനാ വന്നത് തോമസിനേയാണോ അവന്റെ മോനെയാണോ കൊച്ചൻ തിരക്കുന്നത്, തോമാച്ചൻ ആണേൽ ഇപ്പം ഇവിടെയില്ല... അങ്ങ് കുവൈറ്റിലാണ്". ജെയ്സണെയാണെന്ന് വീണ്ടും ആവർത്തിച്ചപ്പോൾ കൈയിലിരുന്ന പത്രം അയാൾക്ക് നീട്ടിയിട്ട് സിറ്റൗട്ടിലേക്ക് ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി. അമ്മാമ്മ മര്യാദക്കാരിയാണെല്ലോ, അയാൾ മനസ്സിലോർത്തു. സാധാരണ കുട്ടനാട്ടുകാർക്ക് പറഞ്ഞു കേട്ടിട്ടുള്ള വള്ളംകളി പ്രേമം വെളിവാക്കുന്ന പെയിന്റിംഗുകളുടെ കയ്യൊപ്പുകൾ സിറ്റൗട്ടിന്റെ വർണ്ണപകിട്ട് കൂട്ടാൻ അവിടവിടെ തൂക്കിയിരിക്കുന്നു. വല്യമ്മച്ചി വരുന്നത് കണ്ട്, അയാൾ അക്ഷമയോടെ അകത്തേക്കു നോക്കി. എങ്ങനെ തുടങ്ങണമെന്ന് അയാൾക്ക് വലിയ നിശ്ചയമൊന്നുമില്ലായിരുന്നു." ചെക്കൻ രാത്രി വൈകിയാണ് കിടക്കുന്നത്, എഴുനേൽക്കാൻ എട്ടുമണിയാകും... കൊച്ച് ഇരിക്ക്, ചായ എടുക്കട്ടെ" അയാളുടെ മറുപടി കാക്കാതെ വല്യമ്മച്ചി വീണ്ടും അകത്തേക്ക് മറഞ്ഞു. അയാളുടെ ചിന്തകൾക്ക് വീണ്ടും ജീവൻ വെക്കാൻ തുടങ്ങി. പുതിയ തലമുറ ഉത്തരവാദിത്വമില്ലാതെ വളരുന്ന പോലെ അയാൾക്ക് തോന്നി. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മക്കളറിയാതെ വളരുന്നതുകൊണ്ടാവും അങ്ങനെ ഉണ്ടാകുന്നത്.

"ചായ"...അയാൾ മുഖമുയർത്തി നോക്കി, പത്തു നാൽപതു വയസ് പ്രായമുള്ള ഒരു സ്ത്രീ ചായ ട്രേയുമായി നിൽക്കുന്നു. വീട്ടിലെ സർവ്വന്റ് ആണോ എന്ന് ഉറപ്പില്ലാത്തതിനാൽ  സംശയ നിവാരണത്തോടെയുള്ള   ജെയ്സന്റെ മമ്മിയല്ലേയെന്ന അയാളുടെ ചോദ്യത്തിന് അവർ തലയാട്ടി, ചായക്കപ്പ് അയാൾക്ക് നീട്ടി  അകത്തെ വാതിൽ പാളിയിലേക്ക് ചാരി നിന്നു. അവർക്കെന്തോ തന്നോട് പറയാനുള്ളതു പോലെയാണ് ആ നിൽപ്പെന്ന് തോന്നുന്നു. അയാൾ മാസ്കിന് അല്പം വിശ്രമം നൽകാനെന്നവണ്ണം മുഖത്തു നിന്നു മാറ്റി ചായ കപ്പ് ചുണ്ടിലേക്ക് അമർത്തി. "ജെയ്സണെ എങ്ങനെ അറിയാം, കുട്ടികൾ വല്ലവരും അവന്റെ കൂടെ പഠിക്കുന്നുണ്ടോ", അവരുടെ നേർത്ത സ്വരം അയാളുടെ കാതുകളിൽ മുഴങ്ങി. അയാൾ കാര്യങ്ങൾ പറഞ്ഞു തുടങ്ങാൻ കിട്ടിയ സന്തോഷത്തെ അടക്കി വെച്ച് തലയാട്ടി. നല്ല ചായ,  മനസ്സിലോർത്തു, അൽപം ചൂടുകൂടുതലാണെങ്കിലും വേഗം മൊത്തിക്കുടിച്ച് കാര്യത്തിന്റെ ഗൗരവം അവരോട് പറയാൻ അയാളുടെ മനസ് വെമ്പൽ കൊണ്ടു. ചെക്കൻ എഴുനേറ്റ് വരുന്നതിനു മുൻപ് ഇവരും പ്രശ്നങ്ങളൊക്കെ അറിയുന്നതാ നല്ലത്!

"കായംകുളത്ത് എവിടാ വീട്, അവിടെ എന്റെ അനിയത്തി താമസിക്കുന്നുണ്ട്" വീണ്ടും അമ്മാമ്മ സ്വയം സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്ത് ഇടയ്ക്കു കയറി വന്നത് ഓർക്കാപ്പുറത്തായിരുന്നു. വീട്ടിലാണേൽ അയാളിലെ പോരാളിയെ ഉണർത്താൻ അതുമതിയായിരുന്നു." പത്തിയൂരാണ്, അമ്മച്ചിയുടെ സ്വന്തക്കാരവിടെ എവിടെയാണുള്ളത്?" ജെയ്സന്റെ മമ്മിയുമായുള്ള സംസാരം മുറിഞ്ഞതിന്റെ അനിഷ്ടം മറച്ചുവെച്ച് പുഞ്ചിരി തൂകി." കുറ്റിത്തെരുവിൽ... അവിടെ നിന്നാണ് ഇവിടത്തെ ജെയ്സന്റെ അപ്പൻ തോമാച്ചൻ പ്രീഡിഗ്രിയ്ക്കു പഠിച്ചത്, MSM കോളേജിൽ.

"എടീ ഷീല കൊച്ചേ എനിക്കു കൂടി ഒരു ഗ്ലാസ് ചായ തന്നേ..ഞങ്ങൾ വിശേഷങ്ങളൊക്കെ പറയട്ടെ!"
അമ്മാമ്മ വിടാനുള്ള ഭാവമില്ല, അയാളിരുന്ന കസേരയുടെ എതിരെയുള്ള സോഫയിലേക്ക് ചാഞ്ഞിരുന്നു." അവന്റെ കോളേജ് പഠനം ഒരു വർഷമേ നീണ്ടു നിന്നുള്ളു. കൂട്ടുകെട്ടു ദുഷിപ്പിച്ചു." അമ്മച്ചിയുടെ സംസാരം കേട്ടപ്പോൾ അയാളുടെ മനസ്സിൽ യഥാർത്ഥത്തിൽ ചിരിയാണു വന്നത്. ഈ പരാതി പറയാനാ താനിത്ര ദൂരം അതിരാവിലെ താണ്ടിയെത്തിയതെന്ന് ഇവരറിയുമ്പോൾ എന്തായിരിക്കും പുകില്." അവിടെവന്റെ കൂടൊരു മുസ്ലിം ചെറുക്കൻ ഉണ്ടായിരുന്നു, ഒരു നസീർ, അവന്റെ വലയിലായിപ്പോയി.... ഇവനൊരു പുണ്ണാക്കനാ!! അവൻ പോകുന്നിടത്തൊക്കെ കൂട്ടു പോകലായിരുന്നു ജോലി.സിനിമാ കൊട്ടകകൾ തോറും തുടങ്ങി അവസാനം എന്റെ എട്ടുപവന്റെ മാല മോഷ്ടിച്ച് അവന്റെ കൂടെ ഏതോ സിനിമാ നടികളെ കാണാൻ അങ്ങ് മദ്രാസ് വരെ പോയതാ. അന്നവന്റെ അപ്പൻ ജീവിച്ചിരുന്ന കാലമായതുകൊണ്ട് അങ്ങേരുടെ ടാക്സി മദ്രാസ് വരെ ഓടേണ്ടി വന്നു ...രണ്ടിനേം പിടിച്ചു തുടയ്ക്ക്  വഴിയിൽ നിന്നു വാങ്ങിയ ചൂരൽ വടി കൊണ്ട് അറഞ്ചം പുറഞ്ചം പെരുമാറി. അന്നവന്റെ പഠിത്തവും നിർത്തി. എന്റെ ആങ്ങളയെ നാട്ടിൽവരുത്തി അവന്റെ കൂടെ ബോംബയ്ക്ക് വിട്ടതാണ്. പിന്നെ കുറച്ചു നാൾ അവിടെ നിന്നതിനു ശേഷമാണ് ഗൾഫിലേക്ക് പോയത്. അന്ന് പഠിക്കാൻ മിടുക്കനായിരുന്ന അവന് പഠിക്കാൻ കഴിഞ്ഞിരുന്നേൽ ഒരു വില്ലേജ് ആപ്പീസറെങ്കിലും ആയേനെ.. ഇല്ലേ കൊച്ചനെ?അമ്മച്ചി അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചു. അയാൾ മറുപടി പറയാതെ വെറുതെ തലയാട്ടുമ്പോൾ തന്റെ പരാതി ഇവിടെ പറയണോയെന്ന് ശങ്കിച്ചു. ചായ കുടിച്ച് തീരുമ്പോഴേക്ക് ജെയ്സൺ എത്തി. കൊലുന്നനെയുള്ള ഒരു പയ്യൻ. പൊടിമീശ അവിടെവിടെയായി പൊട്ടിമുളച്ചിരിക്കുന്നു. കണ്ണുകളിൽ നല്ല ഉറക്ക ക്ഷീണം. അയാൾ ചുണ്ടുകളിൽ ഒരു പുഞ്ചിരി വരുത്തി ഒറ്റശ്വാസത്തിൽ പരിചയപ്പെടുത്തി, അമലിന്റെ ഫാദറാണ്, തിരുവല്ലയ്ക്ക് പോകുന്ന വഴിക്ക് കയറിയതാണ്. പഠിത്തമൊക്കെ എങ്ങനെ? ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കിയുള്ള അവന്റെ മറുപടിയിൽ അയാൾ ആരും കാണാതെ പല്ലിറുമ്മി. ഇങ്ങനൊരു വല്യമ്മച്ചിയുണ്ടായത് അവന്റെ ഭാഗ്യം!! പറയാൻ വന്നത് ബാക്കി വെച്ച് യാത്ര പറഞ്ഞ് ഇറങ്ങി ബൈക്കിൽ കയറിയപ്പോഴും അയാളുടെ പാന്റ്സ് ഉരഞ്ഞ തുടയിലെ തോമസിന്റെ അപ്പച്ചന്റെ ചൂരൽ കഷായം തീർത്ത പഴയ തടിപ്പിൽ നീറ്റൽ തുടങ്ങിയിരുന്നു....
********************************************
"ഹൗ ഈസ് ദാറ്റ്" ഗേറ്റിനരികെ നിൽക്കുന്ന കൊച്ചു മകനെ നോക്കി വല്യമ്മച്ചി ഒച്ചയിട്ടു.
"മിഷൻ സക്സക്സ്ഡ്" ജെയ്സൺ അയാളുടെ ബൈക്ക് കാണാമറയത്ത് നിന്ന് മറഞ്ഞപ്പോൾ ആഹ്ളാദത്തിമർപ്പിൽ തുള്ളിച്ചാടി. പഠിത്തം കളഞ്ഞ് ഓൺലൈൻ ഗെയിമിന്റെ പിറകെ പോകുന്നതിന് ബാപ്പ ചോദ്യം ചെയ്തുവെന്നും ഉസ്താദായ നിന്റെ വീട്ടിൽ രാവിലെ എത്തുമെന്നും കൂട്ടുകാരൻ അവനെ അറിയിച്ചിരുന്നു. കൂടെ ബാപ്പയുടെ പഴയ ഒരു കഥയും.
"പക്ഷേ പണി പാളിയേനെ, നിന്റെ അപ്പന്റെ നെയിം ബോർഡ് ഗേറ്റിന്റെ തൂണേൽ അയാൾ കണ്ടാരുന്നേൽ!!ഇപ്പം അമ്മാമ്മ രക്ഷിച്ചു, എന്നു വെച്ച് ഇനി വേല കാണിച്ചാ വല്യപ്പച്ചന്റെ ചൂരൽ ഞാനെടുക്കും". കൊച്ചു മോൻ താൻ പറഞ്ഞതു കേൾക്കുമെന്ന് അത്ര വിശ്വാസം തോന്നാഞ്ഞ് വല്യമ്മച്ചി കൊച്ചു തിരുമേനിയുടെ പള്ളിയിൽ ഒരിക്കൽക്കൂടി മെഴുകുതിരി നേർന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ