വാഴത്തോപ്പുകള്‍ക്കപ്പുറത്ത് കാര്‍മേഘത്തിന്‍റെ തുണ്ടു കണ്ട് അവിടേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു ചന്തു. പക്ഷേ ചിന്തകള്‍ അവനെ വിട്ടില്ല. അവന് ഇതുവരെ കാര്‍മേഘത്തിനെ പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ചെല്ലുമ്പോഴെല്ലാം മഞ്ഞു
കണങ്ങളും പുകമഞ്ഞും കുളിരും മാത്രം. മേഘം തോണ്ടിയെടുത്ത് നുണയാനവന് ആഗ്രഹമുണ്ടായിരുന്നു. അതിന്‍റെ മുകളില്‍ക്കയറി ആകാശത്തിലൂടെ പറക്കുന്നവന്‍ സ്വപ്നം കണ്ടു. പക്ഷേ അവന്‍ ചെല്ലുമ്പോഴെല്ലാം മേഘം എവിടെയോ പോയി ഒളിക്കുന്നു. മേഘത്തിനു കട്ടിയില്ല എന്ന് അദ്ധ്യാപകര്‍ പറഞ്ഞത് അവന് ഉള്‍ക്കൊള്ളാനായില്ല. കട്ടിയില്ലെങ്കില്‍ എങ്ങനാ ആലിപ്പഴം പൊഴിയുന്നത്. സൂര്യന്‍റെ മുന്‍പില്‍ മേഘം നില്‍ക്കുമ്പോള്‍ വെട്ടം കിട്ടത്തില്ലല്ലോ. മേഘത്തിന് കട്ടിയുള്ളതു കൊണ്ടല്ലേ അങ്ങിനെ. നിറഞ്ഞ മിഴികളോടവന്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അമ്മയോട് പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ മേഘത്തിന് മേലേക്കൂടെ പറക്കും, മേഘത്തിനെ തോല്‍പ്പിച്ച്.
കാലങ്ങള്‍ കഴിഞ്ഞപ്പോളവന് മനസ്സിലായി മേഘം ദൈവത്തെപ്പോലെയാണ് ദേവാലയത്തിലെ വിഗ്രഹം പോലെ പുറമേ നിന്നു കാണുന്ന രൂപമല്ല അടുത്തറിയുമ്പോള്‍. അത് കുളിരായി, മഞ്ഞായി അനുഭവിക്കാനേ കഴിയൂ. പുഷ്പകവിമാനത്തേയും ദേവന്‍മാരുടെ പറക്കുംതേരുകളേയും പറ്റിയുള്ള മുത്തശ്ശി കഥകള്‍ കേട്ടു വളര്‍ന്ന അവന്‍ വിമാനം പറപ്പിക്കുവാന്‍ പഠിച്ചു. പറപ്പിച്ചു അവന്‍ തലങ്ങും വിലങ്ങും... മേലേക്കൂടി, മേഘങ്ങളേക്കാള്‍ വേഗത്തില്‍.