അയാൾ ഐസൊലേഷൻ വാർഡിലെ കട്ടിലിൽ ചാരിക്കിടന്നു ആൽബേർ കാമ്യുവിന്റെ ദ പ്ലേഗ് വായിക്കുകയായിരുന്നു.
പുറത്തെ തെരുവിൽ പതിവില്ലാത്ത വിധം ബഹളവും അതെത്തുടർന്ന് നിശ്ശബ്ദതയും പടർന്ന് പെരുകുന്നത് അയാൾ ശ്രദ്ധിച്ചു.
പിന്നെ തുറന്ന പുസ്തകം നെഞ്ചിൽ കമിഴ്ത്തി വെച്ച് കണ്ണടച്ച് വെറുതെ കിടന്നു. അപ്പോൾ എം എന്ന കുട്ടി പുസ്തകത്തിൽ നിന്നും ഇറങ്ങി വന്ന് അയാളുടെ ഹൃദയത്തിന് മുകളിലായി അന്തരീക്ഷത്തിൽ നിലയുറപ്പിച്ചു.
താങ്കൾക്ക് ഭീതി തോന്നുന്നുണ്ടോ?
എം എന്ന കുട്ടി ചോദിച്ചു.
അയാൾ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന താങ്കളുടെ നഗരപഥങ്ങൾ പതുക്കെപ്പതുക്കെ ഒരു ഇരുൾ കമ്പളം വിഴുങ്ങുകയാണ്. താമസിയാതെ അത് താങ്കളുടെ മുറിയിലേക്ക് നുഴഞ്ഞ് കയറും..
അയാൾ ഉറക്കത്തിലേക്ക് അലിഞ്ഞു തീരുന്നതു വരെ പിന്നെയും കുറെയധികം കാര്യങ്ങൾ എം എന്ന കുട്ടി പറഞ്ഞു കൊണ്ടിരുന്നു. പ്രതീക്ഷയും ജീവിതവും മരണവും ബന്ധവും രോഗവുമെല്ലാം അയാളുടെ നെഞ്ചിലൂടെ വാക്കുകളുടെ സഞ്ചാര ദിശയിൽ തെളിഞ്ഞു മാഞ്ഞു.
കാലങ്ങൾക്ക് ശേഷം ആൾത്താമസമില്ലാത്ത ആ മുറി വൃത്തിയാക്കാൻ വന്ന സ്ത്രീ തറയിൽ ഒരു പുസ്തകം വീണു കിടക്കുന്നതു കണ്ടു. അതെടുത്ത് അലമാരയിൽ പ്ലേഗ് എന്ന നോവലിനരികിലായി വെച്ചു അവൾ പുറത്തേക്കു പോയി.