മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

എന്നെക്കാൾ ഒരിഞ്ചെങ്കിലും ഉണ്ട് നിമിഷയ്ക്. എനിക്ക് തന്നെ ആവശ്യത്തിന് ഉയരമുണ്ട്. സൗന്ദര്യത്തിനു കുറവൊന്നുമില്ലെങ്കിലും ഈ അസാധാരണമായ ഉയരം കൊണ്ട് അവളെ ആദ്യം കാണുമ്പോൾ ഇത് പെണ്ണ് തന്നെയാണോ എന്ന് തോന്നും.

മിസ് യൂണിവേഴ്സിറ്റി പട്ടം അവൾ ഞങ്ങളുടെ കോളേജിലേയ്ക് കൊണ്ട് വരുമെന്ന് ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. ചോദ്യങ്ങൾക്കെല്ലാം നന്നായി ഉത്തരം പറഞ്ഞെങ്കിലും നാക്കിന് എല്ലില്ലാത്ത രീതിയിൽ സംസാരിച്ചു അവൾ ആ അവസരം ഇല്ലാതാക്കി. ജയിക്കുന്നതും തോൽക്കുന്നതും ഒന്നും അവളുടെ   വിഷയങ്ങൾ ആയിരുന്നില്ല.  പേര് പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. അന്നന്നേരത്തെ കാര്യമേയുള്ളൂ. അത് ഓർമ്മശക്തിയുടെ കുറവ് കൊണ്ടൊന്നുമായിരുന്നില്ല

ഒന്നര വർഷം  മുൻപ്  ലിറ്ററേച്ചറിൽ നിന്ന് ട്രാൻസ്ഫർ ആയി കെമിസ്ട്രിയിൽ വന്ന് ഒരാഴ്ചയ്ക്കകം അവൾ എന്നെ കുറിച്ച് നട്ടാൽ കുരുക്കാത്ത ഒരു നുണ പറഞ്ഞു പരത്തി. അമ്പത്തഞ്ചിനോടടുത്ത ഞാനും അവളും തമ്മിൽ പ്രണയത്തിലാണെന്ന്. അവൾ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞപ്പോൾ അവളെ ഞാൻ ഒന്ന് വിരട്ടാനായി ഡിപ്പാർട്മെന്റിൽ വിളിച്ചു വരുത്തി. അവളെ ഭയപ്പെടുത്താൻ പോയിട്ട് ഒന്ന് കുലുക്കാൻ പോലും കഴിഞ്ഞില്ല. ഒരു സൂപ്പർ പണിയല്ലേ സാറിനു ഞാൻതന്നത്, ഇനി എന്നെ മറക്കില്ലല്ലോ എന്നൊക്ക ചോദിച്ചു അവൾ എന്നെ ചമ്മിച്ചു. അവൾ അടുത്ത ആഴ്ച അതിലും വലിയ പണിയും തന്നു. വഴക്കു പറയാനൊന്നുമല്ല, എല്ലാം രഹസ്യമാക്കി വെയ്ക്കണം എന്ന് പറയാനാണത്രെ അവളെ ഞാൻ വിളിപ്പിച്ചത്. ആകെ നാണക്കേടായി. ഇനി നിഷേധിച്ചും ന്യായീകരിച്ചും കൂടുതൽ പ്രശ്നമാക്കേണ്ടെന്ന് കരുതി ഞാൻ ഒക്കെ ഒരു തമാശയായി എടുക്കാമെന്ന് കരുതി.

അടുത്ത ദിവസം അവളെ കൂട്ടുകാരികളുടെ കൂടെ കണ്ടപ്പോൾ നമ്മുടെ കല്യാണത്തിന് വെഡിങ്ങ് സാരിയൊക്കെ വാങ്ങിയോ എന്ന് ഞാൻ കളിയാക്കി.

അവളും വിട്ടില്ല. "കണ്ടോടീ, ഇപ്പൊ നിനക്കൊക്കെ വിശ്വാസമായോ എന്ന് ചോദിച്ചു എന്നെ വീണ്ടും ചമ്മിച്ചു.

ഇനി ഇവളെ ക്ലസ്സിലല്ലാതെ വേറെ എവിടെയും വെച്ച് കാണാനിടയാക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

ഫ്രീഷേർസ് ഡേയ്ക്ക് എന്ത് ചെയ്യണമെന്ന് ക്‌ളാസിൽ ചോദിച്ചപ്പോൾ നിമിഷ ചാടി എഴുന്നേറ്റു.

"സാർ നമുക്ക് ടെംപെസ്റ്റിലെ ഒരു സീൻ ചെയ്യാം. ഞങ്ങളെല്ലാരും അത് പഠിച്ചതാ. അല്ലേടാ? അപ്പൊ അത് ഉറപ്പിച്ചു."

പിന്നെ ചുറ്റും നോക്കി എല്ലാവരുടെയും ശ്രദ്ധ കിട്ടുന്നു എന്ന് ഉറപ്പാക്കി. ഈശ്വരാ, അവൾ വായ തുറന്നു. പീരങ്കിയുണ്ട വരുന്നുണ്ട്.

ഞാൻ മിറാൻഡ, സാറ് ഫെർഡിനാൻഡ്'

പിന്നെ സാരിയുടെ മുന്താണി എടുത്ത് അരയിൽ കുത്തി, ക്ലാസിനു മുന്നിലെത്തി.

A man as handsome as this  can’t have anything evil in him. If the devil had such a beautiful house as his body, then good things would fight to live in it.

എന്നെ നോക്കിക്കൊന്നുമായിരുന്നില്ല ഈ കൂത്ത്. എങ്കിലും എല്ലാർക്കും കാര്യം പിടികിട്ടി. കൂട്ടച്ചിരിയായി.

നിമിഷ മാത്രം ഗൗരവത്തിൽ ഇതെന്തിനാ എല്ലാരും ഇങ്ങനെ ചിരിക്കുന്നെ എന്ന് ചോദിക്കുന്നപോലെ എല്ലാവരെയും നോക്കി. എനിക്ക് കലി വന്നു. പൊക്കം കൊണ്ട് നീ ഫെർഡിനാൻഡ് ആയാൽ മതി എന്നൊരുത്തന്റെ കമന്റ് 

"നീ പോടാ, നീ അല്ലേലും കാലിബാനാ" എന്ന് അവളുടെ മറുപടിയും വന്നു.

ഒടുവിൽ നിമിഷയുടെ വാശി തന്നെ നടന്നു. ടെംപെസ്റ്റിന്റെ റിഹേഴ്‌സൽ തുടങ്ങി. ആ വർഷം ട്രാൻസ്ഫർ ആയി വന്നതല്ലേ എന്ന് പറഞ്ഞു നിമിഷ എന്നെ അതിൽ കയറ്റി. പക്ഷെ എല്ലാരുടെയും അഭിപ്രായം അനുസരിച്ചു ഞാൻ മിറാൻഡയുടെ അച്ഛൻ പ്രോസ്പെറോയും നിമിഷ മിറാൻഡയും ആയിരുന്നു. പഠിത്തമൊക്കെ താഴ്ത്തി വെച്ച് അവൾ ഫുൾ ടൈം നാടകമായിരുന്നു. എന്നും ഓരോ കോസ്റ്റുമൊക്കെ ഇട്ടുവന്നു ക്‌ളാസിൽ ഇരിക്കും. 

റിഹേഴ്‌സൽ ഒരു തലവേദന ആയിരുന്നു. ഫെർഡിനന്റിന്റെ അടുത്ത് നിന്ന് പ്രോസ്പെറോ തന്റെ മകൾ മിറാൻഡയെ വലിച്ചു കൊണ്ട് പോകുന്ന രംഗത്ത് നിമിഷയുടെ മിറാൻഡ വലിയ സന്തോഷത്തിലാണ് പോകുന്നത്. അത് അവൾ മനപ്പൂർവം മറന്നു പോകുന്നതാണോ അതോ അബദ്ധം പറ്റുന്നതാണോ എന്ന് ഞാൻ സംശയിച്ചു.

എന്തൊക്കെ കോപ്രായം കാണിച്ചു നടന്നാലും പരീക്ഷയ്ക്ക് അവൾക്ക് നല്ല സ്‌കോർ ആയിരുന്നു. 

"ഇതെപ്പോഴാ പഠിക്കുന്നെ? ക്‌ളാസിലൊന്നും കയറുന്നില്ലല്ലോ?"

"പിന്നേ, സാറിന്റെ ക്‌ളാസിൽ രണ്ടു ദിവസമേ ഞാൻ ആബ്സെന്റ് ആയിട്ടുള്ളു. അത് സാറ് വരാഞ്ഞതുകൊണ്ട്"

"വേറെ എല്ലാരും പറയുന്നു അവരുടെ ക്‌ളാസിൽ.."

"ഓ, സാറ് എല്ലാ പേപ്പറും പഠിപ്പിക്കൂഞാൻ നൂറു ശതമാനം അറ്റന്റൻസ് ആക്കാം."

അവളുടെ ഓരോ ഡയലോഗിനും ക്‌ളാസിൽ കൂട്ടച്ചിരി. എന്നെ പേടിയുള്ള കുട്ടികളും എന്നെ കളിയാക്കാൻ അവളോടൊപ്പം കൂടും. എന്നേക്കാൾ അവർക്കെല്ലാം പേടി അവളെ ആയിരുന്നു.

കൂട്ടുകാരോടൊക്കെ എന്നെക്കുറിച്ചു പറയുമ്പോൾ എന്റെ കെട്ടിയോനെന്നും കണവനെന്നും സാധാരണ ഭാര്യമാർ കളിയായി പറയുന്ന വാക്കുകളാണ് അവർ ഉപയോഗിക്കുന്നത് എന്ന് ഞാൻകേട്ടിട്ടുണ്ട്. കോളേജിൽ ചിലരൊക്കെ എന്നെ അറിയുനന്തു തന്നെ ഈ തമാശയുടെ പേരിലാണ്. ഒരിക്കൽ പ്രിൻസിപ്പലും ഒരു മീറ്റിങ്ങിൽ അങ്ങിനെ വിളിച്ചു എന്നെ കളിയാക്കി. നേരത്തെ ഇതൊക്കെ ഒരു ചർച്ചാവിഷയം ആയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു പഴഞ്ചൻ തമാശയായി മാറി. അതിനു കാരണം നിമിഷയുടെ ഒന്നിലും കൂസാത്ത പെരുമാറ്റമായിരുന്നു. തമാശയ്ക്കും ഗൗരവത്തിനുമിടയിൽ എങ്ങിനെ ഞാനുമായുള്ള അടുപ്പം വിദഗ്ധമായി ഇഴപൊട്ടാതെ കൊണ്ടുപോകാം എന്നവൾക്ക് നന്നായി അറിയാമായിരുന്നു. 

ഞങ്ങൾ തമ്മിലുള്ള ബന്ധം നിമിഷയുടെ ഒരു നീണ്ട തമാശ അല്ലാതെ മറ്റൊന്നും അല്ലെന്ന് ഒരുവിധം എല്ലാവർക്കും വ്യക്തമായിരുന്നു. അതും ഒരു ക്ലിഷേ പോലെയായി. നിമിഷയുടെ പഴയ നമ്പറുകൾക്ക് ചിരിക്കാൻ ആളെ കിട്ടാതായി. എങ്ങിനെയും എന്നെ ചമ്മിക്കാനുള്ള ഒരു അവസരവും അവൾ പാഴാക്കില്ലെങ്കിലും അതൊക്കെ വേറെ ആരെങ്കിലും അടുത്തുള്ളപ്പോൾ മാത്രമാണെന്ന് ഞാൻ മനസിലാക്കി. ഒറ്റയ്ക്ക് എന്റടുത്ത് നിൽക്കുമ്പോൾ അവൾക്ക് ഭയമോ ബഹമാനമോ രണ്ടും കലർന്ന മാനസികാവസ്ഥയോ ആയിരുന്നു. വിറയ്ക്കുന്നുണ്ടെന്നു തോന്നും. ഒരക്ഷരം മിണ്ടുക പോലുമില്ല. 

ഒരുദിവസം എന്റെ ഭാര്യയും മോളും എന്റെ കോളേജിൽ വന്നു. ആരുടെയോ ഹൌസ് വാമിങ്ങിനു പോകുന്ന വഴിക്ക് താക്കോൽ തന്നിട്ട് പോകാൻ കയറിയതാണ്. എന്റെ അവരെ കാണാൻ കുട്ടികളെല്ലാരും വന്നു. നിമിഷ മാത്രം എവിടെയോ മുങ്ങി. പിന്നെ ലാസ്റ്റ് അവറിലാണ് പൊങ്ങിയത്. മുഖം ഒരു ചുമടുണ്ടായിരുന്നു. കൂട്ടുകാരികൾ ഉണ്ടായിരുന്നെങ്കിലും ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു.

"ഭാര്യയും മോളും വന്നിട്ട് നിമിഷയെ കണ്ടില്ലല്ലോ?"
"ഞാൻ കണ്ടു. എന്നെ കണ്ടില്ലെന്നു പറ" 

പിന്നെ ചുറ്റും നോക്കി എല്ലാവരും കേൾക്കുന്നെന്ന് ഉറപ്പു വരുത്തിയിട്ട് 

"ശോ, ഈ മനുഷ്യന്റെ കാര്യം കൊണ്ട് ഞാൻ തോറ്റു. എന്റീശ്വരാ എത്ര നല്ല ആലോചന എനിക്ക് വന്നതാ. ഇതാണല്ലോ വിധിച്ചിരുന്നെ"

പിന്നെ കളിയാക്കുന്ന ഭാവത്തിൽ,"ഓ ഞാൻ എല്ലാരേം കണ്ടു തൃപ്തിപ്പെട്ടു. എന്നെ അവരാരും കണ്ടില്ല. അത്യാവശ്യമായിട്ടു ബാങ്കിൽ പോണമാരുന്നു. കൊക്കോകോളയുടെ ഇന്റർനാഷണൽ ലോട്ടറിയിൽ 50 കോടി അടിച്ചെന്ന് മെയിലു വന്നു.ഉടനെ കൊണ്ട് ബാങ്കിലിട്ടേക്കാമെന്നു കരുതി."

കൂട്ടച്ചിരിക്കിടയിൽ ഒരു കുത്ത് കൊടുക്കാമെന്ന് കരുതി ഞാൻ ചോദിച്ചു 

"പിന്നെ ഇതെന്താ ഇത്ര ഗൗരവം? ആകെ ഒരു വാട്ടം?"

"ഓ അതീന്ന് ഒരു ൨൫ കോടി സാറിന്റെ ഡിവോഴ്‌സിനും സെറ്റിൽമെന്റിനും ആകും. ബാക്കി മതി നമ്മക്ക് രണ്ടിനും  ജീവിക്കാൻ. ഈ വാധ്യാര് പണിയൊന്നും വേണ്ടെന്നേ"

ഞാൻ പിന്നെ അവിടെ നിന്നില്ല. ദൂരെ ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നാക്കുനീട്ടി കാണിച്ചു, ഒരു കണ്ണിറുക്കിക്കൊണ്ട്.

കോളേജ് മാഗസിനിൽ നിമിഷയുടെ ഒരു ലേഖനമുണ്ടെന്നു ആനന്ദനും രാജുവും പറയുന്നത് കേട്ടു. അങ്ങിനെയായിരിക്കില്ല, കോളേജ് മാഗസിനിൽ വെച്ച് അവള് വല്ലോർക്കും പ്രേമലേഖനം കൊടുത്തു കാണും എന്ന് ഞാൻ തമാശ പറഞ്ഞു. 

"ഏയ് അങ്ങിനെയല്ല, ഒരു കിടിലൻ സാധനം. ഇംഗ്ലീഷിലെ ഹബീബ് പറഞ്ഞു വളരെ സ്കോളർലി ആണെന്ന്. ഞാൻ നോക്കി, സത്യം പറഞ്ഞാ എനിക്ക് ഒരു ചുക്കും മനസിലായില്ല." ആനന്ദൻ പറഞ്ഞു.

ഞാൻ രാജുവിന്റെ കയ്യിലെ മാഗസിൻ വാങ്ങിച്ചു മറിച്ചു നോക്കി. വായിക്കണം. പക്ഷെ എവിടെ സമയം. ടെംപെസ്റ്റാണ് എടുത്ത് കീറിയിരിക്കുന്നത്. 

"ഒന്ന് വായിക്ക് സാറേ. സ്വന്തം പെണ്ണിന്റെയല്ലേ?" രാജു കളിയാക്കി.

"പിന്നെ എനിക്ക് വേറെ പണിയില്ല. എന്റെ സ്ഥാനത്ത് താനെങ്ങാണം ആയിരുന്നേ കാണാമായിരുന്നു. നാടുവിട്ടേനെ. എന്തൊരു വട്ടു കേസ്"

അങ്ങിനെ ഒക്കെ പറഞ്ഞെങ്കിലും നിമിഷയെ കണ്ടപ്പോൾ എന്റെ മനസ് തണുത്തു. congrats പറഞ്ഞു.

"ഇനിയെന്തെല്ലാം എന്റെ കഴിവുകൾ മിസ്റ്റർ വേണുക്കുട്ടൻനായർ കാണാനിരിക്കുന്നു! നിമിഷ എസ് നായർ.  എസ് ഫോർ ഷേക്സ്പിയർ."

"നിമിഷ എന്താ പിന്നെ ലിറ്ററേച്ചർ വിട്ടത്?"

"ങാ അത് മതിയായിരുന്നു. പക്ഷെ സാറിന്റെ പേരല്ലേ എന്റെ ജാതകത്തിലെഴുതിയേക്കുന്നെ? പിന്നെങ്ങനാ? എന്നാലും സാറത് വായിച്ചില്ലല്ലോ."

"എനിക്കതൊന്നും തലേൽ കേറത്തില്ല. കെമിസ്ട്രി ആകുമ്പോ ഒരു കണക്കും ചിട്ടേമൊക്കെയുണ്ട്. ഇതൊക്കെ എന്താ. കള്ളക്കഥയും പ്രേമവും വട്ടും. നോട്ട് മൈ കപ്പ് ഓഫ് ടീ"

എങ്കിലും അന്ന് രാത്രി ഞാൻ ആ ലേഖനം മനസിരുത്തി വായിച്ചു വളരെ പണിപ്പെട്ടു ചമച്ചതാണ്. രണ്ടുപേജ് ലേഖനം,പിന്നെ അരപ്പേജ് ബിബ്ലിയോഗ്രഫി. കോപ്പി അടിച്ചതായിരിക്കുമോ?

 പ്രോസ്പെറോയെ ഏതോ ക്രിട്ടിക് ഒരു ഇൻസെസ്റ്റ്വസ് ഫാദർ ആയി വ്യാഖ്യാനിച്ചതിനെ ഖണ്ഡിച്ചിരിക്കുകയാണ്.

കുറെ പുസ്തകങ്ങളൊക്കെ റെഫർ ചെയ്തിരിക്കുന്നു.

മിറാൻഡ പ്രോസ്പെറോയുടെ മകളല്ല. ആർ യു നോട്ട് മൈ ഫാദർ എന്ന് മിറാൻഡ ചോദിക്കുന്നുമുണ്ട് എന്നാണ് ആർഗ്യുമെന്റ് തുടങ്ങുന്നത്. അമ്മൂമ്മയുടെ പാതിവ്രത്യത്തെ കുറിച്ച് മിറാൻഡയുടെ സർകാസവും തെളിവായി കൊടുത്തിരിക്കുന്നു. അത്ഭുത ദ്വീപിലേക്ക് പ്രോസ്പെറോ തട്ടിക്കൊണ്ടു വന്ന പെൺകുട്ടിയാണത്രെ മിറാൻഡ. അതറിയാവുന്ന ഒരാൾ കാലിബനും. കാലിബന്റെ 'അമ്മ സൈക്കോറാക്സിനും ഇതറിയാമായിരുന്നു. പ്രോസ്പെറോ അവരെ കൊന്നു കളഞ്ഞു. കാലിബനെ തടവിലുമാക്കി. കാലിബൻ  പണ്ട് പ്രോസ്പെറോയ്ക്ക് കാണിച്ചു കൊടുത്തിരുന്ന ഫലമൂലങ്ങൾ  ഏദൻ തോട്ടത്തിലെ പാപക്കനികൾ ആണെന്നും അവൾ പറയുന്നു. ഏരിയൽ പ്രോസ്പെറോയുടെ മനസാക്ഷി തന്നെയാണ്. അത് സ്വാതന്ത്രമല്ല. സ്വാതന്ത്രമായാൽ പ്രോസ്പെറോ പാപബോധം മൂലം നീറി മരിക്കും. ഒടുവിൽ ഈ കഥയൊക്കെ അറിയാവുന്ന നാട്ടുകാർ അയാളെ തേടി വരുമ്പോൾ മിറാൻഡയെ ഫെർഡിനാന്റിന് കാഴ്ചവെച്ചു അയാൾ തന്റെ മുഖം രക്ഷിക്കുന്നു. മനസാക്ഷി സ്വാതന്ത്രമാവുന്നു. സ്വതന്ത്രമായ, കാറ്റും കോളും ഒഴിഞ്ഞ മനഃസാക്ഷിയോടെ അയാൾ പശ്ചാത്താപ വിവശനും തത്വചിന്തകനും ആവുന്നു. ഈ അവസ്ഥയിലാണ് ലോകത്തെ കുറിച്ച് insubstantial pageant എന്നൊക്കെ അയാൾ പറയുന്നത്.  വിഭിന്ന വാദമുഖങ്ങളും ഉദാഹരണങ്ങളും ഉദ്ധരണികളും നിരത്തി ശരിക്കും സ്കോളർലി ആയാണ് നിമിഷ അതൊക്കെ സമർത്ഥിച്ചിരിക്കുന്നത്.

ഒരു മനുഷ്യനെന്ന നിലയിൽ പ്രോസ്പെറോ മിറാന്ഡയോട് ചെയ്തത് കൊടുംചതിയാണെന്നും അവൾ ഒടുവിൽ പറഞ്ഞിരിക്കുന്നു.

അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല. അന്നൊരിക്കൽ പ്രോസ്പെറോ ആയി വേഷമിട്ടതൊക്കെ ഞാൻ ഓർത്തു പോയി. ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ ആ കടലും ദ്വീപും ജലയാനവും തെളിഞ്ഞു വന്നു . തീരങ്ങളിൽ  മണലായിരുന്നില്ല. ആദിസൃഷ്ടിയുടെ കളിമണ്ണായിരുന്നു. എന്റെ ഓർമയിൽ അവശേഷിച്ചിരുന്ന വരികൾ ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു.

You do look, my son, in a moved sort,

As if you were dismayed. Be cheerful, sir.

Our revels now are ended. These our actors,

As I foretold you, were all spirits and

Are melted into air, into thin air.

And like the baseless fabric of this vision,

The cloud-capped towers, the gorgeous palaces,

The solemn temples, the great globe itself—

Yea, all which it inherit—shall dissolve,

And like this insubstantial pageant faded,

Leave not a rack behind. We are such stuff

As dreams are made on, and our little life

Is rounded with a sleep.

സ്വപ്നത്തിൽ എനിക്ക് മിരാണ്ടയോടു തോന്നിയത് പുത്രവാത്സല്യം ആയിരുന്നില്ല.എന്റെ ഉള്ളിൽ സാത്വികമായ ഒരു ഭാവവും നിറഞ്ഞില്ല. പകരം ദുഖവും പ്രതികാര വാഞ്ചയും കാമവുമായിരുന്നു. ഞാൻ എല്ലാവരാലും വഞ്ചിക്കപ്പെട്ടതായി തോന്നി രാജാവായിരുന്നിട്ടും സ്വയം വഞ്ചിക്കേണ്ടി വന്നതിന്റെ ആത്മനിന്ദയും തോന്നി.

വളരെ  ഉത്സാഹത്തോടെയാണ് അടുത്തദിവസം കോളേജിലേക്ക് പോയത്. കോളേജിനടുത്തെത്തിയപ്പോൾ ഒരു പെണ്കുട്ടിയുടേതെന്ന പോലെ ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നു. നേരെ ചെന്ന് പെട്ടത് നിമിഷയുടെ മുന്നിൽ.

"എന്ത് പറ്റി സാറേ, സുഖമില്ലേ?"

"നിമിഷ, ഐ ആം ഫൈൻ. താങ്ക് യൂ."

എങ്ങിനെയാണ് അത്രയും പറഞ്ഞൊപ്പിച്ചതെന്ന് എനിക്കറിയില്ല. ക്ളാസൊന്നും ഉണ്ടായിരുന്നില്ല. വർഷാവസാനം റെക്കോർഡുകളുടെയും മറ്റും തിരക്കാണ് കുട്ടികൾക്ക്.

ഉച്ചകഴിഞ്ഞു സോഫയിൽ കിടന്ന് മയങ്ങാൻ തോന്നി. തലേന്നത്തെ ഉറക്കക്ഷീണം ഉണ്ടായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി. പിന്നെയും തലേ രാത്രിയിലെ സ്വപ്‌നങ്ങൾ. ആത്മകഥ മിറാണ്ടയോട് പറയുന്ന രംഗമാണ് സ്വപ്നത്തിൽ വരുന്നത്. നടന്നു തീർത്ത വഴികളുടെ, അലഞ്ഞു നടന്ന നഗരങ്ങളുടെ, കണ്ടുമറന്ന മുഖങ്ങളുടെ,കാത്തുകൊണ്ടും നാവുകൊണ്ടുമറിഞ്ഞ മാധുര്യങ്ങളുടെ, ഭയപ്പെടുത്തുന്ന നിഷ്‌കാസനങ്ങളുടെ നീണ്ടു നീണ്ടു പോകുന്ന കഥകൾ കേട്ട് മിറാൻഡ എന്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്നു.ഉറങ്ങുന്ന എന്നെ നിർന്നിമേഷയായി നോക്കിയിരുന്ന് ഉണരുമ്പോൾ നെറ്റിയിൽ ഒരു ചുംബനം തന്ന് എങ്ങോ മറയുന്ന അത്ഭുതബാലിക. മിറാൻഡ.

ഉണർന്നപ്പോൾ മാണി അഞ്ചിനോടടുക്കുന്നു. എല്ലാവരും പോയിക്കഴിഞ്ഞു. അറ്റന്ററാണ്‌ ഉണർത്തിയത്. അയാൾക്കും പോകണം 

മേശപ്പുറത്ത് ഒരു പോസ്റ്റ് വന്നു കിടക്കുന്നു. ഫ്ളൈറ്റ് ടിക്കറ്റാണ്. ഫ്രാൻസിലേക്ക്.

ഞാൻ അതൊക്കെ മറന്നു പോയിരുന്നു. രണ്ടു മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാം. ഇന്ന് വ്യാഴം. സൺഡേ ആണ് ഫ്‌ളൈറ്റ്. ഞാൻ വീട്ടിലേയ്ക്കു മടങ്ങി 

അടുത്തദിവസം ക്ലാസ് കഴിഞ്ഞിട്ട് കുട്ടികളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. വിശദമായി അവരോടെല്ലാം യാത്ര പറഞ്ഞു. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അവരൊക്കെ കോഴ്‌സുകഴിഞ്ഞു പരീക്ഷയും കഴിഞ്ഞു പോയിട്ടുണ്ടാവും.

നിമിഷയുടെ തമാശയ്ക്കായി കാതോർത്തു 

അവളൊന്നും പറഞ്ഞില്ല. അതുകൊണ്ടാവണം കൂട്ടുകാരികൾ എന്നെ വെറുതെ വിട്ടില്ല

"അപ്പൊ സാറെ, ഇവളുടെ കാര്യമോ?"

കൂട്ടച്ചിരി 

നിമിഷ എഴുന്നേറ്റു. കൂട്ടുകാരോട് എന്തോ കുശുകുശുത്തു 

അവൾ ക്ലാസിന്റെ മുന്നിലേയ്ക്ക് വന്നു 

"സ്നേഹിതരേ 

രണ്ടുവർഷം നമ്മെ വളരെ efficient ആൻഡ് effective ആയ രീതിയിൽ പോളിമറും മെത്തഡോളജിയും മോളിക്കുലറും പഠിപ്പിച്ച വേണുക്കുട്ടൻ സാർ നമ്മളെ വിട്ടു പോകുകയാണ്."

കൂട്ടച്ചിരി 

"അയ്യോ ണാനെന്തുവാ ഈ പറയുന്നേ. വേണുക്കുട്ടൻ സാർ ഉപരി പഠനത്തിന് ...അതല്ലേ.. ഓ ശരി എക്സ്ചേഞ്ച് പ്രോഗ്രാമിന് പോവുകയാണ്, ഫ്രാൻസിൽ. സാറിന് നിങ്ങളുടെ എല്ലാവരുടെ പേരിലും എന്റെ സ്വന്തം പേരിലും ആശംസകൾ നേരുന്നു. പിന്നെ ഞങ്ങളെ ഇത്രയും നാൾ സഹിച്ചതിനു നന്ദിയും.

കയ്യടി 

കുട്ടികളെല്ലാരും ഒറ്റയ്ക്കും കൂട്ടമായും യാത്രാമംഗളങ്ങൾ നേരാൻ ഡിപ്പാർട്മെന്റിൽ വന്നു. നിമിഷ മാത്രം വന്നില്ല 

ഒടുവിൽ മിക്കവരും പോയിക്കഴിഞ്ഞിട്ട് രണ്ടു ഫ്രെണ്ട്സുമായി അവളും വന്നു. കൂട്ടുകാരെ പുറത്ത് നിർത്തി അവൾ ഉള്ളിൽ വന്നു.

നിമിഷ എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ ഭയന്നു 

ഞാൻ നിമിഷയെ കെട്ടിപ്പിടിക്കുമോ എന്നും ഞാൻ ഭയന്നു 

"സാർ, ആ കയ്യൊന്നു നീട്ടിയെ"

ഞാൻ വലതു കൈ നീട്ടി അവൾ ഇടതു കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ചു 

"ഒരു സമ്മാനമുണ്ട്"

കൈവെളളയിൽ ഒരു ചുംബനം ഞാൻ പ്രതീക്ഷിച്ചു 

ഭയമാണോ അതോ കൊതിയാണോ 

അവൾ എന്റെ കൈ അവളുടെ വലതുകൈയിൽ ചേർത്ത് വെച്ചു 

കണ്ണിൽ നിന്ന് കണ്ണെടുക്കാതെ എന്റെ കയ്യിൽ ഒന്നമർത്തി 

പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്ന് കൂട്ടുകാരികളോടൊപ്പം പടിയിറങ്ങിപ്പോയി 

ഞാനെന്റെ കയ്യിൽ നോക്കി 

ഉലയിൽ വെച്ച കാരിരുമ്പുപോലെ അത് ചുട്ടുപഴുത്തിരിക്കുന്നു 

 

 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ