മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

T V Sreedevi

ലക്ഷ്മിയും, ഗിരീഷും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. മാതൃകാ ദമ്പതികൾ! അവർ തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ തീവ്രത ഗ്രാമവാസികൾക്കെല്ലാം അറിയാവുന്നതുമാണ്! 

"കഴിഞ്ഞ ജന്മത്തിലും പ്രണയികളായിരുന്നിരിക്കും അവർ..."

എന്നായിരുന്നു നാട്ടുകാർ പറയാറുള്ളത്. ഇണക്കുരുവികളെപ്പോലെയായിരുന്നു അവരുടെ ജീവിതം.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കൊരു കുഞ്ഞുണ്ടായില്ല. വഴിപാടുകളും, പ്രാർത്ഥനകളും, ചികിത്സകളും, ഏറെ നാൾ മുടങ്ങാതെ നടത്തി.

ഒടുവിൽ അവർക്കൊരു പെൺകുഞ്ഞു ജനിച്ചു. 'കണ്മണി' എന്നു പേരിട്ട ആ കുഞ്ഞോമന വീട്ടുകാരുടെ മാത്രമല്ല,നാട്ടുകാരുടേയും ഓമനയായിരുന്നു.

എന്നാൽ പത്തു വയസ്സു മുതൽ കുഞ്ഞ് ചില വിചിത്ര സ്വഭാവങ്ങൾ കാണിച്ചു തുടങ്ങി. പലപ്പോഴും കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് മൗനിയാകും. അവളുടെ കണ്ണുകൾ നിറയും. 

"എന്റെ ആൾ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും? ഞാൻ എവിടെയാണെന്നറിയാതെ വിഷമിക്കുന്നുണ്ടാകുമോ? എനിക്കാകെ സങ്കടം തോന്നുന്നു. ജോലി കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തി ക്കാണുമോ?" അവൾ പറഞ്ഞു കൊണ്ടിരിക്കും.

കൂട്ടുകാരികളായ, നന്ദനയും, ലച്ചുവുമൊക്കെ അവളെ കളിയാക്കും. അപ്പോൾ കണ്മണി അവരോടു ദേഷ്യപ്പെട്ട് എഴുന്നേറ്റുപോകും.

ഒരു ദിവസം അവൾ അവളുടെ അമ്മ ലക്ഷ്മിയോടും ഇതു തന്നെ പറഞ്ഞു.

അവൾക്കു മറ്റൊരു അച്ഛനുണ്ടെന്നും, അമ്മ നേരത്തേ മരിച്ചുപോയി എന്നും, അവളുടെ യഥാർത്ഥ പേര് ഐശ്വര്യ എന്നാണെന്നും ഒരു അനിയത്തി ഉണ്ട്. അവളുടെ പേര് അനുഷ എന്നാണെന്നുമൊക്കെ ആയിരുന്നു അവളുടെ ഭാഷ്യം. 

അത് അവൾ മെനഞ്ഞ ഒരു കഥയാണെന്നു തന്നെ ലക്ഷ്മി കരുതി.

മറ്റൊരിക്കൽ അവൾ ഗിരീഷിനോട് അവൾക്കു ഒരാളോട് ഇഷ്ടമായിരുന്നു വെന്നും, വിവാഹം നിശ്ചയിച്ചിരുന്നുവെന്നും,വിവാഹത്തിന്റെ തലേദിവസത്തെ ആഘോഷങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ കിടന്നതു വരെ ഓർമ്മയുണ്ടെന്നും പറഞ്ഞു.

"എന്തായിരുന്നു നിന്റെ കല്യാണച്ചെക്കന്റെ പേര്"
എന്നു ഗിരീഷ് കളിയായി ചോദിച്ചപ്പോൾ അവളുടെ മുഖം നാണം കൊണ്ടു തുടുത്തു!

അയാളുടെ പേര് 'അംബരീഷ്' എന്നായിരുന്നുവെന്നും അവളോട് അവന് വലിയ ഇഷ്ടമായിരുന്നുവെന്നും അവൾ പറഞ്ഞു.

എന്നാൽ ചുരുക്കം ചില അവസരങ്ങളിലൊഴികെ അവൾക്ക്‌ ഇതൊന്നും ഓർമ്മപോലും ഉണ്ടാകില്ല. 

അവരുടെ പൊന്നുമോൾ കണ്മണി, ഗിരീഷിനോടും, ലക്ഷ്മിയോടും കൊഞ്ചിക്കുഴഞ്ഞുകൊണ്ട് നടക്കും. അവളുടെ കളിചിരികൾകൊണ്ട്
വീടാകെ മുഖരിതമാകും.

എന്നാൽ വർഷങ്ങൾ കഴിയുന്തോറും അവളുടെ പഴയ കാല ഓർമ്മകൾ കൂടിക്കൂടിവന്നു.

പഠിക്കാൻ സമർത്ഥയായിരുന്നു അവൾ! ബിരുദത്തിന് ചരിത്രമാണ്  തെരഞ്ഞെടുത്തത്.

ഒരു ദിവസം രാത്രിയിൽ ഇന്ത്യയുടെ ഭൂപടം നിവർത്തി കർണ്ണാടക തൊട്ടു കാണിച്ചുകൊണ്ട് അവൾ ഗിരീഷിനോടും, ലക്ഷ്മിയോടും പറഞ്ഞു :-

"അച്ഛാ,അമ്മേ,ദാ...നോക്കൂ... ഇതാണ് എന്റെ ഗ്രാമം,'ദേവഗിരി' ഇവിടെയാണെന്റെ വീട്. എനിക്കവിടെ പോകണം അച്ഛാ. അവിടെ എന്റെ പ്രിയപ്പെട്ടവരെല്ലാമുണ്ട്"

അവൾ ആവേശം കൊണ്ടു. അന്നവൾക്ക് പതിനെട്ടു വയസ്സു തികഞ്ഞിരുന്നു. 

നിർബന്ധം കൂടിക്കൂടി വന്നപ്പോൾ അവർ ഒരു മനഃശാസ്ത്ര വിദഗ്ധനെ സമീപിച്ചു. അദ്ദേഹം വിശദമായ പരിശോധനകൾ നടത്തി.

ഒടുവിൽ ഡോക്ടറുടെ ആഭിമുഖ്യത്തിൽ നടന്ന അന്വേഷണത്തിൽ ദേവഗിരി ഗ്രാമത്തിൽ അങ്ങനെ ഒരു വീടും ആളുകളും ഉണ്ടായിരുന്നുവെന്നു വിവരം ലഭിച്ചു.

അങ്ങനെ ഡോക്ടറും, മറ്റു പഞ്ചായത്ത് അംഗങ്ങളും, ഗിരീഷും, ലക്ഷ്മിയും അടങ്ങുന്ന ഒരു സംഘം കണ്മണിയേയും കൂട്ടി,കർണ്ണാടകയിലെ ആ ഗ്രാമത്തിലെത്തി.

എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് വഴികാട്ടിയായി കണ്മണി മുൻപേ നടന്നു. വിളവെടുപ്പിനു തയ്യാറായി നിൽക്കുന്ന നിലക്കടലപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വരമ്പിൽക്കൂടി അവൾ മുൻപോട്ടോടി.

ഒരു ചിത്രശലഭം പോലെ പാറിപ്പറന്നു പോയ അവളുടെയൊപ്പം എത്താൻ കൂടെയുള്ളവർ വിഷമിച്ചു.

ഒടുവിൽ പാടങ്ങൾ അവസാനിക്കുന്നിടത്തു സ്ഥിതി ചെയ്തിരുന്ന ഒരു ഭംഗിയുള്ള വീട്ടിലേയ്ക്ക് അവൾ ഓടിക്കയറി.

ഡോക്ടറും, ലക്ഷ്മിയും, ഗിരീഷും,കൂടെയുള്ളവരും ഒപ്പമെത്തിയപ്പോഴേയ്ക്കും വീടിനു ചുറ്റും ഓടി നടന്നുകൊണ്ട് അവൾ അച്ഛനെയും...അനിയത്തിയെയും ഉറക്കെ വിളിച്ചു കരയുകയായിരുന്നു

പൂട്ടിക്കിടന്ന ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ശബ്ദം കേട്ടു വന്ന അടുത്തുള്ള ആളുകളേയൊക്കെ പേരെടുത്തു വിളിച്ച്  കണ്മണി അവരെ മാറി മാറി ആശ്ലേഷിച്ചു.

സുന്ദരമായ കന്നഡ ഭാഷയിലുള്ള കണ്മണിയുടെ സംസാരം കേട്ട് കൂടെയുള്ളവർ അമ്പരന്നു.

ലക്ഷ്മി മകളെ കെട്ടിപ്പിടിച്ചു കണ്ണുനീർ വാർത്തു.

ഒടുവിൽ അവിടെ തടിച്ചുകൂടിയ ഗ്രാമവാസികളിൽ നിന്നാണ് അവർ എല്ലാ വിവരങ്ങളും അറിഞ്ഞത്.

ആ വീടിന്റെ ഉടമസ്ഥനായിരുന്ന ജനാർദ്ദനറെഡ്ഢിക്ക്‌ രണ്ടു പെണ്മക്കളായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഭാര്യ മരിച്ചുപോയ റെഡ്‌ഡി മക്കൾക്കു വേണ്ടിയാണ് പിന്നീട് അവിവാഹിതനായി ജീവിച്ചത്.

മൂത്തമകൾ ഐശ്വര്യ അമ്പലത്തിലെ പൂജാരിയുടെ മകൻ അംബരീഷുമായി പ്രണയത്തിലായിരുന്നു. ഏറെ എതിർപ്പുകൾക്കൊടുവിൽ അവരുടെ വിവാഹം നിശ്ചയിച്ചു.

എന്നാൽ വിവാഹത്തിന്റെയന്നു രാവിലെ ഐശ്വര്യ അപ്രത്യക്ഷയായി!

ഏറെ സമയത്തെ അന്വേഷണങ്ങpൾ ക്കൊടുവിൽ അമ്പലക്കുളത്തിൽ മരിച്ചു കിടക്കുന്ന നിലയിൽ ഐശ്വര്യയുടെ മൃതദേഹം കണ്ടു കിട്ടി.

അന്നു തളർന്നു വീണ ജനാർദ്ദന റെഡ്‌ഡി ആ കിടപ്പിൽ നിന്നും എഴുന്നേറ്റില്ല. രണ്ടുവർഷത്തിനു ശേഷം അദ്ദേഹം കൊച്ചുമകൾ അനുഷയെ തനിച്ചാക്കി ഇഹലോക വാസം വെടിഞ്ഞു.

അനുഷയെ പിന്നീട് അവളുടെ അമ്മയുടെ ആളുകൾ കൂട്ടിക്കൊണ്ടു പോയി.

അംബരീഷ് ഇപ്പോഴും അവിവാഹിതനായി തുടരുന്നു. അച്ഛന്റെ മരണശേഷം അമ്പലത്തിലെ പൂജാരിയായി ജോലി നോക്കുന്നു.

ഇത്രയും കേട്ടപ്പോൾ വലിയ ഒരു നിലവിളിയോടെ കണ്മണി ബോധരഹിതയായി നിലം പതിച്ചു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ അവൾ ആദ്യമായി ആവശ്യപ്പെട്ടത് അംബരീഷിനെ കാണണമെന്നായിരുന്നു.

ക്ഷേത്രത്തിലേക്ക് അനേകം ഗ്രാമവാസികളുടെ അകമ്പടിയോടെയാണ് അവർ ചെന്നത്.

നട തുറക്കുന്ന സമയം അല്ലാതിരുന്നതു കൊണ്ട് പൂജാരിയുടെ മുറിയിൽ അംബരീഷ് ഉണ്ടായിരുന്നില്ല. അദ്ദേഹം എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു.

എന്നാൽ അപ്പോഴാണ് അപ്രതീക്ഷിതമായി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പൂജാരിയുടെ മുറിയുടെ പുറത്ത് ഒരു ബെഞ്ചിൽ ഉറങ്ങിക്കിടന്നിരുന്ന മധ്യവയസ്ക്കനായ ഒരാളിന്റെ മേൽ ഒരു വലിയ അലർച്ചയോടു കൂടി കണ്മണി ചാടിവീണു. അവൾ അലറിക്കൊണ്ട് അയാളുടെ കഴുത്തിൽ പിടിമുറുക്കി. പ്രേതബാധയേറ്റതുപോലെ അവൾ അലറിക്കരഞ്ഞു
കൊണ്ടിരുന്നു. 

എഴുന്നേൽക്കു ദുഷ്ടാ... നീയെന്നെ മറന്നോ. നീ അന്നു നിഷ്കരുണം കൊന്നു കുളത്തിൽ തള്ളിയ  ഐശ്വര്യയെന്ന പാവം പെണ്ണിനെ നീ മറന്നോ?

എന്താണ് ഞാൻ ചെയ്ത കുറ്റം? അമ്പലത്തിൽ മാല കെട്ടുകാരനായ നിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതോ? അംബരീഷിനെ പ്രണയിച്ചതോ?"

അവൾ അയാളുടെ കഴുത്തിൽ നിന്നും പിടി അയച്ചില്ല. എല്ലാവരും ചേർന്ന് അവളുടെ പിടിയിൽ നിന്നും ഒരുവിധത്തിൽ  അയാളെ മോചിപ്പിച്ചു

പിന്നീട് lപോലീസ് എത്തി അയാളെ അറസ്റ്റു ചെയ്തു. വളരെനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഗത്യന്തരമില്ലാതെ അയാൾ കുറ്റം സമ്മതിച്ചു. ഏറെ നാൾ തെളിയാതെ കിടന്ന കൊലപാതകരഹസ്യത്തിന്റെ ചുരുളഴിഞ്ഞു.

അപ്പോഴേക്കും അംബരീഷ് മടങ്ങിയെത്തിയിരുന്നു. വിവരങ്ങൾ അറിഞ്ഞു അദ്ദേഹം അവരുടെ
അടുത്തേയ്ക്ക് എത്തിയപ്പോൾ കണ്മണി ഒരു മയക്കത്തിലായിരുന്നു.

അംബരീഷ് എത്തിയപ്പോൾ ഡോക്ടറുടെ സാമീപ്യത്തിൽ അവളെ അച്ഛനും, അമ്മയും ചേർന്ന് വിളിച്ചുണർത്തി.

അംബരീഷിന്റെ മുഖം നേരിൽക്കണ്ടപ്പോൾ കണ്മണി ആർത്തു കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റ കാൽക്കൽ വീണു.

"ഞാൻ അവിടത്തെ ഐശ്വര്യയാണ്... ഈ ജന്മത്തിലെങ്കിലും എന്നെ ഉപേക്ഷിക്കരുതേ..."

അവൾ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി. എല്ലാവരും അവിശ്വസനീയത യോടെയാണ് രംഗങ്ങൾ നിരീക്ഷിച്ചത്. ഐശ്വര്യയുടെ പുനർജ്ജന്മമാണ് തങ്ങളുടെ കണ്മണി എന്ന് വിശ്വസിക്കാതെ ആർക്കും തരമില്ലായിരുന്നു.

നാൽപ്പത്തിരണ്ട് വയസ്സുണ്ടായിരുന്ന അംബരീഷിന്റെ മനസ്സിലേയ്ക്ക് കഴിഞ്ഞു പോയ കാലങ്ങൾ കടന്നു വന്നു.

ഈ ജന്മത്തിലെങ്കിലും എന്നെ ഉപേക്ഷിച്ചു പോകല്ലേയെന്ന അവളുടെ യാചന, അതേ... അത് എന്റെ ഐശ്വര്യ തന്നെ. അദ്ദേഹത്തിന് ഉറപ്പായി.

പിന്നീട് അംബരീഷ് കണ്മണിയെ വിവാഹം ചെയ്യാൻ തയ്യാറായി. പ്രായവത്യാസം ആരും കണക്കിലെടുത്തില്ല.

അവർ ഐശ്വര്യയുടെ അനിയത്തിയായിരുന്ന അനുഷയെ അന്വേഷിച്ചു കണ്ടുപിടിച്ചു. അവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായി
ഭർത്താവിന്റെ വീട്ടിൽ സന്തോഷമായി കഴിയുകയായിരുന്നു.

ഭർത്താവിനോടൊപ്പമാണ് അവൾ കണ്മണിയെ കാണാൻ എത്തിയത്.

അനുഷയെ കണ്ടപ്പോൾ കണ്മണിയ്ക്കുണ്ടായ ഭാവവത്യാസങ്ങൾ അദ്‌ഭുതകരമായിരുന്നു

സഹോദരിമാർ കഴിഞ്ഞ കാല സംഭവങ്ങൾ അയവിറക്കിക്കൊണ്ടിരുന്നു.

ഇപ്പോൾ ലക്ഷ്മിയും, ഗിരീഷും, മകളോടും, ഭർത്താവിനോടുമൊപ്പം കർണ്ണാടകത്തിലെ ദേവഗിരി ഗ്രാമത്തിലെ സ്ഥിര താമസക്കാരായിരിക്കുന്നു.

കഴിഞ്ഞ ജന്മത്തിലെ ഐശ്വര്യയുടേയും, അംബരീഷിന്റെയും പ്രണയം ഈ ജന്മത്തിൽ പൂവണിഞ്ഞിരിക്കുന്നു.

(ഈ കഥയിലെ കഥാപാത്രങ്ങളും സംഭവ വികാസങ്ങളും തികച്ചും എന്റെ ഭാവനയിൽ നിന്നും ഉടലെടുത്തവയാണ്. അവയ്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവും ഇല്ല.) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ