mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

M C Ramachandran

"ഹലോ, ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണ്."

"പോലീസ് സ്റ്റേഷനിൽ നിന്നോ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? "  നന്ദഗോപൻ മാഷ് ചോദിച്ചു.

"ചെറിയ ഒരു പ്രശ്നം ഉണ്ട്,  മാഷിന്റെ മകൻ ഇവിടെയുണ്ട്. മാഷ് ഒന്ന് ഇവിടെ വരെ വരണം."  എസ് ഐ മാഷിനോടുള്ള ബഹുമാനം കൊണ്ടാണ് അത്രയും പറഞ്ഞത്.

"അയ്യോ എന്റെ ഉണ്ണിക്ക് എന്ത് പറ്റി ? "

"പേടിക്കാനൊന്നുമില്ല മാഷെ, എല്ലാം ഇവിടെ വന്നിട്ട് പറയാം."

"അയ്യോ എന്താ നമ്മുടെ ഉണ്ണിക്ക് പറ്റിയത് ദൈവമേ പറയൂ മാഷെ."

ഈ സംഭാഷണം കേട്ട് കൊണ്ട് വന്ന മാഷിന്റെ ഭാര്യ വസുന്ധര ടീച്ചർ സങ്കടത്തോടെ ചോദിച്ചു.

"ഒന്നുമറിയില്ല ഞാൻ ഒന്ന് സ്റ്റേഷൻ വരെ പോയിട്ട് വരാം."

"ഞാനും വരുന്നു എനിക്കെന്റെ ഉണ്ണിയെ കാണണം."

മാഷ് വേഗം കാർ സ്റ്റാർട്ട് ചെയ്തു വസുന്ധരയെ കയറ്റി സ്റ്റേഷനിലേക്ക് പുറപ്പെട്ടു....

മണിമല ഗ്രാമത്തിലെ നാട്ടുക്കാരുടെയെല്ലാം ബഹുമാന താരങ്ങളാണ് നന്ദഗോപൻ മാഷും വസുന്ധര ടീച്ചറും.  നന്ദഗോപൻ മാഷ് മണിമല ഹൈസ്കൂളിലെ  ഹെഡ് മാഷാണ് ഇപ്പോൾ. വസുന്ധര ടീച്ചർ ആ സ്കൂളിലെ തന്നെ ഇംഗ്ലീഷ് ടീച്ചറാണ്.  കുറച്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് അവർ വിവാഹിതരായത്.  

വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ തൊട്ട് നാട്ടുക്കാരുടെയും സഹപ്രവർത്തകരുടെയും അന്വോഷണം തുടങ്ങി.  വിശേഷമായില്ലെ? ഡോക്ടറെ കണ്ടില്ലെ?  അവിടെ നല്ല ഡോക്ടറുണ്ട്, ആ ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്താൽ മതി, അവിടെ പോയി ശയനപ്രദക്ഷിണം നടത്തിയാൽ മതി... ഇങ്ങിനെ ചോദ്യങ്ങളും ഉപദേശങ്ങളും കേട്ട് അവർക്ക് പുറത്തിറങ്ങാൻ മടിയായി തുടങ്ങി.

അങ്ങിനെയിരിക്കെയാണ് ടീച്ചറുടെ കൂട്ടുക്കാരി ഡോക്ടർ  ടൗണിലെ ഹോസ്പിറ്റലിൽ ട്രാൻസ്ഫറായി വന്നത്.  ടീച്ചർ അവരെ കണ്ടപ്പോൾ തന്റെ വിഷമങ്ങൾ പറഞ്ഞു. അവർ ഉടനെ അവരുടെ പരിചയത്തിലുള്ള ഗൈനക്കോളജിസ്റ്റിനെ പരിചയപ്പെടുത്തി കൊടുത്തു.  ഒരു വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം ടീച്ചർ ഗർഭിണിയായി.

അങ്ങിനെയാണ്  വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷം  അവർക്ക് ഒരാൺകുഞ്ഞ് പിറന്നത്.  കുഞ്ഞിന് നന്ദകിഷോർ എന്ന് പേരിട്ടു. അവരുടെ ഓമനയായി അവൻ വളർന്നു.

മാഷിന് അവനെ ഒരു ഐ എ എസുകാരനാക്കണം എന്നായിരുന്നു ലക്ഷ്യം.  അതിന് വേണ്ടി ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിപ്പിച്ചത്. പത്താം ക്ലാസ്സ് വരെ നല്ല മിടുക്കനായി പഠിച്ച്  എല്ലാ വിഷയത്തിലും ഏ പ്ലസ് വാങ്ങി വിജയിച്ചു.

സ്റ്റേഷനിലെത്തിയ അവർ തന്റെ മകനെ വേറെ ക്രിമിനൽസിന്റെ കൂടെ കണ്ട് ഞെട്ടിത്തരിച്ചു പോയി...

"എന്താ ഉണ്ണി ഇത്?" ടീച്ചർക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല. 

മകൻ തല താഴ്ത്തി നിന്നു.

അപ്പോഴേക്കും എസ് ഐ വന്ന് മാഷെ  കാബിനിലേക്ക് വിളിച്ച് കൊണ്ടുപോയി.

"എന്താ എന്റെ മോൻ ചെയ്ത തെറ്റ് ?" മാഷിന് വിവരം അറിയാൻ തിരക്കായി.

"പറയാം പക്ഷെ മാഷ് സംയമനത്തോടെ കേൾക്കണം."  എസ് ഐ പറഞ്ഞു.

"എന്തായാലും പറയു " മാഷ് പറഞ്ഞു.

"നിങ്ങളുടെ മകൻ മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണിയാണ്."

"നോ എന്റെ മകൻ അങ്ങിനെ ചെയ്യില്ല."

"കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്. കാമ്പസിൽ എല്ലാവർക്കും മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് അവനാണ്. കുറേ നാളായി അവൻ നമുടെ നിരീക്ഷണത്തിലായിരുന്നു. അവനെ പിടിക്കുമ്പോൾ അവന്റെ കയ്യിൽ പത്ത് ലക്ഷം രൂപയ്ക്കുള്ള മയക്കുമരുന്നുണ്ടായിരുന്നു."

"ഇനി എന്ത് ചെയ്യാൻ പറ്റും ?"

"ഒന്നും ചെയ്യാൻ പറ്റില്ല.  നാളെ കോടതിയിൽ ഹാജരാക്കും.  ജാമ്യം പോലും കിട്ടാത്ത വകുപ്പാണ്."

പിന്നെ ഒന്നും പറയാതെ മാഷ് കാബിന് പുറത്ത് കടന്ന് മകനെ ഒരു നോട്ടം നോക്കി. മകൻ തല താഴ്ത്തി നിന്നു.  മാഷിന്റെ രണ്ട് കണ്ണിലും കണ്ണുനീർ പുറത്തേക്ക് ചാടാൻ തയ്യാറായി നിന്നിരുന്നു ....


പ്ലസ് വൺ പഠിക്കാൻ തുടങ്ങിയപ്പോൾ ബൈക്ക് വേണം എന്ന് പറഞ്ഞു. ഒറ്റ മോനല്ലെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി ബൈക്ക് വാങ്ങി കൊടുത്തു.  പിന്നെ അതിലായി മകന്റെ കറക്കം.  

പിന്നീട് പുതിയ കൂട്ടുകെട്ടിൽപ്പെട്ടു.  ആദ്യമായി മയക്കു മരുന്നിന്റെ രുചിയറിഞ്ഞു. പിന്നെ ഡെയ്ലി വേണമെന്നായി.  വീട്ടിൽ നിന്ന് കിട്ടുന്ന തുകകൾ കുറഞ്ഞ് തുടങ്ങിയപ്പോൾ മയക്കുമരുന്ന് വാങ്ങാൻ കാശിനായി അതിന്റെ വ്യാപാരത്തിൽ കണ്ണിയായി.

വീട്ടിൽ രാത്രി വൈകി വരും ചില ദിവസം വരില്ല.  അപ്പോഴെല്ലാം മാഷ് ടീച്ചറോട് പറഞ്ഞു ആൺകുട്ടിയല്ലെ  കൂട്ടുക്കാരൊത്ത് കറങ്ങാൻ പോയതാവും എന്നാണ്.

ഈറൻ മിഴികളോടെ മാഷ് ടീച്ചറെയും കൊണ്ട് സ്റ്റേഷന്റെ പടിയിറങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ