ഓർമ്മത്തണലിൽ, ആമിന പോസ്റ്റിയ ശുഭദിനത്തിനു കീഴെ മറ്റൊരു ശുഭദിനം കുറിച്ച് മാധു പോസ്റ്റി. "ഇന്നലത്തെ ആ വോയ്സ് ക്ലിപ്പ് കളയണ്ടായിരുന്നു ആമിന.."
"ശുഭദിനം ചങ്ക്സ്." യു എ ഇ യിൽ നിന്നും അരുണയെത്തി. ദിനേഷ്കൃഷ്ണയും ദിനേഷ് പി കെ യും ഉണ്ണികൃഷ്ണനും വേണുവും ശശികുമാറും പ്രേംനസീറും ശാരിയും കുമാരിയും ജെപിയും ജിനനും മണിയും ബീനയും വാസന്തിയും സൂര്യകുമാറും സുധയും സുമയും മല്ലികയും മൃദുലയുമെല്ലാമെല്ലാം ഊഴത്തിനനുസരിച്ച് അവരുടെ ശുഭദിനങ്ങൾ നേർന്ന് ഗ്രൂപ്പിനെ സജീവമാക്കി. ശുഭദിനത്തോടൊപ്പം വാർദ്ധക്യജീവിതം സന്തോഷകരമാക്കുന്നതിനുള്ള ഏതാനും വിദ്യകളുമായി ജയറാണിയെത്തി. തൊട്ടു പിന്നാലെ, സ്റ്റാർ മേക്കറിൽ തങ്ങൾ പാടിയ പഴയ സിനിമാ പാട്ടുകളുമായി വേണുവും ശാരിയും; ഫലത്തിൽ, ഓർമ്മത്തണൽ മൊത്തത്തിൽ ഉണർന്നു.
"ഒരിക്കൽക്കൂടെ ഒന്നു ശ്രമിച്ചു കൂടെ?" മാധു ചോദിച്ചു.
"ഇനിയത് സാധ്യമാവില്ലെന്നാണ് തോന്നുന്നത്." ആമിന പറഞ്ഞു.
കറുത്ത കരിയിലകൾ കാറ്റത്ത് വട്ടമിട്ടു പറക്കവെ, തലയിലെ തട്ടം നേരെയാക്കാൻ വരാന്തയിലേക്ക് ഓടിക്കയറിയ പ്രീഡിഗ്രിക്കാലത്തെ ആമിനക്കുട്ടിയെ മാധുവൊന്ന് സങ്കൽപ്പിച്ചു നോക്കി. വരാന്തയിൽ നിൽക്കുന്ന മറ്റു സതീർത്ഥ്യരേയും...
"അന്നൊരു വെള്ളിയാഴ്ചയായിരുന്നു എന്നാണോർമ്മ." ആമിന കുറിച്ചു.
"എന്തിൻ്റെ കാര്യമാണ് പറയുന്നത്?" ഉണ്ണികൃഷ്ണൻ ചോദിച്ചു.
"ആദ്യമായി കണ്ട സിനിമയുടെ.. ഇന്നലത്തെ നമ്മുടെ ചർച്ച അതായിരുന്നല്ലോ?"
"ഓ, അങ്ങിനെ! ഞാനതു മറന്നു."
"സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതും പാത്തുമ്മത്താത്തയെ കാണാൻ ഞാനോടി. തൊട്ടു കിഴക്കേതിലായിരുന്നു അവർ താമസം. താത്തയ്ക്ക് മക്കളില്ലായിരുന്നു." ആമിന പഴയകാലം ഓർത്തെടുക്കുന്നത് എത്ര രസകരമായാണ്! മാധു ചിന്തിച്ചു. ആമിനയുടെ കണ്ണുകളിൽ ഒരു പൂക്കാലം തന്നെ വന്നു നിറയുന്നതും അയാൾ ഭാവനയിൽ കണ്ടു.
"എന്തേ ആമിന?" കണ്ടതും താത്ത അവളോട് ചോദിച്ചു.
"നമ്മളിന്നലെ പറഞ്ഞ കാര്യം.."
"എന്തോന്നു കാര്യം?"
"ഏഴാം കടലിനക്കരെ."
"ഏഴാം കടലിനക്കരെയോ? അവിടെയെന്താ?" പാത്തുമ്മായ്ക്ക് ഒന്നും മനസ്സിലായില്ല.
"അതെ, ഏഴാം കടലിനക്കരെ തന്നെ." ആമിനയ്ക്കു ദേഷ്യം വരാൻ തുടങ്ങി.
"ഓ, അത്! ഞാനതു മറന്നു. നീയിതു വരേം മറന്നില്ലേ?" പാത്തുമ്മ കളിയാക്കി ചോദിച്ചു.
"മറക്കാനല്ലല്ലോ ഇന്നലെ താത്ത എന്നോട് പറഞ്ഞത്?" നാലാം ക്ലാസ്സ് കാരിയുടെ ശുണ്ഠി താത്തയ്ക്ക് നന്നേ രസിച്ചു.
"ശരി ശരി. വല്ലോം കഴിച്ചോ നീ?" പാത്തുമ്മ അന്വേഷിച്ചു.
"ഇല്യ."
"എങ്കി വാ, നമുക്ക് ചായ കുടിക്കാം."
"വേണ്ട. വീട്ടിൽ കാത്തിരിക്കും." അതും പറഞ്ഞ് അവൾ ഓടി.
താത്തയ്ക്ക് രാത്രിയിൽ ഉറക്കം വന്നില്ല. കൊച്ചു കുഞ്ഞല്ലേ ആമിന.... ഉമ്മയില്ലാത്തവൾ.
പിറ്റേന്ന് കാലത്തേ ആമിനയുടെ വീട്ടിൽ പാത്തുമ്മത്താത്ത പാഞ്ഞെത്തി, അവളുടെ വീട്ടുകാരോട് അനുവാദം ചോദിക്കാൻ.
"എന്നെ കൊണ്ടോയാൽ ഞാനും സമ്മതിക്കും. ഇല്ലേൽ സമ്മതിക്കില്ല." എട്ടാം ക്ലാസ്സിൽ പഠിക്കുന്ന, ആമിനയുടെ വല്ലിത്ത തൻ്റെ നിലപാട് കടുപ്പിച്ചു.
"അല്ലേൽ നീ എന്തു ചെയ്യുമെന്നാ?" പാത്തുമ്മ ശുണ്ഠി കയറിയതായി ഭാവിച്ചു.
"ഞാനോ? ഉമ്മറത്ത് പോയി അമ്മാവനോട് പറഞ്ഞ് കൊളമാക്കും, അത്രന്നെ." സവാളയുടെ കൂന് അരിയുന്നതിനിടയിൽ അവൾ പ്രഖ്യാപിച്ചു.
"അമ്പമ്പടി കേമീ.." അവർ മൂക്കത്ത് വിരൽ വച്ച്, വല്ലാത്ത വിഷമം കാണിച്ചു.
"എങ്കി നീ പോയി ചോയിക്കെടീ ഹംക്കേ..." അമ്മായി അവളോട് കലിച്ചു.
"അയ്യോ ബേണ്ട!" ആമിനയുടെ വല്ലിത്ത വല്ലാത്തൊരു ഞെട്ടു ഞെട്ടി
ഇതിനിടയിൽ, ഉമ്മറത്തെ ചാരുകസാരയിൽ ചടഞ്ഞിരിക്കുന്ന സിംഹത്താനെ ഒന്നുപോയി കണ്ട ശേഷം പാത്തുമ്മത്താത്ത തിരിച്ചു പോന്നു.
"ഇപ്പം ത്തിരി നല്ല നേരാ, ചെല്ല് പാത്തൂമ്മേ...." അമ്മായി പാത്തുമ്മയെ പ്രോത്സാഹിപ്പിച്ചു.
.....................................................
ഒമ്പതു മണിയായിട്ടും എഴുന്നേൽക്കാതെ ചുരുണ്ടുകൂടി കിടക്കുന്ന ആമിന, ശരിക്കും ഏഴാംകടലിനക്കരെയായിരുന്നു! അവളുടെ ഉമ്മയും ബാപ്പയുമുണ്ടായിരുന്നു അവളുടെ കൂടെ!
"നെൻ്റെ വല്ലിത്തയെന്തിയേടീ, പോയി അവളേം ബിളിച്ചോണ്ട് വാ..." അൽപ്പം കഴിഞ്ഞപ്പോൾ, നക്ഷത്രങ്ങളായി നിന്ന് അവർ അവളോട് പറഞ്ഞു. അവൾ ചിരിച്ചു. ഉമ്മാക്ക്, വല്ലിത്തയുടെ നല്ല മുഖച്ഛായയുണ്ടായിരുന്നു!
ആമിന കണ്ണു തുറന്നപ്പോൾ, അമ്മായി വന്ന് അവളെ തോണ്ടി വിളിക്കയാണ്, "എഴുന്നേൽക്കടീയാമിനേ, മണി പത്തായീ.." ന്നും പറഞ്ഞ്. തികട്ടി വന്ന സങ്കടം മറ്റാരും കാണാതിരിക്കാൻ വല്ല വിധേനയും എഴുന്നേറ്റ് ഓടിച്ചെന്ന് മുഖം കഴുകി തിരിച്ചു വന്നപ്പോൾ, അവളുടെ വല്ലിത്തയുടെ മുഖം രണ്ട് കൊട്ടയ്ക്കുണ്ട്! എന്ത് ചോദിച്ചിട്ടും മിണ്ടുന്നുമില്ല!
പുറകിലൂടെ ചെന്ന് ഉമ്മറത്തേക്ക് നോക്കിയപ്പോൾ, ഉമ്മറത്തെ തിണ്ണയിൽ അമ്മാവൻ കാലും മുഖവും കഴുകാനുപയോഗിക്കുന്ന കിണ്ടി, വെള്ളം തീർന്ന് കമഴ്ത്തി വച്ചിരിക്കുന്നു! കിണ്ടിയിൽ രാവിലത്തെ വെള്ളം നിറയ്ക്കൽ ആമിനയുടെ ജോലിയാണ്. മറ്റാരും അത് ചെയ്യില്ല. അമ്മാവനും ഉസ്താദുമാരും തൊട്ടപ്പുറത്തിരുന്ന് നിർത്താതെ സംസാരിക്കുന്നുണ്ട്. ആരും അത് ശ്രദ്ധിച്ചിട്ടില്ല. 'ഭാഗ്യായി!' അവൾ വിചാരിച്ചു.
"ഏഴാം കടലിനക്കരെ പോകാൻ ഈ അമ്മാവൻ അനുവദിക്കണം. അതത്രയെളുപ്പം നടക്കുമെന്ന് തോന്നുന്നില്ല. ഒന്നു മണിയടിച്ചു നോക്കാം. കി കി, പോ പോ" ആമിന വിചാരിച്ചു. (കിട്ടിയാൽ കിട്ടി, പോയാൽ പോയി.)
അമ്മാവനെ കേൾപ്പിക്കാൻ "ദാ വരണൂ മ്മായി.............."ന്ന് രണ്ടു പ്രാവശ്യം ഉറക്കെ വിളിച്ചു പറഞ്ഞ്, കിണ്ടിയെടുത്ത് പുറകിലൂടെ പോയി അതിൽ വെള്ളം നിറച്ച് ഉമ്മറത്തെ തിണ്ണയിൽ കൊണ്ടുവന്നു വച്ചു ആമിന; ആരും അപ്പുറത്ത് അവളെ വിളിക്കാഞ്ഞിട്ടും! "അമ്മാവൻ ശ്രദ്ധിച്ചു കാണുമോ എന്തോ?" അവൾക്കും നല്ല പിടിയില്ല. അവൾ ഇടക്കണ്ണിട്ടു നോക്കുമ്പോൾ, അമ്മാവനിപ്പോഴും സംസാരത്തിലാണ്. ശ്ശെട പുകിലേ...
പാത്തുമ്മത്താത്ത കൃത്യം രണ്ടരയ്ക്കേ എത്തി, ആമിനയെ കൊണ്ടു പോകാൻ. കാര്യമറിഞ്ഞപ്പോൾ ആമിനയ്ക്ക് ബഹുത്ത് ബഡാ സന്തോഷം ഹേ. അവൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. പിടുപിടുന്നനെ വസ്ത്രങ്ങളൂരി, പെരുന്നാളിനിട്ടത് അമ്മായി കഴുകിയുണക്കി അലമാരയിൽ സൂക്ഷിച്ചു വച്ചത്, അവിടെ നിന്നും പെറുക്കിയെടുത്ത് ധരിച്ചു.
"അത് വേണോ ആമിന?" അമ്മായി ചോദിക്കുന്നുണ്ട്.
"പിന്നെ വസ്ത്രം വേണ്ടെ?" എന്നായി ആമിന.
"അതല്ല, സിനിമയ്ക്ക് പോകുമ്പം ഇത്രേം നല്ല ഉടുപ്പ്!"
"വേണം. വേണം. നല്ലൊരു കാര്യത്തിന് പോവുന്നതല്ലെ അമ്മായി? ഇങ്ങനെ പറേല്ലെ.." അമ്മായി പിന്നെ എതിർത്തൊന്നും പറയാൻ പോയില്ല.
"എന്നേം കൊണ്ടൊവോ?" ആമിനയുടെ വല്ലിത്ത, പോവാൻ നേരം പാത്തുമ്മത്താത്തയുടെ പിന്നാലെ ചെന്ന് ചോദിച്ചു.
"നീ മുതിർന്നില്ലേ പെണ്ണെ, പിന്നെയാകട്ടെ.." പാത്തുമ്മത്താത്ത അവളെ ആശ്വസിപ്പിച്ചു.
"ഇനിയും മുതിർന്നാൽ ആളോള് ചെറുതാകുമോ?" ആമിന സംശയം പ്രകടിപ്പിച്ചു.
"നീ പോയിട്ടു വാ ആമി. തിരിച്ചു വരുമ്പം എനിക്കു കഥ പറഞ്ഞു തന്നാൽ മതി." അവസാനം, വല്ലിത്ത ഒത്തുതീർപ്പിലായി ആമിനയ്ക്ക് റ്റാറ്റ കൊടുത്തു.
.....................................................
കൈലാസത്തെ ആമിന ആദ്യമായി കാണുകയായിരുന്നു. കൈലാസം കണ്ട് അവൾ തരിച്ചു നിന്നു! മുഴുവനും ഓല!
"ഇതെന്താ പാത്തുമ്മത്താത്ത ഇങ്ങനെ? ഞങ്ങടെ ടീച്ചർ പറഞ്ഞത് കൊട്ടാരം പോലെയാണ് എന്നാണല്ലൊ?" അവൾ ചോദിക്കയും ചെയ്തു.
"ആ കൈലാസമല്ല മോളേ, ഇത്! ഇതു കൈലാസ് ടാക്കീസ്." താത്ത തിരുത്തിക്കൊടുത്തു.
പെണ്ണുങ്ങളുടെ വരിയിൽ നിന്ന് തല്ലു പിടിച്ച് ടിക്കറ്റെടുത്തതും ആമിനയുടെ കൈ പിടിച്ച് തിയ്യറ്ററിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയതും പാത്തുമ്മത്താത്തയായിരുന്നു.
ഏറ്റവും മുന്നിലെ മണൽപ്പരപ്പിൽ താത്തയുടെ അടുത്ത് ചമ്രം പടിഞ്ഞ് ആമിനയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഒരു വേലിക്കെട്ടുണ്ട്. അതിൻ്റെയപ്പുറത്ത് അവളുടെ സ്കൂളിലേതുപോലെ ബഞ്ചുകൾ നിരത്തിയിട്ട് ആളുകൾ ഇരിക്കുന്നു!
ഞാനവിടെ പോയിരിക്കാം എന്നും പറഞ്ഞ് ആമിന തിടുക്കത്തിൽ എഴുന്നേറ്റതാണ്; എന്നാൽ, അവിടെയിരിക്കാൻ കാശുകൂടുതലാണെന്നും പറഞ്ഞ് പാത്തുമ്മത്താത്ത അവളെ നിരുത്സാഹപ്പെടുത്തി.
പൊടുന്നനെ വെളിച്ചം അണഞ്ഞു. മുന്നിൽ വലിയ അക്ഷരത്തിൽ അവളുടെ തൊട്ടുമുന്നിൽ ഓരോന്ന് എഴുതി കാണിക്കാൻ തുടങ്ങി. കാതടപ്പിക്കുന്ന മ്യൂസിക് ശബ്ദവും.
ഏ ഴാം ക ട ലി ന ക്ക രെ
രചന എ. ഷെരീഫ്
തിരക്കഥ എ. ഷെരീഫ്
അഭിനേതാക്കൾ
പി. ഭാസ്കരൻ
ഹെൻട്രി മാർസൽ
ജനാർദ്ദനൻ
ജോ വാഷിംഗ്ടൺ
കെ.ആർ. വിജയ
എം.ജി. സോമൻ
പത്മിനി
രവികുമാർ
റീന
സീമ
വിധുബാല
സംഗീതം എം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണം രാമചന്ദ്ര ബാബു
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ ജിയോ മൂവീസ്
വിതരണം ജിയോ മൂവീസ്
നിർമ്മാണം എൻ.ജി. ജോൺ
സംവിധാനം ഐ.വി. ശശി.
"ആമിനയുടെ ആദ്യത്തെ സിനിമ എന്ന പേരിൽ ഞാനിതൊരു കഥയാക്കി പ്രസിദ്ധീകരിക്കട്ടെ?" മാധു ചോദിച്ചു.
"പറ്റില്ല." ആമിന പറഞ്ഞു. മാധു നിരാശനായി.
"സുരലോക ജലധാര ഒഴുകിയൊഴുകി" ആസ്ഥാന ഗായകനായ വേണു, ആ സിനിമയിലെ പാട്ടാണെന്നും പറഞ്ഞ് രണ്ടു വരി പാടി എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു. ഗായികമാരായ ശാരിയും ബീനയും അതേറ്റു പിടിച്ചു. അവിടെ ഒരന്താക്ഷരി പിച്ചവച്ചു.
"മാധു പോയോ?" അന്താക്ഷരിയുടെ പോരാട്ടം കഴിഞ്ഞപ്പോൾ ആമിന ചോദിച്ചു.
"മാധു പോയി." മാധു ടൈപ്പി.
"ഓർമ്മത്തണൽ എന്ന പേരിലാണെങ്കിൽ ഒ കെ." ആമിന പറഞ്ഞു.