കാഴ്ച മങ്ങി തുടങ്ങിയപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇന്നലെ വരെ ഓടി നടക്കുകയായിരുന്നു. ഒരു പത്രം പോലും വായിക്കാൻ സമയം കണ്ടെത്താതെ.
ഇപ്പോൾ ഒറ്റപ്പെടുകയാണ്. ചികിത്സ കൊണ്ട് പ്രയോജനം ഇല്ലെന്ന് ഡോക്ടറും വിധിയെഴുതി. വീട്ടുകാർക്കും ആശ്വാസം, മരുന്ന് വാങ്ങി കാശ് ചിലവാക്കേണ്ടല്ലോ….
നിരാശയുടെ പടുകുഴിയിലേക്ക് മനസ്സ് വീണു കൊണ്ടിരുന്നപ്പോഴാണ്, തപ്പി തടഞ്ഞായാലും അടുത്തുള്ള വായന ശാലയിലേക്ക് നടന്ന് തുടങ്ങിയത്. കാഴ്ചയുണ്ടായിട്ടും ഒറ്റപ്പെട്ടവരെ അവിടെ വെച്ച് പരിചയപ്പെട്ടു.
അവർ അയാൾക്ക് വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു. അയാൾ കൂടുതൽ കൂടുതൽ ഉന്മേഷവാനായി.
കണ്ണ് കാണാൻ വയ്യെങ്കിൽ വീട്ടിലിരുന്നു കൂടെ. ഇനി തട്ടി തടഞ്ഞ് വീണ് കാലൊടിഞ്ഞു കിടക്കണോ?
പലപ്പോഴും ഉയരുന്ന ശാസനകൾ കേൾക്കുമ്പോൾ അയാൾ സ്വയം ആശ്വസിക്കും.
നിങ്ങളെക്കാൾ എനിക്കിപ്പോൾ പുസ്തക താളുകളിലെ കഥപാത്രങ്ങളോടാണ് അടുപ്പം… അവരാണെന്റെ ഊർജ്ജം. എൻ്റെ പുതിയ ബന്ധുക്കൾ….