avalude kadha

Freggy

അപ്പു വരാന്തയിൽ താടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു. അടുക്കളയിൽ അമ്മ പാത്രങ്ങളും ആയി മല്ലു പിടിക്കുന്ന ശബ്ദം കേൾക്കാം. അപ്പുവിന്റെ ചിന്ത മുറുകി. രണ്ടു ദിവസം കഴിഞ്ഞാൽ വിഷു.

കൂട്ടുകാർ എല്ലാം പടക്കം മേടിക്കാൻ കാശ് കരുതി വച്ചിരിക്കുന്നു. തനിക്ക് ആരും കാശ് തരാൻ ഇല്ല.അമ്മയോട് ചോദിച്ചാൽ പടക്കം തന്റെ മുതുകിൽ വീഴും. കഞ്ഞിക്കുള്ള വക പോലും അമ്മ ഉണ്ടാക്കുന്നത്.അപ്പുറത്തെ വീട്ടിലെ പാത്രം മോറിയും, മുറ്റം അടിച്ചും കിട്ടുന്ന കാശിനാണ്ണ്. അച്ഛൻ ഇട്ടിട്ടു പോകുമ്പോൾ അപ്പുവിന് അച്ഛന്റെ മുഖം ഓർമയില്ല. പിന്നെ സ്വന്തവും ബന്ധവും ഇല്ലാത്ത തനിക്ക് എന്ത് വിഷു. അമ്മയോട് അച്ഛനെ കുറിച്ച് ചോദിച്ചാൽ കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കാം. അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതിന്റെ വേദന.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല.

അമ്മയുടെ ആൾക്കാർ എല്ലാം വലിയ സാമ്പത്തിക ശേഷി ഉള്ളവർ ആയിരുന്നു .അമ്മ അച്ഛന്റെ കൂടെ പോരുമ്പോൾ ആ ബന്ധം അതോടെ അവസാനിച്ചു. അപ്പു ദൂരേക്ക് കണ്ണ് നട്ടു. ഓടിട്ട കൊച്ചു വീടാണ്. സ്വന്തം ഒന്നും അല്ല, വാടകക്ക്.

നേരെ മുമ്പിലെ വീട്ടിൽ അപ്പുവിന്റെ കൂട്ടുകാരൻ അച്ചു. അവനെ മാടി വിളിച്ചു. അപ്പു എഴുനേറ്റു അച്ചുവിന്റെ അരികിലേക്ക് നടന്നു. അച്ചു സൈക്കിളിൽ പോകാൻ റെഡി ആയി ഇരിക്കുന്നു. "നീ വാ നമുക്ക് പടക്കം വേടിക്കാൻ പോകാം.എനിക്ക് അച്ചാച്ചൻ പൈസ തന്നു. നമുക്ക് കവലയിൽ പോകാം." അച്ചു ആവേശത്തിൽ പറഞ്ഞു. "ഞാൻ ഇല്ല അച്ചു അമ്മ വഴക്ക് പറയും. നീ പോയിട്ടുവാ." അപ്പു മറുപടിക്ക് കാക്കാതെ തിരിച്ചു നടന്നു.

അപ്പുവിന്റെ മുഖം ചുവന്നു.കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിലത്ത് വീണു ചിതറി. തനിക്ക് മാത്രം ഒന്നും ഇല്ല. പടക്കവും, പുത്തനുടുപ്പും ഒന്നും. അവന്റെ പിഞ്ചു ഹൃദയം നുറുങ്ങി. ആ ആറു വയസുകാരൻ നന്നെ വിഷമിച്ചു. തിരിച്ചു വന്നിരുന്ന അവനെ നോക്കി വാതിൽ പടിയിൽ അമ്മയുണ്ട്. "നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ..വെയില് കൊണ്ട് നടക്ക്‌. ഒരു നേരം വീട്ടിൽ ഇരിക്കണ്ട കേട്ടോ." അമ്മ അവനെ നോക്കി പറഞ്ഞു. അവൻ തല ഉയർത്തി അമ്മയെ നോക്കി. അവന്റെ കണ്ണ് നിറഞ്ഞു കണ്ട് ആ മാതൃ ഹൃദയം ഉരുകി. അവർക്കറിയാം തന്റെ മകന്റെ വിഷമം. മറ്റു കുട്ടികളുടെ ആഘോഷം ഒന്നും തന്റെ മകനില്ല. അവൻ ഒന്നും അതിയായി ആഗ്രഹിക്കാറും ഇല്ല. അവനറിയാം തന്റെ അവസ്ഥ.അവൻ ഒന്നും മിണ്ടാതെ വരാന്തയിൽ ഇരുന്നു.

അമ്മ തിരിച്ചു അടുക്കളയിലേക്ക് നടന്നു. ആ മനസ്സ് വേദനിച്ചു. ഒരു വേള തന്റെ കുട്ടിക്കാലത്തു വിഷു ആഘോഷം കേമം ആയിരുന്നു. പൂത്തിരി യും,പടക്കവും..എല്ലാം ഉണ്ടായിരുന്നു.പുതിയ വസ്ത്രം, കണികാണാൻ അമ്മ കണ്ണുപൊത്തി കൊണ്ട് പോകുന്നതും..എല്ലാം ആ അമ്മയുടെ ഓർമകളിൽ മിന്നിമാഞ്ഞൂ...ഇന്നിപ്പോ തന്റെ മകന്റെ വിഷമം..അവർ അയാളോടൊപ്പം ഇറങ്ങി പോന്ന നിമിഷത്തെ സ്വയം ശപിച്ചു. അവർ ചുമരിൽ ഉറപ്പിച്ചുവച്ച കൃഷ്ണന്റെ ഫോട്ടോക്ക് മുന്നിൽ കൈകൂപ്പി...എന്റെ ഭഗവാനെ..എന്റെ മകന്റെ അവസ്ഥ കാണുന്നില്ലേ..എന്റെ കുട്ടിക്ക് മാത്രം ഈ ഒരു ദുഖം ..അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ഓക്കെ വിഷു ആഘോഷിക്കാൻ ഒരുങ്ങുന്നു.ന്റെ മകന് മാത്രം ഒരു സന്തോഷവും.. ഉണ്ടാകില്ലേ കണ്ണാ... ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..അവർ കുറെ നേരം പ്രാർത്ഥിച്ചു.

നേരം ഇരുട്ടി..പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം..രണ്ടു പാത്രത്തിൽ കഞ്ഞി എടുത്തു ഒരു പാത്രം മകന് നീട്ടി..അമ്മ." മോൻ  കുടിച്ചിട്ട് പോയി കിടന്നോ..നാളെ അമ്മ നോക്കട്ടെ എന്റെ കുട്ടിക്ക് കുറച്ചു പടക്കം മേടിക്കാൻ പറ്റുമോ എന്ന്." അപ്പുവിന്റെ മുഖത്ത് ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി..അവൻ ഓടി വന്നു അമ്മയെ കെട്ടിപിടിച്ചു കവിളിൽ മുത്തി."അമ്മക്ക് എന്റെ വിഷമം മനസ്സിലായില്ലേ." അവൻ അമ്മയെ നോക്കി..അമ്മയും മകനും പരസ്പരം പുണർന്നു. പിറ്റേന്ന് നേരം പുലർന്നു.അപ്പു എഴുനേറ്റു..അടുക്കളയിൽ അമ്മ പതിവ് ജോലി ചെയ്യുന്നുണ്ട്.എന്നിട്ട് വേണം അമ്മക്ക് പോകാൻ. അപ്പു പല്ല് തേച്ചു, കുളിച്ചു വന്നപ്പോഴേക്കും അമ്മ കട്ടൻ ചായയും, കപ്പയും ചമ്മന്തിയും എടുത്തു വെച്ചു. അപ്പുവിന് മടുപ്പ് തോന്നി. എന്നും പതിവ് പോലെ തന്നെ. അമ്മ മറന്ന് കാണുമോ.. അപ്പു തല ചെരിച്ചു അമ്മയെ നോക്കി..ചോദിക്കാൻ തോന്നിയില്ല. വഴക്ക് പറഞ്ഞാലോ.

അപ്പു ചായ കുടി കഴിഞ്ഞ് പുറത്ത് വന്നിരുന്നു.അച്ചു സൈക്കിൾ ചവിട്ടുന്നത് കണ്ടൂ.അപ്പുവിനെ കണ്ടതും ഓടി വന്നു..അപ്പുവിന്റെ കൈ പിടിച്ചു വലിച്ച് അവന്റെ വീട്ടിലേക്ക് ഓടി..അവൻ മേടിച്ച പടക്കവും, പൂത്തിരിയും ഓക്കെ കണ്ട് അപ്പുവിന്റെ കണ്ണ് നിറഞ്ഞു. അവൻ തിരിച്ചു വീട്ടിലേക്കു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോഡിൽ ഒരു കാർ വന്നു നിന്നു. അവർ അച്ചുവിന്റെ വീട്ടിലേക്ക് കയറി അച്ചുവിന്റെ അച്ചാച്ചൻ അവർക്ക് തന്റെ വീടു കാട്ടി കൊടുക്കുന്നു. അപ്പു എഴുനേറ്റു. അവർ തന്റെ വീട്ടിലേക്ക് നടന്നു വരുന്നു. അപ്പു അടുക്കളയിലേക്ക് ഓടി. അമ്മയെ പിടിച്ച് പുറത്തേയ്ക്ക് വന്നു. ഒരു വയസ്സായ അപ്പൂപ്പനും, ഒരു ചെറുപ്പക്കാരനും. അമ്മ അവരെ കണ്ടതും വെട്ടിയിട്ട പോലെ നിലത്തേക്ക് ഊർന്നു വീണു. അപ്പു വലിയ വായിൽ കരയാൻ തുടങ്ങി. വന്ന ആൾകാർ അവനെ ആശ്വസിപ്പിച്ചു.അതിൽ ചെറുപ്പകാരൻ ഓടി അടുകളയിൽ പോയി ഒരു പാത്രത്തിൽ വെള്ളവും ആയി തിരിച്ചു വന്നു. അമ്മയുടെ മുഖത്തേക്ക് തെളിച്ചു. മോളെ അപ്പൂപ്പൻ അമ്മയുടെ അരികിൽ ഇരുന്നു വിളിക്കുന്നു. ചേച്ചി ..ചേച്ചി..എന്ന് വിളിച്ചു അയാളും. അപ്പുവിന് ഒന്നും മനസിലായില്ല. അപ്പോഴേക്കും അച്ചുവിന്റെ അച്ചാച്ചൻ ഓടി വന്നു.അമ്മയെ വിളിച്ചു. അമ്മ പതിയെ കണ്ണ് തുറന്നു. അമ്മ അപ്പുവിനെ മുറുകെ പിടിച്ചു."മോളെ നിന്നെ എവിടെ ഒക്കെ അന്വേഷിച്ചു..ഞങ്ങൾ. നീ ഇത്ര ദൂരെ ഈ ഒരവസ്ഥയിൽ ആയിരിക്കും എന്ന് അറിഞ്ഞില്ല മോളെ".

"മോനെ ഇതാ മോന്റെ അച്ചാച്ചൻ.. അമ്മയുടെ അച്ഛൻ. ഇത് മോന്റെ മാമൻ." അമ്മ അവനെ നോക്കി പറഞ്ഞു.. അവന്റെ കുഞ്ഞു മുഖത്ത് സന്തോഷ കടൽ അലയടിച്ചു. അവൻ അച്ചുവിന്റെ നോക്കി പറഞ്ഞു.

"അച്ചു ഇതാട എന്റെ മാമൻ.." അവൻ അധികാരത്തോടെ മാമനെ നോക്കി.. മാമൻ അവനെ നോക്കി പുഞ്ചിരിച്ചു. "വാ മോളെ നമുക്ക് വീട്ടിൽ പോകാം അമ്മ കാത്തിരിക്കുന്നു. നീ വന്നിട്ട് വിഷു ആഘോഷം തുടങ്ങാൻ." അപ്പു ഒന്നും ആലോചിക്കാതെ അകത്തേക്ക് ഓടി അവന്റെ സാധനങ്ങൾ കണ്ട കവറിൽ നിറച്ചു. അമ്മ ചുമരിൽ ആടുന്ന കൃഷ്ണന്റെ ഫോട്ടോയിൽ നോക്കി കൈ കൂപ്പി. എന്റെ കള്ള കണ്ണാ..ഇതിനയിരുന്നോ നീ എന്നെ ഇത്ര നാളും വിഷമിപ്പിച്ചു കരയിപ്പിച്ചത്.  ഈ ഒരു സന്തോഷത്തിന് വേണ്ടി ആയിരുന്നോ.. കണ്ണാ..

അമ്മ ഫോട്ടോ എടുത്തു. അപ്പൂപ്പന്റെ കൂടെ നടന്നു. അപ്പു മാമന്റെ വിരലിൽ തൂങ്ങി ആദ്യം. കാറിൽ കേറി.അച്ചുവിന്റെ നേരെ കൈ വീശി. അമ്മയുടെ വീട്ടു മുറ്റത്ത് കാർ വന്നു നിന്നു. വലിയ വീട്. അപ്പുവിന്റെ കണ്ണ് തള്ളി. അപ്പോഴേക്കും അകത്തു നിന്ന് മുത്തശ്ശി ഓടി വന്നു. അപ്പുവിനെ കെട്ടിപിടിച്ചു. അമ്മയെ മാറോടു ചേർത്തു അകത്തേക്ക് ആനയിച്ചു. അന്ന് രാത്രി വൈകും വരെ പൂത്തിരിയും,പടക്കവും വേണ്ടുവോളം അപ്പു കത്തിച്ചു. മുത്തശ്ശി വിഷുക്കണി ഒരുക്കി. എല്ലാത്തിനും അപ്പു മുന്നിൽ നിന്നു. പിറ്റേന്ന് പുലർച്ചെ മുത്തശ്ശി അപ്പുവിന്റെ കണ്ണ് പൊത്തി പിടിച്ചു വിഷുക്കണി കാട്ടി. അപ്പുവിന്റെ ജീവിതത്തിലെ ആദ്യത്തെ വിഷുക്കണി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ