മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് പാസ്പോർട്ട് കിട്ടി...
അല്ലെങ്കിലും പാസ്പോർട്ട് കിട്ടുന്നേനു മുൻപ് കിടന്ന് ഭയങ്കര വിളിയാ എല്ലാരും...ഇവിടെ ജോലി അവിടെ ജോലി സർവത്ര പത്രത്തിലും ജോലി... ഇതിപ്പോൾ കിട്ടിയിട്ട് 3 മാസമാകുന്നു... എങ്ങും ഒരു ജോലിയും എനിക്ക് ആയില്ലല്ലോ ഈശോതമ്പുരാൻ അപ്പച്ചാ..."

"എന്നതാടാ തൊമ്മിച്ച നീ കർത്താവിനെ കുത്തിപ്പറയുന്നെ ...? അങ്ങേർക്കറിയാം കാലമാകുമ്പോൾ എല്ലാം കയ്യിലോട്ട് തരാൻ..."
അമ്മച്ചി പിറുപിറുത്തു....

പൊടി തട്ടിയ പാസ്പോർട്ട് ബൈബിളിണു അടിയിൽ കുത്തിത്തിരുകി തൊമ്മിച്ചൻ പറഞ്ഞു "അതിലെ ഫോട്ടോ നോക്കിയതാ അമ്മച്ചി.."

"എന്നാ നോക്കിയാലും കാലം ആവുമ്പോൾ കിട്ടും, നല്ലതല്ലാതെ ഒന്നും ദൈവം തരുത്തില്ലതാനും...

എന്നാലും വല്ല ജോലിക്കും ശ്രമിക്കാതെ ഇവിടിങ്ങനെ കുത്തി ഇരിക്കരുത്..."

"എന്നതാ ഈ അമ്മച്ചി രണ്ടൂടെ ഒന്നിച്ചു പറയണേ..? ഒന്ന് വിശ്വാസവും രണ്ടാമത്തേത് ഉപദേശവും.. കൊള്ളാം എന്നതായാലും...
അക്കരനാട്‌ ഒന്ന് കണ്ടിട്ട് വേണം വീടൊന്നു ശരിയാക്കാൻ..."
തിരി താഴ്ത്തി വിളക്കണയ്ക്കുമ്പോൾ
തലയുന്തിച്ചു പാസ്പോർട്ട് ബൈബിളിനും പാട്ടുപുസ്തകത്തിനും ഇടയിലൂടെ ഞെരുങ്ങി പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു...
ടീച്ചർ വരുന്നുണ്ടോന്നു വാതിൽക്കൽ ഒളിച്ചു നോക്കണ കുട്ടിയെപ്പോലെ....

വയ്ക്കാൻ വേറെ ഇടമില്ലാത്തകൊണ്ടാ...കൂടെ ദൈവത്തിന്റെ ഒരു സപ്പോർട്ടും കിട്ടും...
ഒക്കെയും ക്ലാരമ്മച്ചിയുടെ ബുദ്ധിയാ...ബൈബിളിൽ പാസ്പോർട്ട് വച്ചാൽ ജോലി കിട്ടും, നെറ്റിയിൽ എണ്ണതേച്ചു വേണം പള്ളിയിൽ നിന്നും വീട്ടിലേക്കു പോരാൻ.... എവിടോട്ടെലും ഇറങ്ങും മുൻപേ കുരിശു വരയ്ക്കണം..
എന്നതായാലും അവരുടെ ഉപദേശംകൊണ്ടു ഇന്നുനാഴിക വരെ ദോഷമൊന്നും ഉണ്ടായിട്ടില്ല..... പഴമക്കാരല്ലേ...? കാണാനൊരു ശേലാ ക്‌ളാരമ്മച്ചി... വെളുത്ത മുടിയും തോടയിട്ട് വലിഞ്ഞ ചെവിയും പല്ലില്ലാത്ത മോണയും ചട്ടയും മുണ്ടും.... എനിക്കാകെ ഉള്ള സമ്പാദ്യം ഇവരാ... രണ്ടു ആത്മാക്കൾ... വയസ്സ് 25 ആയതേ ഉള്ളെങ്കിലും പ്രാരാബ്ധം അപ്പൻ ഇങ്ങു ഏൽപ്പിച്ചേച്ചാ പോയെ....
ഏലത്തോട്ടത്തിൽ കാ പറിക്കാൻ പോയിടത്തുനിന്നും മാലാഖാമാർക്കൊപ്പം ഒറ്റ മുങ്ങലായിരുന്നു മൂപ്പര്....
അതിപ്പിന്നെ ഈ ഒറ്റമുറി വീട്ടിൽ ഞാനും ഈ രണ്ടു ആത്മാക്കളും... തൊമ്മിച്ചന്റെ ഓർമകൾ തൊടിയിലെ കൽക്കെട്ടിൽ കഥപറഞ്ഞിരുന്നു.....

താൻ പോയാലും പുലിയിറങ്ങിയാലും പുരയ്ക്കുള്ളിൽ ഇവര് സുരക്ഷിതരായിരിക്കും.... മുറ്റത്തെ മുട്ടനൊരു തേക്ക് പോയാലെന്താ.. അടച്ചുറപ്പുള്ള രണ്ടു വാതിലാ അപ്പൻ പണിയിച്ചേ....

ആഹ് മഞ്ഞിറങ്ങി വരുന്ന ഈറൻപോലെ കുന്നിറങ്ങി വരുന്ന സോഫിയെ തനിക്കു നഷ്ടമാകും...എന്നാലും അവളുടെ അപ്പൻ കറിയാച്ചന്റെ മുന്നിൽ ചെന്ന് പെണ്ണുചോദിക്കാൻ തനിക്കൊരു ജോലി വേണ്ടേ..?
പോയെ പറ്റു...
എന്നാലും പാവാടയും ബ്ലൗസും ഇട്ടു കയ്യില് പാലും പാത്രവുമായി വെള്ളിക്കൊലുസിട്ട അവൾ മുത്തുപൊഴിച്ചു ചിരിച്ചു കടന്നുപോകുന്നത് ഉമിക്കരി കൊണ്ട് പല്ലുരയ്ക്കുമ്പോൾ താൻ തൊടിയിലെ പാറപ്പുറത്തിരുന്നു കാണുന്നത് ഓർക്കാൻ തന്നെ എന്നാ ഒരു സുഗമാ... ഈ കൊച്ചെന്റെ ഉറക്കം കളയും....
കുരിശും വരച്ചു ഉറക്കം കാത്തുകിടക്കുമ്പോൾ ഇടയിലിരുന്നു പാസ്പോർട്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു... നിർത്താതെ....

തണുപ്പ് കൂടുമ്പോൾ അവരാ കട്ടിലിൽ ..അമ്മയും അമ്മച്ചിയും....
അങ്ങനെ വരുമ്പോൾ ഞാനും കർത്താവും പ്രശ്നങ്ങളും പ്രാർത്ഥനകളും കൂടി ഈ കുഞ്ഞു വരാന്തയിൽ നീണ്ടു നിവർന്നങ്ങു കിടക്കും....
കുട്ടിക്കാനത് മഞ്ഞിനൊരു പഞ്ഞവുമില്ലല്ലോ....
അങ്ങനെ ഇരുൾ മാറി..
സൂര്യൻ വെള്ളയും ചുവപ്പും ഒക്കെ മാറി മാറി കീറി..

കാലം അങ്ങനെ കയ്യിൽ വടിയും മുന്നിൽ ടയറുമായി പോകുന്ന നേരം....ഒരു നാൾ വന്നു, സൗദിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നൊരു കാൾ..
താങ്കൾ കൊടുത്ത ഇന്റർവ്യൂവിന്റെ അനന്തരം വിളിക്കുവാണ്...താങ്കൾ ഇങ്ങെത്തുക വേഗം.... കാൾ വന്നതാവട്ടെ വട്ടിപ്പലിശക്കാരൻ പ്ലാവാനേലേ കൊച്ചുവറീതച്ചായന്റെ വീട്ടിലോട്ടും.. വമ്പൻ കാശുകാരാ.... മക്കളൊക്കെ നല്ല നിലയിലാ... മൂത്തവനും രണ്ടാമത്തവനും ഇറ്റലിയിലെങ്ങാണ്ടൊ ആണ് ... അവിടയെ അന്ന് ഫോണുള്ളൂ.. കുന്നും വളവും ചാടി അവിടെയെത്തി ഫോണിലെ കാര്യം കേട്ടേച്ചും അത് വീട്ടിൽ വന്നു പറഞ്ഞപ്പോൾ രണ്ടാളുടെയും മുഖത്ത് ചിരി.. "പൊക്കോ..മോൻ ഒന്ന് രക്ഷപെട്ടു കണ്ടാൽ മതിയെനിക്കെന്നു ക്ലാരമ്മച്ചി... "
നല്ലതിനവുമാടാ എന്ന് അന്നാമ്മച്ചി.. എന്നതായാലും പോകുകതന്നെ....
ദിവസങ്ങൾ ടയറുരുട്ടി കടന്നുപോയപ്പോൾ ഒരു ദിവസം സോഫിയെ കണ്ടു രണ്ടും കല്പിച്ചൊരു കാച്ചങ്ങു കാച്ചി...
"സോഫിമോളെ, നിനക്കിഷ്ടമാണോ എന്നതാ എന്നൊന്നും എനിക്കറിയാൻ പാടില്ല, ഞാൻ ഗൾഫില് പോവാ.. എന്നതാണെന്നറിയുകേല.. ന്റെ മനസ്സില് നിന്നിട് ഒത്തിരി ഇഷ്ടമുണ്ട്.. ആദ്യത്തെ വരവില് ഞാൻ വന്നു ആലോചിക്കും നിന്നെ..കാത്തിരിക്കുകേലെ..???" അവൾ നടക്കുകയായിരുന്നു...

പിന്നിലൂടെ ചെന്ന് ഒരുവിധം കാര്യം പറഞ്ഞു ഒപ്പിച്ചപ്പോളേക്കും തേയിലത്തോട്ടം കഴിഞ്ഞിരുന്നു... മെല്ലെ ചെരിഞ്ഞൊരു ചിരി ചിരിച്ചുകൊണ്ടവൾ മുൻപോട്ടു നടന്നു... ഇപ്പൊ കത്തിച്ചുവിട്ടാൽ സൗദി വരെയെത്താനുള്ള ഇന്ധനം മനസ്സിന് കിട്ടി ഞാനും നടന്നു... ഘടികാരം കറങ്ങിക്കൊണ്ടിരുന്നു.. അങ്ങനെ നാടും നാട്ടാരെയും ക്ലാരമ്മച്ചിയേയും അന്നമ്മച്ചിയേയും വീടും തൊടിയും മനസ്സും നാട്ടിലുപേക്ഷിച്ചിട്ടു പാസ്പോർട്ട് കയ്യിലെടുത്തു... അമ്മച്ചി കറുകയിലച്ചനെക്കൊണ്ട് വെഞ്ചരിപ്പിച്ച ഒരു കൊന്തയും കഴുത്തിലിട്ടു തന്നു... മനസ്സ് അലമാരയിൽ വച്ച് പൂട്ടിയതിന്റെ പ്രതിഫലം....

അങ്ങനെ ജീവിതം പറിച്ചു നട്ടു.. മണലും പനയും ഒട്ടകങ്ങളുമായി മരുഭൂമിയിൽ കോട്ടകൾ പണിതു... വെയിൽ കൊണ്ട കരങ്ങൾ പണം തിരുമ്മി അയച്ചുകൊണ്ടിരുന്നു...എങ്കിലും വെയിലേൽപിക്കാതെ മനസ്സിലെ തണുപ്പിൽ സോഫിയെ ഇരുത്തിയിട്ടുണ്ടായിരുന്നു...രണ്ടു വർഷത്തിന് എത്ര ദിവസങ്ങൾ ഇനിയുമുണ്ടെന്നെണ്ണി പറയാൻ..
ഇവിടിത്തെ അറബി അവിടെ ഗാന്ധികളായി മാറി.. വീടിന്റെ ചോർച്ച തടുത്തു പിടിച്ചിരുന്ന ഓടുകൾ മാറി വെളുത്ത ഷീറ്റുകൾ ചിരിച്ചു കാണിച്ചു തുടങ്ങി...ഏലത്തോട്ടത്തിൽ മരിച്ചു കിടന്ന ഔസേപ്പിന്റെ വീടെന്നതിനു പകരം ഗൾഫുകാരൻ തൊമ്മിച്ചന്റെ വീടെന്നായി വീട്ടുപേര്... അങ്ങനെ ചൂടേറി വന്നു തണുപ്പേറി വന്നു...മനസ്സ് മരച്ചു മരച്ചു ഒരു പരുവമായി തുടങ്ങി.. ഇടാൻ അകെ രണ്ടുജോഡി ഉടുപ്പുകൾ ഒന്ന് നനച്ചിട്ടു വേണം മറ്റേതു ഇടാൻ...ചെരുപ്പാണെങ്കിൽ പറയുമ്പോൾ ഷൂസ് ആണ്. പക്ഷെ പശയുള്ള കടകളെല്ലാം അതിനറിയാമായിരുന്നു.... പക്ഷെ മുടിക്ക് പശ തൂക്കാൻ പറ്റില്ലല്ലോ...അതും വിട്ടുമാറിത്തുടങ്ങി. കണ്ണാടിയിൽ നോക്കുമ്പോൾ അപ്പൻ ചിരിക്കുന്നപോലെ ഇരിക്കുന്നു....

മനസ്സ് മരച്ചു പോയിടത്തു നിന്നും കിളിർക്കാൻ തുടങ്ങുന്നത് രണ്ടു വര്ഷമാകാൻ ഇനി ഏറെനാളില്ല എന്നോർത്ത് തുടങ്ങിയപ്പോളാണ്....
ഓരോ ദിവസം കഴിയുമ്പോളേക്കും മനസ്സ് കമ്പിൽ കുത്തി ചാടുവാൻ തുടങ്ങി.. സോഫി...'അമ്മ..അമ്മച്ചി...കുട്ടിക്കാനത്തെ കൊച്ചുവീട്...നാടിന്റെ തണുപ്പ്....ആഹ്ഹ

കണ്ണടച്ച് തുറക്കുമ്പോളേക്കും വിമാനം ഇങ്ങേതിയിരുന്നു.. അത്രത്തോളമുണ്ട് ക്ഷീണം...
അമ്മ കത്തിൽ എഴുതിയത് ഓർമവന്നു..
"കുഞ്ഞോ.. നീ അയച്ച ഒരു പൈസപോലും ഞങ്ങൾ അനാപത് കളഞ്ഞിട്ടില്ല, വീടിനു ഷീറ്റ് ഇട്ടു , ആട്ടിൻകുഞ്ഞിനെ വാങ്ങി.. പള്ളിലും കൊടുത്തു..ബാക്കിയുള്ളത് ചിട്ടിക്കും കൊടുക്കുന്നുണ്ട്..ഞങ്ങൾക്കുള്ളത് ആട് തരും ... ഇനി നിന്റെ കല്യാണം, വയസ്സ് കന്നിക്കൂറിൽ 28.. വരുമ്പോൾ കല്യാണം അങ്ങ് നടത്താം..." കത്തിൽ അത്രേം വരികളിൽ കേൾക്കാൻ കൊതിച്ചൊരു വരി അതായിരുന്നു... ഓർത്തു വന്നപ്പോളേക്കും വണ്ടി വീട്ടു പടിക്കലെത്തി.... പെട്ടി താങ്ങാൻ ഗോപാലേട്ടനും കൃഷ്ണേട്ടനും ഓടിവന്നു.. താൻ ഒരു തനി ഗൾഫുകാരൻ ആയിരിക്കുന്നഹ്... കണ്ടില്ലേ അപ്പന്റെ കൂട്ടുകാർ വന്നു പെട്ടി താങ്ങുന്നത്... ഇരുപതു രൂപ രണ്ടാൾക്കുമായി കൊടുത്തപ്പോൾ മുഖത്തെ ആ ഒരു ചിരി കാണേണ്ടത് തന്നെ ആയിരുന്നു...

രണ്ടാളും ഓടിവന്നു കെട്ടിപ്പിടിച്ചു... കുറെ കരഞ്ഞു... സ്നേഹം കവിളിൽ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..ഞാൻ അറിഞ്ഞു.. രാവിലെ കയ്യിലൊരു അത്തറും പാത്തുവച്ചു കയ്യാലയിൽ ഇരിപ്പുറപ്പിച്ചു... പാലുകൊണ്ടുള്ള സോഫിയുടെ വരവും നോക്കി..

അവൾ വരുന്നുണ്ടായിരുന്നു...മെല്ലെ മെല്ലെ കാലനക്കി...പക്ഷെ വേഷം പാവാടയിൽ നിന്നും മാറി സാരിയിലേക്കായിരിക്കുന്നു....
തേയിലക്കാടിനിടയിലെ വഴിയിലൂടെ അവൾ നടന്നു വരുന്നു... മനസ്സ് തുള്ളിച്ചാടുന്നുണ്ടായിരുന്നു....അവൾ അടുത്തേക്ക് അടുത്തേക് വരുംതോറും മനസ്സിൽ ബാൻഡ് മേളം തകർത്തു... കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോൾ പിന്നിലൊരു ആൾകൂടി നടന്നു വരുന്നു... കയ്യിലൊരു കുഞ്ഞും.....

അയാൾ ഞങ്ങൾ മിണ്ടുന്നതു കേൾക്കുമോ എന്ന് ശങ്കിച്ചിരിക്കുമ്പോളേക്കും അയാൾ വിളിച്ചു കഴിഞ്ഞിരുന്നു..."സോഫി...പയ്യെ പോടീ...കുഞ്ഞു കരയും" എന്ന്.... കൂറ്റൻ ആഞ്ഞിലിയുടെ മുകളിൽ മിന്നലടിച്ച അവസ്ഥ... കണ്ണിലൂടെ ഇരുട്ടു തലയിൽ കേറിവന്നു... ജീവച്ഛവം പോലെ ഇരുന്നു..

"വേഗം വാ അച്ചായിയെ.... ബസ് ഇപ്പൊ വരും മുണ്ടക്കയത്തിനു..." അവളുടെ ശബ്ദങ്ങൾ അവൻ ആ ഇരുളിൽ കേൾക്കുന്നുണ്ടായിരുന്നു....

അറിയാനൊരു വഴിയും ഉണ്ടായിരുന്നില്ല.. ആരോടും അവളോടുള്ള പ്രേമം പറഞ്ഞിട്ടുമില്ല... വയറു മുറുക്കി കഴിഞു കാശു സമ്പാദിച്ചു വന്നപ്പോൾ കൂരയ്ക്ക് കീഴെ ഇരിക്കാൻ സ്നേഹിച്ച പെണ്ണുമില്ലാതായി.. പാസ്പോർട്ട് എടുത്തതിനു ശേഷമുള്ള നഷ്ടങ്ങളുടെ കണക്കിൽ സോഫിയെയും തിരുകി അത് വീണ്ടും ബൈബിളിനിടയിൽ വച്ച്.... മുടിയില്ലാഞ്ഞതുകൊണ്ടാണോ കെട്ടിയതുകൊണ്ടാണോ എന്നറിയില്ല സോഫിയിൽ എനിക്കുള്ള ആ പഴയ ചിരി ഞാൻ കണ്ടില്ലായിരുന്നു.. "പോട്ടെ..നിനക്കുള്ളതല്ലാത്തതെല്ലാം പോട്ടെ..." ക്‌ളാരമ്മച്ചി പറയുന്നുണ്ടായിരുന്നു..
ന്റെ മനസ്സ് വായിക്കുന്ന ഏക ആൾ...
ക്‌ളാരമ്മച്ചി...

അങ്ങനിരിക്കെ ഒരു വെള്ളിയാഴ്ച കുർബാന കഴിഞ്ഞ നേരം നെഞ്ചിൽ കൈവച്ചു നല്ലോണം ശ്വാസവും വലിച്ചു ക്ലാരമ്മച്ചി ജീവിത നാടകം തീർത്തു അരങ്ങൊഴിഞ്ഞു...

ക്ലാരമ്മച്ചിയുടെ വിടപറച്ചിലും സോഫിയയുടെ പോക്കും മനസിൽ ഏൽപ്പിച്ച മുറിവുകൾ ഭയങ്കരം തന്നെയായിരുന്നു... സ്നേഹവും ജീവിതവും രണ്ടു വശങ്ങളിലേക്കാകന്നു ഞാൻ നടുക്കായപോലെ തോന്നി.. അവധിയുടെ കലണ്ടർ പേപ്പർ കീറി എറിയുമ്പോൾ അമ്മ തനിയെ ആകുമെന്ന ഭീതിയിൽ കല്യാണത്തിലേക്കടുത്തു... ഉപ്പേരിയും ഉണ്ണിയപ്പവുമായി അവൾ അരികിലേക്ക് വന്നു.. ന്റെ ജീവന്റെ പാതി ആവേണ്ടവൾ.. ടീന.. അങ്ങനെ അമ്മയ്ക്ക് കോട്ടായി മാർച്ച 20inu അവളെയും കൈപിടിച്ച് ഞാൻ വീട്ടിലേക്കു കേറുമ്പോൾ സ്വപ്‌നങ്ങൾ നിറയെ ഉണ്ടായിരുന്നു... ഉതുപ്പാചായന്റെ വീടിനോടു ചേർന്ന് കിടക്കുന്ന 8 സെന്റ് സ്ഥലം വാങ്ങാം.. റബ്ബർ ഉള്ള പുരയിടമായതിനാൽ കൂടെയുള്ള പ്ലാവിലോ ആഞ്ഞിലിയിലോ നാലുമൂട് കൊടി പടർത്തിയാലും കിട്ടും നല്ല കായ്...ആഹ് റ്റീനയെ വിട്ടു തിരികെ പോകാനും വയ്യ...ഒരു പൊട്ടിപ്പെണ്ണാ അവൾ...പ്രീ ഡിഗ്രി വരെ പഠിച്ചെങ്കിലും അതിന്റെ ഒന്നും ഒരു ജാടയും വേലയുമില്ലാത്ത പഴഞ്ചൻ പെണ്ണ്...അങ്ങനെ ഒരുത്തിയെ ആണ് താനും ആഗ്രഹിച്ചതും...

തനിക്കിനി അധികം ബാധ്യതകളൊന്നുമില്ല..അമ്മയ്ക്ക് കൂട്ടായി ഞാനും അവളും...അങ്ങനെ ഞങ്ങളുടെ ചെറിയ വീട്ടിൽ സുഖം സന്തോഷം..
പുതുമോടി മാറുംമുമ്പ് തന്നെ പെണ്ണിനെ വിട്ടുപോകാൻ തനിക്കും മനസ്സുണ്ടായിരുന്നില്ല.. കയ്യിലുള്ളതും നുള്ളിപ്പെറുക്കിയതും ഒക്കെയായി ഉതുപ്പാചായന്റെ പറമ്പ് വാങ്ങി വീടോടു ചേർക്കുമ്പോൾ രാജാവിന്റെ കണക്കെ ഒരു നിശ്വാസം ഉണ്ടായിരുന്നു തന്റെ മുഖത്ത്... അമ്മയെ നോക്കി തൻ ഒന്ന് പുഞ്ചിരിച്ചു... ഇപ്പോ അമ്മ തിണ്ണയിലും താനും ഭാര്യയും മുറിയിലുമായി കിടപ്പ്.. ചില ചൂടുകാല ക്രമീകരണങ്ങൾ..പക്ഷെ പറഞ്ഞതാ തൊമ്മിയും പെണ്ണും ഹാളിൽ കിടന്നോളാമെന്നു.. അമ്മ സമ്മതിച്ചില്ല.. വല്ലവീട്ടിൽ നിന്നും കൊണ്ടുവന്ന പെണ്ണിനെ തറയിൽ കിടത്താൻ അമ്മ സമ്മതിക്കുമായിരുന്നില്ല... മുറിയിലെ ചുവരിൽ കാലുപൊക്കി വച്ച് തൊമ്മി ടീനയുടെ മടിയില തലവച്ചു കിടന്നു..
"എടിയേ...ഞാൻ ഇനി പോണോ തിരികെ.? നമുക്ക് എവിടെ സ്വർഗം പണിയരുതോ..?
തൊമ്മിച്ചന്റെ സ്വർഗം.."

"അച്ചായി... പോണം എന്ന് പറയാൻ എനിക്കും ആഗ്രഹമില്ല... പക്ഷെ പോകാതെ പറ്റുമോ..?
ഇതിപ്പോൾ ഉള്ളതെല്ലാം പെറുക്കിയല്ലേ നമ്മളീ സ്ഥലം വാങ്ങിയേ..?"

"അറിയാഞ്ഞിട്ടല്ലല്ലോടി...സ്നേഹം വേണ്ടപ്പോൾ സ്നേഹം വേണ്ടേ..???

ഇതെല്ലാം കളഞ്ഞേച്ചു ആ മണലാരണ്യത്തിൽ പോയി ചൂട് മണ്ണും കമ്പിയും ചുമന്നിട്ടു എന്ത് കിട്ടാനാ എന്റെ കുഞ്ഞേ....?"

"കൂടെക്കിടക്കാനും സ്നേഹം പങ്കിടാനും എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അച്ചായി... പക്ഷെ ഒരു മുറികൂടി നമുക്ക് പണിയണ്ടേ..? അമ്മയെ എങ്ങനെ എത്രനാൾ തറയിൽ കിടത്താൻ പറ്റും..?
എല്ലാം നമ്മൾ ഓർക്കണ്ടേ അച്ചായി..
?"

"അഹ്്, ഈ ഒരു രണ്ടുവർഷം കൂടെ പോയി വരം..പിന്നെ ഞാൻ അവിടെ നിൽക്കില്ല.."

"അഹ് അതുമതി അച്ചായി...ഇവിടെ കഞ്ഞികുടിച്ചാണെലും കൂടെക്കഴിയാൻ ഞാൻ തയ്യാറാ.."

"ടീന, ഒന്ന് മുഖം താഴ്ത്തിയേ നീ..."
ഇരുളിൽ വെള്ളിക്കിലുക്കം പോലെ എല്ലാം കണ്ടു ചിരിച്ചുകൊണ്ട് പാസ്പോർട്ട് അവിടെയിരിപ്പുണ്ടായിരുന്നു..

അങ്ങനെ ആ അവധിയും കഴിഞ്ഞു. ഇടിയിറച്ചിയും ചമ്മന്തിപ്പൊടിയും ഉപ്പേരിയും ഒക്കെയായി ആ പാസ്പോർട്ട് വീണ്ടും വിമാനം കയറി... അവിടെ ചെന്ന് നൊമ്പരങ്ങൾ ഓരോന്നു ഇറക്കി വയ്ക്കുന്നതിനിടയിൽ സോഫിയുടെ ഓർമകളിൽ കണ്ണുടക്കി ഹൃദയം വലിഞ്ഞൊന്നു മുറുകി.. ഇനി മണലിലേക്ക്..

ഈതവണ ഇണപിരിയാത്ത തന്റെ പെണ്ണിനെ ദിനങ്ങൾ എണ്ണാൻ ഏൽപ്പിച്ചു അയാൾ പണി തുടങ്ങി...ഇടയ്ക്കിടെ നാട്ടിന് കത്തുകൾ വരാൻ തുടങ്ങി.. മലയുടെ താഴത്തെ കുരിശുപള്ളി പുതുക്കി പണിഞ്ഞെന്നും നമ്മുടെ വീടിനു മുന്നിലെ ചെറിയ വഴി കല്ലിട്ടു ഉയർത്തി എന്നും കുരുമുളക് പിടിച്ചു തുടങ്ങി എന്നും ഒക്കെ കത്തുകളിൽ സ്നേഹം ചാലിച്ചു തന്റെ പ്രിയതമ എഴുതുന്നുണ്ടായിരുന്നു.. അവളുടെ ഗന്ധം അവനത്തിലൂടെ വായിച്ചെടുക്കാറുണ്ടായിരുന്നു. ഓരോ കത്ത്പൊട്ടിക്കുമ്പോളും ഹൃദയം ഒരുപിടി ഓർമകളുമായി പൊട്ടിയമരുന്നത് തനിക്കറിയാൻ കഴിയുമായിരുന്നു..

ഒരുദിനം ഒരു കത്ത് വന്നു....
"അച്ചായി.. എന്റെ അച്ചായി അപ്പനാവാൻ പോണു..." അത്രെയുമേ അക്ഷരങ്ങൾ ഉള്ളായിരുന്നു അതിൽ. പക്ഷെ വായിക്കുവാൻ ഒരുപാട് ഉണ്ടായിരുന്നു...സന്തോഷം കൊണ്ട് തുള്ളിചാടിപ്പോയി...എങ്ങനെയും വീട്ടിലെത്തണം വേഗം..ഇനിയുമുണ്ട് ഒരുവർഷം ഈ നരകത്തിൽ..ഒരു വർഷം കൂടിയേ ഉള്ളല്ലോ..അതോർത്തു സമാധാനിച്ചു..അങ്ങനെ അവർക്കു കുഞ്ഞു ജനിച്ചതും സുഗമായിരിക്കുന്നെന്നും ഒക്കെ അറിഞ്ഞത് പ്ലാവാനേലേ ഫോണിൽ കൂടിയാണ്.. മാലാഖപോലൊരു പെൺകുഞ്ഞു.. താൻ ആഗ്രഹിച്ചതും പെൺകുഞ്ഞിനെ തന്നെ ആയിരുന്നു...സന്തോഷം ഇരട്ടിയായി...അവൾക്കു മൂന്നരമാസം പ്രായമായപ്പോൾ തൊമ്മിച്ചൻ വീണ്ടും നാട്ടിൽ വന്നു..
വന്നപാടെ ഓടിവന്നു കുഞ്ഞിനെ കോരിയെടുത്തു..തുരു തുരെ ഉമ്മയും വച്ചു.. സന്തോഷങ്ങൾക്കു അതിരില്ലായിരുന്നെങ്കിലും
വീടിൽ ഒന്ന് കൈവയ്ക്കാൻ കഴിഞ്ഞിരുന്നില്ല...അപ്പോളേക്കും പ്രസവം ചെലവ് ഒക്കെ ഇങ്ങു എത്തിയിരുന്നു...

"എടിയേ.."

"എന്നാ അച്ചായിയെ.."

"ഞാനിനി ഇവിടുണ്ട് നിങ്ങൾക്കൊപ്പം...
എനിക്കിനി ഇവളുടെ കളിയും ചിരിയും ഒക്കെക്കണ്ട് ഇവിടെ കഴിഞ്ഞാൽ മതി.."

"അച്ചായിയെ, അത്...."

"എന്നാടി ...എന്നതാ..."

മുടിയിഴകളിൽ കൈ കോർത്തുകൊണ്ടവൾ തുടർന്നു..

"അച്ചായി ..നമുക്ക് ദൈവം തന്നത് ഒരു മോളെയാ..അച്ചായനെ പറിച്ചു വച്ചപോലൊരു പെൺകുഞ്ഞു... ഇവളെ നമുക്ക് നല്ലരീതിയിൽ വളർത്തി പറഞ്ഞു വിടണ്ടേ..?"

"വിടണം.."

"ഇവിടിങ്ങനെ ആടിനേം തീറ്റി നടന്നാൽ നമുക്കതിനു പറ്റുമോ...?
ആടിനെ ഒകെ ഞാൻ നോക്കിക്കോളാം..
അച്ചായി ഒന്നുടെ പോയി വന്നാൽ നമുക്കവൾക്കു സ്വർണം വാങ്ങാൻ ഉള്ളതെങ്കിലും കരുതി വയ്ക്കരുതോ..?"

"ഇനിയും രണ്ടു വർഷമോ..?
ആ കൊടും ചൂടിലോ..? ഞാൻ പോകുന്നില്ല"

"അങ്ങനെ പറഞ്ഞാലെങ്ങനാ....നമ്മുടെ കുഞ്ഞിനെ നോക്കണ്ടേ നല്ലോണം..?"

"എടി ഈ ജോലി നീ പറയുംപോലെ അത്ര സുഖമൊന്നുമല്ല... നമ്മുടെ ജീവിതം ആണ് നമ്മൾ ഈ കളയുന്നത്... നിനക്കറിയാല്ലോ നിന്നെപോലും എനിക്കൊന്നിനും നല്ലോണം കിട്ടിയിട്ടില്ല.. സ്നേഹിക്കാൻ പോലും... അപ്പൊ എന്റെ മോളെ കൂടെ കളഞ്ഞേച്ചു പോകാൻ എനിക്കെങ്ങനെ മനസ്സ് വരുമടി..?"

"ആഗ്രഹിച്ചിട്ടല്ലല്ലോ..? ഞാൻ കാത്തിരുന്നോളാം..ഒന്നുടെ പോയിട്ടിങ് പോരരുതോ...?"

"മ്മ്മ്മ്മ്മ്. മോള് ഉറങ്ങിയോടി....?"

"ഉറങ്ങി...നമ്മൾ മിണ്ടി മിണ്ടി സമയം പോയതറിഞ്ഞില്ല.. 12 ഇപ്പോ അടിക്കും..."

"എടിയേ..."

"അച്ചായിയെ.."

"മുത്തേ..."

"അച്ചായാ അടങ്ങി ഇരുന്നേ..."

അമ്മേ.....കുഞ്ഞു ഉണർന്നു കരച്ചിൽ തുടങ്ങിയിരുന്നു...

"അച്ചായി കൊച്ചു മരിച്ചു പോയവരോട് മിണ്ടുന്നതാ രാത്രി കരച്ചിൽ.."

"ഹും.. മരിച്ചവരും സമ്മതിക്കില്ല ഇച്ചിരി സ്നേഹിക്കാൻ..."
കണ്ണിറുക്കി അടച്ചു അയാളും ഉറക്കമായി...

കോടമഞ്ഞു പുതച്ചു തുടങ്ങിയിരുന്നു... കാറും കോളും നിറഞ്ഞ ഒരു സന്ധ്യയ്ക്കു പൊന്നുമോളുടെ നെറുകയിൽ തുടരെ മുത്തം കൊടുത്തു അയാൾ കാറിൽ കയറി.. മഞ്ഞ നൂലുകൊണ്ട് വരിഞ്ഞു കെട്ടിയ പെട്ടിയുമായി ഹൃദയം മുറിയിലെ അലമാരയിൽ വച്ച് പൂട്ടിയ ശേഷം....

കാലം പിന്നെയും കടന്നു.... കത്തുവന്നു തൊമ്മി വീണ്ടും അച്ഛനാവുന്നതിന്റെ മുന്നൊരുക്കമായി.. ഏകദേശം രണ്ടുമാസം കൂടി കഴിഞ്ഞപ്പോൾ ഒരു വിളി വന്നു 'അമ്മ തൊടിയിലെ കല്ലിൽ തട്ടി വീണെന്നും പറഞ്ഞു'..
ഹൃദയം പൊടിയുന്നുണ്ടായിരുന്നു.. കല്ലിലും ഉറവപൊട്ടുമെന്നു അയാൾ മനസ്സിലാക്കി... രണ്ടാമതൊരു തവണ കൂടി വിളി... അമ്മ
പോയി....

നെഞ്ചു പൊട്ടി... പക്ഷെ പോരാൻ ടിക്കറ്റിനുള്ളതുപോലും കയ്യിൽ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നതും കൂട്ടുകാരുടെ കയ്യിൽ നിന്നും കടം വാങ്ങിയതും എല്ലാം ആശുപത്രി ചെലവിനായി അയച്ചു കൊടുത്തിരുന്നു.. അവൾ പറഞ്ഞു "സാരമില്ല അച്ചായി..വരണ്ട ഇപ്പൊ...എന്ത് ചെയ്യാം..വിധി..
അച്ചായി അമ്മയെ നല്ലോണം നോക്കിയില്ലേ...നമുക്കതുപോരെ..??"

അന്നയാൾ പണിക്കു പോയില്ല..

അമ്മ തനിക്കൊരു തണലായിരുന്നു.. ആടിനെ നോക്കിയും കുരുമുളക് വിറ്റും ഒകെ അമ്മ വീടിന്റെ അടിത്തറ ഭദ്രമാക്കിയിരുന്നു...
അടുത്ത തവണ അയാൾ വന്നില്ല അവധിക്കു..കടം അത്രമേലുണ്ടായിരുന്നു.. ഭാര്യയുടെ സുഖപ്രസവം കഴിഞ്ഞു. ആൺകുഞ്ഞു...തന്റെ ബാധ്യതകൾ ഒന്നുടെ കൂടി.അയാൾ ഓർത്തു..

കാലം റോക്കറ്റുപോലെ പോയി. രണ്ടു വര്ഷം കൂടി കഴിഞ്ഞയാൾ നാട്ടിലെത്തി..

"എടിയേ...നാലു വര്ഷം കഴിഞ്ഞിട്ടാ വരുന്നെന്നു പറയുകേല അല്ലെ..?

"മം.. എത്രപെട്ടെന്ന കാലം പോയെ..?"

"നാളെ കല്ലറയ്ക്കൽ ഒന്ന് പോണം.. അപ്പന്റെയും അമ്മയുടെയും അമ്മച്ചിയുടെയും നാമത്തിൽ കുർബാന ചൊല്ലിക്കണം... മാപ്പു ചോദിക്കണം..
നമുക്ക് കിടക്കാമടി...?"

"അച്ചായി നമ്മൾ നാലുപേരും കൂടി എങ്ങനെയാ ഈ കൊച്ചുകട്ടിലിൽ..അവനും ഞാനും കൂടി താഴെ തിണ്ണയ്ക്കു കിടന്നോളാം..."

"വേണ്ട..അവൻ കൊച്ചല്ലേ...നിന്നെ കാണാതെ അവൻ കരയും..നീയും അവനും കട്ടിലിൽ കിടന്നോ.. ഞാനും മോളും വരാന്തയിൽ കിടന്നോളാം.. അമ്മയുടെ ആ മെത്തപ്പായ എന്തിയെടി.."

"ഈ കട്ടിലിന്റെ അടിയിലുണ്ട്...അച്ഛനായി പൊക്കോ..ഇവൻ ഉറങ്ങിയിട്ട് ഞാൻ അങ്ങ് വന്നോളാം.."

കള്ളച്ചിരിയുമായി തൊമ്മി കിടക്കുവാൻ പോയി....

ഈ വട്ടവും പതിവ് വർത്താനം thതുടങ്ങിയപ്പോൾ അവൾ പറഞ്ഞു "അച്ചായി, നമുക്കൊരു നല്ല വീടുപോലുമില്ല... നിങ്ങളുടെ അപ്പനുണ്ടാക്കിയ കാലത്തേ ഈ വീട്ടിൽ വളർന്നു വരുന്ന ഈ പെൺകൊച്ചിനേം കൊണ്ട് ഞാൻ എങ്ങനെ കിടക്കും..?"

"ശരിയാ..എന്നാലും എടി അപ്പൊ എന്റെ ജീവിതം.?"

"നമ്മുടെ ജീവിതം.. സഹിക്കുന്നില്ലേ ഞാനും പലതും...നമുക്കൊരു വീട് വേണ്ടേ അച്ചായി...അതാ.."

വീണ്ടും പെട്ടി കാറിൽ കയറി യാത്രയായി...
ഇനി പ്ലവനയ്ക്കു പോവണ്ട..വീട്ടിൽ ഫോൺ ആയി.. മക്കൾ മെല്ലെ വളർന്നു..അയാളുടെ സന്ദർശനം മക്കളുടെ സ്വാതന്ത്ര്യത്തിൽ ഉള്ള കടന്നു കയറ്റമായി അവർക്ക് തോന്നി. അയാളുടെ അവധി അവർക്കു അരോചകമായിരുന്നു... അയാളുടെ ഫോൺ വിളികൾ പോലും അസ്വസ്ഥത ഉണ്ടാക്കി... കുഞ്ഞുന്നാളിലേ അപ്പ എന്റെയാ എന്ന് പറഞ്ഞു കരഞ്ഞിരുന്ന ,അടികൂടിയിരുന്ന അവർ ലോങ്ങ് ബെല്ലുള്ള കാളുകൾ എടുക്കാതെയായി....

അവർക്ക് അപ്പൻ രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്തുന്ന സ്വാതന്ത്ര്യം കൊല്ലിയായിരുന്നു.. ഇടയ്ക്കിടെ വിളിച്ചു പഠിക്കുന്നുണ്ടലൊന്നു ശകാരിക്കുന്ന ദേഷ്യക്കാരൻ മാത്രം ആയി...
എങ്കിലും തങ്ങൾക്കു വേണ്ട ഫോണും ലാപ്ടോപ്പും ഒക്കെ തഞ്ചത്തിൽ വാങ്ങാൻ അവർ മറന്നില്ല.. അയാളുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു....

അവൾക്കു 22 ആയപ്പോൾ അയാൾ വീണ്ടും നാട്ടിലെത്തി.

"എടിയേ.. ഇനി ഞാൻ ഒരു മടക്കം ഇല്ല തിരികെ... നീ എന്ത് പറഞ്ഞാലും.. ഇനി എനിക്കെന്റെ മക്കളുടേം ഭാര്യയുടേം സ്നേഹം അറിഞ്ഞു ജീവിക്കണം....

ഇവളെ കെട്ടിച്ചു വിടണം..
എന്റെ കമ്പനിയിൽ ഒരു എൻജിനീയർ പയ്യനുണ്ട്..നല്ല ചെക്കനാ.. അവരോടു ഞാൻ ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട് നാട്ടിൽ വരുമ്പോൾ..."

"എന്തിനു...?" മോളുടെ ചോദ്യം അയാൾ ചിരിച്ചുകൊണ്ടാണ് കേട്ടത്...

"നിന്നെ കാണാൻ...അല്ലാണ്ടെന്തിനാ..കെട്ടിക്കാൻ..നിനക്ക് കെട്ടുപ്രായമായി പെണ്ണെ.."

"എനിക്കെങ്ങും ഇപ്പൊ കെട്ടണ്ട.."

'അങ്ങനെ പറഞ്ഞാൽ എങ്ങനാ മോളെ.. ഞങ്ങൾക്കൊന്നു സമാധാനമായിരിക്കണ്ടേ..?"

"എനിക്കാരും ചെക്കനെ നോക്കണ്ട.. എനിക്കൊരാളോട് ഇഷ്ടമുണ്ട്..അയാളെയെ കെട്ടുള്ളു.."

"ചി..എന്താടി നീ പറഞ്ഞത്..? അതിനാണോടി ഞാൻ ഇത്രനാളും ഞാൻ കണ്ടിടത്തുപോയി കിടന്നത്..."

"ഞാൻ പറഞ്ഞോ പോയികിടക്കാൻ.." മോള് ദേഷ്യപ്പെടുന്നത് കണ്ടു അയാൾ അമ്പരന്നു....

"ഡി..നിന്നെ ഞാൻ"
അയാൾ അവളെ തല്ലാൻ കയ്യോങ്ങി...

"അപ്പനെന്നെ തല്ലേണ്ട കാര്യമൊന്നുമില്ല... കേട്ടല്ലോ...ഞാൻ എനിക്കിഷ്ടമുള്ളവരുടെ കൂടെ ജീവിക്കും.." അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ മുഖത്ത് ഭാവവൃത്യാസം ഒന്നും കണ്ടില്ല...

അയാളുടെ ചെവിയിൽ വാക്കുകൾ അലയടിച്ചു..

"നമ്മുടെ മോൾക്ക് വേണ്ടിയല്ലേ..നിങ്ങൾ പോയി വാ..

അവളെ നമുക്ക് കെട്ടിക്കണ്ടേ..?

നമുക്കൊരു പെണ്കുഞ്ഞാ...അറിയാല്ലോ..?

പെൺകൊച്ചു വളർന്നു വരുവാ..അവളേം കൊണ്ട് ഈ അടച്ചുറപ്പില്ലാത്ത വീട്ടില് കഴിയാൻ വയ്യ.."

അയാള് വേച്ചു വേച്ചു നടന്നു നീങ്ങി...
മുറിയിലെ കട്ടിലിൽ അയാൾ കിടന്നു...

ഒരു മണിക്കൂറിനു ശേഷം ഒരു ബൈക്കിന്റെ ശബ്ദം കേട്ട്... മകൾ കയ്യിൽ ഒരു ബാഗുമായി നടന്നകലുന്നത് അയാൾ മങ്ങി മങ്ങി കണ്ടു...

തന്റെ സന്തോഷങ്ങൾ കളഞ്ഞത്..തന്റെ ജീവിതം കളഞ്ഞത്..തന്റെ സുഖങ്ങൾ കളഞ്ഞത്.എന്തിനു വേണ്ടിയായിരുന്നു....

നീട്ടി ഒരു ശ്വാസം വലിച്ചു... അത് തിരികെ വന്നില്ലതാനും..

ഏലക്കാടുകൾ കായ പൊഴിച്ചു... അവയ്ക്കിടയിൽ നിന്നും തണുത്ത കാറ്റിനൊപ്പം പറന്നു വന്നു അപ്പൻ തന്റെ കൈപിടിച്ചു... ദൂരേയ്ക്ക് പോകാനൊരുങ്ങുമ്പോളും അയാൾ പിന്തിരിഞ്ഞൊന്നു നോക്കി..തന്റെ വീട്..ഭാര്യ..മകൾ...മകൻ...

അല്പം മാത്രം രുചിച്ച മദ്യം പോലെ ജീവിതം ബാക്കിയാക്കി പോരുമ്പോൾ തൊമ്മിച്ചൻ മലയടിവാരത്തെ പള്ളിയിലേക്ക് എടുക്കപ്പെട്ടിരുന്നു.. കത്തിച്ച കുന്തിരിക്കത്തിന്റെ പുകയിലൂടെ മഞ്ഞിന് സമമുള്ള കാറ്റേറ്റ്
പള്ളിപണിക്കു സഹായിച്ചതോർത്തു അച്ചൻ വിലാപം പൊഴിക്കുമ്പോൾ കാലിൽ കെട്ടിപ്പിടിച്ചു പ്രിയതമ കരയുന്നുണ്ടായിരുന്നു..
"അച്ചായിയെ...എന്നെ വിട്ടു പോകല്ലേ അച്ചായിയെ.."

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ