ചെറിയ ഒരു കഥാതന്തു, കുറച്ചു വാക്കുകളിൽ എത്ര മനോഹരമായാണ് പറഞ്ഞിരിക്കുന്നത്. RK പൊന്നാനിയ്ക്ക് അഭിനന്ദനങ്ങൾ.
കണ്ണിൽ വീണ പൊടി തുടച്ചു വീശിയടിക്കുന്ന കാറ്റിൽ മുന്നോട്ടാഞ്ഞു നടക്കുമ്പോൾ എങ്ങനെയെങ്കിലും വീടണഞ്ഞാൽ മതിയെന്ന ചിന്തയായിരുന്നു മനസ്സിൽ. ഏതു നിമിഷവും പെയ്യാൻ വെമ്പി നിൽക്കുന്ന മേഘങ്ങളിൽ നോക്കി വേഗം കൂട്ടി
നടക്കാൻ തുടങ്ങി. കുട്ടികൾ ഉമ്മറത്ത് തന്നെ കാത്തു നിൽക്കുന്നതോർത്തപ്പോൾ അക്ഷമ അതിർ കടന്നു. ഇടി മുരളുന്നുണ്ടായിരുന്നു. മൂത്തത് ആൺകുട്ടിയാണ്. ചെറുപ്പത്തിലേ ഇടിയും മിന്നലും പേടിയാണവന്. താഴെയുള്ള അനിയത്തിയാണ് താനില്ലെങ്കിൽ അവനെ സമാധാനിപ്പിക്കുന്നത്. അത് വരെ കീരിയും പാമ്പും പോലെയാണെങ്കിലും ഇടി മുഴങ്ങിത്തുടങ്ങിയാൽ അവർ തമ്മിൽ വലിയ സ്നേഹമാണ്.കുടയെടുക്കാത്തതിൽ തന്നോട് തന്നെ അമർഷം തോന്നി. രാവിലെ ഇറങ്ങുമ്പോൾ സുമതി പറഞ്ഞതാണ്. കുടകൾ ഇടക്കിടെ മറന്നു വെച്ചു പോകാറുണ്ട്. അതാവർത്തിക്കേണ്ട എന്നു കരുതി ഇറങ്ങാൻ നേരത്ത് മഴയില്ലെങ്കിൽ കുടയെടുക്കുന്ന പതിവില്ല. ഇന്നെന്തായാലും വീട്ടിലെത്താൻ വൈകും എന്നുറപ്പായി.
അപ്പോഴേക്കും മഴത്തുളികൾ വീണു ചിതറിത്തുടങ്ങി.രണ്ടു വശത്തും നെൽവയലുകൾ മാത്രം. കയറി നില്കാൻ ഒരു കടയോ വീടോ പോലുമില്ല വഴിയരികിൽ. രണ്ടുമൂന്നു കുട്ടികൾ മഴ നനഞ്ഞു മുന്നിലൂടെ ഓടിപോയി. ഒരു നിമിഷം പ്രായത്തിനെ ശപിച്ചു. എത്രയോ പ്രാവശ്യം ഇത് പോലെ മഴയെ തോൽപിച്ചു ഓടിപോയിട്ടുണ്ട് ചെറുപ്പത്തിൽ. അന്നൊക്കെ എത്ര മഴ നനഞ്ഞാലും ജലദോഷം പോലും വരില്ല. കുളത്തിൽ കുളിക്കാൻ പോയാലും കയറാൻ മണിക്കൂറുകൾ എടുക്കും. കൂട്ടുകാരോടൊത്തു മദിക്കുന്നതിനിടയിൽ സമയം പോകുന്നതറിയില്ല. വീട്ടിൽ എത്തുമ്പോൾ കണ്ണ് രണ്ടും ചുവന്നു ഉദരം മറിഞ്ഞിട്ടുണ്ടാകും. ശകാരം കേൾക്കേണ്ടിവന്നാലും വെള്ളത്തിൽ കളിക്കാൻ കിട്ടുന്ന അവസരം വെറുതെ കളയാറിലായിരുന്നു. എന്നാലിപ്പോൾ....
മഴ ശക്തി പ്രാപിച്ചിരുന്നു. കൂടെ കാറ്റും മിന്നലും. പാടം കഴിഞ്ഞാൽ ഉടൻ ഒരു വലിയ മാവുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ മാവിൻ ചുവട്ടിലേക്ക് കയറി നിന്നു. മാനം നിന്ന് പെയ്യുകയാണ്. അടുത്തെങ്ങും തോരുന്ന ലക്ഷണമില്ല. ആരെങ്കിലും ഈ വഴി വന്നാൽ കുടയിൽ കൂടെ പോകാമായിരുന്നു. ഒരു ഓട്ടോ വരുന്നത് കണ്ട് കൈ നീട്ടി. കുറച്ചു മുന്നോട്ടു പോയി നിന്നപ്പോൾ ഓടിച്ചെന്നു.
ഒരു സ്ത്രീയും കുഞ്ഞും മാത്രമേ അകത്തുണ്ടായിരുന്നുളളൂ. ഒരു നിമിഷം പോലും വൈകാതെ അകത്തു കയറി ഇരുന്നു. നനഞ്ഞ മുണ്ടിന്റെ കോന്തല പിഴിഞ്ഞ് നന്ദി പറയാൻ തിരിഞ്ഞപ്പോൾ ഉള്ളോന്നാളി .
അമ്മാവന്റെ മകൾ. തന്റെ മുറപെണ്ണു.
തനിക്കാലോചിച്ചതാണ് അമ്മ. ജോലിക്കാര്യം പറഞ്ഞു അമ്മാവൻ ഒഴിവാക്കി. അവൾക്കിഷ്ടമായിരുന്നു. വീട്ടിൽ വരുമ്പോഴെല്ലാം വാതിൽ മറയാക്കി നിന്നു അത്യാവശ്യം സംസാരിക്കും. പിന്നെ അമ്മയുടെ അടുത്തുപോയി പണിയിൽ സഹായിക്കും. അപ്പോഴും കണ്ണുകൾ തന്നെ തേടുന്നത് അറിയാമായിരുന്നു. അമ്മക്കും ഇഷ്ടമായിരുന്നു അവളെ.
പെട്ടെന്ന് ഒരു വെള്ളിടി വെട്ടി. ഓട്ടോ നിർത്തി ഡ്രൈവർ പിന്നിലേക്കു നോക്കി.അപ്പോഴാണ് അവളുടെ മടിയിൽ ചെവിയിൽ വിരൽ രണ്ടും തിരുകി കിടക്കുന്ന അവളുടെ മകനെ ശ്രദ്ധിച്ചത്. അവനെ നോക്കുന്നത് കണ്ട് അവൾ പതിയെ പറഞ്ഞു ഏട്ടന്റെ മകനെ പോലെ ഇടിയും മിന്നലും വലിയ പേടിയാണ്. പേടിച്ചരണ്ട കുഞ്ഞ് മുഖത്ത് നോക്കിയപ്പോൾ തന്റെ മകനെയാണ് ഓർമ വന്നത്. അവളുടെ കയ്യിൽ നിന്നും വാങ്ങി അവനെ മാറോടു ചേർത്തു കിടത്തിയപ്പോൾ മനസ്സ്നീറി. തനിക്കായിവെച്ചവനായിരുന്നില്ലേ ഇവൻ എന്ന് വെറുതെ ആലോചിച്ചു.
വീടെത്തി ഇറങ്ങാൻ നേരത്തു അവനെ കയ്യിൽ കൊടുക്കാൻ നേരത്ത് അവന്റെ പേര് ചോദിച്ചു. ഇനി മകന്റെ പേരാണോ എന്നറിയാൻ ഒരു ആകാംക്ഷ . മറുപടി പറയാതെ അവൾ തന്റെ പേര് വിളിച്ചു മകനെ എടുത്തപ്പോൾ അവളുടെ കണ്ണിലേക്കു നോക്കി. അവിടെ ആയിരം ആമ്പൽ പൂവുകൾ കൂമ്പി നിന്നിരുന്നു.