വർഷങ്ങൾക്ക് ശേഷം നാട്ടിൽ ലീവെടുത്തു വന്നതാണ്. ബന്ധുക്കളെയൊക്കെ കാണാൻ വൈകുന്നേരമാണ് തിരഞ്ഞെടുക്കാറ്. സന്ധ്യയോടടുത്തു ചെറിയമ്മയുടെ സ്കൂളിൽ പഠിക്കുന്ന മകനെയും കൂട്ടിയാണ് പുറത്തിറങ്ങുക. അവനു വീട്ടിൽ
നിന്നും താത്കാലികമായ ഒരു മോചനവുമാണത്. പഠിക്കാൻ എപ്പോഴും ചെറിയമ്മ നിർബന്ധിക്കുന്നത് കൊണ്ട് ഈ സായാഹ്ന സവാരി അവനും നല്ല വണ്ണം ബോധിച്ചിരുന്നു.
വളരെ കാലമായി കാണാത്തതു കൊണ്ട് വഴിയിൽ കാണുന്ന പഴയ പരിചയക്കാരൊക്കെ അടുത്ത് വന്നു വിശേഷം ചോദിക്കും. അതിനാൽ അടുത്തുള്ള ബന്ധുവീട്ടിൽ എത്താൻ പോലും കുറച്ചു സമയം എടുക്കും. കിളക്കാൻ വരുന്ന അപ്പുണ്ണിയും തന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ അച്ഛന്മാരുമൊക്കെ കാണും അക്കൂട്ടത്തിൽ.
പഠിപ്പിച്ചിരുന്ന അധ്യാപകരെ അവരുടെ വീട്ടിൽ പോയി കാണാറാണ് പതിവ്. കുറച്ചു നേരം അവരുമായി സംസാരിച്ചിറങ്ങിയാൽ ഒരു ഉണർവാണ് മനസ്സിന്. ശരിക്കും കർക്കിടക മാസത്തിലെ സുഖചികിത്സ കിട്ടിയാൽ ശരീരത്തിനുള്ള അതേ അനുഭവം. അത്കൊണ്ട് അതിനു മുടക്കം വരുത്താറില്ല.
തെക്കു ഭാഗത്തു നിന്നും വന്ന കുറെ അദ്യാപകരുണ്ടായിരുന്നു പഠിച്ച വിദ്യാലയത്തിൽ. അവരെ കാണാനും സംസാരിക്കാനും ഒക്കെ ആഗ്രഹമുണ്ടെങ്കിലും അവർ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ തന്നെ എവിടെയാണ് എന്നതിനെ കുറിച്ചൊന്നും ഒരു രൂപവുമില്ല.
സാമൂഹ്യപാഠം എടുത്തിരുന്ന എപ്പോഴും തമാശ പറഞ്ഞിരുന്ന കുഞ്ഞയ്യപ്പൻ മാഷ്. മാഷ് ഒരു പ്രാവശ്യം ആനിവേഴ്സറിക്കു അഭിനയിച്ച നാടകത്തിലെ പോലിസിസുകാരൻ കുട്ടികളുടെയും നാട്ടുകാരുടെയും കൈയടി വാങ്ങിയതിന് കണക്കില്ല.
അത് പോലെ ഞങ്ങടെ ജോർജൂട്ടി മാഷ്. നല്ല പ്രസരിപ്പുള്ള മാഷായിരുന്നു സ്കൂളിൽ. സ്പോർട്സിനു മാഷന്മാരുടെ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാർത്ഥികളുടെ മനസ്സിൽ സ്ഥിരവാസം നേടിയ ആളായിരുന്നു മാഷ്. താടി വരെ ഇറങ്ങി നിൽക്കുന്ന കട്ട മീശയും നീട്ടി വളർത്തിയ മുടിയുമെല്ലാം സാറിന് ഒരു താരപരിവേഷം നൽകിയിരുന്നു.
പിന്നെ വേലായുധൻ മാഷ്. കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്. ആരെയും അടിച്ചിരുന്നില്ലെങ്കിലും എല്ലാ വിദ്യാർത്ഥികളും ഭയപ്പെട്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം.കൊമ്പൻ മീശയും ശിവാജി ഗണേശന്റെ ഒരു ലുക്കും. എന്നും ഒരേ ബസിലാണ് സ്കൂളിൽ വരാറുള്ളത്. ഞങ്ങളുടെ ക്ലാസ്സിലിരുന്നാൽ റോഡിൽ ബസിറങ്ങി വരുന്നത് കാണാം. വിദ്യാർത്ഥികളുടെ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി സാർ ബസ്സിറങ്ങുമ്പോൾ ദൈവത്തിലുള്ള വിശ്വാസത്തിനു പോലും കോട്ടം തട്ടിയിരുന്നു. തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ അച്ഛന്റെ ബലിയിടാൻ ഞങ്ങൾ പോകുമ്പോൾ സാർ അമ്മയുടെ ബലിയിടാൻ മുടങ്ങാതെ വരുമായിരുന്നു. പിന്നെ കാണാതായി. അന്വേഷിച്ചപ്പോൾ ഊഹിച്ചതു പോലെ അമ്മയുടെ ലോകത്തേക്ക് സാറും പോയികഴിഞ്ഞിരുന്നു.
അവധികാലം കഴിയാറായാൽ മനസ്സിന് ഒരു വിങ്ങൽ ആണ്. തിരക്കു പിടിച്ച ജീവിതത്തിലേക്ക് തിരിച്ചു പോകാനുള്ള മനസ്സിന്റെ വൈമുഖ്യം. എന്ത് ചെയാം. ജീവിതമെന്ന മഹാസമുദ്രത്തിൽ ഓരോരുത്തരും നീന്തിയല്ലേ തീരൂ എന്ന് സ്വയം സമാധാനിക്കും. വിഷമങ്ങൾ വരുമ്പോൾ സ്വയം സമാധാനിപ്പിക്കുന്ന ഒരു ശീലം നാട് വിട്ടതിൽ പിന്നെ കൂടെയുണ്ട്. ശാന്തി തരാൻ കഴിയുന്ന ആൾക്കാർ അറിഞ്ഞു കൊണ്ട് മൗനം പാലിക്കുമ്പോൾ കണ്ടെത്തിയ ഒരത്താണി.
പ്രായമുള്ള കുറെ പേർ ബന്ധുക്കളായുണ്ട്. അടുത്ത പ്രാവശ്യം വരുമ്പോൾ അവർ ഇല്ലെങ്കിലോ എന്നാലോചിച്ചു അവരെ കാണാതെ തിരിച്ചു പോകാറില്ല. മനസ്സുകൊണ്ട് ഇനി കണ്ടിലെങ്കിൽ ക്ഷമിക്കാനും അനുഗ്രഹം തരാനും പ്രാർത്ഥിക്കും. അന്നും ഇന്നും അവരുടെയൊക്കെ പ്രാർത്ഥനകളും അനുഗ്രഹവും കൂടെയുണ്ട് എന്നതാണ് ആരുടെ മുന്നിലും തല കുനിക്കാതെ ജീവിക്കാനായത് എന്ന് സ്വയം വിശ്വസിക്കുന്നുമുണ്ട്.
നാട്ടിലെത്തിയാൽ കുളിമുറിയിലെ കുളി ഒഴിവാക്കി വയലിനരികെയുള്ള മനയ്ക്കലെ കുളത്തിൽ നീന്തി കുളിക്കുകയാണ് ഇഷ്ടങ്ങളിൽ ഒന്നു. കുറെ നേരം വെള്ളത്തിലെ മീൻ കുഞ്ഞുങ്ങളെ നോക്കി ഇരിക്കും. നിശ്ചലമായ ജലപ്പരപ്പിൽ എവിടെ നിന്നെന്നറിയാതെ വീഴുന്ന പഴുത്ത ഇലകൾ ചെറിയ കല്ലെടുത്തു എറിഞ്ഞു നീക്കാൻ ശ്രമിക്കും . ചെറിയ കല്ലുകൾ തീർക്കുന്ന ജലപ്പരപ്പിലെ വലയങ്ങൾ കാണാൻ വളരെ മനോഹരമാണ്. മനസിലെ ചിന്തകൾ പോലെ അവ നിലക്കാതെ ഒന്നിനു പിറകെ ഒന്നായി രൂപം കൊള്ളുന്ന അനേകം വൃത്തങ്ങളാണ് . ബാല്യത്തിലും വെറുതെ വെള്ളത്തിൽ കല്ലെറിഞ്ഞു ഇത് പോലെ ഓളങ്ങളുണ്ടാക്കുമായിരുന്നു. വെള്ള മേഘങ്ങൾ നിറഞ്ഞ നീലാകാശം ജലാശയത്തിൽ സൃഷ്ടിക്കുന്ന പ്രതിബിംബം ഇളം വെയിലിൽ കാണുമ്പോൾ ഒരു കലാകാരനും ക്യാൻവാസിൽ സന്നിവേശിപ്പിക്കാനാവാത്ത ഒന്നാണിതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
വെയിൽ മൂത്താൽ കുളിക്കരുതെന്നു അച്ഛന്റെ അമ്മ എപ്പോഴും പറയുന്നത് കാരണം വേഗം കുളിച്ചു മടങ്ങും. ഇഡ്ഡലിയോ ദോശയോ ആയിരിക്കും പലഹാരം. അത് കഴിച്ചാൽ കുറച്ചു നേരം പത്രം വായിച്ചിരിക്കും. അച്ഛനുള്ള കാലം മുതൽക്കു പത്രം വീട്ടിൽ വരുത്തുമായിരുന്നു. ഇപ്പോൾ അത് രൂഢമായ ഒരു ദിനചര്യയുടെ ഭാഗമായി മാറി.
അലസമായ അവധി ദിനങ്ങളിൽ മാത്രമാണ് ഉച്ചയുറക്കമുള്ളതു. ഉറക്കം പെട്ടൊന്നൊനും കനിയില്ല. പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ മറിച്ചു നോക്കി പല ആവൃത്തി വായിച്ച ലേഖനങ്ങളും കഥകളും വായിച്ചു കിടന്നാൽ കോളേജിൽ പഠിചിരുന്ന ആ ഒരു മൂഡിലേക്കു മെല്ലെ എത്തി ചേരും. പിന്നെ മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം മുഖം കാണിക്കാൻ തുടങ്ങും. എന്നും ഉള്ളിൽ ഒരു നീറ്റലായവശേഷിച്ച ഒരു മുഖമായിരിക്കും ആദ്യാവസാനം ഉണ്ടാകാറ്.
ഇഷ്ടമാണെന്നു കണ്ടിട്ടും ഒരാശ്വാസവാക്ക് പറയാതെ പിരിഞ്ഞ ഒരു പതിനേഴിന്റെ പടിയിൽ നിന്നിരുന്ന ഒരു കൂട്ടുകാരി. അങ്ങനെ വിളിക്കുന്നതിൽ ഔചിത്യകേടു ഉണ്ടെന്നു തനിക്കു തന്നെ ബോധമുണ്ട്. അവഗണിക്കുന്നുവെന്ന തോന്നൽ ആ മനസ്സിനെ ഒരുപാട് ദുഖിപ്പിച്ചിരിക്കാൻ വഴിയുണ്ട്. അതിനു പ്രായശ്ചിത്തം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇനിയൊരിക്കലും കഴിഞ്ഞതാലോചിച്ചു ഒരു വിഷമം ആ നല്ല മനസ്സിൽ ഉണ്ടാകരുത്. അത് മാത്രമേ ഇനി തിരിഞ്ഞു നോക്കുമ്പോൾ തിരുത്താനുള്ളൂ.